മനുഷ്യൻ, എത്ര മനോഹരമായ പദം…

1. ഞാൻ ജനിച്ചത് മുതൽ എംസിഎ ഒന്നാം വർഷം കഴിയുന്നത് വരെ  എന്റെ മൂക്കിന്റെ തുമ്പത്ത് വലിയൊരു മറുകുണ്ടായിരുന്നു. കാണാൻ ഭംഗിയില്ലാത്തത് കൊണ്ടും അത് വലുതാകുന്നനുണ്ടോ എന്നൊരു സംശയമുള്ളത് കൊണ്ടും അത് പ്ലാസ്റ്റിക് സർജറി വഴി മാറ്റാൻ ഞാൻ തീരുമാനിച്ചു. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുന്ന സമയമായത് കൊണ്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് സർജറി ചെയ്തത്. വീട്ടുകാർക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി കൊച്ചിയിലുള്ള എന്റെ വീട്ടുകാരോട് ഇങ്ങിനെ ഒരു ഓപ്പറേഷൻ ചെയ്യാൻ പോകുന്ന കാര്യം ഞാൻ പറഞ്ഞിരുന്നില്ല. ഒരു ദിവസം കൊണ്ട് ഈസിയായി ചെയ്തുവരാമെന്നൊക്കെ പറഞ്ഞു പോയ ഞാൻ സർജറി കഴിഞ്ഞ് ബോധം വന്നു കണ്ണ് തുറന്നു നോക്കുമ്പോൾ മൂക്കിലും കവിളിലുമൊക്കെ വലിയ തുന്നലുകൾ ഡ്രെസ്സ് ചെയ്തു വച്ചിട്ടുണ്ട്, മുഖത്ത് മുഴുവൻ നീരുമുണ്ട്. കവിളിൽ നിന്ന് മാംസം ഒരു ഭാഗം മാത്രം വിടാതെ മുറിച്ചെടുത്ത് മൂക്കിന്റെ, മറുക് മാറ്റിയ അഗ്രഭാഗത്ത് പിടിപ്പിക്കുന്ന connected grafting എന്നോ മറ്റോ പറയുന്ന സർജറിയാണ് എന്റെ മുഖത്ത് ചെയ്തത്. രണ്ടു ദിവസം ആശുപത്രിയിൽ കിടക്കേണ്ടി വരും. ഓപ്പറേഷന് എന്റെ കൂടെ വന്ന ഹോസ്റ്റലിലെ പ്രിയ സുഹൃത്തുക്കൾ രാജേഷിനും  സൂരജിനുമെല്ലാം തിരികെ ഹോസ്റ്റലിൽ പോകേണ്ടതുളളത് കൊണ്ട് രാത്രി ഒറ്റക്കായിരുന്നു ഞാൻ ആശുപത്രിയിൽ കഴിച്ചു കൂട്ടിയത്.

സർക്കാർ മെഡിക്കൽ കോളേജുകളിലെ ജനറൽ വാർഡുകൾ ഒരിക്കലെങ്കിലും മനുഷ്യർ പോയി കാണേണ്ട സ്ഥലമാണ്. ഒരു പക്ഷെ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മോശമായ സമയത്തിൽ കൂടി കടന്നുപോകുന്നവരാണെങ്കിൽ കൂടി പരസ്പരം താങ്ങി നിർത്തുന്ന ഒരു സൗഹൃദം അടുത്ത ബെഡ്ഡുകളിൽ കിടക്കുന്നവർ തമ്മിലും അവർക്ക് കൂട്ടിരിക്കുന്നവർ തമ്മിലും ഉരുത്തിരിഞ്ഞു വരുന്നത് കാണാം. എന്റെ കാര്യത്തിൽ എന്റെ അടുത്ത ബെഡിൽ കിടന്നിരുന്നത് കഴക്കൂട്ടത്തു നിന്നുള്ള ഒരു ലോറി ഡ്രൈവറായിരുന്നു. അമിതമായ ബീഡി വലി കൊണ്ടോ മറ്റോ കാലിലേക്കുള്ള രക്തയോട്ടം കുറഞ്ഞു കാൽ മുറിച്ചു മാറ്റേണ്ടി വരുമോ എന്നൊരു ആശങ്കയിൽ ആയിരുന്നു അവരുടെ കുടുംബം. പക്ഷെ എന്നിട്ടും ആരും നോക്കാനില്ലാതെ അടുത്ത ബെഡിൽ ഒരു ഇരുപതുവയസുള്ള ചെറുപ്പക്കാരൻ കിടക്കുന്നത് അവർ കാണാതെ പോയില്ല. കൂട്ടുകാർ പോയി ഉച്ചയൂണിന്റെ സമയമായിട്ടും ആരെയും കാണാതെ വന്നപ്പോൾ തന്നെ എന്നെ കുറിച്ച് സൗഹാർദപൂർണമായ അന്വേഷണങ്ങൾ ഉണ്ടായി. കോളേജിൽ പഠിക്കുന്ന ഒരാളാണ്, ഒറ്റക്കാണ് എന്നൊക്കെ അറിഞ്ഞതിൽ പിന്നെ അവർക്ക് വാങ്ങുന്ന ചായയിലും നിന്നും വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഊണിലും എനിക്ക് കൂടി ഒരു പങ്ക് കൊണ്ടുവരാൻ തുടങ്ങി. ഇടക്കിടക്ക് ഡോക്ടർ വരുമ്പോൾ എന്റെ കാര്യം കൂടി തങ്ങളുടെ സ്വന്തം മകന്റെ കാര്യമെന്ന പോലെ  ആ ചേച്ചിയും ചേട്ടനും അന്വേഷിയ്ക്കാനും തുടങ്ങി. 

രണ്ടു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ പേര് വെട്ടി പോയി. തിരികെ പോകുമ്പോൾ എന്റെ കയ്യിലുണ്ടായിരുന്ന കുറച്ച് പൈസ അവർക്ക് കൊടുക്കാൻ ഞാനൊരു വിഫല ശ്രമം നടത്തി. അതൊരു അപമാനമായിട്ടാണ് അവർക്ക് തോന്നിയത്. ഇതൊക്കെ മനുഷ്യർ സ്വാഭാവികമായി തമിൽ ചെയ്യുന്ന കാര്യമല്ലേ എന്ന് പറഞ്ഞ് അവർ പൈസ നിരസിച്ചു. ഹോസ്റ്റലിൽ പോയി നന്നായി നോക്കണം പറ്റിയാൽ വീട്ടിൽ പോയി റസ്റ്റ് എടുക്കണമെന്നൊക്കെ ഉപദേശിച്ചാണ് അവർ എന്നെ യാത്രയാക്കിയത്. 

ഏതാണ്ട് ഒരു മാസം കഴിഞ്ഞു, എന്റെ മുഖത്തെ പ്ലാസ്റ്റർ ഒക്കെ എടുത്ത് കഴിഞ്ഞ് ഞാൻ കഴക്കൂട്ടത്ത് ഇവരുടെ വീട് അന്വേഷിച്ചു ചെന്നിരുന്നു. ഒരു ചെറിയ വീടായിരുന്നു അത്. ചേട്ടനും ചേച്ചിയും വീട്ടിലുണ്ടായിരുന്നു.  ചേട്ടന്റെ കാൽ മുറിച്ചു കളയേണ്ടി വന്നോ എന്നെങ്കിക്ക് വ്യക്തമായി ഓർമ്മയില്ല.  വിവാഹപ്രായമെത്തിയ മകൾ ഉള്ളതായി ഒരോർമയുണ്ട്. കുറച്ച് കുശലം പറഞ്ഞു ചായയും കുടിച്ചു ഞാനിറങ്ങി. കാലപ്രവാഹത്തിൽ അവരെ തിരികെ ബന്ധപ്പെടാൻ കഴിഞ്ഞില്ല. അവർ ഇപ്പോൾ എവിടെ ആയിരിക്കുമോ, ഇതൊക്കെ ഓർക്കുന്നുണ്ടാകുമോ എന്നൊന്നും അറിയില്ല. 

2. അമേരിക്കയിൽ വന്ന് ആദ്യത്തെ മൂന്ന് മാസങ്ങൾക്കുള്ളിലാണ് നിതിൻ ജനിക്കുന്നത്. അന്നെനിക്ക് കാറില്ല. ഗോമതിക്ക് പ്രസവ വേദന വന്നപ്പോൾ ഒരു കൂട്ടുകാരെന്റ കാറിലാണ് ആശുപത്രിയിൽ കൊണ്ടുപോയത് തന്നെ. വീട്ടിൽ നിന്ന് ആരെയും കൊണ്ടുവരുത്താനുള്ള സ്ഥിതിയിലായിരുന്നില്ല. കുട്ടിയെ കുളിപ്പിക്കാനും, ഡയപ്പർ മാറ്റാനും പാൽ കൊടുക്കാനുമൊക്കെ അല്ലാതെ കുട്ടിയുടെ അമ്മയെ എങ്ങിനെ നോക്കണമെന്ന് എനിക്കൊരു പിടിയുമുണ്ടായിരുന്നില്ല. അന്ന് പാചകം ചെയ്യാനും അറിയില്ല. ഞങ്ങളുടെ എതിർവശത്തെ വീട്ടിൽ താമസിച്ചിരുന്നത് പ്രതിഭ പട്ടേൽ എന്ന് പേരുള്ള ഒരു ഗുജറാത്തി ആന്റി ആയിരുന്നു. വളരെ ചെറുപ്പത്തിലേ വിധവയായ ഒരു സ്ത്രീയാണ് അവർ. കച്ചോരി , സമോസ , ചപ്പാത്തി ഒക്കെ അപ്പാർട്മെന്റിൽ ഉണ്ടാക്കി വിറ്റ് ഉപജീവനം കഴിക്കുന്ന ഒരു സ്ത്രീയായിരുന്നു അവർ. കുട്ടികളൊക്ക വലുതായി ജോലിക്കാരായെങ്കിലും ആകുന്നത് വരെ സ്വന്തം കാലിൽ നിൽക്കണമെന്ന് വാശിയുള്ള ഒരു സ്ത്രീ.  മൂന്ന് കുട്ടികളിൽ ഇരുപത് വയസുള്ള ഒരു ആൺകുട്ടി മാത്രമാണ്  അമ്മയുടെ കൂടെയാണ് താമസിച്ചിരുന്നത്. ഞങ്ങൾക്ക് ഒരു കുട്ടി ജനിച്ചു എന്നറിഞ്ഞു കാണാൻ വന്നപ്പോൾ മാത്രമാണ് ഞങ്ങൾ അവരുമായി കൂടുതൽ അടുക്കുന്നത് തന്നെ. അതിനു മുൻപ് മൂന്നു മാസത്തോളം കണ്ടാൽ ചിരിച്ച്  ഹായ് പറയും എന്നല്ലതെ വലിയ ബന്ധമുണ്ടായിരുന്നില്ല. പക്ഷെ വീട്ടിൽ സഹായത്തിന് ആളില്ല എന്നും, എനിക്ക് പാചകം അറിയില്ല എന്നും മനസിലാക്കിയ അവർ രാവിലെയും ഉച്ചക്കും രാത്രിയിലുമെല്ലാം ഞങ്ങൾക്കുള്ള ഭക്ഷണം വീട്ടിൽ കൊണ്ടുവന്നു തന്നു തുടങ്ങി. ഇടക്ക് വന്നു കുട്ടിയെ കുളിപ്പിക്കാനും മറ്റും സഹായിക്കും. ഗോമതിക്ക് വേണ്ട പ്രസവ ശുശ്രൂഷകളൊക്ക പറഞ്ഞു മനസിലാക്കി കൊടുക്കും. നെയ് ഇട്ട ചപ്പാത്തി സ്പെഷ്യലായി അവൾക്ക് കൊണ്ടുവന്നു കൊടുക്കും. ഗോമതിക്ക് ജോലി ചെയ്യാൻ ആകുന്നത് വരെ ഏതാണ്ട് ഒരു മാസം തീർത്തും സൗജന്യമായി അവർ ഇതൊക്കെ ചെയ്തു. ഇരുപത്തി രണ്ടു വർഷങ്ങൾക്ക്  ശേഷം  പ്രതിഭ ആന്റിയും ഇപ്പോൾ എവിടെയാണെന്ന് എനിക്കറിയില്ല, പക്ഷെ ഇന്നും  കൂടി ഗോമതിയുമായി അവരുടെ കാര്യം സംസാരിച്ചതേ  ഉള്ളൂ..

3. നാലോ അഞ്ചോ വർഷങ്ങൾക്ക് മുൻപാണ് ഹൊഗെനക്കൽ വെള്ളച്ചാട്ടവും  ബേലൂർ ഹലേബീഡു അമ്പലങ്ങളിലെ കൊത്തുപണികളും കാണാൻ വേണ്ടി ഞങ്ങൾ എല്ലാവരും കൂടി കര്ണാടകയ്ക്ക് പോയത്. ഹൊഗെനക്കലിൽ വച്ച്  ഇളയ മകൻ ഹാരിസ് ഫുഡ് പോയ്‌സണിങ് അടിച്ചു ശർദിക്കാൻ തുടങ്ങി. ഞങ്ങൾ തിരികെ വരുന്ന വഴിക്ക് കുറെ ക്ലിനിക്കുകളിൽ നിർത്തി നോക്കി, ഏതാണ്ട് എല്ലായിടത്തും നേഴ്സ് മാത്രമാണ് ചികിൽസിച്ച് മരുന്ന് നൽകുന്നത്, ഡോക്ട്ടർ അപ്പൂർവമായിട്ടാണ് ആശുപത്രിയിൽ വരുന്നത്. നല്ലൊരു ഡോക്ടർ കുട്ടിയെ നോക്കണം എന്ന ആഗ്രഹം കൊണ്ട് ഞങ്ങൾ കോയമ്പത്തൂർ വരെ ഡ്രൈവ് ചെയ്തിട്ടും നല്ലൊരു ആശുപത്രി കണ്ടില്ല. പിന്നെ നേരെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ അഡ്മിറ്റ് ആയി ഡ്രിപ് എല്ലാം ഇട്ടു. ഞാൻ ഹാരിസിന്റെ കൂടെ വാർഡിൽ ഇരുന്നു, ബാക്കി എല്ലാവരും വീട്ടിലേക്ക് പോയി. ഡ്രിപ് കയറ്റി കഴിഞ്ഞു ഏതാണ്ട് ഒരു മണിക്കൂറിനുള്ളിൽ ഞങ്ങൾക്കും വീട്ടിലേക്ക് പോകാമെന്നായിരുന്നു പ്ലാൻ. 

ബ്രെഡും ചായയും പുറത്തു നിന്ന് വാങ്ങിക്കൊണ്ട് തിരികെ വന്ന ഞാൻ കണ്ടത് ഹാരിസിന്റെ കണ്ണുകൾ പിന്നിലേക്ക് മറിഞ്ഞു പോകുന്നതാണ്. ഡോക്ടറെയും നഴ്സിനെയും വിളിച്ചു കൊണ്ടുവന്നപ്പോഴേക്കും അവന്റെ ബോധം പോയി. നേരെ ഐസിയുവിൽ കയറ്റി. കൊടുത്ത മരുന്നിന്റെ പ്രശനമാണോ, അതോ അമിതമായി നിർജലീകരണം സംഭവിച്ചത് കൊണ്ടാണോ എന്നറിയില്ല, പനി വളരെ കൂടുതലായി. ഉടനെ തന്നെ പീഡിയാട്രീഷ്യനെ വിളിച്ചു കൊണ്ടുവാ വന്നു. ഏതാണ്ട് രണ്ടോ മൂന്നോ മണിക്കൂർ നേരം ഐസിയുവിന്റെ  മറ്റ് രോഗികളുടെ കൂട്ടിരുപ്പുകാരുടെ കൂടെ ഇരുന്നിരുന്ന എന്റെയടുത്ത് വന്നു “സംഗതി കുറച്ച് സീരിയസ് ആണ് കുട്ടിയുടെ അമ്മയെ വിവരം അറിയിക്കണം” എന്ന് പറഞ്ഞപ്പോഴാണ് വളരെ ഗൗരവകരമായ സ്ഥിതി വിശേഷമാണെന്ന് എനിക്ക് മനസിലായത്. പെട്ടെന്ന് ഗോമതിയെ വിളിക്കാൻ നോക്കിയപ്പോൾ ഫോണിൽ ചാർജില്ല. അമേരിക്കയിൽ നിന്ന് വാങ്ങിയ നല്ലൊരു ഫോണായിരുന്നുവെങ്കിലും ദീർഘ ദൂര യാത്രയിൽ ഫോൺ ചാർജ് തീർന്നു പോയിരുന്നു. 

ഐസിയുവിന്റെ പുറത്ത്  മറ്റൊരു രോഗിക്ക് വേണ്ടി കാത്തിരുന്ന ഒരു ഇത്ത ഉടനെ തന്നെ അവരുടെ പഴയ, നമ്പർ ഇളകി തുടങ്ങിയ നോക്കിയ ഫോൺ എനിക്ക് എടുത്തു തന്നു. കുറച്ച് പൈസ മാത്രം ബാലൻസ് ഉള്ള ആ ഫോണിൽ നിന്നാണ് ഞാൻ ഗോമതിയെ വിളിച്ച് ഉടനെ എത്തണമെന്ന് പറഞ്ഞത്. ഫോൺ കോളിന് ശേഷം ഞാൻ അവരോട് സംസാരിച്ചിരുന്നു. അവരുടെ ഭർത്താവോ മറ്റോ ഹാർട്ട് അറ്റാക്ക് വന്നു ഐസിസിയുവിൽ കിടക്കുകയായിരുന്നു. മെഡിക്കൽ ട്രസ്റ്റിൽ ഓപ്പറേഷന് പറഞ്ഞ തുക അവരുടെ കയ്യിൽ ഇല്ലാത്തത് കൊണ്ട് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് രോഗിയെ മാറ്റുന്ന കാര്യമാണ് അവർ എനിക്ക് ഫോൺ തരുന്നതിന് മുൻപ് ആരോടോ സംസാരിച്ചുകൊണ്ടിരുന്നത്. ഹാരിസിന്റെ കാര്യത്തിലെ വെപ്രാളത്തിൽ ഞാൻ പിന്നീട് അവർക്ക് പിന്നീട് എന്ത് സംഭവിച്ചുവെന്ന് അന്വേഷിച്ചുകൂടിയില്ല. 

ഓർമയിൽ വന്ന മൂന്നു കാര്യങ്ങൾ എഴുതി എന്നെ ഉള്ളൂ. നമ്മളുമായി  ഒരു ബന്ധവുമില്ലാത്ത ആയിരകണക്കിന് മനുഷ്യരുടെ ചുമലിൽ ചവിട്ടിയാണ് നമ്മൾ  ഇന്നിവിടെ നിൽക്കുന്നത്. പരിണാമപരമായി മറ്റു മനുഷ്യരെ സഹായിക്കുക എന്നത് മനുഷ്യരെ തലച്ചോറിൽ ഉറച്ചുപോയ ഒരു സംഗതിയാണ് എന്നൊക്കെ യുക്തി പറയാമെങ്കിലും പച്ച മനുഷ്യർ പരസ്പരം സ്നേഹിച്ച് താങ്ങും തണലുമായി നില്കുന്നത് അതിനേക്കാളൊക്കെ മുകളിലുള്ള ഒരു പരസ്പര്യമാണെന്ന് കരുതാൻ ആണെനിക്കിഷ്ടം.   എന്നൊക്കെ ജീവിതത്തിൽ ആരൊക്കെയോ ആയി എന്ന് എനിക്ക് തോന്നുമ്പോഴും  ഞാനീ മനുഷ്യരെ ഓർക്കും, ഇതുവരെ അവരുടെ ഉയരത്തിലേക്ക് ഞാൻ എത്തിയിട്ടില്ല എന്ന് മനസിലാക്കും, പതുക്കെ മണ്ണിലേക്കിറങ്ങി വരും. ഈ കുറിപ്പ് വായിക്കുന്ന നിങ്ങളോരോരുത്തർക്കും , ഇതുപോലെ ജീവിതത്തിലെ പല സന്ദർഭങ്ങളിൽ നിങ്ങളുടെ മതമോ ജാതിയോ നിറമോ നിങ്ങൾ സംസാരിക്കുന്ന ഭാഷയോ നോക്കാതെ നിങ്ങളെ സഹായിച്ച ആളുകൾ ഉണ്ടായിരിക്കുമെന്ന് എനിക്കുറപ്പാണ്. മനുഷ്യരെ മനുഷ്യരായി മാത്രം കാണുന്ന ആ പച്ച മനുഷ്യർക്ക് നമ്മുടെ ഹൃദയത്തിൽ നൽകിയിരിക്കുന്ന ഇടം നമുക്ക് സ്നേഹം കൊണ്ട് പുതുക്കികൊണ്ടേ ഇരിക്കാം. മറ്റൊരാൾക്കു ഇതുപോലെ കൈപിടിച്ച് കൊടുക്കന്നതിലൂടെ അവർ തന്ന സ്നേഹത്തിന്റെ ഒരംശമെങ്കിലും നമുക്ക് അടുത്ത ആളിലേക്ക് പകർന്നുകൊണ്ടിരിക്കാം….

One thought on “മനുഷ്യൻ, എത്ര മനോഹരമായ പദം…

Add yours

Leave a reply to Maria Chemmala Cancel reply

Blog at WordPress.com.

Up ↑