ഏഴിലോ എട്ടിലോ പഠിക്കുമ്പോൾ ആണ് പള്ളുരുത്തി ശ്രീഭവാനീശ്വര ക്ഷേത്ര ഉത്സവത്തിന് കപ്പലണ്ടി വില്പ്പന തുടങ്ങിയത്. നെസ്റ്റലിയുടെ ഒഴിഞ്ഞ ഒരു പാൽപ്പൊടി പാട്ട എവിടെ നിന്നോ സംഘടിപ്പിച്ച് അതിൽ മണ്ണിൽ വറുത്ത തൊണ്ടുള്ള കപ്പലണ്ടി അഞ്ചു പൈസയ്ക്ക് അഞ്ചെണ്ണം വച്ചുള്ള വില്പ്പന ആയിരുന്നു. ആദ്യത്തെ രാത്രി കഴിഞ്ഞപ്പോൾ അഞ്ച് രൂപ ലാഭം കിട്ടി.
എല്ലാ ദിവസവും ഞാൻ കിലോക്കണക്കിന് കപ്പലണ്ടി വാങ്ങുന്നത് കണ്ടാണോ അല്ലയോ എന്നറിയില്ല, മൂന്നാം ദിവസം കടക്കാരൻ കപ്പലണ്ടിയുടെ വില കൂട്ടി.
“അടുത്ത പത്ത് ദിവസത്തേക്ക് ചേട്ടന് കപ്പലണ്ടി വില കൂട്ടാതെ ഇരിക്കാൻ പാടില്ലേ? ” എന്ന് ഞാൻ ചോദിക്കുകയും ചെയ്തു. മാറുന്ന വിലക്ക് അനുസരിച്ച് വറുത്ത കപ്പലണ്ടിയുടെ വില മാറ്റുന്നത് പ്രയാസം ആയിരുന്നു, എന്റെ ലാഭത്തെ നിന്നാണ് ഈ വിലക്കയറ്റം ബാധിച്ചത്.
“മാർകെറ്റിൽ വില കയറിയാൽ ഞാൻ എന്ത് ചെയ്യാനാണ് മോനെ, അവർ വില കുറച്ചാൽ ഞാനും കുറച്ച് തരാം ..” എന്നൊരു ആത്മഗതം പുള്ളിയും നടത്തി.
“അടുത്ത പത്ത് ദിവസത്തേക്ക് ഒരേ വിലയിൽ സാധനം താ, ഞാൻ ഒരു അഡ്വാൻസ് തന്നു വയ്ക്കാം…” എന്ന കണ്ടിഷനിൽ പുള്ളിക്കാരൻ അടുത്ത പത്ത് ദിവസത്തേക്ക് ഒരേ വിലയിൽ സാധനം തരാം എന്ന് സമ്മതിച്ചു, എന്റെ ലാഭം ദിവസേന മാറ്റങ്ങൾ ഇല്ലാതെ കണക്കുകൂട്ടാൻ എനിക്ക് പറ്റി. പക്ഷെ കടക്കാരൻ കപ്പലണ്ടി വാങ്ങുന്ന വിലയിൽ കുറവുണ്ടായാലും ഞാൻ പറഞ്ഞുറപ്പിച്ച വിലയിൽ ആണ് പുള്ളി എനിക്ക് വിറ്റത്, വില കൂടിയാൽ നഷ്ടം പുള്ളി സഹിച്ചു.
മുതലാളിത്ത കമ്പോളത്തിലെ ഫോർവേഡ് കോൺട്രാക്ട് എന്ന ഒരു സംഭവം ആണ് ഞാൻ ചെയ്തത് എന്ന് അന്നെനിക്ക് മനസിലായെ ഇല്ല. ഇവിടെ വാൾ സ്ട്രീറ്റിൽ വന്നു കഴിഞ്ഞാണ് ഫ്യൂച്ചർസ് / ഫോർവേഡ്‌സ് എന്ന ഡെറിവേറ്റീവ്‌സിനെ കുറിച്ച് ഞാൻ പഠിക്കുന്നത്. സംഭവം ലളിതം ആണ്.
നിങ്ങൾ ഒരു വിമാന കമ്പനി നടത്തുന്ന ആളാണെന്നു സങ്കൽപ്പിക്കുക. അടുത്ത ഒരു വർഷത്തേക്കുള്ള ടിക്കറ്റുകൾ നിങ്ങൾ വിൽക്കാൻ തുടങ്ങി, പക്ഷെ ഈ പറഞ്ഞ സമയത്ത് ജെറ്റ് ഇന്ധനത്തിന് എത്ര വില ഉണ്ടാവും എന്ന് നിങ്ങൾക്ക് അറിയില്ല. അപ്പോൾ എത്ര രൂപയ്ക്ക് നിങ്ങൾ ഈ ടിക്കറ്റ് വിൽക്കും? ഇനി ഒരു വിലക്ക് വിറ്റാൽ തന്നെ, ആറു മാസമോ ഒരു വർഷമോ കഴിഞ്ഞ് ജെറ്റ് ഫ്യൂവലിനു വില കൂടിയാൽ നിങ്ങൾ നഷ്ടം നേരിടേണ്ടി വരും.
നിങ്ങൾ ഇടപ്പള്ളി മോഡേൺ ബ്രെഡ് ഫാക്ടറി പോലെ ഒന്ന് നടത്തിയാലും സ്ഥിതി ഇത് തന്നെ. ജെറ്റ് ഫ്യൂവെലിന് പകരം ഗോതമ്പിന്റെയോ മൈദയുടെയോ വില ആയിരിക്കും ഇവിടെ ഉള്ള പ്രശ്നം.
ഇങ്ങിനെ ഉള്ള സന്ദർഭങ്ങളിൽ നിങ്ങൾക്ക് ജെറ്റ് ഫ്യൂവൽ അല്ലെങ്കിൽ ക്രൂഡ് ഓയിൽ വിൽക്കുന്ന കമ്പനിയും ആയോ, ഒരു വലിയ ഗോതമ്പ് കൃഷിക്കാരനും ആയോ ഒരു കരാറിൽ ഏർപ്പെടാം. അടുത്ത ആറു മാസത്തിലെ എല്ലാ ദിവസങ്ങളിലും നിങ്ങൾ പറഞ്ഞുറപ്പിക്കുന്ന വിലയ്ക്ക് , നിങ്ങൾ പറഞ്ഞു ഉറപ്പിക്കുന്ന അത്രയും സാധനം നിങ്ങൾക്ക് ലഭ്യം ആക്കാം എന്നതാണ് ഈ കരാറിന്റെ കാതൽ. അങ്ങിനെ നിങ്ങൾക്ക് മാർക്കറ്റിലെ വിലയുടെ ചാഞ്ചാട്ടം (market volatility) നിങ്ങളുടെ ലാഭ കണക്കു കൂട്ടലിൽ നിന്ന് ഒഴിവാക്കാം. ഇങ്ങിനെ ഒരു കരാർ എഴുതാൻ സമ്മതിക്കുന്നതിനു സാധനം വാങ്ങുന്ന ആൾ, സാധനം വിൽക്കുന്ന ആളിന് ഒരു തുക നൽകും. കരാറിന്റെ വില നമ്മൾ വാങ്ങാൻ ഉദ്ദേശിക്കുന്ന സാധനത്തിന്റെ വിലയുടെ പല മടങ്ങു താഴെ ആയിരിക്കും. അങ്ങിനെ ചെറിയ തുക കൊണ്ട് വലിയ ഒരു തുകയ്ക്കുള്ള സാധനത്തിന്റെ വിലയിലെ ചാഞ്ചാട്ടം വാങ്ങുന്ന ആൾക്ക് ഒഴിവാക്കാം. ഇങ്ങിനെ വിലയിലെ ചാഞ്ചാട്ടം ഒഴിവാക്കുന്നതിന്റെ ഹെഡ്ജിങ് എന്നാണ് പറയുന്നത്.
പക്ഷെ ക്രൂഡ് ഓയിൽ വിൽക്കുന്ന രാജ്യങ്ങളോ, ഗോതമ്പ് വിൽക്കുന്ന കൃഷിക്കാരനോ ഈ കരാർ എഴുതിയാൽ അവർക്ക് എന്താണ് ഗുണം? നിങ്ങളുടെ അതെ പ്രശ്നം അവരും നേരിടുന്നുണ്ട്. ഒരു ഗോതമ്പ് കൃഷിക്കാരൻ സംബന്ധിച്ചിടത്തോളം കാലാവസ്ഥ നല്ലതു ആയിരുന്നാൽ നല്ല വിളവ് കിട്ടും, പക്ഷെ മാർകെറ്റിൽ ഗോതമ്പിന് വില കുറയും, അല്ലെങ്കിൽ കമ്പോളത്തിൽ ഗോതമ്പിന് ആവശ്യക്കാർ കുറഞ്ഞാലും ഇത് തന്നെ സംഭവിക്കും. ചില് സമയത്തെങ്കിലും ആവശ്യത്തിന് വില കിട്ടാതെ തക്കാളി റോഡിൽ കളയുന്ന കൃഷിക്കാരെയും, പാൽ റോഡിൽ ഒഴുക്കി കളയുന്നവരെയും കുറിച്ച് നിങ്ങൾ വാർത്തകളിൽ വായിച്ചിട്ടുണ്ടാവും. അങ്ങിനെ ഉള്ള സന്ദർഭങ്ങളിൽ ഇങ്ങിനെ ഉള്ള കരാറുകൾ അവർക്ക് ഒരു നിശ്ചിത വില തങ്ങളുടെ ഉൽപ്പന്നത്തിന് ഉറപ്പാക്കും. ഒരു വലിയ കാര്യം ആണത്.
ഇങ്ങിനെ ഉള്ള കരാറുകൾ ആണ് ഫോർവേഡ് കോൺട്രാക്ടുകൾ എന്ന് പറയുന്നത്. സാധനത്തിന്റെ മാർക്കറ്റ് വില കൂടിയാൽ സാധനം വാങ്ങുന്നവനും, വില കുറഞ്ഞാൽ വിൽക്കുന്നവരും ലാഭം ഉണ്ടാക്കുന്ന തരാം കോൺട്രാക്ടുകൾ ആണിവ. എപ്പോൾ ആണ് സാധനം ലഭ്യം ആക്കേണ്ടത് എന്ന ഡേറ്റിനെ maturity date എന്നും, എത്ര രൂപയ്ക്ക് ആണ് സാധനം ലഭ്യം ആക്കുന്നത് എന്നതിനെ strike price എന്നും പറയും.
ഫോർവേഡ് കോൺട്രാക്ടിനെ പല പ്രശ്നങ്ങൾ ഉണ്ട്. ഒന്നമതായി നിങ്ങൾ ഗോതമ്പ് വാങ്ങാം എന്ന് കരാർ എഴുതിയ കൃഷിക്കാരന് സമയത്തിന് നിങ്ങൾക്ക് ഗോതമ്പ് നൽകാൻ കഴിയും എന്ന് എന്താണ് ഉറപ്പു? കാലാവസ്ഥ മൂലം കൃഷി മുഴുവൻ നശിച്ചു പോയാലോ (counter party risk)? നിങ്ങൾ അവസാന നേരത്ത് കിടന്ന് ഓടേണ്ടി വരും, നഷ്ടവും സംഭവിക്കും.
മറ്റൊന്ന് പല കമ്പനിക്കാർക്കും പല അളവിൽ ആയിരിക്കും ഗോതമ്പും ക്രൂഡ് ഓയിലും പഞ്ചസാരയും കാപ്പിയും മറ്റും ആവശ്യം വരിക. അങ്ങിനെ വരുമ്പോൾ ഓരോ ആളുകളും ആയും ഉൽപ്പാദകർ വേറെ വേറെ കരാറുകൾ എഴുതേണ്ടി വരും, ഇത് വലിയ പ്രയാസം ഉള്ള കാര്യം ആണ്.
ഇങ്ങിനെ ഉള്ള പ്രശ്നങ്ങൾ പരിഹരിക്കാന് ചെറിയ ഫീസ് വാങ്ങി ഷിക്കാഗോ മെർക്കന്റൈൽ എക്സ്ചേഞ്ച് പോലുള്ള ചില കമ്മോഡിറ്റി എക്സ്ച്ചേഞ്ചുകൾ ഫ്യൂച്ചർസ് എന്നൊരു സംഭവം അവതരിപ്പിച്ചു. അടിസ്ഥാനം മേൽപ്പറഞ്ഞ പോലെ കരാറുകൾ തന്നെ, പക്ഷെ രണ്ടു പ്രധാന വ്യത്യാസങ്ങൾ ഉണ്ട്.
ഒന്നാമതായി കരാറിൽ പറഞ്ഞ വിലയ്ക്ക് പറഞ്ഞ അളവിൽ സാധനം നൽകാൻ കരാർ എഴുതിയ ആൾക്ക് കഴിഞ്ഞില്ലെങ്കിൽ എക്സ്ചേഞ്ച് മറ്റു വഴിക്ക് ആ സാധനം എത്തിക്കും. അതുവഴി കൌണ്ടർ പാർട്ടി റിസ്ക് ഒഴിവായി കിട്ടും.
രണ്ടാമതായി ഒരു ഫ്യൂച്ചർ കോൺട്രാക്ടറും ഒരേ വലിപ്പത്തിൽ ആണ്. ഉദാഹരണത്തിന് ഒരു ഗോൾഡ് ഫ്യൂച്ചർ കോൺട്രാക്ട് 100 ഔൺസ് സ്വർണം വാങ്ങാൻ ഉള്ള കോൺട്രാക്ട് ആണ്. ആയിരം ഔൺസ് വേണ്ടവർ 10 കോൺട്രാക്ടുകൾ വാങ്ങിയാൽ മതിയാവും. ഗോതമ്പിന്റെ ഒരു കോൺട്രാക്ട് അൻപത് ടണ്ണിന്റെ കോൺട്രാക്ട് ആണ്. നൂറു ടൺ ഗോതമ്പ് വേണ്ടവർ രണ്ടു കോൺട്രാക്ട് വാങ്ങണം.
പക്ഷെ ഇതിൽ എക്സ്ചേഞ്ചിന് എന്ത് ലാഭം? എക്സ്ചേഞ്ച് ഈ ഫ്യൂച്ചർ കോൺട്രാക്ടിലെ വിലയിൽ അവരുടെ ഒരു കമ്മീഷൻ ചേർക്കും. അതിൽ നിന്നാണ് ഒരു വിലപ്പനക്കാരൻ ഡിഫോൾട്ട് വരുത്തിയാൽ മറുവശത്തുള്ള ആൾക്ക് സാധനം ലഭ്യം ആക്കാൻ എക്സ്ചേഞ്ച് പണം കണ്ടെത്തുന്നതും, എക്സ്ചേഞ്ചിന്റെ ദൈനം ദിന ആവശ്യങ്ങൾ നടത്തികൊണ്ട് പോകുന്നതും.
ഇത്രയും കാര്യങ്ങൾ ഉൽപ്പാദകനും ആവശ്യക്കാരനും തമ്മിൽ ഉള്ള കരാർ ആണെങ്കിൽ ഇതിന്റെ ഇടയിൽ നിന്ന് ചോര കുടിക്കുന്ന ഒരു കൂട്ടർ ഉണ്ട്. അവർ ആണ് ഫ്യൂച്ചർ ട്രേഡേഴ്സ്.
എന്തെങ്കിലും രാഷ്ട്രീയ കാരണങ്ങളാൽ ഒരു മാസം കഴിയുമ്പോൾ പെട്രോളിന്റെ വില കൂടും എന്ന് നിങ്ങൾ കരുതുന്നു എങ്കിൽ നിങ്ങൾക്ക് അടുത്ത മാസം ഡെലിവർ ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ ഫ്യൂച്ചർ വെറുതെ വാങ്ങി വയ്ക്കാം. കാരണം അടുത്ത മാസം ഇറാനു എതിരെ ഉള്ള ഉപരോധമോ, നൈജീരിയയിലെ ആഭ്യന്തര കലഹമോ മൂലം ക്രൂഡ് ഓയിലിന്റെ മാർക്കറ്റിൽ വില കൂടിയാൽ നിങ്ങളുടെ ഫ്യൂച്ചർ കോൺട്രാക്ടിന്റെ വിലയും കൂടും. നിങ്ങള്ക് പക്ഷെ ഓയിൽ ആവശ്യം ഇല്ല എന്നുള്ളത് കൊണ്ട്, ഡെലിവറി ഡേറ്റിന്റെ തൊട്ടു മുൻപ് ഉയർന്ന വിലയ്ക്ക് ഈ കോൺട്രാക്ട് വിറ്റ് ലാഭം എടുക്കാം. speculators എന്നാണു ഇത്തരക്കാരെ പറയുക. നിർഭാഗ്യ വശാൽ ലോകത്ത് ഫ്യൂച്ചർ മാർക്കെറ്റിൽ 90 ശതമാനത്തിൽ ഏറെ ഇങ്ങിനെ ഉള്ള ആളുകൾ ആണ്.
ഉൽപ്പാദനവും ഉപഭോഗവും തമ്മിലുള്ള ഒരു കൊടുക്കൽ വാങ്ങൽ ആണ് കമ്പോളത്തിലെ ഒരു സാധനത്തിന്റെ വില നിശ്ചയിക്കുന്നത് എന്നാണ് മുതലാളിത്തത്തിന്റെ ഒരു അടിസ്ഥാന തത്വം എന്നാണ് വയ്പ്പ്. പക്ഷെ ക്രൂഡ് ഓയിലിന്റെ കേസിൽ എങ്കിലും ഒപെക് തുടങ്ങിയ എന്ന ചില ഉത്പാദന രാജ്യക്കൂട്ടങ്ങൾ ഫ്യൂച്ചർ വില കൂടി നോക്കിയാണ് വില നിശ്ചയിക്കുന്നത്. അതുകൊണ്ടാണ് ചിലരെങ്കിലും സ്പെക്കുലേറ്റർ ട്രേഡേഴ്സിനെ ഈ രംഗത്ത് നിന്ന് ഒഴിവാക്കണം എന്ന് അഭിപ്രായപ്പെടുന്നത്.
ഇങ്ങിനെ ഉള്ള ഡെറിവേറ്റീവ് മാർക്കറ്റ് ലോകത്ത് വളരെ വലുതാണ്. ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും ജിഡിപി കൂട്ടിയാൽ $ 107 ട്രില്യൺ USD ( in terms of purchasing power parity , PPP) ആണെകിൽ ഡെറിവേറ്റീവ് മാർക്കറ്റ് മൊത്തം $1.2 Quadrillion ഡോളേഴ്‌സ് ആണ്.
ലോകത്ത് രാജ്യങ്ങൾ തമ്മിൽ യഥാർത്ഥത്തിൽ നടക്കുന്ന ശീത യുദ്ധം സാമ്പത്തികം ആണ്, നമ്മൾ അറിയുന്നില്ല അല്ലെങ്കിൽ ശ്രദ്ധിക്കുന്നില്ല എന്ന് മാത്രം.
നോട്ട് : മാർജിൻ കോൾ, മാർക്ക് ടു മാർക്കറ്റ് എന്നിങ്ങനെ കുറെ കാര്യങ്ങൾ ഫ്യൂച്ചർ മാർക്കെറ്റിൽ ഉണ്ട് , കൺഫ്യൂഷൻ ആകാതിരിക്കാൻ ഒഴിവാക്കുന്നു.
ഫ്യുച്ചർ കോൺട്രാക്ട് ആണെങ്കിലും അല്ലെങ്കിലും, കമ്പോള നിലവാരത്തിന് അനുസരിച്ചു ആണെങ്കിലും അല്ലെങ്കിലും, നമ്മുടെ നാട്ടിൽ പെട്രോളിന് വില കൂടുകയേ ഉള്ളു.
LikeLiked by 1 person