കുട്ടികളെ ശിക്ഷിക്കുമ്പോൾ..

“എന്റെ ബാപ്പയെ എനിക്ക് വെറുപ്പാണ്, കാരണം ചെറിയ കാര്യങ്ങൾക്ക് പോലും എന്നെ ബാപ്പ തല്ലാറുണ്ട്.. “

ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്റെ മകൻ ഒരു ചെറിയ നോട്ടപുസ്തകത്തിൽ എഴുതി വച്ച വാചകങ്ങളാണ്. സന്ദർഭവശാൽ അവന്റെ ക്ലാസ് ടീച്ചർ അത് കാണുകയും, എന്നെ സ്കൂളിലേക്ക് വിളിപ്പിച്ചു ഇനി ഇങ്ങനെ ഉണ്ടാവരുത് എന്ന് താക്കീതു തരുകയും ചെയ്തു.

പക്ഷെ നമ്മുടെ കുട്ടികൾ നന്നാവാൻ വേണ്ടിയാണു അവരെ മാതാപിതാക്കൾ തല്ലുന്നത് എന്ന് കരുതി ഞാൻ കുറെ നാൾ കൂടി ഞാൻ കുട്ടികളെ തല്ലുന്നത് തുടർന്നു, ഏതാണ്ട് അഞ്ചു വർഷം മുൻപ് വരെ വർഷത്തിൽ ഒരിക്കലെങ്കിലും കുട്ടികളെ തല്ലുന്ന ഒരു പിതാവായിരുന്നു ഞാൻ, ഇപ്പോൾ ഓർക്കുമ്പോൾ ലജ്ജ കൊണ്ട് തല കുനിഞ്ഞു പോകുന്ന കാര്യം. ഞാനും അടി കൊണ്ട് വളർന്നതാണ്. തെറ്റ് ചെയ്താൽ അടികിട്ടുക എന്നത് , അത് ടീച്ചർമാരുടെ കയ്യിൽ നിന്നായാലും മാതാപിതാക്കളുടെ കയ്യിൽ നിന്നായാലും സ്വാഭാവികം എന്നു കരുതി വളർന്ന ഒരാളാണ്. കുട്ടികൾ തെറ്റ് ചെയ്യുമ്പോൾ പെട്ടെന്നു എനിക്ക് ദേഷ്യം വരും, അവരോട് ഒച്ചയിൽ വഴക്കു പറയുക എന്നതും ചിലപ്പോഴൊക്കെ നടന്നിരുന്ന കാര്യമാണ്. ഏതാണ്ട് ദേഹ ഉപദ്രവം ചെയ്യുന്ന അത്ര തന്നെ മോശമാണ് കുട്ടികളെ ഇതുപോലെ വഴക്കു പറയുന്നത്. ഞാൻ ഇതൊക്കെ നിർത്തിയത് ഒരിക്കൽ എന്റെ വഴക്ക് കേട്ട് ഇളയ മകൻ കരഞ്ഞു കൊണ്ട് താഴെ വീണപ്പോഴാണ്. ചെറിയൊരു നിമിഷത്തേക്ക് അവന്റെ ബോധം പോയ പോലെ എനിക്ക് തോന്നി. ആ സംഭവത്തിന് ശേഷം ഞാൻ ഒരിക്കലും കുട്ടികളെ അടിക്കുകയോ വഴക്കു പറയുകയോ ചെയ്തിട്ടില്ല. കാരണം ഞാൻ ഇതിനെ കുറിച്ച് വളരെ അധികം വായിക്കുകയും, ശിക്ഷ ( punishment ), ശിക്ഷണം ( dicipline ) എന്നിവ വളരെ വ്യത്യാസമുള്ള രണ്ടു കാര്യങ്ങളാണെന്ന് മനസിലാക്കുകയും ചെയ്തു. പല മാതാപിതാക്കളും ശിക്ഷയും ശിക്ഷണവും ഒന്നാണെന്നു കരുതുന്നവരാണ്, ഇപ്പോഴും.

ഇതെല്ലാം വീണ്ടും ഓർമ വന്നത് എന്റെ രണ്ടു മക്കളുമായി ഞാൻ മുൻപ് അവരെ ശിക്ഷിച്ചിരുന്ന രീതികളെക്കുറിച്ച് മനസു തുറന്നു സംസാരിച്ചു അവരോട് ക്ഷമ ചോദിക്കുന്ന ഒരു സന്ദർഭം കഴിഞ്ഞ ദിവസം ഉണ്ടായപ്പോഴാണ്. ഞാൻ അടിച്ച ഓരോ സന്ദർഭങ്ങളും അവരോർത്തു പറഞ്ഞു. അടികൊണ്ട് തുടയിൽ പാട് വീണതും, വഴക്കു കേട്ട് ബോധം മറഞ്ഞതും എല്ലാം. ഇതെല്ലം ഇത്ര കൃത്യമായി ഓർത്തു വയ്ക്കുന്നത് എന്നിങ്ങനെ എന്ന് ചോദിച്ചപ്പോൾ നിതിൻ പറഞ്ഞു

“Everyone remembers their traumatic moments in life, and for kids it is, when parents punish them, physically or mentally, because parents are supposed to protect their kids” (“എല്ലാവരും അവരുടെ മാനസിക ആഘാതം ഏൽക്കുന്ന സന്ദർഭങ്ങൾ ഓർത്തുവയ്ക്കും. കുട്ടികൾക്ക് അത് അവരുടെ മാതാപിതാക്കൾ അവരെ ശിക്ഷിക്കുമ്പോഴാണ്. കാരണം കുട്ടികളെ സംരക്ഷിക്കേണ്ട മാതാപിതാക്കൾ തന്നെ അവരെ ശിക്ഷിക്കുമ്പോൾ അതിന്റെ തീവ്രത കൂടുതലാണ്”)

എന്റെ കണ്ണ് നിറഞ്ഞു പോയി.

കുട്ടികളെ തല്ലി വളർത്തുന്നതിന്റെ പ്രശ്നങ്ങളെക്കുറിച്ച് കഴിഞ്ഞ ഇരുപതു വർഷങ്ങളിൽ വളരെ അധികം പഠനങ്ങൾ നടന്നിട്ടുണ്ട്. അതിന്റെ എല്ലാം രത്നച്ചുരുക്കം താഴെ പറയുന്നു.

  1. യൂണിവേഴ്സിറ്റി ഓഫ് ന്യൂ ഹാംപ്‌ഷെയർ നടത്തിയ 2013 ലെ പഠനം പ്രകാരം ചെറുപ്പത്തിൽ അടി കിട്ടി വളരുന്ന കുട്ടികൾ അല്ലാതെ വളരുന്ന കുട്ടികളെക്കാൾ കൂടുതൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നു. അടിക്കുന്നത് അവരെ നന്നാക്കും എന്ന സിദ്ധാന്തം പൊട്ടത്തെറ്റാണ് എന്ന് ചുരുക്കം. കുട്ടികളെ അടിക്കുമ്പോൾ മാതാപിതാക്കൾ യഥാർത്ഥത്തിൽ ചെയ്യുന്നത് ഒരു അക്രമത്തിൽ ഏർപ്പെടുകയാണ്. അക്രമത്തെ ആദ്യമായി കുട്ടികൾ നേർക്ക് നേർ കാണുന്നതും മനസിലാക്കുന്നതും മാതാപിതാക്കൾ അവരെ അടിക്കുമ്പോഴാണ്. കുട്ടികൾ അടി വാങ്ങുകയും, മാതാപിതാക്കൾ അതിന് ശിക്ഷിക്കിക്കപ്പെടാതെ പോവുകയും ചെയ്യുന്നത് കാണുന്ന കുട്ടികൾക്ക് അക്രമം സ്വാഭാവികമായ ഒരു കാര്യമാണ് എന്ന തോന്നൽ അറിഞ്ഞോ അറിയാതെയോ മനസ്സിൽ കയറുന്നു. കുട്ടികളെ അടിക്കുന്ന ഓരോ അടിയും ഒരു ചെറിയ കുറ്റവാളിയെ സൃഷ്ടിക്കുകയാണ് യഥാർത്ഥത്തിൽ ചെയ്യുന്നത്.
  2. കുട്ടികളെ തല്ലുമ്പോൾ യാഥാർത്ഥയിൽ നമ്മൾ നമ്മുടെ ദേഷ്യം തീർക്കുകയാണ്, കുട്ടികൾക്ക് എന്തുകൊണ്ടാണ് അടികിട്ടുന്നത് എന്ന് ചിലപ്പോൾ മനസിലാക്കണം എന്ന് തന്നെയില്ല, പ്രത്യേകിച്ച് ചെറിയ കുട്ടികൾക്ക്.

കുട്ടികളോട് പലപ്പോഴും എന്ത് സംഭവിച്ചു, എന്തുകൊണ്ട് അത് തെറ്റാണു എന്ന് പറഞ്ഞു മനസിലാക്കേണ്ട സമയവും സന്ദർഭവും ഒരടിയിൽ നമ്മൾ തീർക്കും. എന്തിനാണ് അടി കിട്ടുന്നത് എന്ന് പലപ്പോഴും കുട്ടികൾക്ക് മനസിലാവണം എന്നില്ല. കുട്ടികളോട് അവർ ചെയ്ത തെറ്റിനെക്കുറിച്ച് പറഞ്ഞു മനസിലാക്കി കൊടുക്കുകയാണ് യഥാർത്ഥത്തിൽ ക്ഷമയോടെ ചെയ്യേണ്ടത്.

  1. അടി കിട്ടുന്ന കുട്ടികൾ സ്ഥിരം വഴക്കളികളായി വളരുന്നു എന്നൊരു പഠനം പറയുന്നു. ഇവർ വളർന്നു വരുമ്പോൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനും , അവരുടെ സാമൂഹിക ഇടപെടലുകളെ (social skills ) ഈ ശിക്ഷാ രീതികൾ ബാധിക്കാനും സാധ്യതയുണ്ട്.
  2. വളർന്നു വരുമ്പോൾ കുട്ടികളുടെ മാനസികനിലയെ ചെറുപ്പത്തിലേയുള്ള ശിക്ഷാരീതികൾ സ്വാധീനിക്കാറുണ്ട്. ചിലർ ഡിപ്രെഷനിൽ വീണുപോകാനും ഇതിടയാക്കുന്നു. കുട്ടികളെ കൂടാതെ മാതാപിതാക്കളെയും ഇത് മാനസികമായി ബാധിക്കുന്നു. കുട്ടികളെ അടിച്ചു കഴിഞ്ഞു ഭൂരിപക്ഷം മാതാപിതാക്കൾക്കും ഉടനെ തന്നെ കുറ്റബോധം തോന്നാറുണ്ട്, ഒരു പക്ഷെ കുട്ടികളെ അടിക്കുന്നതിനു മുൻപ് ഒന്ന് മുതൽ പത്തു വരെ എണ്ണുക തുടങ്ങിയ ചെറിയ സൂത്രങ്ങൾ ചെയ്തു പെട്ടെന്നുള്ള ദേഷ്യം ഒഴിവാക്കാൻ കഴിയും. പല ദേഷ്യം നിയന്ത്രിക്കുന്ന പ്രോഗ്രാമുകളിലും (anger management ) വിജയകരമായി നടപ്പിലാക്കിയ ഒന്നാണ് ഒന്ന് മുതൽ മൂന്നു വരെയോ പത്തുവരെയോ എണ്ണുന്നത്.
  3. കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള ബന്ധത്തെ ഇത്തരം ശിക്ഷാരീതികൾ ബാധിക്കും. അടിച്ചു കഴിഞ്ഞിട്ട് എത്ര സ്നേഹം കാണിച്ചാലും, കുട്ടികൾക്ക് മാതാപിതാക്കളോട് മുൻപുണ്ടായിരുന്ന അത്ര വിശ്വാസം പിന്നീട് ഉണ്ടായിവരണം എന്നില്ല.

ഇപ്പറഞ്ഞതിന്റെ അർഥം കുട്ടികളെ ശ്രദ്ധിക്കാതെ അവർ ചെയ്യുന്ന എല്ലാത്തിനും യെസ് മൂളണം എന്നല്ല. കുട്ടികളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി നേരായ വഴിക്ക് നടത്തേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്. പക്ഷെ ശാരീരികവും മാനസികവുമായ ശിക്ഷ കുട്ടികൾക്ക് കൊടുക്കരുത്. The United Nations Convention on the Rights of the Child (UNCRC) കുട്ടികൾക്ക് ചില അവകാശങ്ങൾ ഉള്ളതായി പ്രഖ്യാപിച്ചിട്ടുണ്ട്. ജീവൻ, വിദ്യാഭ്യസം, തങ്ങളുടെ അഭിപ്രായങ്ങൾ പറയാനുള്ള സ്വാതന്ത്ര്യം എന്നിവ കൂടാതെ മാതാപിതാക്കളുടെയോ അധ്യാപകരുടെയോ മറ്റാരുടെയോ പീഡനം ഇല്ലാതെ ജീവിക്കാൻ ഉള്ള അവകാശം അതിൽ പെടുന്നതാണ്. ഇന്ത്യയിൽ 2009 ൽ പാസ്സാക്കിയ കുട്ടികളുടെ വിദ്യാഭ്യാസ അവകാശ നിയമം അധ്യാപകരുടെ ഇത്തരം പീഡനം നിയമം മൂലം നിരോധിച്ചിട്ടുണ്ട്. കേരളത്തിൽ ഇത്പോലെ അധ്യാപകരുടെ ചൂരൽ പീഡനം നിയമം മൂലം നോരോധിച്ചെങ്കിലും ചിലയിടങ്ങളിൽ എല്ലാം ഇപ്പോഴും കണ്ടുവരുന്നത് നാണക്കേടാണ്, കാരണം കുട്ടികളുടെ മനഃശാസ്ത്രം പഠിച്ച അധ്യാപകർക്ക് ഇതിന്റെ ദൂഷ്യ ഫലങ്ങളെ കുറിച്ച് നല്ല അവബോധം ഉണ്ടാകേണ്ടതാണ്.

തല്ലു കൊടുക്കാതെ, വഴക്ക് പറയാതെ കുട്ടികളെ എങ്ങിനെ വളർത്താം? അതൊരു മില്യൺ ഡോളർ ചോദ്യമാണ്. ഞാൻ വായിച്ചറിഞ്ഞു, പരീക്ഷിച്ചു വിജയിച്ച ചില കാര്യങ്ങൾ താഴെ കൊടുക്കുന്നു. ആദ്യമൊക്കെ ഇപ്പറഞ്ഞ കാര്യങ്ങൾ നടന്നു കിട്ടാൻ പ്രയാസം തോന്നുമെങ്കിലും കുറച്ചു പരിശീലനം കിട്ടിക്കഴിയുമ്പോൾ നിങ്ങളും ഇതിൽ പുലികളാകും.

  1. കുട്ടികളുടെ കൂടെ സമയം ചിലവഴിക്കുക. കുട്ടികൾക്ക് മാതാപിതാക്കളുടെ മറ്റു ശല്യങ്ങൾ ഇല്ലാത്ത ക്വാളിറ്റി സമയം കിട്ടേണ്ടത് അവരുടെ അവകാശമാണ്. നിങ്ങൾ സ്നേഹത്തോടെ പല കാര്യങ്ങളും പറഞ്ഞു മനസിലാക്കാൻ ഇത്തരം സമയങ്ങൾ ഉപകാരപ്പെടും. ഇന്നത്തെ കാലത്ത് പലരും ചെയ്യാത്ത ഒന്നാണ് കുട്ടികളുടെ കൂടെ സമയം ചിലവഴിക്കുന്നത്, ചിലപ്പോൾ ചിലവഴിച്ചാൽ തന്നെ പകുതി ശ്രദ്ധ ഫോണിലായിരിക്കും.
  2. മാതൃക കാണിച്ചു കൊടുക്കുക. സ്ഥിരം ഫോൺ നോക്കികൊണ്ടിരിക്കുന്ന ഒരു മാതാവോ പിതാവോ, കുട്ടികളോട് ഫോൺ നോക്കരുത് എന്ന് പറയുന്നതിനേക്കാൾ നല്ലത് ഏതൊക്കെ സമയം / എത്ര സമയം ഫോണിൽ ചിലവഴിക്കാം എന്നൊരു നിയമം വച്ചിട്ട് എല്ലാവരും അത് ഫോളോ ചെയ്യുന്നതല്ല? (കാറോടിക്കുമ്പോൾ ഫോൺ നോക്കുക എന്നൊരു ദുശീലം, പ്രത്യേകിച്ച് കുട്ടികൾ ഇരിക്കുമ്പോൾ, ഒഴിവാക്കാൻ ശ്രമിക്കുന്ന ഒരാളാണ് ഈയുള്ളവൻ, ടെസ്ല തനിയെ ഓടിക്കുമെങ്കിലും ചെയ്യുന്നത് നിയമപരമായി തെറ്റാണു. അതുകൊണ്ട് മറ്റുള്ളവരെ ഉപദേശിക്കുകയാണ് എന്ന് കരുതരുത്, ഈ പറയുന്നതിൽ ചിലതൊക്കെ ഇപ്പോഴും എനിക്കും ബാധകമായ കാര്യങ്ങളാണ്. )
  3. ഏറ്റവും പ്രധാനം കുട്ടികൾ ഒരു തെറ്റ് ചെയ്യുമ്പോൾ അതിന്റെ വരും വരായ്കകൾ പറഞ്ഞു മനസിലാക്കുക. ഉദാഹരണത്തിന് ഹോം വർക്ക് ചെയ്തില്ലെങ്കിൽ നല്ല മാർക്ക് കിട്ടില്ല എന്നും, അത് പിന്നീട് ഉള്ള ജീവിതത്തെ എങ്ങിനെ ബാധിക്കും എന്നൊക്കെ കുട്ടികളോട് സംസാരിക്കുന്നത് രണ്ടു പേർക്കും ഇതിന്റെ വരും വരായ്കകളെ കുറിച്ച് ആശയവിനിമയം നടത്താൻ സഹായിക്കും.
  4. കുട്ടികൾ പറയുന്നത് ശ്രദ്ധയോടെ കേൾക്കാൻ സമയം ചിലവഴിക്കുക. മിക്കപ്പോഴും കുട്ടികൾക്ക് എന്തുകൊണ്ട് അവർ നമ്മൾക്ക് ഇഷ്ടമില്ലാത്തത് ചെയ്യുന്നു എന്ന് പറയാൻ ഉണ്ടാവും. ഉദാഹരണത്തിന് കണക്ക് ഇഷ്ടമില്ലാത്ത ഒരു കുട്ടി കുറവ് മാർക്ക് വാങ്ങുമ്പോൾ വഴക്ക് പറയുന്നതിന് പകരം അവന്റെ താൽപര്യക്കുറവ് മനസിലാക്കുകയും, അവനു താല്പര്യമുള്ള കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് ചോദിച്ചു മനസിലാക്കാനും സാധിക്കും. ഇഷ്ടമില്ലാത്ത ഒരു വിഷയത്തിന് കൂടുതൽ മാർക്കിന് വേണ്ടി നിർബന്ധിക്കുന്നത് യഥാർത്ഥത്തിൽ ഒരു പീഡനമാണ്. എനിക്ക് പത്തിൽ ഹിന്ദിക്ക് നൂറിൽ മുപ്പത് മാർക്കായിരുന്നു, ഭാഗ്യത്തിന് വീട്ടിൽ ആരും അതിന്റെ പേരിൽ എന്നെ വഴക്കു പറയാൻ വന്നില്ല, അല്ലെങ്കിൽ ഞാൻ ഇപ്പോഴും ഹിന്ദി പഠിച്ചുകൊണ്ടിരുന്നേനെ…

5 . ശിക്ഷകൾ കുട്ടികളുടെ ചില വിനോദ ഉപാധികളുടെ സമയം കുറച്ചു കൊണ്ടാവാം. ഉദാഹഹരണത്തിന് തുണികൾ സ്വയം അലക്കാൻ ഇടാത്തത് കൊണ്ട് ഇവിടെ ഇന്ന് മുതൽ ഒരാഴ്ച സമയത്തേക്ക് അവർക്ക് ഗെയിം കളിക്കാൻ അവകാശമില്ല. പലപ്പോഴും അടി കൊടുക്കുന്നതിനേക്കാൾ വളരെ ഫലപ്രദമായ ഒരു ശിക്ഷ രീതിയാണിത്.

  1. കുട്ടികൾ നല്ല കാര്യം ചെയ്യുമ്പോൾ അവരെ അഭിനന്ദിക്കുകയും, അവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുക. പലപ്പോഴും കുട്ടികൾ തെറ്റ് ചെയ്യുമ്പോൾ ശിക്ഷിക്കുന്നത് അല്ലാതെ അവർ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ പലരും ഒന്നും ചെയ്യാറില്ല. ഇത് തീർത്തും അന്യായമാണ്. കുട്ടികൾ തെറ്റ് ചെയ്യുമ്പോൾ വഴക്ക് പറയുന്നപോലെ തന്നെ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അവരെ അഭിനന്ദിക്കുകയും ഒരു ചെറിയ സമ്മാനം എങ്കിലും വാങ്ങി കൊടുക്കുകയും ചെയ്യുന്നത് അവരുടെ ആത്മവിശ്വാസം വർധിപ്പിക്കും. പിന്നീട് തെറ്റ് ചെയ്യുമ്പോൾ അവർക്ക് നമ്മൾ പറയുന്നത് കൂടുതൽ സമതുലിതമായി (balanced) ആയി തോന്നുകയും ചെയ്യും.
  2. Timeout. നമ്മൾ ഒരു നിയമം കുട്ടികളോട് പറഞ്ഞു മനസിലാക്കി കഴിഞ്ഞും അവർ അത് തെറ്റിക്കുകയാണെങ്കിൽ അവരെ കുറച്ചു സമയത്തേക്ക് ഒരു മൂലക്കിരുത്തുന്നതിനെ ആണ് ടൈംഔട് എന്ന് പറയുന്നത്. കുട്ടികൾക്ക് ഒട്ടും ഇഷ്ടമില്ലാത്ത ഒന്നാണ് വേറെ ആരോടും ബന്ധമില്ലാതെ ഒരു ശിക്ഷാരീതി എന്ന നിലയിൽ മാറ്റി ഇരുത്തുന്നത് , ഒരുപക്ഷെ മനുഷ്യൻ ഒരു സമൂഹ്യ ജീവിയായത് കൊണ്ട്, സ്വാഭാവികമായി ഇതൊരു ശിക്ഷയായി അവർക്ക് മനസിലാവുന്നുണ്ടാവണം. പ്രായത്തിനനുസരിച് ഓരോ വർഷത്തിനും ഒരു മിനിറ്റ് വച്ച് ഇങ്ങിനെ ശിക്ഷ നൽകാം.

ഓർക്കുക മാർപ്പാപ്പ മുതൽ നമ്മുടെ ഹൈക്കോടതി വരെ കുട്ടികളെ തല്ലി വളർത്തണം എന്ന് പറയുന്ന കാലമാണ് ഇന്നും. 2018 ലെ ഒരു സർവ്വേ പറയുന്നത് ഇന്ത്യയിലെ പത്തിൽ എട്ടു മാതാപിതാക്കളും കുട്ടികളെ തല്ലാറുണ്ട് എന്നാണ്. അതിൽ തന്നെ പകുതിപ്പേർക്കും ഇത് മോശമാണ് എന്നറിയാവുന്നരുമാണ്. അഞ്ചിൽ ഒരാളെങ്കിലും ഇതല്ലാതെ വേറെ വഴിയില്ല എന്ന് കരുതുന്നു. മാതാപിതാക്കളെയും മുഴുവൻ കുറ്റം പറയാൻ കഴിയില്ല, കാരണം കുട്ടികളെ എങ്ങിനെ നോക്കണം എന്ന് ഒരു പിടിയും ഇല്ലാതെയാണ് ഭൂരിപക്ഷം ആളുകളും കുട്ടികളെ ഉണ്ടാക്കുന്നത്. കല്യാണത്തിന് ചില ആളുകൾക്ക് എങ്കിലും പ്രീ മാരിയേജ് കൗൺസിലിങ് കിട്ടും, കുട്ടികളുടെ കാര്യത്തിൽ അതുമില്ല. ഒരു പ്രോഡക്റ്റ് ഡോക്യൂമെന്റഷനും ഇല്ലാതെ വരുന്ന ഈ സാധനങ്ങളെ എങ്ങിനെ കൈകാര്യം ചെയ്യണം എന്നാലോചിക്കുമ്പോൾ നമ്മുടെ മാതാപിതാക്കൾ നമ്മളെ വളർത്തിയ പോലെ തന്നെ നമ്മൾ നമ്മുടെ കുട്ടികളെ വളർത്താൻ ശ്രമിക്കുന്നു എന്നേയുള്ളൂ. അത് തെറ്റായ രീതിയാണെന്ന് പലർക്കും അറിയില്ല എന്നതാണ് യാഥാർഥ്യം.

ഒന്നോർക്കുക, നമ്മുടെ കുട്ടികളെ സംരക്ഷികേണ്ട നമ്മൾ തന്നെ അവരെ മാനസികമായും ശാരീരികമായും ദ്രോഹിക്കുന്ന സ്ഥിതി എന്തൊരു വേദനാജനകമാണ്..

നസീർ ഹുസ്സൈൻ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: