“കല്യാണമണ്ഡപത്തിൽ താലികെട്ടാൻ കഴുത്തു നീട്ടികൊടുക്കുന്ന വരെ നീ വരും എന്ന് ഞാൻ പ്രതീക്ഷിച്ചു. സിനിമകളിൽ കാണുന്ന പോലെ, ജാനകി എന്ന് വിളിച്ച് ഓടിവന്ന് എന്നെ വിളിച്ചിറക്കി കൊണ്ടുപോകുമെന്ന്… വിളിച്ചാൽ ഞാൻ നിന്റെ കൂടെ ഓടിവന്നേനെ…”
വർഷങ്ങൾ കഴിഞ്ഞു കണ്ട കാമുകനോട് കാമുകി പറയുന്ന സംഭാഷണം ആണ്. ഇപ്പോൾ പലരും വളരെ അധികം റിവ്യൂ എഴുതിക്കഴിഞ്ഞ 96 എന്ന തമിഴ് സിനിമയിൽ, നായകനായ റാമിനോട്, ജാനകി പറയുന്നത്.
“ഞാൻ വന്നിരുന്നു ജാനകി, നീ നീലനിറമുള്ള പട്ടുസാരി ഉടുത്ത് സുന്ദരിയായി അവിടെ ഇരിക്കുന്നത് ഞാൻ ഒളിച്ചു കണ്ടിരുന്നു. കറുത്ത നിറമുള്ള, പെൺകുട്ടികൾ ആരും നോക്കാത്ത, നീ തന്നെ ഒരിക്കൽ കാണാൻ സമ്മതിക്കാതിരുന്ന ഞാൻ അപകർഷതാ ബോധം കൊണ്ട് താലികെട്ട് കാണാനാകാതെ അവിടെ നിന്നും ഓടിപോയി…”
കൊച്ചി ശിവക്ഷേത്രത്തിന് അടുത്ത ഒരു ഓഡിറ്റോറിയത്തിൽ നടന്ന വിവാഹം ആണ് ഓർമയിൽ ഓടിയെത്തിയത്. ഏറ്റവും പുറകിൽ ആരും കാണാതെ ഞാൻ നിന്നു. രണ്ടു മാസം മുൻപ് വരെ എന്റെ കാമുകിയായിരുന്ന, എനിക്ക് ജോലി കിട്ടിക്കഴിഞ്ഞ ഉടനെ കല്യാണം കഴിക്കാം എന്നെല്ലാം വാക്ക് പറഞ്ഞ നാരായണിയുടെ കല്യാണം ആയിരുന്നു അന്ന്. എന്നെ കാണുമ്പോഴെല്ലാം പഴയ മലയാളം പാട്ടുകൾ അവൾ പാടിത്തന്നു. ഈ സിനിയിലെ നായികയെ പോലെ, സന്ദര്ഭത്തിന് അനുസരിച്ച് പെട്ടെന്ന് പാട്ടുകൾ തിരഞ്ഞെടുക്കാൻ അവൾ മിടുക്കി ആയിരുന്നു.
രണ്ടുമാസത്തിന് മുൻപ് അവൾ എന്നോട് സംസാരിക്കുന്നതും, കത്തയക്കുന്നതും അവസാനിപ്പിച്ചപ്പോഴും, ചെറിയ വഴക്കായിരിക്കും എന്ന കരുതിയ എന്നെ ഞെട്ടിച്ചുകൊണ്ടായിരുന്നു കൂട്ടുകാരിൽ നിന്ന് അവളുടെ കല്യാണക്കാര്യം അറിഞ്ഞത്.
കല്യാണം കഴിഞ്ഞ് എന്റെ കൂട്ടുകാർ കാണാതിരിക്കാൻ ഞാൻ ഓഡിറ്റോറിയത്തിൽ നിന്ന് പുറത്തേക്ക് നടന്നു. കാമുകിയുടെ വിളിക്കാത്ത കല്യാണം ഒളിച്ചു നിന്ന് കണ്ടതിന്റെ സങ്കടം കുറേനാളത്തേക്ക് നെഞ്ചിൽ കൊണ്ട് നടന്നു.
“നിനക്ക് ഒരു തവണ എങ്കിലും എന്നെ കാണാൻ വരാമായിരുന്നില്ലേ റാം ? എത്ര വർഷം ഞാൻ നിന്നെ കാത്തിരുന്നു?” വർഷങ്ങൾ കഴിഞ്ഞ് വിവാഹം കഴിഞ്ഞു ഒരു കുട്ടിയുടെ അമ്മയും ആയ ജാനകി റാമിനോട് പരിഭവം പറഞ്ഞു..
“ഞാൻ വന്നിരുന്നു ജാനകി, നീ പഠിക്കുന്ന കോളേജിൽ, നിന്റെ ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയോട് ഞാൻ പുറത്തു കാത്തു നിൽക്കുന്നു എന്ന് പറഞ്ഞയച്ചത് നീ ഓർക്കുന്നില്ലേ?”
“അയ്യോ അത് നീയായിരുന്നോ ? എന്റെ കൂട്ടുകാരി നിന്റെ പേര് മറന്നു പോയത് കൊണ്ട്, ഒരു ആൺകുട്ടി കാണാൻ വന്നിരുന്നു എന്ന് മാത്രം ആണ് പറഞ്ഞത്, ഞാൻ ഏതോ പൂവാലൻ ആണെന്ന് കരുതി വക്കാലത്ത് കൊണ്ടുവന്നതിന് അവളോട് വഴക്കിട്ടു”
ഈ ചിത്രത്തിലെ നായികയെ പോലെ ഞാനും പ്രണയിച്ചവൾ ഒന്നും പറയാതെ എന്നെ എന്തിന് വിട്ടിട്ടു പോയി എന്നറിയാതെ അന്തം വിട്ടിട്ടുണ്ട്, കുറെ വർഷങ്ങൾ കഴിഞ്ഞ് , ഒരിക്കൽ ഉമ്മ രഹസ്യമായി സൂക്ഷിച്ചു വച്ചിരുന്ന ഒരു കത്ത് കണ്ടെത്തും വരെ.
“ബഷീർ, എന്റെ കല്യാണം ഉറപ്പിച്ചു, എനിക്ക് നിന്നെ ഒന്ന് കാണണം, ഒരു കാര്യം പറയാൻ ഉണ്ട്, അത് കേൾക്കുമ്പോൾ ഞാൻ എന്ത്കൊണ്ട് ഇങ്ങിനെ ചെയ്യുന്നു എന്ന് നിനക്ക് മനസിലാകും, എന്ന് സ്വന്തം നാരായണി”
ഞങ്ങൾ സാധാരണ അയക്കുന്ന പോലെ ഒരു പതിനഞ്ച് പൈസയുടെ പോസ്റ്റുകാർഡിൽ, അവളുടെ വരികൾ. ഞാൻ കാണാതെ ഉമ്മ ഒളിപ്പിച്ചു വച്ച ഒരു കത്ത്. എന്തായിരിക്കും അവൾക്ക് എന്നോട് പറയുവാൻ ഉണ്ടായിരുന്നത് എന്ന് ഞാൻ അത്ഭുതപെട്ടു , തലേ ആഴ്ച വരെ എല്ലാം എന്നോട് പറഞ്ഞിരുന്ന അവൾക്ക് ഇങ്ങിനെ കത്തയച്ചു വിളിച്ചു വരുത്തി പറയാൻ ഉള്ളത് എന്തായിരുന്നിരിക്കും? ഒരു പക്ഷെ അച്ഛനോ അമ്മയോ ആത്മഹത്യാ ഭീഷണി മുഴക്കി അവളെ കല്യാണത്തിന് സമ്മതിപ്പിച്ചു എന്ന് പറയാൻ ആയിരിക്കും.
ഇരുപത് വർഷങ്ങൾക്ക് ശേഷം ആണ് കൊച്ചി അഞ്ചുമന അമ്പലത്തിന് അടുത്ത് ഓറിയോൺ മാളിൽ ഞാൻ അവളെ പിന്നീട് കാണുന്നത്. രണ്ടു കുട്ടികളുടെ അമ്മയായി, ഉറക്കം നിന്ന് കറുപ്പ് വീണ കണ്ണുകളും ആയി, പെട്ടെന്ന് വയസായിപോയ ഒരു സ്ത്രീ. പെട്ടെന്ന് അവളുടെ അമ്മയാണോ എന്റെ മുന്നിൽ നിൽക്കുന്നത് എന്ന് ഞാൻ അമ്പരന്നു.
ആ കണ്ടുമുട്ടലിന്റെ അത്ഭുതം മാറിക്കഴിഞ്ഞു ഞങ്ങൾ സംസാരിച്ചു. ചേച്ചിയുടെ ഭർത്താവ് വീട്ടിൽ ജോലി ആവശ്യത്തിന് വേണ്ടി നിന്നതും, വീട്ടിൽ ആരും ഇല്ലാതിരുന്ന സമയം ഇവളെ കീഴ്പെടുത്തിയതും, ഇതറിഞ്ഞ അച്ഛൻ നെഞ്ച് പൊട്ടി മരിച്ചതും, അമ്മയുടെ നിർബന്ധത്തിൽ വേറെ കല്യാണത്തിന് സമ്മതിച്ചതും എല്ലാം… ആ കത്തിൽ എന്നെ കാണുമ്പോൾ പറയാൻ വേണ്ടി വച്ച കാര്യങ്ങൾ..
എന്തിനാണ് ആ കത്ത് ഒളിപ്പിച്ചു വച്ചത് എന്ന് ഞാനാ ഉമ്മയോട് ചോദിച്ചില്ല, കാരണം അപ്പോഴേക്കും കാലം കുറെ ഏറെ ഒഴുകിപോയിരുന്നു. എന്നെ തലകുത്തി നിന്ന് പ്രേമിക്കുന്ന ഒരു പെൺകുട്ടിയെ ഞാൻ ജീവിതസഖി ആക്കിയിരുന്നു, ജീവിതം അമേരിക്കയിലേക്ക് പറിച്ചു നട്ടിരുന്നു.
“നീ എവിടെയാണ് റാം ?” നായികാ ചോദിക്കുന്നു
“നിന്നെ എവിടെ വിട്ടുപോയോ അവിടെത്തന്നെ നിൽക്കുന്നു ജാനകി..” നായകൻ മറുപടി കൊടുക്കുന്നു. വിട്ടുപോയ ആ നിമിഷത്തിൽ നിന്നും ഒരിട മാറാതെ നായകൻ, അവിടെ നിന്ന് വീണ്ടും പ്രണയം യാത്ര തുടങ്ങുന്നു സിനിമയിൽ..
പക്ഷെ ഈ ചിത്രത്തിലെ, പൂർത്തീകരിക്കാൻ ആകാതെ പോയ പ്രണയത്തിന്റെ ചൂടിൽ ഉരുകുന്ന നായികാനായകന്മാരിൽ നിന്നും തീർത്തും വ്യത്യസ്‍തകം ആയിരുന്നു നാരായണിയെ കണ്ടു കഴിഞ്ഞ എന്റെ അനുഭവം.
രണ്ടു മൂന്നു തവണ സംസാരിച്ചു കഴിഞ്ഞപ്പോഴേക്കും, കാലം അവളെ വല്ലാതെ മാറ്റിക്കഴിഞ്ഞു എന്ന് എനിക്ക് മനസിലായി. പൂജയും, അമ്പലവും, ഹോമിയോപ്പതിയും സർക്കാർ ജോലിയും എല്ലാം ആയി, എന്നിൽ നിന്നും വളരെ വ്യത്യസ്തമായ ജീവിത വീക്ഷണങ്ങൾ ഉള്ള ഒരാളായി അവൾ മാറിക്കഴിഞ്ഞിരുന്നു. എന്റെ മനസിലെ പഴയ കാമുകി വേറെ ആരോ ആയിരുന്നു എന്ന് ഞാൻ എന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ അവളുടെ പാട്ടുകൾക്ക് മാത്രം ഒരു മാറ്റവും ഉണ്ടായില്ല.
ഒരു പക്ഷെ പൂർത്തീകരിക്കാൻ ആകാതെ പോയത് കൊണ്ടാവാം പല നടക്കാതെ പോയ പ്രണയങ്ങളും ഇപ്പോഴും മനസിൽ മധുരം പൊഴിക്കുന്നത്. അത് അങ്ങിനെ തന്നെ നിൽക്കട്ടെ…
Leave a Reply