ഞാനൊക്കെ ഒരു ബോക്സിനകത്താണ് ജീവിക്കുന്നതെന്ന് മനസിലായത് അമേരിക്കയിൽ വലതുപക്ഷ സംവാദകനായ ചാർളി കെർക്ക് (Charlie Kirk) വെടിവെച്ചു കൊല്ലപ്പെട്ടപ്പോഴാണ്. പേര് കേട്ടിട്ടുണ്ടെങ്കിലും, വലതുപക്ഷത്തെ ആളുകളെ കേൾക്കുന്ന പതിവില്ലാത്തത് കൊണ്ട് ഇയാൾ പറഞ്ഞിരുന്ന മൊഴിമുത്തുകൾ അറിയുന്നത് ഇങ്ങേരുടെ മരണശേഷം അഭിപ്രായസ്വാതന്ത്ര്യം എന്തുവരെയാകാം എന്നുള്ള ചർച്ചയുടെ ഇടയിലാണ്. ചില മുത്തുകൾ താഴെ കൊടുക്കുന്നു.
1. ഞാൻ വിമാനത്തിൽ കയറുമ്പോൾ ഒരു കറുത്ത വർഗക്കാരനായ ആളാണ് പൈലറ്റ് എങ്കിൽ, അയാൾക്ക് ഇത് പറത്താനുള്ള കഴിവുണ്ടോ എന്ന് ഞാൻ അത്ഭുതപ്പെടും. (If I see a Black pilot, I’m going to be like, ‘Boy, I hope he’s qualified. )
2. ഫെമിനിസം തള്ളിക്കളയുക. നിങ്ങൾ നിങ്ങളുടെ ഭർത്താക്കന്മാർക്ക് അടിമപ്പെടുക. (Reject feminism. Submit to your husband, Taylor. You’re not in charge )
3. പത്ത് വയസുള്ള ഒരു കുട്ടി ബലാത്സംഗം കാരണം ഗർഭിണി ആയാൽ പോലും ബൈബിളിൽ പറയുന്നത് പോലെ ഞാൻ ജീവനുവേണ്ടി നിലകൊള്ളും. അബോർഷൻ നടത്താതെ ആ കുട്ടി പ്രസവിക്കണം. (The answer is yes, the baby would be delivered. Responding to a question about whether he would support his 10-year-old daughter aborting a pregnancy conceived because of rape on the debate show Surrounded )
4. കറുത്ത വർഗക്കാരെ നിറത്തിന്റെ പേരിൽ വോട്ട് ചെയ്യുന്നതിൽ നിന്നും ജോലിയിൽ നിന്നുമൊക്കെ അനുഭവിച്ചിരുന്ന വിവേചനം നിർത്തലാക്കിയ 1964 ലെ പൗരാവകാശ നിയമം വലിയൊരു തെറ്റായിരുന്നു.
5. “അമേരിക്കയിലെ പൗരന്മാർക്ക് തോക്കുപോലുള്ള ആയുധങ്ങൾ കൈവശം വയ്ക്കാൻ അനുവാദം നൽകുന്ന രണ്ടാം ഭേദഗതി നിലനിർത്താൻ, ചില വെടിവയ്പുകൾ ആവശ്യമായിവരും.” (സ്കൂൾ കുട്ടികൾ ഉൾപ്പെടെ ഇക്കൊല്ലം മാത്രം പതിനൊന്നായിരം ആളുകൾ അമേരിക്കയിൽ കൊല്ലപ്പെട്ടിട്ടുണ്ട്. )
6. സ്വവർഗ അനുരാഗികളെ ബൈബിളിൽ പറഞ്ഞിരിക്കുന്നത് പോലെ കല്ലെറിഞ്ഞു കൊല്ലുന്നത് ആണ് ഏറ്റവും ശരിയായ നിയമം. (stoning gay people was the ‘perfect law’)
7 . ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യയ്ക്ക് ഉത്തരവാദികൾ ഹമാസ് മാത്രമാണ്. ഇസ്രായേലിന് അതിലൊരു പങ്കുമില്ല.
ഇങ്ങിനെയൊക്കെ പറയാൻ ആളുകൾക്ക് സ്വാതന്ത്ര്യം ഉണ്ടെങ്കിലും, അങ്ങിനെ പറയുന്ന ആളെ ആരും പിന്തുണക്കില്ല എന്നായിരിക്കും നമ്മൾ കരുതുക. വെള്ളക്കാരായ ക്രിസ്ത്യാനികളുടെ, ബൈബിളിനെ അടിസ്ഥാനം ആക്കിയുള്ള ജീവിത വീക്ഷണമാണ് ചാർളി കെർക്ക് പിന്തുടർന്നിരുന്നത്. എന്നാൽ അമേരിക്കയിലെ അനേകം മലയാളികൾ , പ്രത്യേകിച്ച് ക്രിസംഘികൾ, ചാർളി കൊല്ലപ്പെട്ടപ്പോൾ അയാളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ പിന്തുണച്ച് കൊണ്ട് പോസ്റ്റുകളും കമന്റുകളും കണ്ടപ്പോഴാണ് ഞാനൊക്കെ വേറെ ഏതോ ലോകത്താണ് ജീവിക്കുന്നത് എന്നെനിക്ക് മനസിലായത്. ഒരാളും വെടിവെച്ചു കൊല്ലപ്പെടേണ്ടതല്ല. പക്ഷെ കൊലപാതകത്തെ അപലപിക്കുന്നത് പോലെയല്ല മേല്പറഞ്ഞ അഭിപ്രായങ്ങൾ പിന്തുണക്കുന്നത്. കേരളത്തിലെ വലതുപക്ഷ ക്രിസ്ത്യൻ ചാനലിൽ ചാർളിയെ അനുകൂലിച്ച് കൊണ്ട് ഒരു പരിപാടി കണ്ടു ഞാൻ ഞെട്ടിയിട്ടുണ്ട്.
ഒരുപക്ഷെ ഇത്തരം അഭിപ്രായങ്ങൾ നിരോധിക്കുകയാണ് നല്ലതെന്ന് ചിലർക്കെങ്കിലും തോന്നാം. അഭിപ്രായ സ്വാതന്ത്ര്യത്തിന് പരിധി നിശ്ചയിക്കുമ്പോൾ ആ പരിധി ദുരുപയോഗപ്പെടുത്താൻ സാധ്യതയുണ്ട്. കൂടുതൽ വിഷമകരമായ ഒരു മാർഗ്ഗത്തിലൂടെയാണ് നമുക്കിതിനെ നേരിടേണ്ടത്, അത് കഴിയാവുന്ന എല്ലാ വിധ മാര്ഗങ്ങളും ഉപയോഗിച്ച് ആളുകളെ ബോധവത്കരിക്കുകയാണ്. വെറുപ്പ് പടർത്താൻ വളരെ എളുപ്പമാണെങ്കിലും, സ്നേഹം പടർത്തുന്നത്, അത്രക്ക് എളുപ്പമുള്ള കാര്യമല്ല. മുസ്ലിം ആണെന്ന് സംശയിക്കുന്ന ആളുകളെയെല്ലാം എയർപോർട്ടുകളിൽ അധിക പരിശോധനയ്ക്ക് വിധേയമാക്കണം എന്ന് അഭിപ്രായമുള്ള നവ നിരീശ്വരവാദിയായ സാം ഹാരിസിന്റെ അഭിപ്രായത്തെ പിന്തുണക്കുന്ന മലയാളികളെ ഞാൻ കണ്ടിട്ടുണ്ട്. ഡാറ്റയുടെ അടിസ്ഥാനത്തിൽ ഈ നിരീക്ഷണം തെറ്റാണെന്നും, അമേരിക്കയിലെ ഭൂരിപക്ഷം ഭീകരർ മുസ്ലിങ്ങൾ ആയിരുന്നില്ല എന്നും Bruce Schneier തെളിയിച്ച് വർഷങ്ങൾ കഴിഞ്ഞിട്ട് പോലും, എയർപോർട്ടുകളിൽ അങ്ങിനെയുള്ള പരിശോധനകൾക്ക് വിധേയനായികൊണ്ടിരുന്ന ഒരാളാണ് ഞാൻ. അതിന്റെ ട്രോമ ഇപ്പോഴുമുണ്ട്. ഇവിടെയുള്ള സ്കൂളുകളിൽ ഒക്കെ നടക്കുന്ന കൂട്ട വെടിവെപ്പുകളും കൂട്ടക്കൊലകളും നടത്തുന്നവരിൽ ഭൂരിപക്ഷവും അമേരിക്കൻ ക്രിസ്ത്യാനികളായ വെള്ളക്കാരാണ്. ഇതേ ലോജിക് ഉപയോഗിച്ച് ക്രിസ്ത്യാനികളെ പ്രൊഫൈൽ ചെയ്യണമെന്ന് ആരും ആവശ്യപ്പെടില്ല എന്നതാണ് കൗതുകകരമായ കാര്യം.
നിരന്തരമായ പഠനവും ബോധവത്കരണവും മാത്രമാണ് ഇത്തരം ആളുകളുടെ ആശയങ്ങളിൽ നിന്ന് രക്ഷനേടാനും, മറ്റുള്ളവരെ രക്ഷപ്പെടുത്താനും ഒരേ ഒരു വഴി. സൂക്ഷില്ലെങ്കിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവിൽ, വളരെ കൂൾ ആയി ഇരുന്ന് മുസ്ലിം വിരോധവും ദളിത് വിരുദ്ധതയും പറയുന്ന ചാർളി കിർക്കുമാർ കേരളത്തിലുമുണ്ടാകും, ഒരുപക്ഷെ ഇപ്പോൾ തന്നെ ഉണ്ട്.
Leave a comment