വരാന്ത : മലയാള ഭാഷയുടെ പോർട്ടുഗീസ് വേരുകൾ

പത്തു വർഷത്തിലേറെ ഒരുമിച്ചു ജോലി ചെയ്തിരുന്ന കാതറീന ജോലി അവസാനിപ്പിച്ച് പോകുന്ന ദിവസമായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച. യാത്ര പറഞ്ഞു കൊണ്ട് അയച്ച ഈമെയിലിൽ കാതറീൻ പറഞ്ഞു.

“ഞാൻ എന്റെ ജന്മനാടായ പോർട്ടുഗലിലേക്ക് തിരിച്ചു പോവുകയാണ്. അവിടെ ഞങ്ങൾ കുറച്ചു ഹോം സ്റ്റേകൾ തുടങ്ങിയിട്ടുണ്ട്. ആ ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആണ് ഇനി തീരുമാനം. വരാന്ത എന്നാണ് ഞങ്ങൾ ഞങ്ങളുടെ ഹോം സ്റ്റേയ്ക്ക് പേരിട്ടിരിക്കുന്നത്. സമയം കിട്ടുമ്പോൾ പോർട്ടുഗൽ സന്ദർശിക്കാൻ വരികയാണെങ്കിൽ വരാന്തയിൽ താമസിക്കാം.”

അതിനു ഞാൻ ഇങ്ങിനെ മറുപടി എഴുതി 

“പ്രിയ കാതറിൻ , എല്ലാ വിധ ആശംസകളും നേരുന്നു, ഞങ്ങൾ തീർച്ചയായും പോർട്ടുഗൽ കാണാൻ വരും, വരാന്തയിൽ താമസിക്കുകയും ചെയ്യും. കാരണം എന്റെ ഭാഷയായ മലയാളം നിങ്ങളുടെ ഭാഷയിൽ നിന്ന് കടം കൊണ്ട ഒരു വാക്കാണ് വരാന്ത. മൈലുകൾക്കപ്പുറം ഒരേ അർത്ഥമുള്ള ഒരേ വാക്ക് കൊണ്ട് അർത്ഥമാക്കുന്ന  ഒരിടത്തു  താമസിക്കുക എന്നത് എന്റെ ഭാഷയുടെ ചരിത്രത്തിന്റെ നേർക്കാഴ്ച കൂടിയാവും ഞങ്ങൾക്ക്.”

നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും മറു ഭാഷകളിൽ നിന്ന് വളരെ അധികം കടം കൊണ്ട ഒരു ഭാഷയാണ് നമ്മുടെ മലയാളം. പ്രോട്ടോ ദ്രാവിഡീയനിൽ നിന്ന് ഉത്ഭവിച്ചു പ്രോട്ടോ തമിഴ് മലയാളം എന്ന ശാഖയിൽ നിന്ന് മലയാളവും തമിഴും ആയി വേർതിരിഞ്ഞതിന് ശേഷം സംസ്‌കൃതത്തിൽ നിന്നും കുറെ വാക്കുകൾ കടമെടുത്തത് കൊണ്ട് തമിഴ് സംസ്‌കൃത വാക്കുകൾ ധാരാളം നമ്മുടെ ഭാഷയിൽ ഉണ്ട്.  ഭാഷ എന്ന വാക്ക് തന്നെ സംസ്‌കൃത മൂലം ആണ്. ആത്മാവും മനുഷ്യനും ജനനവും പുസ്തകവും സഞ്ചാരവും എല്ലാം സംസ്‌കൃത വാക്കുകൾ ആണ്. ഒരേ ശാഖയിൽ നിന്നുത്ഭവിച്ച്  അനേകം വാക്കുകൾ പൊതുവായി ഉള്ളത് കൊണ്ട് തമിഴിൽ നിന്നുള്ള വാക്കുകൾ പ്രത്യകം പറയുന്നില്ല. 

കപ്പയും റബ്ബറും പുറത്തു നിന്ന് രണ്ടു കയ്യും നീട്ടി സ്വീകരിച്ച മലയാളികൾനമ്മുടെ നാട്ടിൽ വന്ന വിദേശ ഭാഷകളിൽ നിന്നുള്ള വാക്കുകളാൽ മലയാളത്തെ സമ്പന്നമാക്കി. കുറെയേറെ വാക്കുകൾ ആദ്യമായി നമ്മുടെ നാട്ടിൽ വന്ന പോർട്ടുഗീസ് ഭാഷയിൽ നിന്നായിരുന്നു. അലമാരയും അൾത്താരയും ചായയും മുതൽ ജനാലയും കളസവും വരെ, കസേരയും കശുവണ്ടിയും കടലാസും മുതൽ ഞാൻ പഠിച്ച സെയിൻ്റ് ആന്റണീസ് സ്കൂൾ സ്ഥിതി ചെയ്തിരുന്ന കൊവേന്ത ജംഗ്ഷനിലെ കൊവേന്ത വരെ, മേശയും പേനയും മുതൽ സെമിത്തേരി വരെ, വരാന്ത മുതൽ വിനാഗിരി വരെ. 

കക്കൂസ് മുതൽ തപാല് വരെയുള്ള വാക്കുകൾ പിന്നീട് വന്ന ഡച്ച് കാരുടെ അടുത്ത് നിന്ന് നാം സ്വീകരിച്ചു. മദാമ്മയും മാഷും പിന്നീട് വന്ന ഇംഗ്ലീഷുകാരുടെ കയ്യിൽ നിന്ന്. 

അതിനും ആയിരം വർഷങ്ങൾക്ക് മുൻപുണ്ടായിരുന്ന മിഡിൽ ഈസ്റ്റ്  ബന്ധവും കുറെ വാക്കുകൾ നമുക്ക് തന്നു. അമ്മയും അപ്പനും മുതൽ കുർബാനയും കത്തനാരും വരെ.  ബാക്കിയും ഹർജിയും മുതൽ വക്കീലും ദല്ലാളും അറബിയിൽ നിന്ന് വന്നു. പറഞ്ഞു വരുമ്പോൾ ഒരു വലിയ ലിസ്റ്റ്.

ഇങ്ങിനെ ഉള്ള ഈ ഭാഷയാണ് എന്നെ ആസ്വാദനത്തിന്റെയും സങ്കല്പങ്ങളുടെയും അത്ഭുത ലോകത്തേക്ക് കൊണ്ട് പോയത്. നാലാം ഫോറം വരെ  മാത്രം പഠിച്ച എന്റെ ബാപ്പ കൊവേന്തയിലെ നിർമ്മല ലൈബ്രറിയിലെ അമ്പത്തിനാലാം അംഗം ആയിരുന്നു. ആലീസിന്റെ അത്ഭുത ലോകം എന്റെ മുന്നിൽ തുറന്നത് നിർമല ലൈബ്രറി ആയിരുന്നു.

ബഷീറിന്റെ കഥകളിൽ ആയിരുന്നു തുടക്കം. തനിക്ക് വ്യാകരണം അറിയില്ല എന്ന് പറഞ്ഞു കൊണ്ട് സ്വന്തം ഭാഷയെ ലോകോത്തരമാക്കിയ ഒരാൾ.  ബാല്യകാല സഖിയിലെ  ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്ന് എന്നത്, അമേരിക്കയിൽ എന്റെ മകന്റെ ക്ലാസ് ടീച്ചറിനോട് സംസാരിക്കുന്നതു വരെ ഒരു വെറും തമാശ ആണെന്നാണ് ഞാൻ മനസിലാക്കിയിരുന്നത്. അതികഠിനമായ സത്യങ്ങളെ ഇത്ര സരളമായി പറഞ്ഞ ഒരു കഥാകൃത്തിനെയും  ഞാൻ പിന്നീട് വായിച്ചിട്ടില്ല. പ്രേമലേഖനത്തിലെ സാറാമ്മയെ പോലെ ഫെമിനിസ്റ്റ് ആയ ഒരു കഥാപ്രത്രം അന്നത്തെ കാലഘട്ടത്തിൽ വളരെ മുന്നേ നടന്ന ഒന്നായിരുന്നു. എഴുത്തും ജീവിതവും വേർതിരിക്കാത്ത, വെളിവും ഭ്രാന്തും വേർതിരിക്കാത്ത ഒരു ജീവിതം കൂടി ആയിരുന്നു അദ്ദേഹത്തിന്റേത്. അനൽ ഹഖ് എന്ന് അദ്ദേഹം പറയുമ്പോൾ  തത്വചിന്തകളും ഭാഷയും മതവും എല്ലാം ഒരുമിച്ചു ചേരുന്ന ഒരു കാഴ്ച്ച ആയിരുന്നു.  

ബഷീറിന്റെ തന്നെ വാക്കുകൾ കടമെടുത്താൽ “ജീവിതം യൗവന തീക്ഷ്ണവും ഹൃദയം പ്രേമ സുരഭിലവും” ആയ സമയത്താണ് എം മുകുന്ദൻ ഹരിദ്വാറിൽ മണി മുഴക്കുന്നത്. ഡൽഹിയും, മയ്യഴി പുഴയുടെ തീരങ്ങളും മറ്റും ആർത്തിയോടെ വായിച്ചു തീർത്തു. മയ്യഴി പുഴ വായിക്കുമ്പോൾ ദാസൻ ഞാനായി മാറുന്ന അത്ഭുതം ആയിരുന്നു സംഭവിച്ചത്. 

ബാലചന്ദ്രന്റെ കവിതകളും മനസിനെ പിടിച്ചു കുലുക്കിയത് ഈ മലയാളത്തിൽ തന്നെയാണ്. 

“ദുഖമാണെങ്കിലും നിന്നെ കുറിച്ചുള്ള ദുഃഖം എനിക്കാനന്ദമോമലേ..

എന്നെന്നുമെൻ പാന പത്രം നിറയ്ക്കട്ടെ നിന്നസാനിധ്യം പകരുന്ന വേദന” എന്നുള്ള വരികൾ  കോളേജിലെ ഡെസ്കിൽ കോറിയിട്ടിരുന്നത് “അന്തമാം സംവത്സരങ്ങൾക്കക്കരെ അന്ധമെഴാത്തതാം ഓർമകൾക്കക്കരെ” ഒരു പക്ഷെ ഇപ്പോഴും അവിടെ കാണും. ചില ക്യാമ്പുകളിൽ വച്ച് കേട്ട ഡി വിനയചന്ദ്രൻ സാറിന്റെ കവിതാപാരായണ സദസ്സുകൾ വേറിട്ട ഒരു അനുഭവം ആയിരുന്നു എനിക്ക്.

“നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ കാതോർത്തു ഞാനിരുന്നൂ .. ” എന്ന പൂവച്ചൽ ഖാദറിന്റെ വരികൾ ഒരു പോസ്റ്റ് കാർഡിൽ ആദ്യത്തെ പ്രണയ ലേഖനമായി  കിട്ടിയപ്പോൾ ആണ് മലയാളത്തിന്റെ സിനിമ ഗാനശാഖയുടെ ഭംഗി മനസിലായത്. നീല ജലാശയത്തിൽ “ആയിരമായിരം അഭിലാഷങ്ങൾ തെളിനീർക്കുമിളകളായി”…

എത്രയെത്ര ഗാനങ്ങൾ…”ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി” എന്ന് തോന്നിപ്പിക്കുന്ന വരികൾ.  വയലാറിന്റെയും ഭാസ്കരൻ മാഷിന്റെയും മറ്റും പാട്ടുകൾ വീണ്ടും കേൾക്കുമ്പോഴാണ് നമ്മുടെ ഇപ്പോഴുള്ള ഗാന രചയിതാക്കളെ  പിടിച്ചു കിണറ്റിലിടാൻ തോന്നുന്നത് 🙂

എൻ എൻ പിള്ളയുടെ “ഞാൻ” എന്ന ആത്മ കഥ വായിച്ചിട്ടുണ്ടോ? രണ്ടാം ലോക മഹായുദ്ധത്തിന്റെ ചരിത്രം കൂടിയാണത്, ജപ്പാൻ ബർമയിലും  മലേഷ്യയിലും കാണിച്ചു കൂട്ടിയ തെമ്മാടിത്തരങ്ങളുടെയും സുഭാഷ് ചന്ദ്ര ബോസിന്റെ നേതൃത്വത്തിൽ INA നടത്തിയ പ്രവർത്തികളുടെയും മാത്രം അല്ല, സാധാരണക്കാരായ പച്ചമനുഷ്യരുടെ കഥകൾ കൂടിയാണത്. പലതും ഞെട്ടിപ്പിക്കുന്ന അനുഭവങ്ങൾ.

ചെറുകഥയുടെ വസന്ത കാലവും മലയാളത്തിലുണ്ടായി. ടി പദ്മനാഭന്റെ വെളിച്ചം വിതറുന്ന  പെൺകുട്ടിയുടെ കൂടെ ഞാൻ തന്നെയല്ലേ അന്ന് സിനിമ കാണാൻ  ഇരുന്നത്? ഗൗരിയും കടലും അദ്ദേഹത്തിന്റെ ക്ലാസിക്കുകൾ തന്നെയായിരുന്നു. എൻ മോഹനൻ  ആയിരുന്നു കാത്തിരുന്ന് വായിച്ച മറ്റൊരു കഥാകൃത്ത്. 

എം ടി യെ കുറെ കഴിഞ്ഞാണ് ഞാൻ വായിക്കാൻ തുടങ്ങിയത്. ഷെർലക് എന്ന ചെറുകഥ ഇപ്പൊൾ അമേരിക്കയിൽ ഇരുന്നു  വായിക്കുമ്പോൾ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ എത്ര ആഴത്തിൽ ഉള്ളതാണെന്ന് മനസ്സിലാവുന്നു. രണ്ടാമൂഴം വായിച്ചപ്പോൾ കുട്ടിക്കൃഷ്ണ മാരാരുടെ ഭാരത പര്യടനം ഓർത്തു. എത്ര അനായാസം ആണിവർ പുരാണങ്ങളെ എടുത്തു മറ്റൊരു വശം കാണിച്ചു തരുന്നത്. 

ഇന്റർനെറ്റും ഇന്നത്തെ പോലെ യാത്ര സൗകര്യങ്ങളും ഇല്ലാത്ത കാലത്ത് മലയാളിയെ ലോക സഞ്ചാരത്തിന് കൊണ്ട് പോയ എസ കെ പൊറ്റെക്കാട്ട് ഒരു വിസ്മയം തന്നെയാണ്. അദ്ദേഹം പോയ വഴികളിലൂടെ ഈ കാലത്ത് പോലും ഇനിയാർക്കും സഞ്ചരിക്കാൻ കഴിയും എന്ന് തോന്നുന്നില്ല. അതിന്റെ കൂടെ ചരിത്രവും ഭൂമിശാസ്ത്രവും അടങ്ങിയ ഒരു വിജ്ഞാന ഭണ്ഡാരം ആണ് അദ്ദേഹത്തിന്റെ കൃതികൾ. 

KPAC യുടെ നാടകങ്ങൾ, സാംബശിവന്റെ കഥാപ്രസംഗം, ഓട്ടൻ തുള്ളൽ, കഥകളി, അമ്പലപ്പറമ്പിൽ കപ്പലണ്ടി വിറ്റിരുന്ന എന്റെ ഏറ്റവും വലിയ പേടിയായ ചാക്യാർ കൂത്ത് ( കപ്പലണ്ടിക്കാരെ ആണ് അവർ സാധാരണ ലങ്കയിലേക്ക് പോകുന്ന ഹനുമാൻ ആക്കുന്നത് )..  മലയാളം കൈ വെക്കാത്ത കലാ ശാഖകൾ ഉണ്ടോ?

സേതുമാധവനും  പദമരാജനും മുതൽ ദിലീഷിൽ എത്തി നിൽക്കുന്ന മലയാള സിനിമ. ലോകത്തിന് മുൻപിൽ അഭിമാനത്തോടെ പറയാവുന്ന സിനിമകൾ. മജീദ് മജീദി മുതൽ കോഹെൻ ബ്രദർസിന്റെ വരെ സിനിമകൾ കാണുന്ന പ്രേക്ഷകരും. 

പാരിസിലെ ഓർസെയ്‌ മ്യൂസിയത്തിൽ വാൻഗോഗ് ചിത്ര പ്രദർശനം  കണ്ടു നിന്നപ്പോൾ മനസിലൂടെ പെരുമ്പടവത്തിന്റെ ഒരു സങ്കീർത്തനം പോലെ എന്റെ മനസിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്നു. വേറൊരു രാജ്യത്തെ ഒരു ചരിത്രകാരന്റെ മനസും പ്രണയവും ഇത്ര തീക്ഷ്ണമായി എങ്ങിനെ അവതരിപ്പിക്കാൻ കഴിഞ്ഞു.

ടിഡി രാമകൃഷ്ണന്റെ ഫ്രാൻസിസ് ഇട്ടിക്കോരയും ബെന്യാമിന്റെ ആട് ജീവിതവും മഞ്ഞ വെയിൽ മരണങ്ങളും മറ്റും മലയാളം ദേശത്തിന് പുറത്തേക്കു സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു എന്ന് കാണിക്കുന്നു. ഫേസ്ബുക്കിൽ ആണ് ഏറ്റവും വലിയ വിപ്ലവം നടക്കുന്നത്. എന്തെല്ലാം ആശയങ്ങൾ ഏതെല്ലാം  കഥകൾ. എത്രയെത്ര എഴുത്തുകാർ… മലയാളം ഭാഗ്യം ചെയ്ത ഭാഷയാണ്…

സ്കൂളിൽ പഠിക്കുമ്പോൾ ഉപമയും ഉൽപ്രേക്ഷയും മഞ്ജരിയും കാകളിയും എല്ലാം കാണാതെ പഠിക്കേണ്ടത് മൂലം മലയാളം വെറുത്ത് പോയ ഒരാളാണ് ഞാൻ. നിർമല ലൈബ്രറിയിൽ പോയില്ലായിരുന്നെങ്കിൽ എന്റെ ഭാഷ സ്നേഹത്തിന്റെ കഥ വേറെ ഒന്നാവുമായിരുന്നു. ഇക്കാലത്തെ സ്കൂൾ മലയാളം സിലബസ് എനിക്കറിയില്ല, പക്ഷെ സ്കൂൾ മലയാളം സിലബസിൽ നിന്ന് ഉപമയും ഉൽപ്രേക്ഷയും മഞ്ജരിയും മറ്റും എടുത്തു മാറ്റി നല്ല നല്ല കഥകളും കവിതകളും കുട്ടികളെ പഠിപ്പിച്ചാൽ മലയാളത്തെ സ്നേഹിക്കുന്ന, പരിപോഷിപ്പിക്കുന്ന ഒരു തലമുറ ഇനിയും വളർന്നു വരും. 

“മാത്രയഞ്ചക്ഷരം മൂന്നിൽ വരുന്നൊരു ഗണങ്ങളെ എട്ടുചേർത്തുള്ളീരടിക്കു ചൊല്ലാം കാകളിയെന്നുപേർ” എന്നെല്ലാം അവർക്ക് വേണമെങ്കിൽ മലയാളം ഐച്ഛിക വിഷയം ആയി എടുക്കുക ആണെങ്കിൽ പിന്നീട് പഠിക്കാമല്ലോ.

ഭാഷകൾ അങ്ങോട്ടും ഇങ്ങോട്ടും കടം കൊടുത്തും വാങ്ങിയും വളർന്ന കഥകൾ പോലെ തന്നെയാണ് മനുഷ്യരുടെ, ആഫ്രിക്കയിൽ നിന്ന് ഭൂമിയുടെ പലഭാഗങ്ങളിലേക്കുള്ള, കുടിയേറ്റത്തിൻ്റെ കഥകളും ഉദാഹരണത്തിന് താഴെ കൊടുത്തിരിക്കുന്ന ചിത്രം നോക്കുക.

 

ഈ ഫോട്ടോയിലെ വാർത്തയോടൊപ്പമുള്ള ചിത്രം കാണുമ്പോൾ നിങ്ങൾ മരിച്ചുപോയ എന്റെ ബാപ്പയെ സംശയിച്ചാൽ ഞാൻ കുറ്റം പറയില്ല, അത്രക്കുണ്ട് മുഖസാദൃശ്യം. പക്ഷെ ഈ കയ്യിലിരുപ്പ് പുള്ളിയുടേതല്ല, മറിച്ച് പല മുൻതലമുറകൾക്ക്   മുൻപ്  ഇറാനിലെ സ്റ്റെപ്പെയിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ബാപ്പമാരുടേതാണ്.

എന്റെ ജീനിലെ വൈ ക്രോമസോം ഹാപ്ലോ ഗ്രൂപ്പ് ( അച്ഛൻ വന്ന വഴി) R-Z93(R1a1a1b2) ആണ്. അതിന്റെ സഞ്ചാര പഥം നോക്കിയാൽ എന്തുകൊണ്ട് അസർബൈജാനിലോ അർമേനിയയിലോ ഉള്ള ഒരാൾക്ക് എന്റെ മുഖച്ഛായ വന്നുവെന്ന് കാണാൻ പറ്റും. ആഫ്രിക്കയിൽ നിന്ന് യൂറോപ്പിലെ സ്റ്റെപ്പയിലൂടെ , Caucasus പർവത നിരകൾ താണ്ടി ഇന്ത്യയിൽ എത്തിയ പൂർവികരിൽ നമ്മളിൽ പലരുടെയും. നിങ്ങൾക്ക്  പലർക്കും ഇതുപോലെ മുഖസാദൃശ്യമുള്ള ബന്ധുക്കൾ അവിടെയൊക്കെ കാണും.

R-Z93 ഹാപ്ലോ ഗ്രൂപ്പ് R-M512 , R-M420 എന്നീ ഹാപ്ലോ ഗ്രൂപുകളിൽ നിന്ന് വേർതിരിഞ്ഞു വന്നതാണ്.  ഇന്ന് ഈ ഹാപ്ലോഗ്രൂപ്പുകൾ  ഈസ്റ്റേൺ യൂറോപ്, റഷ്യ, ഉക്രൈൻ എന്നിവിടങ്ങളിലാണ് കൂടുതൽ സാധാരണയായി കാണുന്നത്. ഇവയിൽ നിന്ന് വേർതിരിഞ്ഞു വന്ന എന്റെ ഹാപ്ലോ ഗ്രൂപ്പ് ആയ R-Z93 ഇന്ത്യയിലും ഏഷ്യയിലെ മറ്റു ഭാഗങ്ങളിലും കാണാം. ഏതാണ്ട് 6000 വർഷങ്ങൾക്ക് (240 തലമുറകൾക്ക്  മുൻപ്) ആണ്  ഈ ഹാപ്ലോഗ്രൂപ് വേർതിരിഞ്ഞു വന്നത്. ഇന്ത്യയിലെ ദ്രാവിഡർ ഏതാണ്ട് 8000 വർഷങ്ങൾക്ക് മുൻപ് ഇങ്ങോട്ട് കുടിയേറിയവരാണ് എന്ന് ഇതുമായി കൂട്ടി വായിക്കാം എന്ന് തോന്നുന്നു.

അമ്മ വന്ന വഴി വലിയ ചുറ്റിക്കളി ഇല്ലാതിരുന്ന M53 ആണ്. അല്ലെങ്കിലും പണ്ട് കുടിയേറ്റം ആണുങ്ങളാണ് പ്രധാനമായും ചെയ്തിരുന്നത്. സ്ത്രീകൾ ഒരിടത്തു തന്നെ കൂടുകയും ഇങ്ങോട്ട് വരുന്നവരും ആയി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് ഒരു പുതിയ ജനിതക സ്വഭാവത്തെ ഉള്ള സമൂഹം ഉണ്ടായിവരികയും ആണ് ചെയ്തിരുന്നത്. ആഫ്രിക്കയിയൽ ഉണ്ടായിരുന്നവരുടെ L ഗ്രൂപ്പിൽ നിന്ന് ആഫ്രിക്കയിലേക്ക് പുറത്തേക്ക് പോയവരുടെ M ഗ്രൂപ്പ് ഉണ്ടാവുകയും അവരുടെ സബ് ഗ്രൂപ് ആയി M53 നിലവിൽ വരികയും ചെയ്തു എന്നാണ് ഇപ്പോൾ അനുമാനിക്കുന്നത്.

20,000 വർഷങ്ങൾക്ക് മുൻപ്, (ഏതാണ്ട് 800 തമുറകൾക്ക് മുൻപ്) ആയിരുന്നു അത്.

അപ്പോൾ പറഞ്ഞു വന്നത് ആരും എന്റെ ബാപ്പയെ സംശയിക്കണ്ട, പുള്ളി അസർബൈജാനിലോ അർമീനിയയിലോ പോയിട്ടില്ല 🙂

നോട്ട്: മലയാളത്തിലെ പോർച്ചുഗീസ് വാക്കുകൾ.

Malayalam    Malayalam Transliteration    Meaning    Original form

ആയ    āya    Maid    aia

അലമാര    alamāra    cupboard    armário

അള്ത്താര    altāra    altar    altar

അണ്ണാറ, അണ്ണാറച്ചക്ക    Annāra chakka    Pineapple    ananás

അസേന്തി    asenthi    Assistant Priest (In a Parish)    assistente

ബോർമ, ബോർമ്മ    Bōrmba    Oven / Furnace    forno

കപ്പിത്താന്    capitān    captain    capitão

ചാപ്പ    chāppa    plate, sheet of metal, seal for impression    chapa

ചായ    chāya    tea    chá

ചാവി    chāvi    key    chave

ചാക്ക്‌    chākku    sack    saco

ചങ്ങാടം    changadam    raft    jangada

ഇസ്തിരി    isthiri    to iron, to press    estirar

ഇസ്കൂള്    iskool    School    escola

ജനാല    janāla    window    janela

കളസം    kalasam    shorts/trouser    calção

കപ്പേള    Kappela    Chapel    capela

കാപ്പിരി    kāppiri    black, African    cafre

കറൂപ്പ്    karoopp    A type of fish (Grouper)    garoupa

കസേര    kasera    chair    cadeira

കശുവണ്ടി    kasuvandi    cashew    caju

കടലാസ്‌    kadalas    paper    cartaz

കദ്രീഞ്ഞ    kadreenha    stool    cadeirinha

കനാൽ    kanāl    canal    canal

കോപ്പ    kōppa    cup, dish    copo

കൊവേന്ത    kovenda    convent    convento

കുമ്പാരി    kumbāri    Godparents of your child/ children or Parents of your Godchild    compadre

കുരിശ്‌    kurishu    Cross    cruz

കുശിനി    kushini    kitchen    cozinha

കുനീല്    kuneel    funnel    funil

ടെറസ്സ്    terrass    rooftop terrace    terraço

ലേലം    lelam    auction    leilão

മരയ്ക്കാര്‍    maraikkar    seafarer, sailor, mariner    marinheiro

മേശ    mesha    table    mesa

മേസ്തിരി    mesthiri    foreman, supervisor of (e.g. construction) workers    mestre

നോന    nōnā    Luso Indian lady    dona

ഓസ്തി    ōsthi    Sacramental bread/ wafer    hóstia

പാനോസ്    pānos    Fabrication works (Sheet metal works)    panos

പാര    pāra    Crowbar    barra

പാതിരി    pāthiri    priest, pastor    padre

പാത്രം    paathram    dish, plate    prato

പദ്രിഞ്ഞപ്പൻ    pardinhappan    God Father    padrinho

പദ്രിഞ്ഞമ്മ    pardinhamma    God Mother    madrinha

പപ്പാഞ്ഞി    Pappānhi    Christmas Father (Santa Claus)    Papai Noel

പേന    pena    pen    pena

പേര    pera    pear, guava    pera

പിക്കാസ്    pikkās    Pickaxe    picão

പീലാസ്    peelās    Godchild    afilhado

പ്രാക്ക്, പ്രാകുക    praakk (noun), praakuka (verb)    curse, to curse    praga

റാന്തല്    rānthal    lamp, lantern    lanterna

റാത്തല്    rāthal    a Pound (1 lb.), weight of sixteen ounces (16 oz.)    arrátel

റേന്ത    renda    lace work    renda

റോസാ    rosa    Rose    rosa

സാത്താന്    sāttān    satan    satan

സവാള, സവോള    savāla    onion    cebola

സെമിത്തേരി    semithery    cemetery, burial ground    cemitério

തമ്പാക്ക്    thampākk    tobacco    tabaco

താൾ    thaal    page of a book    talão

തിര    tira    gun shot    tiro

തീരുവ    teeruva    customs duty    tarifa

തൊപ്പി    toppi    hat    topo

തൂവാല    tuvāla    towel    toalha

നങ്കൂരം    nankooram    anchor (of ships)    âncora

ലേസ്, കൈലേസ്    leis, kai-leis    kerchief, handkerchief    lenço

വാത്ത    vātha    Goose    pato

വാര    vāra    A measure (= 1 yard or 3 feet); Original meaning: rod, stick    vara

വരാന്ത    varāntha    open porch    varanda

വീപ്പ    veeppa    wooden cask, barrel    pipa

വീഞ്ഞ്    Veenh    Wine    vinho

വികാരി    vikāri    vicar    vigário

വിനാഗിരി    vināgiri    vinegar    vinagre

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: