ശശി തരൂരിനെതിരെ ലാ ഇലാഹ ഇല്ലളളാ വിളിച്ച് പ്രധിഷേധിച്ചവർ, ഇന്ത്യൻ മുസ്ലിങ്ങൾ പണ്ട് ആകാശത്തുകൂടി പോയ ഒരു പണി ഏണിവച്ച് പിടിച്ച ഒരു കഥ ഇടക്കോർക്കുന്നത് നല്ലതായിരിക്കും. ഇന്നത്തെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജീവ് ഗാന്ധി മാതൃസഭയിൽ നിന്ന് രാജിവെക്കാനും, പിന്നീട് വർഷങ്ങൾ കഴിഞ്ഞ് ബിജെപിയിൽ ചേരാനും ഇടയാക്കിയതും ഇതേ സംഭവമാണ്.
പ്രതിമാസം 179 രൂപ, മൊഴിചൊല്ലിയ ഭാര്യയായ ഷാ ബാനോ ബീഗത്തിന് നൽകണമെന്ന കീഴ്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ മുഹമ്മദ് അഹമ്മദ് ഖാൻ എന്ന പിന്നീട് പുനർവാഹിതനായ ഒരു വ്യക്തി നൽകിയ കേസിൽ, ഷാ ബാനോവിന് അനുകൂലമായി സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയായിരുന്നു പ്രശ്നങ്ങൾ തുടങ്ങി വച്ചത്. എല്ലാ മതസ്ഥർക്കും ബാധകമായ ക്രിമിനൽ പ്രോസിജിയർ കോഡിന്റെ 125 ആം വകുപ്പ് പ്രകാരം , പുനർ വിവാഹിതനായ പുരുഷനിൽ നിന്നും, വേറെ വരുമാനത്തിന് മാർഗമില്ലാത്ത ആദ്യഭാര്യയ്ക്ക് ജീവനാംശം അവകാശപ്പെടാനുള്ള അവകാശമുണ്ടെന്നാണ്. മാത്രമല്ല, ക്രിമിനൽ കേസും സിവിൽ കേസും തമ്മിൽ ഒരു ഏതെങ്കിലും കാര്യത്തിൽ കൺഫ്യൂഷൻ വന്നാൽ, ക്രിമിനൽ നിയമം ഉപയോഗിച്ചാണ് ആ കേസ് തീർപ്പ് കല്പിക്കേണ്ടത് എന്നതും സുപ്രീം കോടതി കണക്കിലെടുത്തു.
പക്ഷെ ഈ വിധി പ്രസ്താവിക്കുമ്പോൾ സുപ്രീം കോടതി വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം കൂടി കൂട്ടിച്ചേർത്തു : “ഹിന്ദു സിവിൽ കോഡ് നിലവിൽ വന്നെങ്കിലും , ഭരണഘടനയിൽ അടിസ്ഥാന തത്വമായി ഏകീകൃത സിവിൽ കോഡ് അനുച്ഛേദം 44ത്തിൽ എഴുതിച്ചേർത്തിട്ടുണ്ടെങ്കിലും മുസ്ലിങ്ങളുടെ ഇടയിൽ ഇത് നിലവിൽ വന്നിട്ടില്ല എന്ന് മാത്രമല്ല, അതിന് അനുകൂലമായി ഒരു നീക്കവും ഇപ്പോഴും നടക്കുന്നുമില്ല. ആയിരകണക്കിന് വർഷങ്ങൾ പഴക്കമുള്ള മതങ്ങൾ ആധുനിക സമൂഹത്തിൻലെ സിവിൽ നിയമങ്ങൾക്ക് പര്യാപ്തമല്ല”
വിധിയും നിരീക്ഷണവും ന്യായമായിരുന്നെങ്കിലും അന്നത്തെ മുസ്ലിം സമൂഹത്തിന് കോടതി തങ്ങളെ കുറ്റപ്പെടുത്തുന്നതു പോലെ തോന്നി. രാജ്യത്തുടനീളം പള്ളികളി നിന്ന് മൊല്ലാക്കമാരും മൗലവിമാരും ഈ വിധിക്കെതിരിരെ രംഗത്തുവന്നു. നമ്മുടെ പൊന്നാനിയിൽ നിന്ന് ഏഴുതവണ ലോക്സഭയിൽ എത്തിയ ജി എം ബനാത്വാല ക്രിമിനൽ നിയമത്തിലെ 125 ആം വകുപ്പിൽ നിന്ന് മുസ്ലിങ്ങളെ ഒഴിവാക്കണം എന്നപേക്ഷിച്ച് ഒരു സ്വകാര്യ ബിൽ അവതരിപ്പിച്ചു. അന്നത്തെ ആഭ്യന്തര സഹമന്ത്രിയായിരുന്നു നമ്മുടെ ഇന്നത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അദ്ദേഹം സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത ഒരാളാണ്. ഈ ബില്ലിനെ ആരിഫ് മുഹമ്മദ് ഖാൻ എതിർത്തു. “ഖുർആൻ എല്ലാ സാഹചര്യങ്ങളിലും വിവാഹമോചിതയായ സ്ത്രീക്ക് ശരിയായ പരിഗണന നൽകണം എന്ന് ആവർത്തിച്ച് ഉറപ്പിച്ചു പറയുന്നുണ്ട്” എന്ന മുസ്ലിം പണ്ഡിതനായ മൗലാനാ ആസാതിന്റെ അഭിപ്രായമാണ് ആരിഫ് മുഹമ്മദ് ഖാനെ നയിച്ചത്.
അന്ന് കോൺഗ്രെസും രാജീവ് ഗാന്ധിയും സുപ്രീം കോടതി വിധിക്ക് അനുകൂലം ആയിരുന്നു. അങ്ങിനെ ഈ ബില് തള്ളിപ്പോയി. പക്ഷെ ഷാ ബാനുവിന്റെ ജന്മസ്ഥലമായ ഇന്തൊറിൽ മുസ്ലിങ്ങൾ അവരെ സാമൂഹിക ബഹിഷ്കരണത്തിന് വിധേയയയാക്കി. അവരെ കാഫിർ എന്ന് മുദ്ര കുത്തി. അവസാനം ആ പാവം തന്നെ സുപ്രീം കോടതിയുടെ ഈ വിധിയെ എതിർത്ത് പ്രസ്താവന ഇറക്കുന്ന വരെയെത്തി കാര്യങ്ങൾ.
ഇതിനു ശേഷം നടന്ന കുറെ ഉപതെരഞ്ഞടുപ്പുകളിൽ പക്ഷെ കോൺഗ്രസ് തോറ്റു. ശബരിമല വിഷയത്തിൽ കുറെ സീറ്റ് നഷ്ടപ്പെട്ടപ്പോൾ ഇടതുപക്ഷത്തിന് ഉണ്ടായപോലെയൊരു വീണ്ടുവിചാരം കോൺഗ്രെസ്സിനുമുണ്ടായി. അവർ പതുക്കെ ആരിഫ് മുഹമ്മദ് ഖാന്റെ നിലപടിൽ നിന്ന് കൂടുതൽ മത മൗലിക വാദികളുടെ വശത്തേക്ക് മാറി. ഈ വിധി അട്ടിമറിക്കുന്ന “മുസ്ലിം വനിതാ ബിൽ” കോൺഗ്രസ് പാര്ലമെന്റില് അവതരിപ്പിച്ചു. മുസ്ലിങ്ങളെ മേല്പറഞ്ഞ ക്രിമിനൽ കോഡിന്റെ പരിധിയിൽ നിന്നൊഴിവാക്കി. വിവാഹമോചനം നടത്തുന്ന ഭർത്താവു മൂന്നു മാസത്തേക്ക് മാത്രം ഭാര്യയ്ക്ക് ചിലവിനു നൽകിയാൽ മതിയെന്ന് ബില്ലിൽ വ്യവസ്ഥ വച്ചു. പാർലിമെന്റിൽ മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്ന കോൺഗ്രസ് ബില് പാസ്സാക്കി നിയമമാക്കി. ഇതോടെ കോൺഗ്രസ് മുസ്ലിം മതമൗലിക വാദികളുടെ മുന്നിൽ മുട്ടുകുത്തിയെന്ന് ബിജെപിയും വിശ്വഹിന്ദു പരിഷത് ഉൾപ്പെടയുള്ളവർ ആരോപിച്ചു. സംഭവം സത്യമായിരുന്നു. മനസ് തകർന്ന ആരിഫ് മുഹമ്മദ് ഖാൻ കോൺഗ്രസിൽ നിന്ന് രാജിവച്ചു.
ഇതിനു മറുമരുന്നായി ഹിന്ദുക്കളെ പ്രീണിപ്പിക്കാൻ രാജീവ് ഗാന്ധിക്ക് കിട്ടിയ ഉപദേശം ബാബറി മസ്ജിദിന്റെ വാതിലുകൾ ഹിന്ദുക്കൾക്ക് പ്രാർത്ഥനയ്ക്കായി തുറന്നു കൊടുക്കാനായിരുന്നു, രാജീവിന്റെ ഉപദേശകൻ അരുൺ നെഹ്രുവുവായിരുന്നു ഈ ഉപദേശത്തിന്റെ പിറകിൽ. സർക്കാരിന്റെ നിർദ്ദേശപ്രകാരം ആണെന്ന് കരുതുന്നു, ബാബ്റി മസ്ജിദിനകത്ത് 1949 – ൽ ആരോ അർധരാത്രി കൊണ്ടുവന്നു വച്ച, വിഗ്രഹത്തെ ആരാധിക്കാനായി ബാബ്റി മസ്ജിദിന്റെ വാതിലുകൾ തുറന്നു കൊടുക്കാൻ ഒരു ജില്ലാ മജിസ്ട്രേറ്റ് അനുവാദം കൊടുത്തു. അന്നുവരെ ചെറിയൊരു കനലായി വർഷങ്ങളോളം കെട്ട് കിടന്നിരുന്ന ഒരു സംഭവം ബിജെപി വിശ്വഹിന്ദ് പരിഷത് എന്നീ ഹിന്ദു സംഘടനകൾക്ക് ഊർജം പകർന്നു. പള്ളി പൊളിക്കണമെന്ന വിശ്വ ഹിന്ദു പരിഷത്തിന്റെ സമരം തുടങ്ങുന്നത് അവിടെ നിന്നാണ്.
മറ്റൊരു വലിയ കാര്യം കൂടി അറിഞ്ഞോ അറിയാതെയോ നടന്നു, രാമായണം സീരിയൽ പ്രേക്ഷേപണം. ഇന്ത്യയിലെ പല വിശ്വാസങ്ങളും ആചാരങ്ങളും ആയി ചിതറിക്കിടക്കുന്ന ഹിന്ദുസമൂഹത്തെ ഇത്രമാത്രം ഒരുമിപ്പിച്ചു മറ്റൊരു സംഭവമില്ല. ബാബ്റി മസ്ജിദും, രാമായണം സീരിയൽ പ്രക്ഷേപണവുമാണ്, വെറും രണ്ടുസീറ്റിൽ ഉണ്ടായിരുന്ന ബിജെപിയെ ഇന്ന് കാണുന്ന രീതിയിൽ വളർത്തി വലുതാക്കിയത്. ഇൗ വളർച്ചയ്ക്ക് വെടിമരുന്നു ഇട്ടത് ആരാണെങ്കിലും അതിനു തീ കൊളുത്തിയതിന്റെ ക്രെഡിറ്റ് ഷാ ബാനോ കേസിൽ സുപ്രീം കോടതിയെ എതിർത്ത മുസ്ലിം മതമൗലിക വാദികൾക്കാണ്.
രാഷ്ട്രീയത്തിൽ അനുഭവസമ്പത്തോ , ചിന്തയുടെയോ അറിവിന്റെയോ പിൻബലമോ ഒന്നുമില്ലാത്ത , പാർലിമെന്റിൽ മൃഗീയ ഭൂരിപക്ഷമുള്ള ചെറുപ്പക്കാരനായ ഒരു പ്രധാനമന്ത്രിയായ രാജീവ് ഗാന്ധി പലരുടെയും താളത്തിനൊത്ത് തുള്ളിയതിന്റെ ഫലം കൂടിയാണ് ഇന്ന് നമ്മൾ കാണുന്നത്. കുടുംബ പശ്ചാത്തലം മാത്രം അടിസ്ഥാനമാക്കി ആളുകളെ തിരഞ്ഞെടുക്കുമ്പോഴുള്ള പ്രശ്ങ്ങളിൽ ചിലതു കൂടിയാണിത്.
മുകളിൽ പറഞ്ഞത് കൊണ്ട് ഇസ്ലാം മാത്രമാണ് സ്ത്രീ വിരുദ്ധമെന്ന് കരുതരുത്. ഞാൻ പത്തിൽ പഠിക്കുമ്പോഴാണ് (1987) ഇന്ത്യയിലെ അവസാനത്തെ സതി നടന്നത്. വെറും 19 വയസുള്ള രൂപ കൻവാർ എന്ന യുവതിയെ ഭർത്താവിന്റെ ചിതയിലേക്ക് തള്ളിയിട്ടു കൊല്ലുകയായിരുന്നു. ഈ സ്ഥലത്തു ഒരു അമ്പലം നിർമിച്ചും, സതി നിർത്തലാക്കി കൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ നിയമത്തിനെതിരെ ജാഥ നടത്തിയും മറ്റുമാണ്, ഹിന്ദുക്കൾ പ്രതികരിച്ചത്. അന്ന് സതിയെ അനുകൂലിച്ചവർക്കെതിരെ എടുത്ത കേസ് ഇന്നും കോടതിയിലാണെന്നാണ് എന്റെ അറിവ്.
ഇന്ത്യ ഒരു മതേതര പരമാധികാര രാജ്യമാണ് എന്നൊരു ബോധം എന്നാണോ എല്ലാവര്ക്കും ഉണ്ടാകുന്നത് അന്ന് മാത്രമേ മതത്തിന്റെ പേരിലുള്ള ഇത്തരം വൃത്തികേടുകൾ അവസാനിക്കുകയുള്ളൂ. അതുവരെ മതേതര ഭരണഘടനയ്ക്കെതിരെയുള്ള നിയമത്തെ എതിർക്കുന്ന സമരത്തിനുള്ളിൽ മതം തിരുകുന്നവരെ ഒറ്റപ്പെടുത്തുന്നത് നമ്മൾ തുടരുക തന്നെ വേണം. ഒരാളുടെ മതവിശ്വാസം മറ്റൊരാളുടെ മൂക്കിന് തുമ്പിൽ അവസാനിക്കേണ്ട ഒന്നാണ്. ഓർക്കുക ഇന്ത്യയിലെ ക്രിമിനൽ നിയമങ്ങൾ ബ്രിട്ടീഷുകാർ തന്നെ ഏകീകരിച്ചതാണ്. ആരെങ്കിലും കുറ്റങ്ങൾ ചെയ്താൽ അയാളുടെ മതം നോക്കിയല്ല ശിക്ഷിക്കുന്നത്. അതുകൊണ്ടു തന്നെ ശരീ അത്ത് പ്രകാരം ഉളള ശിക്ഷകളിൽ ഇന്ന് ഇന്ത്യൻ മുസ്ലിങ്ങൾ ഒഴിവായിക്കഴിഞ്ഞു. പണ്ട് അംബ്ദേദ്കർ തുടങ്ങിവച്ച് നെഹ്റു പൂർത്തിയാക്കിയ ഹിന്ദു കോഡ് പോലെ, മുസ്ലിം സമുദായത്തിൽ തന്നെയുള്ളവർ മുന്നോട്ട് വന്ന് സിവിൽ നിയമങ്ങളും ഏകീകരിച്ചാൽ ആകാശം ഇടിഞ്ഞു വീഴില്ല.
പറഞ്ഞുകേട്ടത് : മതം അടിവസ്ത്രം പോലെയാണ്, അകത്ത് നിങ്ങൾ എത്ര നിറപ്പകിട്ടുള്ളത് ഇട്ടാലും,അത് പുറത്തു കാണിച്ചു നടന്നാൽ നാറും.
Ref : ഇന്ത്യ ഗാന്ധിക്ക് ശേഷം , രാമചന്ദ്ര ഗുഹ.
Leave a Reply