ആർത്തവം..

“നിങ്ങളെപ്പോൾ നോക്കിയാലും പ്രസവത്തെക്കുറിച്ചും ആർത്തവത്തെക്കുറിച്ചും എഴുതിക്കാണുന്നുണ്ട്. ഇത്രമാത്രം സ്ത്രീകളെ സുഖിപ്പിക്കേണ്ട കാര്യമുണ്ടോ? പണ്ടുകാലത്ത് എത്ര സ്ത്രീകൾ പുല്ലു പോലെ കൈകാര്യം ചെയ്ത കാര്യമാണിത്? നമ്മുടെ അമ്മൂമ്മമാർക്കും ആർത്തവവും പ്രസവവും എല്ലാമുണ്ടായിരുന്നു. ഇന്നത്തെ സ്ത്രീകൾക്ക് എന്താണിത്ര പ്രത്യകത?” ഞാൻ മുൻപ് മെൻസ്ട്രുവൽ കപ്പിനെ കുറിച്ച് എഴുതിയപ്പോൾ ഒരു സ്ത്രീ തന്നെ വന്ന് അതിൽ കമന്റ് ചെയ്തത് ഇങ്ങിനെയായിരുന്നു. അന്ന് മറുപടി പറഞ്ഞില്ല, ഇന്ന് പക്ഷെ പറയണം എന്ന് തോന്നി.

“ആദ്യമായി ആർത്തവം വന്ന ദിവസം ഞാൻ എന്നെ തന്നെ വെറുത്തു. കാരണം അന്ന് പാഡോ മെൻസ്ട്രൂവൽ കപ്പോ ഒന്നും ഉണ്ടായിരുന്നില്ല, പകരം പഞ്ഞിയും പഴയ തുണികളും ആണുപയോഗിച്ചിരുന്നത്. സ്കൂളിൽ പോകുമ്പോൾ പഴയ തുണികളുടെ അകത്ത് പഞ്ഞി വച്ച് കൊണ്ടുപോകും പലപ്പോഴും സ്കൂളിൽ എത്തുന്നതിന് മുൻപ് തന്നെ ലീക്ക് ആയി തുടങ്ങും, ബാത്‌റൂമിൽ പോയി കഴുകി നനഞ്ഞ തുണി വച്ചിട്ട് ക്ലാസ്സിൽ ഇരുന്നാൽ ഒന്നും ശ്രദ്ധിക്കാൻ കഴിയില്ല. ഹാഫ് സാരി കൊണ്ട് മറച്ചൊക്കെയാണ് വീട്ടിലേക്ക് തിരിച്ചു പോയിരുന്നത്. ഭാഗ്യത്തിന് പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളിലാണ് പഠിച്ചത്. ആൺകുട്ടികളുടെ കൂടെ ഇതുപോലെ പഠിക്കുന്ന കുട്ടികളുടെ കാര്യം ആലോചിക്കാനേ വയ്യ. 1990 കളിലാണ് ഇന്ത്യയിൽ പാഡുകൾ ഒക്കെ കിട്ടിത്തുടങ്ങുന്നത്. വീട്ടിൽ തന്നെ ഇങ്ങിനെയുള്ള മൂന്നു ദിവസം വീടിനു പുറത്തുള്ള ഒരു മുറിയിൽ ഒറ്റക്ക് പേടിച്ച് വിറച്ച് കിടക്കേണ്ടി വരുമായിരുന്നു” : ആർത്തവ അനുഭവത്തെ കുറിച്ച് എന്റെ ഭാര്യ പറഞ്ഞതാണ്.

ചരിത്രത്തിന്റെ ഒരു പ്രശ്നം അത് പലപ്പോഴും രാജാക്കന്മാരുടെയും റാണിമാരുടെയും യുദ്ധങ്ങളുടെയും ചരിത്രമാണ് പലപ്പോഴും എഴുതുന്നത് എന്നതാണ്. ഇന്ത്യയിൽ ഡി ഡി കൊസാംബിയൊക്കെ എഴുതിത്തുടങ്ങിയതിന് ശേഷമാണു രാജാക്കൻമാർ അല്ലാത്ത സാധാരണക്കാർ നമ്മുടെ നാട്ടിൽ എങ്ങിനെ ജീവിച്ചു എന്ന് ആളുകൾ അറിഞ്ഞു തുടങ്ങിയത്. അരി ഇടിച്ചു കൊണ്ട് നിന്നപ്പോൾ പ്രസവവേദന വന്നിട്ട് പോയി പ്രസവിച്ചു വന്ന കഥകൾ കേൾക്കാൻ സുഖമുണ്ട് എന്ന് മാത്രമേ ഉള്ളൂ, യാതാർഥ്യം വളരെ അകലെയായിരുന്നു. 1990 കളിൽ പോലും ഒരു ലക്ഷം പ്രസവങ്ങളിൽ ഇന്ത്യയിൽ മരിച്ചിരുന്ന സ്ത്രീകളുടെ എണ്ണം 500 ൽ കൂടുതലായിരുന്നു. അപ്പോൾ പണ്ടത്തെ കാര്യം പറയാനുണ്ടോ? പത്തു കുട്ടികളെ പ്രസവിച്ചാൽ മൂന്നെണ്ണത്തിനെ ജീവനോടെ കിട്ടിയാൽ തന്നെ വലിയ കാര്യമായിരുന്നു. ഇന്ന് കേരളത്തിൽ ഇങ്ങിനെ മരിക്കുന്ന സ്ത്രീകളുടെ എണ്ണം ഒരു ലക്ഷത്തിന് അൻപതിൽ താഴെയാണ് എന്നറിയുമ്പോഴാണ് എത്ര അമ്മമാരാണ് പ്രസവിക്കാൻ വേണ്ടി ജീവൻ ബലികൊടുത്തിരിക്കുന്നത് എന്ന് മനസിലാക്കാൻ കഴിയുക.

ആർത്തവത്തിന്റെ കാര്യത്തിന്റെയും ഇതുതന്നെയാണ് കഥ. രാജകൊട്ടാരത്തിലെ ശീതളിമയിലും, ആർത്തവം വന്നാൽ മൂന്നോ നാലോ ദിവസം മാറിത്താമസിക്കാൻ സൗകര്യമുള്ള “ഉയർന്ന” ജാതിക്കാരുടെ വീടുകളിലോ ഉള്ള കഥകളാണ് നമ്മൾ പലപ്പോഴും കേൾക്കുന്നത്, പക്ഷെ ഇന്ത്യയിലെ ബഹുഭൂരിപക്ഷം സ്ത്രീകളും പാടത്ത് പണിയെടുക്കാൻ പോയില്ലെങ്കിൽ അടുക്കളയിൽ തീ ഏരിയാത്ത വീടുകളിൽ നിന്നുള്ളവരായിരുന്നു. അവർ പാഡ് ഒന്നും ഇല്ലാത്ത കാലത്ത് ആർത്തവ ദിവസങ്ങളിൽ അവർ എങ്ങിനെ ജോലിക്കു പോയിരുന്നു എന്നോ പോകാൻ കഴിഞ്ഞില്ലെങ്കിൽ അവരുടെ വീട്ടിൽ എങ്ങിനെ ഭക്ഷണം കിട്ടിയിരുന്നു എന്നൊന്നും ഒരു ചരിത്ര പുസ്തകാലത്തിലും കാണില്ല. അവരൊക്കെ എന്ത് ചെയ്തിരിക്കും, എങ്ങിനെ ജീവിച്ചിരിക്കും എന്നൊക്കെ ആലോചിക്കാൻ തന്നെ വയ്യ.

അത്കൊണ്ട് അരിയിടിച്ചു കൊണ്ട് നിന്നപ്പോൾ പ്രസവവേദന വന്നു പുല്ലുപോലെ പോയി പ്രസവിച്ചു വന്ന അമ്മൂമ്മമാരുടെ കാര്യവും, ആർത്തവം ഒരു പ്രശ്നവും ഇല്ലാതിരുന്ന ന്യൂനപക്ഷത്തിന്റെയും കഥ പറഞ്ഞ് ചരിത്രത്തിനു വെളിയിൽ കഷ്ടപ്പെട്ട ഭൂരിപക്ഷത്തെ അപമാനിക്കരുത്. ബെന്യാമിൻ എഴുതിയപോലെ നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്.

ഇതുവായിക്കുന്ന സ്ത്രീകൾ മടികൊണ്ട് അല്ലെങ്കിൽ ഇത് ശരിയാകുമോ എന്നുള്ള സംശയങ്ങൾ കൊണ്ട് ഇതുവരെ മെൻസ്ട്രുവൽ കപ്പ് ട്രൈ ചെയ്തിട്ടില്ലെങ്കിൽ ഈ വനിതാ ദിനത്തിൽ തന്നെ ഒരെണ്ണം വാങ്ങൂ. ഇത് വച്ച് സ്വിമ്മിങ് പൂളിൽ വരെ പോകാം. അത്ര സുരക്ഷിതം ആണ്. പാഡ് വച്ച് നടക്കുന്നത് പോലെ ഉള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും ഇല്ല. പല വലിപ്പം ഉള്ളവ മാർക്കറ്റിൽ ലഭ്യമാണ്. എങ്ങിനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ച് ധാരാളം യൂട്യൂബ് വീഡിയോകൾ ലഭ്യമാണ്. ഒന്ന് രണ്ട് തവണ കൊണ്ട് തന്നെ സ്ത്രീകൾക്ക് ഇത് വളരെ ഈസി ആയി എളുപ്പം ആയി അനുഭവപ്പെടും.

എല്ലാ ദിവസവും സ്ത്രീകളുടെ ദിവസം ആയത് കൊണ്ട് പ്രത്യേക ആശംസകൾ ഇല്ല…

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: