#metoo
“എന്റെ മോളെവിടെ?” വാതിൽക്കൽ നിന്ന മധ്യവയസ്കൻ ഞങ്ങളോട് ചോദിച്ചു.
ഉറക്കച്ചടവോടെ എഴുന്നേറ്റു വന്ന് വാതിൽ തുറന്ന ഞങ്ങൾക്ക് ആദ്യം ഒന്നും മനസിലായില്ല..
1997-ൽ കോളേജിൽ നിന്ന് ക്യാമ്പസ് ഇന്റർവ്യൂ വഴി സാപ് ലാബ്സിൽ ജോലി കിട്ടി, ബാംഗ്ലൂരിൽ ആർ ടി നഗറിൽ ഒരു വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഞാൻ. കൂടെ ശരത്, ഫിലിപ് , ശ്യാം എന്നീ കൂട്ടുകാരും.
ബാംഗ്ലൂരിലെ സുന്ദരിമാരെ നോക്കി വെള്ളമിറക്കാറുണ്ടെങ്കിലും നേരെ പോയി മുട്ടാനുള്ള ധൈര്യം ഇല്ലാതിരുന്നത് കൊണ്ട്, ബാംഗ്ലൂരിൽ പഠിക്കുന്ന മലയാളി പെൺകുട്ടികളെ വളക്കാൻ പറ്റുമോ എന്നതായിരുന്നു ഞങ്ങളുടെ അടുത്ത നോട്ടം. അതിനു വേണ്ടി ഞായറാഴ്ച്ചകളിൽ മലയാളി പെൺകുട്ടികൾ പഠിക്കുന്ന ലേഡീസ് കോളേജിന് അടുത്തുള്ള ക്രിസ്ത്യൻ പള്ളികളി വരെ ഞങ്ങൾ എല്ലാവരും കൂടി പോകുമായിരുന്നു. കൂട്ടത്തിൽ ശ്യാമിന് മാത്രമാണ് അന്നൊരു പ്രണയിനി ഉണ്ടായിരുന്നത്.
ഒരിക്കൽ ശ്യാം നാട്ടിൽ പോയി ട്രെയിനിൽ ബാംഗ്ലൂരിലേക്ക് തിരിച്ചു വരുമ്പോൾ എതിരെ ഉള്ള ബെർത്തിൽ ഉണ്ടായിരുന്ന കുട്ടിയായിരുന്നു സൂസൻ. മധ്യ തിരുവിതാംകൂറിൽ നിന്ന് ബാംഗ്ലൂരിൽ ഹോസ്റ്റലിൽ നിന്ന് പഠിച്ചിരുന്ന അനേകം പെൺകുട്ടികളിൽ ഒരാൾ.
ആ യാത്രയിൽ ബെർത്തിൽ ഉറങ്ങി കിടക്കുമ്പോൾ അവളുടെ വസ്ത്രം അല്പം മാറികിടക്കുന്നത് കണ്ടിട്ട്, അവളെ ഉറക്കത്തിൽ നിന്ന് വിളിച്ചുയർത്തി വസ്ത്രം നേരെ ഇടാൻ പറഞ്ഞാണ് ശ്യാം അവളെ ഇമ്പ്രെസ്സ് ചെയ്തത്. നാട്ടിൽ നിന്ന് ബാംഗ്ലൂരിലേക്കുള്ള ട്രെയിൻ യാത്രകളിലെ സ്ഥിരം വായിനോക്കികളുടെ കൂട്ടത്തിൽ ഒരു നല്ല പയ്യനെ കണ്ട അവൾ അവനും ആയി പ്രേമത്തിൽ വീഴാൻ അധികം സമയം വേണ്ടി വന്നില്ല.
പിന്നെ പല ട്രെയിൻ യാത്രകളിലും അവർ ഒരുമിച്ച് പോയി. ഇല്ല ദിവസവും കാണുകയും സംസാരിക്കുകയും ചെയ്തു. ഞങ്ങൾ വാടകവീടെടുത്ത് മാറിയപ്പോൾ, അവൾ സ്ഥിരം സന്ദർശകയായി. ഒരു മുറി അവർക്ക് രണ്ടുപേര്ക്കും കൂടി ഞങ്ങൾ മാറ്റിവച്ചു. കുറച്ച് കഴിഞ്ഞപ്പോൾ കോണ്ടങ്ങളുടെ ഒഴിഞ്ഞ പാക്കെറ്റുകൾ കണ്ടു ഞങ്ങൾക്ക് അവനോട് മുടിഞ്ഞ അസൂയയും തോന്നി.
പക്ഷെ ഒരിക്കൽ നാട്ടിൽ പോയി തിരികെ വന്ന സൂസൻ ഹോസ്റ്റലിൽ പോകാതെ ശ്യാമിന്റെ കൂടെ നേരിട്ട് ഞങ്ങളുടെ വീട്ടിലേക്ക് വന്നു. അവർ ഒരുമിച്ച് സ്ഥിരം വരുന്നത് കൊണ്ട് ഞങ്ങൾക്ക് അസ്വാഭാവികം ആയി ഒന്നും തോന്നിയില്ല, അവൾ ഹോസ്റ്റലിൽ പോയിരുന്നില്ല എന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു.
വേണ്ടപ്പെട്ട ആരോ മരിച്ച വിവരം പറഞ്ഞറിയിക്കാൻ അവളുടെ വീട്ടിൽ നിന്ന് ഹോസ്റ്റലിലേക്ക് വിളി വന്നു. മകൾ ഹോസ്റ്റലിലേക്ക് എത്തിയിട്ടില്ല എന്നറിഞ്ഞ അവളുടെ അച്ഛൻ ഉടനെ ഒരു കാറെടുത്ത ബാംഗ്ലൂരിലേക്ക് വന്നു. ഹോസ്റ്റലിലെ ചില കൂട്ടുകാരുടെ സൂചന അനുസരിച്ചു വന്ന പാടെ ഞങ്ങളുടെ വീട്ടിലേക്ക് വന്നു കതകിൽ മുട്ടി.
“എന്റെ മോളെവിടെ? …”
അപ്പോഴേക്കും പുറത്തേക്ക് വന്ന സൂസൻ അവളുടെ പപ്പയെ കണ്ട് ഞെട്ടി. അവളെ അയാൾ ഇപ്പോൾ അടിക്കും എന്ന് പ്രതീക്ഷിച്ചു നിന്ന ഞങ്ങളെ അമ്പരപ്പിച്ച് കൊണ്ട് അയാൾ നെഞ്ച് പൊട്ടി കരഞ്ഞു. ഒരു പക്ഷെ മകൾക്ക് ആപത്തൊന്നും പറ്റാതെ സുരക്ഷിതം ആയി ഇരിക്കുന്ന എന്നറിഞ്ഞതിന്റെ ആശ്വാസം ആവണം ആ പാവത്തിന് തോന്നിയത്.
നിങ്ങൾക്കൊക്കെ കുട്ടികൾ ആകുമ്പോൾ മനസിലാവുമെടാ എന്ന് ഞങ്ങളെ നോക്കി പതം പറഞ്ഞു. അന്ന് പക്ഷെ അതൊന്നും മനസിലാക്കാൻ ഉള്ള പക്വത ഒന്നും ഉള്ളവർ ആയിരുന്നില്ല ഞങ്ങൾ.
നാട്ടിലേക്ക് പപ്പയുടെ കൂടെ തിരിച്ചു പോയ സൂസൻ പക്ഷെ സ്ട്രോങ്ങ് ആയി തന്നെ നിന്നു. ശ്യാമിനെ മാത്രമേ കല്യാണം കഴിക്കൂ എന്നവൾ വാശി പിടിച്ചു. അവസാനം കോഴ്സ് കഴിഞ്ഞു വിവാഹം എന്ന് അവളുടെ വീട്ടുകാർ അവൾക്ക് വാക്ക് കൊടുത്തു. അവന്റെ വീട്ടിൽ അവൻ കാര്യം അറിയിക്കുന്നതിന് മുൻപ് ഞാൻ സ്വീഡനിലേക്ക് ഒരു പ്രോജക്ടിന് വേണ്ടി പോയി.
മൊബൈൽ ഫോൺ ഒന്നും അധികം പ്രചാരം ഇല്ലാതിരുന്ന അക്കാലത്തു സൗഹൃദം നിലനിർത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യം ആയിരുന്നു. പ്രത്യേകിച്ചും ഇപ്പോഴും മാറിക്കൊണ്ടിരിക്കുന്ന വാടക വീട്ടിലൊക്കെ താമസിക്കുന്ന ആളുകളും ആയി. അതുകൊണ്ടും എന്റെ ഭയങ്കര മടി കൊണ്ടും, ഈ കൂട്ടുകാരെ ഞാൻ അധികം ബന്ധപെടുകയുണ്ടായില്ല.
രണ്ടു വർഷങ്ങൾക്ക് ശേഷം ബാംഗ്ലൂർ മജെസ്റ്റിക് ബസ് സ്റ്റാൻഡിനു എതിരെ ഉള്ള മെയിൻ റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറിൽ ടിക്കറ്റ് കൊടുക്കാൻ ഇരിക്കുന്ന നിലയിൽ സൂസനെ ഞാൻ കാണുന്നത്. സാരി എല്ലാം ഉടുത്ത് ഒരു മുതിർന്ന സ്ത്രീയെ പോലെ ഇരുന്നു. എന്നെ കണ്ടതും ചിരിക്കാൻ ഒരു വിഫല ശ്രമം നടത്തി. അടുത്ത് നിന്ന വേറൊരു പെൺകുട്ടിയെ കൗണ്ടറിൽ നിറുത്തിയിട്ട് അവൾ പുറത്തേക്ക് വന്നു.
“ശ്യാം എന്ത് പറയുന്നു? കുറെ നാളായി അവനെ കണ്ടിട്ട്…” ഈ ചോദ്യം ആണ് എന്റെ വായിൽ ആദ്യം വന്നത്. അവർ വിവാഹം കഴിച്ചു കാണും എന്ന് എനിക്ക് അത്ര ഉറപ്പായിരുന്നു.
“അറിയില്ല നസീർ. ഞാൻ വേറെ കല്യാണം കഴിച്ചു, ഒരു കുട്ടിയുണ്ട്. ഈ അടുത്താണ് ഈ ജോലി കിട്ടിയത്. ശ്യാമിനെ കണ്ടിട്ട് ഒന്നര വർഷത്തിൽ കൂടുതലായി, വേറെ ഒന്നും ചോദിക്കരുത്….”
ഇപ്പോൾ ഷോക്ക് ആയതു ഞാനാണ്. അവളുടെ കണ്ണുകൾ നിറഞ്ഞത് മറക്കാൻ അവൾ വേറെ എങ്ങോട്ടോ നോട്ടം മാറ്റി. ഡ്യൂട്ടിക്ക് അധികം നേരം വേറെ ആളെ നിർത്താൻ പറ്റില്ല എന്ന് പറഞ്ഞു അവൾ തിരിച്ചു പോവുകയും ചെയ്തു. ഹൃദയം നുറുങ്ങുന്ന വേദന അവളിൽ എനിക്ക് കാണാൻ കഴിഞ്ഞു.
ഞാൻ അറിയാവുന്ന വഴിയെല്ലാം അന്വേഷിച്ചു ശ്യാമിന്റെ നമ്പർ കണ്ടുപിടിച്ചു. അവൻ തിരുവനന്തപുരം ടെക്നോപാർക്കിൽ ജോലി ചെയ്യുകയായിരുന്നു അപ്പോഴേക്കും. ഒരിക്കൽ തിരുവനന്തപുരത്ത് വച്ച് ഞാൻ അവനെ ഓഫീസിൽ പോയി കണ്ടു.
“നീ ചോദിക്കാൻ പോകുന്ന കാര്യം എനിക്കറിയാം. അവളുടെ വെട്ടുകാർക്കെല്ലാം സമ്മതം ആയിരുന്നു, പക്ഷെ എന്റെ അമ്മ സമ്മതിച്ചില്ലെടാ… ഒരു നായർ പെൺകുട്ടിയെ അല്ലാതെ ഒരുത്തിയെ കെട്ടിയാൽ തൂങ്ങി മരിക്കും എന്ന് ‘അമ്മ വാശിപിടിച്ചു, ഞാൻ എന്ത് ചെയ്യാനാണ്… ”
ശ്യാം നായരാണെന്ന് ഞാൻ അന്നാണറിയുന്നത്. ഒരിക്കലും ജാതിയോ മതമോ ഞങ്ങളുടെ സുഹൃദബന്ധത്തിൽ ചർച്ചയിൽ വന്നതേ ഉണ്ടായിരുന്നില്ല.
“നിനക്ക് എങ്ങിനെ എങ്കിലും പറഞ്ഞു അമ്മയുടെ മനസ് മാറ്റാൻ പാടില്ലായിരുന്നോ ” ഞാൻ ചോദിച്ചു.
“എടാ എന്റെ വലിയ പേരുകേട്ട ഒരു നായർ കുടുംബം ആണ്. അമ്മയും ബന്ധുക്കളും എല്ലാം വലിയ അഭിമാനികൾ ആണ്. ക്രിസ്ത്യൻ പോയിട്ട് നായരോ നമ്പൂതിരിയെ അല്ലാത്ത ഒരു പെൺകുട്ടിയെ കെട്ടിയാൽ പോലും ഇത് തന്നെ നടക്കും. അമ്മയുടെ വാശി അവസാനം ജയിച്ചു. ഞാൻ ഒരു നായർ കുട്ടിയെ തന്നെ കെട്ടി…”
ഇപ്പൾ ഞെട്ടിയത് ഞാനാണ്. കേരളത്തിൽ ജാതി ഇല്ലെന്ന് ആരാണ് പറഞ്ഞത്.
” ഞാൻ സൂസനെ കണ്ടിരുന്നു. പക്ഷെ ഒരു കാര്യം എനിക്കറിയണം, നീ ഇപ്പോൾ ഹാപ്പിയാണോ? “
“അവളുടെ കാര്യം ഞാൻ അറിയുന്നുണ്ട്, ചില കൂട്ടുകാർ വഴി. ജാതി ഇടയിൽ വന്നു കഴിഞ്ഞാൽ പിന്നെ വ്യക്തികളുടെ സന്തോഷത്തിൽ വലിയ കാര്യമില്ല നസീർ. ഞാൻ ഹാപ്പി ആണ്, കുടുംബം തിരഞ്ഞെടുത്ത പെണ്ണ്, പേര് കേട്ട കുടുംബം, ഒരു മകൾ, സന്തോഷം. ഈ പ്രേമം ഒക്കെ ഓരോ സമയത് തോന്നുന്നതാടാ, അതിലൊന്നും വലിയ കാര്യമില്ല. നമുക്ക് ഓരോ ആവശ്യം വരുമ്പോൾ നമ്മുടെ കുടുംബവും സമുദായവും ഒക്കെ മാത്രമേ ഉണ്ടാവൂ. അവളും ഇപ്പോൾ ഹാപ്പി ആയിരിക്കും… ” ഒരു വഷളൻ ചിരിയോടെ അവൻ പറഞ്ഞു.
എനിക്ക് അവന്റെ മോന്തക്ക് ഒന്ന് കൊടുക്കാൻ തോന്നി, തെണ്ടി.
മി ടൂ വ്യക്തികൾ വ്യക്തികളോടു മാത്രമല്ല ചെയ്യുന്നത്, ജാതിയും, സമൂഹവും , സമ്പത്തും എല്ലാം ചിലരോട് ചെയ്യുന്നുണ്ട്.
അല്ലെങ്കിലും പ്രണയത്തിനൊക്കെ എന്ത് വില….
അനന്തപുരിയിൽ എഞ്ചിനീറിങ്ങു് പഠിച്ചിരുന്ന ജ്യേഷ്ഠന്റെ മകൾക്കു ഒരു പരാതി “കോട്ടയത്തേക്കുള്ള ട്രെയിൻ യാത്രയിൽ അതി ഭയങ്കര ‘വായ് നോട്ടം.'” പ്രശ്നപരിഹാരമായി ഞാൻ ഉപദേശിച്ചു “കൈയ്യിൽ ഒരു ഇംഗ്ലീഷ് പുസ്തകം കരുതുക, ട്രെയിനിൽ കയറി ഇരുന്ന ശേഷം തുറന്നു വായിക്കുക, സമയം മാറിക്കിട്ടും, ഇംഗ്ലീഷും നന്നാവും. ഒരു മലയാളി പൂവാലനും വായ് നോക്കുകയില്ല. അഥവാ ആരെങ്കിലും അടുത്ത് കൂടിയാൽ അവൻ ‘കൊള്ളാവുന്നവൻ’ ആയിരിക്കും.”
ഉടനെ അവളുടെ മറു ചോദ്യം “എങ്ങനെ അത് നടക്കും.”
“ഇന്നത്തെ മലയാളി പൂവാലന്മാരിൽ അധികരിക്കും ഇംഗ്ലീഷിൽ സംസാരിക്കുവാനുള്ള കഴിവില്ല, അവർ വിചാരിക്കും നീ ഏതോ വലിയ ഉദ്യോഗസ്ഥന്റെ മകളോ അല്ലെങ്കിൽ കേരളത്തിന് പുറത്തുനിന്നും ഉള്ളവന്റെ ആണെന്ന്. നീ എന്തെങ്കിലു ഇംഗ്ലീഷിൽ ചോദിച്ചാൽ അവന്മാർ നിന്ന് പരുങ്ങും” എന്നായി ഞാൻ.
LikeLiked by 1 person