നന്ദി ആരോട് ഞാൻ ചൊല്ലേണ്ടു…

സീൻ ഒന്ന് : ഗോമതിയെ എയർപോർട്ടിൽ നിന്ന് പിക് ചെയ്തു വീട്ടിലേക്ക് പോകുന്ന വഴിക്ക് അലുവയക്ക് അടുത്തുള്ള അൽ സാജ് എന്ന റെസ്റ്റോറൻ്റിൽ കയറി. ഭക്ഷണം കഴിക്കുന്ന ആളുകളുടെ ഒരു ഭാഗത്ത് ഒരു ചെറുപ്പക്കാരൻ ഒരു ഗിറ്റാറുമായി പാട്ട് പാടുന്നുണ്ടായിരുന്നു. ആളുകൾ പാട്ട് തുടങ്ങുന്നതോ അവസാനിക്കുന്നതോ ഒന്നും മൈൻഡ് ചെയ്യാതെ ഭക്ഷണം കഴിച്ച് കൊണ്ടിരുന്നു. വിദേശത്ത് ഇങ്ങിനെയുള്ള സന്ദർഭങ്ങളിൽ ഓരോ പാട്ട് കഴിയുമ്പോഴും നമ്മൾ കയ്യടിക്കും , പക്ഷേ ഇവിടെ ഒരു തരത്തിലുള്ള പ്രതികരണവും ഉണ്ടായിരുന്നില്ല. രണ്ട് പാട്ട് കഴിഞ്ഞ് കണ്മണി അൻപോട് കാതലൻ എന്ന പാട്ട് തീർന്നപ്പോൾ ഞാൻ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. ചിലർ ഇവനെന്ത് വട്ടാണ് എന്ന രീതിയിൽ എന്നെ നോക്കി. കയ്യടിയുടെ ഫലമാണോ എന്തോ അടുത്തത് വേറൊരു അടിപൊളി പാട്ടായിരുന്നു , ഒരു കൊച്ചു കുട്ടി പാട്ടുകാരൻ്റെ മുന്നിൽ നൃത്തം ചെയ്യാൻ തുടങ്ങി, ഓരോ പാട്ട് കഴിയുമ്പോഴും കൂടുതൽ കൂടുതൽ ആളുകൾ കയ്യടിക്കാൻ തുടങ്ങി, ആദ്യം ഉണ്ടായിരുന്ന തണുത്ത മൂഡ് മാറി സീൻ അടിപൊളി ആയി.

സീൻ രണ്ട് : ഇന്ന് തെങ്കാശിയിൽ ഗോമതിയുടെ വീട്ടിലേക്ക് പോകുന്ന വഴിക്ക് പുനലൂരിനടുത്ത് ഒരു “വീട്ടിൽ ഊണ്” കഴിക്കാൻ കയറി. നമ്മൾ പ്രതീക്ഷിച്ച പോലെ വൃത്തിയുള്ള ഒരു സെറ്റപ്പ് ആയി തോന്നാത്തത് കൊണ്ട് വെറെ ഹോട്ടലിലേക്ക് പോകണോ എന്നുള്ള ആശങ്കയിൽ ഇരികുമ്പോഴേക്കും മുന്നിൽ ഇലയിട്ട് ചോറ് വിളമ്പി തുടങ്ങി. പോകാതിരുന്നത് നന്നായി, കാരണം അടിപൊളി ഊണ്. നല്ല കായം ഇട്ട സാമ്പാർ, നല്ല വെളിച്ചെണ്ണ മണമുള്ള പയർ മെഴുക്ക് പുരട്ടി, തേങ്ങ നന്നായി വറുത്ത എരിശ്ശേരി , നന്നായി പൊരിച്ച അയില എല്ലാം കൂടി സൂപ്പർ ഊണ് കിട്ടി.

ഒരേ ഒരു സ്ത്രീയാണ് ഈ കട നടത്തുന്നത്, ഓടി നടക്കുന്ന അവരോട് അടിപൊളി ടേസ്റ്റ് ആണ് ചേച്ചി എന്ന് ഞാനും ഗോമാതിയും ഒരേ പോലെ പറഞ്ഞു. എന്തോ കേട്ട് ഞെട്ടിയ പോലെ ആയിരുന്നു അവരുടെ മുഖഭാവം. ആദ്യമായിട്ടാണ് ആരെങ്കിലും അങ്ങിനെ പറയുന്നതെന്ന് ഞങ്ങൾക്ക് തോന്നി. ഒരു പുഞ്ചിരിയോടെ അവർ അവരുടെ ജോലി തുടർന്നു. അടുത്ത റൗണ്ട് ചോറും കറികളും വിളമ്പുമ്പോഴും ആ ചിരി അവരുടെ മുഖത്ത് ഉണ്ടായിരുന്നു.

സീൻ മൂന്ന് : തെങ്കാശിയിലേക്ക് ഉള്ള ഡ്രൈവിൽ പത്തനംതിട്ട എത്തുന്നതിനു മുൻപ് റോഡരുകിൽ ഒരു സ്ത്രീ നല്ല ചൂട് അടപ്രഥമൻ പായസം വിൽക്കുന്നു. ഒരു ഗ്ലാസ് പായസം കുടിച്ച് തിരികെ പോകാൻ തുടങ്ങുമ്പോൾ നല്ല പയസമാണ് എന്ന് പറഞ്ഞതിന് ഇതേപോലെ തന്നെ പ്രകാശം പരത്തുന്ന ഒരു ചിരി ഞങ്ങൾക്ക് സമ്മാനമായി കിട്ടി.

അമേരിക്കയിൽ നിന്ന് കേരളം സന്ദർശിക്കുമ്പോൾ ഞങ്ങൾ സ്ഥിരമായി ശ്രദ്ധിക്കുന്ന ഒരു കാര്യമാണ് ഒരു കാര്യം നല്ലതാണെങ്കിൽ അതുമായി ബന്ധപ്പെട്ട ആളുകളോട് നന്ദി പറയുന്ന ഒരു സംസ്കാരം നമ്മുടെ ഇടയിൽ ഇല്ല എന്നത്. നമ്മൾ പൈസ കൊടുത്ത് വാങ്ങുന്ന കാര്യത്തിന് എന്തിനാണ് അവരോട് നന്ദി പ്രയേണ്ടത് എന്നതാണ് ആളുകളുടെ മനോഭാവം. അതേസമയം എന്തെങ്കിലും കുറ്റമ്മോ കുറവോ ഉണ്ടെങ്കിൽ അത് പറയാൻ ഞാൻ ഉൾപ്പെടെയുള്ള മലയാളികൾക്ക് നൂറു നാവാണ്, നല്ലത് പറയാൻ വലിയ വിമ്മിഷ്ടവും. ജീവിതത്തിൻ്റെ രണ്ട് അറ്റവും കൂട്ടി മുട്ടിക്കാൻ പാട് പെടുന്നവർക്ക് ഒരു പക്ഷേ ആ ദിവസത്തെ ഏറ്റവും മനോഹരമായ ഓർമ നമ്മുടെ നന്ദിയൊ നല്ല വാക്കോ ആയിരിക്കും. അതുകൊണ്ട് നന്ദി പറയുന്നത് നമുക്ക് നമുടെ ദൈനംദിന സംസ്കാരത്തിൻ്റെ ഭാഗമാക്കാം…

One thought on “നന്ദി ആരോട് ഞാൻ ചൊല്ലേണ്ടു…

Add yours

Leave a comment

Blog at WordPress.com.

Up ↑