ഖുർആൻ ഒരു വിശുദ്ധ ഗ്രന്ഥമല്ല…

ഖുർആൻ ഒരു വിശുദ്ധ ഗ്രന്ഥം ആണെന്ന് പറയുന്നതും, അത് വളരെ അധികം ആളുകൾ വിശുദ്ധ ഗ്രന്ഥമാണെന്ന് വിശ്വസിക്കുന്ന ഒരു പുസ്തകമാണെന്ന് പറയുന്നതും വളരെ വ്യത്യാസപ്പെട്ട രണ്ടു കാര്യങ്ങളാണ്. എന്നെ പോലെ  ഒരു യുക്തിവാദിയെ സംബന്ധിച്ചിടത്തോളം കാലം മാറിയിട്ടും പുതുക്കപ്പെടാത്ത ഒരു പഴയ പുസ്തകം മാത്രമാണിത്, ആധുനിക ജനാധിപത്യ ലോകത്തിന്റെ കണ്ണിലൂടെ നോക്കുമ്പോൾ സ്ത്രീവിരുദ്ധവും, ശാസ്ത്രവിരുദ്ധവും, ജനാധിപത്യ വിരുദ്ധവുമായ ഒരു പുസ്തകം കൂടിയാണത്.

ഖുർആൻ അതേപോലെ തന്നെ പിന്തുടരേണ്ട  ദൈവ വചനമാണോ അതോ മനുഷ്യർ തങ്ങളുടെ ബുദ്ധി ഉപയോഗിച്ച് അതിനെ വ്യഖ്യാനിക്കണമോ എന്നുള്ള തർക്കം വളരെ പഴയതാണ്.  മനുഷ്യർ തങ്ങളുടെ ബുദ്ധി ഉപയോഗിച്ച് യുക്തിപൂർവം സമീപിക്കേണ്ട ഒന്നാണ് ഖുർആൻ എന്നുളള വാദത്തിനായിരുന്നു ഇസ്ലാമിൽ ആദ്യകാലത്ത് മുൻ‌തൂക്കം. യുക്തിചിന്തയെ മുന്നിൽ നിർത്തി ഒൻപതാം നൂറ്റാണ്ടിൽ അബ്ദുൽ ജബ്ബാറിനെ പോലുള്ള Muʿtazila വിഭാഗക്കാർ മുന്നോട്ടു വച്ച ഖുർആൻ വ്യഖ്യാനങ്ങളാണ് അന്ന് ലോകത്തിലെ ഏറ്റവും വലിയ നഗരമായിരുന്ന ബാഗ്ദാദിലെ House of Wisdom സ്ഥാപനത്തിലേക്ക് നയിച്ചതും ഇസ്ലാമിന്റെ സുവർണ കാലഘട്ടം തുടങ്ങിയതും. 

ലോകത്തിലെ ശാസ്ത്ര ലോകത്ത് നടന്ന ഏറ്റവും വലിയ ഒരു കാൽവെപ്പായിരുന്നു ഇത്. ഗ്രീസിലെ തത്വശാസ്ത്രവും, ചൈനയിൽ നിന്നുള്ള പേപ്പറിന്റെ വരവും, ഇന്ത്യയിൽ നിന്നുള്ള അക്കങ്ങളൂം കണക്കും എല്ലാം കൂടിച്ചേർന്ന് ശാസ്ത്ര  കണ്ടുപിടുത്തങ്ങളുടെ  ഒരു പരമ്പര തന്നെ അവിടെ നടന്നു.  അൽജിബ്ര കണ്ടു പിടിച്ച മുഹമ്മദ് അൽ മൂസ അൽ-കവരിസ്‌മി, സയന്റിഫിക് മെത്തേഡ് എന്നറിയപ്പെടുന്ന പരീക്ഷണ നിരീക്ഷണ മാർഗങ്ങൾ കണ്ടുപിടിച്ച ഇബ്ൻ-ഹേതം,   ഇന്ത്യയിൽ നിന്നുള്ള വാനനിരീക്ഷണ അറിവുകൾ വച്ച്  ലളിതമായ ജ്യാമിതീയ കണക്കു കൂട്ടലുകൾ വച്ച് ഭൂമിയുടെ വലിപ്പം വളരെ കൃത്യമായി അളന്ന അൽ-ബിറൂണി , വൈദ്യ ശാസ്ത്രത്തിൽ വളരെ നാൾ ഉപയോഗിച്ച് കൊണ്ടിരുന്ന പുസ്തകങ്ങൾ എഴുതിയ ഇബ്ൻ-സിന (അവിസെന്ന എന്ന് ലാറ്റിനിൽ) എന്നെ പ്രതിഭകൾ എല്ലാം ഈ ചിന്താരീതിയുടെയും കാലഘട്ടത്തിന്റെയും സംഭാവനയാണ്. 

പക്ഷെ ഇത് അധികം നാൾ  നീണ്ടുനിന്നില്ല. ഖുർആൻ ദൈവ വചനം ആണെന്നും, അതിലെ സൂക്തങ്ങളും ഹദീസും അതേപടി , മനുഷ്യ ബുദ്ധി ഉപയോഗിക്കാതെ പിന്തുടരണം എന്നും,  ഖുർആൻ  അറബിയിൽ തന്നെ പഠിക്കണമെന്നും, വിവർത്തനം ചെയ്താൽ അല്ലാഹുവിനെ നിന്ദിക്കൽ ആകും എന്നെല്ലാം പറയുന്ന ഒരു ഓർത്തഡോൿസ് ചിന്താ രീതി അഹ്മദ് ഇബ്ൻ ഹൻബാൽ അവതരിപ്പിച്ചു. തങ്ങളുടെ ഭരണം നല്ലതായാലും മോശമായാലും ന്യായീകരിക്കാൻ മതത്തെ ഉപയോഗിക്കാം എന്ന് കണ്ടുപിടിച്ച ഭരണാധികാരികൾ യുക്തിവാദത്തിൽ അധിഷ്ഠിതമായ ഇസ്ലാമിൽ നിന്ന് ഹൻബാലിലേക്ക് പതുക്കെ ചുവടു മാറി. 

എന്റെ ചെറുപ്പത്തിൽ എന്തെങ്കിലും അസുഖം വരുമ്പോൾ ഒരു പ്ലേറ്റിൽ ഏതോ മഷി കൊണ്ട് അറബിയിൽ ഖുർആൻ സൂക്തങ്ങൾ എഴുതി അത് വെള്ളത്തിൽ കലക്കി കുടിപ്പിച്ചതും, പനിയോ മറ്റോ വരുമ്പോൾ അയല്പക്കത്തെ ഹിന്ദുക്കൾ വരെ എന്റെ ഉമ്മയുടെ അടുത്ത് വന്നു ഉപ്പും മുളകും ഒക്കെ മന്തിരിപ്പിച്ച് വാങ്ങിച്ചതും എല്ലാം ഈ ചിന്താധര പത്താം നൂറ്റാണ്ടു മുതൽ ഇന്ന് വരെ തുടർന്നു വന്നതിന്റെ തെളിവാണ്. 

ഇതുകൊണ്ടാണ് ബൈബിൾ മലയാള തർജമ കുറെ കിട്ടുമ്പോൾ, ഖുർആൻ ഇപ്പോഴും അറബിയിൽ തന്നെ ആളുകൾ വായിക്കുന്നത്. അറബിയുടെ സൗന്ദര്യം എന്നൊക്കെ പറയാമെങ്കിലും കാര്യം മനസിലാക്കാൻ നമ്മുടെ മാതൃ ഭാഷയിൽ പഠിക്കുന്നതാണ് നല്ലത്. എന്റെ ഉമ്മ ഉൾപ്പെടെ  ഭൂരിഭാഗം മുസ്ലിങ്ങളും അർഥം അറിയാതെ അറബിയിൽ ഖുർആൻ വായിച്ച് ഇതെന്തോ വലിയ സംഭവമാണെന് കരുതാനും കാര്യമിതാണ്. മലയാളം അർഥം വായിച്ചു കഴിയുമ്പോൾ ഇത്രയേ ഉള്ളൂ ഇതെന്ന് നിങ്ങൾക്ക് തോന്നും. അത് സംസ്‌കൃതത്തിൽ അല്ലാതെ മലയാളത്തിൽ ഗായത്രി മന്ത്രം ഉൾപ്പെടെയുള്ള ഹൈന്ദവ മന്ത്രങ്ങളും ഉപനിഷത്തുക്കളും വായിക്കുമ്പോഴും ഇതുതന്നെയാണ് അവസ്ഥ. 

സ്ത്രീകളുടെ കാര്യം വരുമ്പോൾ ഖുർആൻ ഒരു പക്ഷെ അത് ഉണ്ടായ കാലത്ത് പുരോഗമനകരമായ ഒന്നായിരിക്കും, എനിക്കറിയില്ല, പക്ഷെ ആണുങ്ങൾക്ക് കിട്ടുന്ന ഓഹരിയുടെ  പകുതി മാത്രം സ്ത്രീകൾക്ക് നൽകുന്ന ഖുർആൻ ഇന്നത്തെ കാലത്ത് സ്ത്രീ വിരുദ്ധമാണ്. പെണ്ണ് വേറെ എവിടെയോ ഇരിക്കുമ്പോൾ, പെണ്ണിന്റെ ബാപ്പയും ചെക്കനും തമ്മിൽ നടത്തുന്ന കരാർ അടിസ്ഥാനത്തിൽ ഉള്ള  ഇസ്ലാമിലെ വിവാഹം തന്നെ 

എന്റെ അഭിപ്രായത്തിൽ സ്ത്രീവിരുദ്ധമാണ്.

ഖുർആൻ ദൈവ വചനം ആണെന്നാണ് മുസ്ലിം വിശ്വാസം. പക്ഷെ ഖുർആൻ  അവതരിച്ചതിന്റ സന്ദർഭം വിശദീകരിക്കുന്ന തഫ്‌സീറും തബക്കാതും കൂട്ടി വച്ച് ഖുർആൻ വായിക്കുന്പോൾ പലപ്പോഴും അന്നന്നത്തെ പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ ദൈവത്തിന്റെ നിർദ്ദേശം എന്നതായി മുഹമ്മദ് അവതരിപ്പിച്ചിരിക്കുന്നതായി വ്യക്തമാണ്. വിമർശം ബുദ്ധിയോടു കൂടി ഖുർആനെ സമീപിക്കുന്നവർ നിശ്ചയം ആയും സന്ദർഭത്തോട് കൂടി ഖുറാനിലെ ആയത്തുകൾ വായിക്കണം. ഉദാഹരണത്തിന്…

ഖുർആൻ 4:2 – അനാഥകള്‍ക്ക്‌ അവരുടെ സ്വത്തുക്കള്‍ നിങ്ങള്‍ വിട്ടുകൊടുക്കുക. നല്ലതിനുപകരം ദുഷിച്ചത്‌ നിങ്ങള്‍ മാറ്റിയെടുക്കരുത്‌. നിങ്ങളുടെ ധനത്തോട്‌ കൂട്ടിചേര്‍ത്ത്‌ അവരുടെ ധനം നിങ്ങള്‍ തിന്നുകളയുകയുമരുത്‌. തീര്‍ച്ചയായും അത്‌ ഒരു കൊടും പാതകമാകുന്നു.

സന്ദർഭം : ഗതാഫാനിൽ നിന്നുള്ള ഒരു അനാഥൻ മുഹമ്മദിനെ സമീപിച്ചു. അയാളുടെ ചെറുപ്പത്തിൽ അയാളുടെ സ്വത്തുക്കൾ നോക്കി നടത്തിയിരുന്നത് അയാളുടെ അമ്മാവൻ ആയിരുന്നു. അനാഥൻ പ്രായപൂർത്തി ആയിട്ടും അമ്മാവൻ സ്വത്തു വിട്ടു കൊടുത്തില്ല. അങ്ങിനെ ഈ അനാഥൻ മുഹമ്മദിനോട് പരാതി പറഞ്ഞപ്പോഴാണ് മുകളിൽ പറഞ്ഞ വെളിപാട് ഉണ്ടായതു. അല്ലാഹുവിന്റെ പേരിൽ ഒരു ചെറിയ ഭീഷണി, അത് ഫലിക്കുകയും അമ്മാവൻ സ്വത്തുക്കൾ ഈ എന്നതാണ് വിട്ടുകൊടുക്കുകയും ചെയ്തു. ചെറുപ്പത്തിൽ അനാഥൻ ആയി വളർന്ന മുഹമ്മദ് ഈ സന്ദർഭത്തിൽ ബുദ്ധിമാനും നീതിമാനും ആയിരുന്നു എന്ന് കാണാം. (http://www.altafsir.com/AsbabAlnuzol.asp?SoraName=4…). ( ഈ ലിങ്ക് ഉപയോഗിച്ച ഖുർആനിലെ മിക്ക പ്രവചങ്ങളുടെയും സന്ദർഭം അറിയാൻ കഴിയും, മുഹമ്മദിനെയും അന്നത്തെ സമൂഹത്തെയും അറിയാൻ ശ്രമിക്കുന്നവർ തീർച്ചയായും വായിച്ചിരിക്കണം)

ചിലപ്പോഴെല്ലാം മുഹമ്മദിന്റെ സ്വകാര്യ സംഗതികളും ഖുർആനിൽ വന്നു. ഉദാഹരണത്തിന് മുഹമ്മദിന്റെ വീട്ടിൽ അനുമതി ഇല്ലാതെ കയറരുത് എന്നും ഭക്ഷണം കഴിച്ചാൽ പുറത്തു പോകണം എന്നും ഭാഗം. മുഹമ്മദ് സൈനബയെ കല്യാണം കഴിച്ച അന്ന് വിവാഹ സൽക്കാരം കഴിഞ്ഞും പിരിഞ്ഞു പോകാതെ ആളുകൾ ഇരുന്നു എന്നുള്ളതാണ് ഈ ആയതിന്റെ സന്ദർഭവും ആയി പറയുന്നത് ( http://www.altafsir.com/AsbabAlnuzol.asp?SoraName=33…).

മുഹമ്മദിന്റെ ഭാര്യമാരുടെ വഴക്കും ഇടയിൽ കയറി വരുന്നുണ്ട്. ഉദാഹരണത്തിന് 66 ആം അധ്യായം ആയ അൽ-താഹരിം നോക്കുക. 

ഖുർആൻ : 66 :3  “നബി അദ്ദേഹത്തിന്‍റെ ഭാര്യമാരില്‍ ഒരാളോട്‌ ഒരു വര്‍ത്തമാനം രഹസ്യമായി പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധേയമാകുന്നു. ) എന്നിട്ട്‌ ആ ഭാര്യ അത്‌ ( മറ്റൊരാളെ ) അറിയിക്കുകയും, നബിക്ക്‌ അല്ലാഹു അത്‌ വെളിപ്പെടുത്തി കൊടുക്കുകയും ചെയ്തപ്പോള്‍ അതിന്‍റെ ചില ഭാഗം അദ്ദേഹം ( ആ ഭാര്യയ്ക്ക്‌ ) അറിയിച്ചുകൊടുക്കുകയും ചില ഭാഗം വിട്ടുകളയുകയും ചെയ്തു. അങ്ങനെ അവളോട്‌ ( ആ ഭാര്യയോട്‌ ) അദ്ദേഹം അതിനെ പറ്റി വിവരം അറിയിച്ചപ്പോള്‍ അവള്‍ പറഞ്ഞു: താങ്കള്‍ക്ക്‌ ആരാണ്‌ ഈ വിവരം അറിയിച്ചു തന്നത്‌ ? നബി (സ) പറഞ്ഞു: സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമായിട്ടുള്ളവനാണ്‌ എനിക്ക്‌ വിവരമറിയിച്ചു തന്നത്‌.”  ഇതിന്റെ സന്ദർഭം ഇവിടെ : http://www.altafsir.com/AsbabAlnuzol.asp?SoraName=66…)

ഒരു കാലഘട്ടത്തിൽ ഒരു പ്രദേശത്ത് നിലനിന്നിരുന്ന ഒരു സംസ്കാരത്തിന്റെ ചുറ്റി പറ്റിയുള്ള ഈ വെളിപാടുകളിൽ പലതും കാലവും ദേശവും മാറിയപ്പോൾ ഒരു പ്രധാന്യം ഇല്ലാതെ പോവുകയും ചെയ്തു. ഉദാഹരണത്തിന് അടിമ വ്യാപാരത്തെയും അടിമ സ്ത്രീകളെ കുറിച്ചും ഉള്ള ഖുറാനിലെ വിശദീകരണങ്ങൾ. ഇത് ദൈവ വചനം ആയിരുന്നെങ്കിൽ അടിമ വ്യാപാരം പാപമാണ് എന്ന ഒരു പരാമർശം നടത്തി എല്ലാ അടിമകളെയും മോചിപ്പിച്ചാൽ മതിയായിരുന്നു. ഖുർആനിൽ പക്ഷെ അടിമകളും ഉടമകളും ആയി ബന്ധപ്പെട്ട പല ആയത്തുകളും  ഉണ്ട്, ആധുനിക സമൂഹം അടിമ വ്യവസ്ഥ  കാലത്ത് ഒരു ഉപയോഗവും ഇല്ലാത്തവ. കാലം ദേശം എന്നിവ സ്വാധീനിച്ച ഒരു കൃതി ആണ് ഖുർആൻ അന്ന് കാണിക്കാൻ ഈ ഉദാഹരണം ഉപയോഗിച്ച് എന്നെ ഉള്ളൂ. (ഇരുപതാം നൂറ്റാണ്ടിൽ മാത്രം ആണ് സൗദിയും യമനും ഒമാനും എല്ലാം അടിമ വ്യാപാരം നിർത്തൽ ആക്കിയത്.)

ചിലർക്ക് ഇത് ദൈവ വചനം ആണെന്ന് വാദിക്കാം, പക്ഷേ യുക്തിപൂർവം ചിന്തക്കുന്നവർക്ക് ധൃഷ്ടാന്തം ഉണ്ട്.

പക്ഷെ സ്വർണക്കടത്ത് കേസിൽ ഖുർആൻന്റെ കാര്യം പൊക്കിക്കൊണ്ട് വരുന്നവരുടെ കാര്യത്തിൽ ഞാൻ കേരളതിലെ മുസ്ലിം വിശ്വാസികളുടെ കൂടെയാണ്, വിശ്വാസത്തിന്റെ കൂടെയല്ല. ഉത്തരേന്ത്യയിൽ കേരളത്തിലെ  വർഗീയതയെ കുറിച്ച് കഥകൾ മെനയാൻ ബിജെപി നടത്തുന്ന ശ്രമം എനിക്ക് മനസിലാക്കാം,  കേരളത്തിലെ ലീഗും കോൺഗ്രസ്സും ഉൾപ്പെടെയുള്ള മറ്റ് രാഷ്ട്രീയക്കാർ ഇതിൽ പോയി വീണുകൊടുക്കുന്നത് ബുദ്ധിയില്ലായ്മയാണ്. പക്ഷെ ഇതിന്റെ ഇടയിലൂടെ ചില ഇടതുപക്ഷക്കാർ തന്നെ ഇതൊരു വിശുദ്ധ ഗ്രന്ഥമായി മാറ്റാൻ ശ്രമിക്കുന്നത് അപഹാസ്യമാണ്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: