എന്തുകൊണ്ടാണ് നമ്മളെ പോലെ സാധാരണ മനുഷ്യരിൽ ചിലരെ മാത്രം നമ്മൾ ആൾ ദൈവമായി കൊണ്ടാടുന്നത്? എന്ത് പ്രത്യേകതയാണ് അവർക്കുള്ളത്?
മനഃശാസ്ത്രം, സാമൂഹികശാസ്ത്രം, മതം തുടങ്ങി അനേകം കാര്യങ്ങൾ കൂടികുഴഞ്ഞ ഒന്നാണ് ഇതിന്റെ ഉത്തരം. നമ്മൾ സാധാരണ ആൾ ദൈവങ്ങൾ എന്ന് വിളിക്കുന്നത് മാതാ അമൃതാനന്ദമയി, സത്യസായി ഭാഭാ തുടങ്ങിയ ആളുകളെ ആണെങ്കിൽ മോദിയെ പോലെ പടിപടിയായി തങ്ങളുടെ വ്യക്തിപ്രഭാവം മനപ്പൂർവം ഉയർത്തിക്കൊണ്ടുവന്ന ചില രാഷ്ട്രീയനേതാക്കളും താഴെപറയുന്ന സ്വഭാവസവിശേഷതകൾ ഉള്ളവരാണ്.
1. മനുഷ്യന്റെ ഏറ്റവും വലിയ ഭയം അനിശ്ചിതതാവസ്ഥയെ കുറിച്ചുള്ളതാണ്. ജീവിതം മരണം , തുടങ്ങി തങ്ങൾക്ക് മനസിലാകാത്ത എല്ലാറ്റിനെ കുറിച്ചും ഒരുത്തരമുണ്ടായിരുന്നെങ്കിൽ എന്ന് ആശിക്കുന്ന മനസാണ് പൊതുവെ മനുഷ്യർക്കുളത്. ആൾദൈവങ്ങൾക്ക് സാധാരനായ എല്ലാത്തിനും ഒരു ഉത്തരം ഉണ്ടാകും. അത് ശരിയാണോ അല്ലയോ എന്ന് ആലോചിച്ച് നോക്കാനുള്ള തലച്ചോറിന്റെ ശേഷി ഉപയോഗിക്കുന്നവരല്ല ഭൂരിപക്ഷവും, മറിച്ച് തങ്ങളേക്കാൾ ഏതോ ദിവ്യശക്തിയുള്ള ആളുകൾ പറയുന്നത് സത്യമാണെന്ന് കരുതിയാൽ നമുക്ക് കിട്ടുന്ന മനസമാധാനം വളരെ വലുതാണ്. മതങ്ങൾ മനുഷ്യരെ സ്വാധീനിക്കുന്ന ഏറ്റവും വലിയ ഒരു മേഖലയാണിത്. നമുക്ക് വളരെ വേണ്ടപ്പെട്ട ഒരാൾ മരിച്ചുപോവുമ്പോഴാണ് ഇതിന്റെ സ്വാധീനം ഏറ്റവും പ്രകടമാവുക. ഇതെല്ലാം ദൈവത്തിന്റെ തീരുമാനം ആണെന്ന് വിശ്വസിച്ചാൽ കിട്ടുന്ന ആശ്വാസം ചെറുതല്ല. ആൾ ദൈവങ്ങളും മനുഷ്യർക്ക് കൊടുക്കുന്നത് ഈ ആശ്വാസമാണ്. കുടുംബത്തിലും വ്യക്തി ജീവിതത്തിലും ഉണ്ടാകുന്ന എല്ലാ വിഷമങ്ങൾക്കും ഒരു ഉത്തരം ലഭിക്കുന്നിടത്തേയ്ക്ക് ആളുകൾ ഒഴുകുന്നത് സ്വാഭാവികമാണ്. ഓർക്കുക തലച്ചോറിലെ ആലോചന നടക്കുനാണ് ഭാഗം വളരെയധികം ഊർജം ചിലവഴിക്കപ്പെടുന്ന ഇടമാണ്. നിരന്തരമായി ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കാൻ പരിശീലിക്കപെടാത്ത തലച്ചോറിന്റെ സ്വാഭാവികമായ പെരുമാറ്റം ചോദ്യങ്ങൾ ചോദിക്കാതെ തനിക്ക് കൂടുതൽ ആശ്വാസം തരുന്ന കാര്യങ്ങൾ വിശ്വസിക്കുക എന്നതാണ്. ഒരു ആൾദൈവം ജീവിതത്തെക്കുറിച്ചും മരണത്തെ കുറിച്ചും ഒരു പക്ഷെ മരണാന്തര ജീവിതത്തെ കുറിച്ചുവരെ വിശ്വാസിക്ക് വിശ്വസനീയമായ ഉത്തരങ്ങൾ നൽകും. രാഷ്ട്രീയക്കാർ തങ്ങൾക്ക് ഇഷ്ടമില്ലാത്ത ആളുകളെ കുറിച്ച് തെറ്റാണെങ്കിലും അണികളെ ആവേശം കൊള്ളിക്കുന്ന വിവരങ്ങൾ കൈമാറുന്നത് പോലെ.
2. ആളുകൾക്ക് തങ്ങളേക്കാൾ ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന, മറ്റുളളവരിൽ നിന്ന് വ്യത്യസ്തരായ, അസാധാരണ കഴിവുകൾക് ഉള്ളവരെ വലിയ ഇഷ്ടമാണ്. ഓഷോ രജനീഷിന്റെ ഏറ്റവും വലിയ ഗുണം , ഏതുവിഷയത്തെ കുറിച്ചും കുറിക്കുകൊള്ളുന്ന വിധത്തിൽ , തമാശയിലൂടെ സംസാരിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവായിരുന്നു. അമൃതാനന്ദമയി തന്റെയടുത്ത് വരുന്ന എല്ലാ മനുഷ്യരെ കെട്ടിപ്പിടിച്ചും , സത്യസായിബാബ അന്തരീക്ഷത്തിൽ നിന്ന് ഭസ്മം എടുത്തും ഒക്കെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്‍തരായി നിന്ന്. ആൾ ദൈവങ്ങളെ പിന്തുടരുന്നവർക്ക് ഇതൊക്കെ ഇവരുടെ പ്രത്യേക കഴിവുകളുടെ തെളിവുകളാണ്.
3. നമ്മൾ കുട്ടികൾ ആയിരുന്നപ്പോൾ നമുക്ക് ലഭിക്കണമെന്ന് നമ്മൾ ആഗ്രഹിച്ചിരുന്ന പല കാര്യങ്ങളും നമ്മൾ മേല്പറഞ്ഞ ആൾദൈവങ്ങളിലേക്കും രാഷ്ട്രീയ നേതൃത്വങ്ങളിലേക്കും പ്രൊജക്റ്റ് ചെയ്യാറുണ്ട്. ചെറുപ്പത്തിൽ നമ്മൾ നമ്മുടെ രക്ഷിതാക്കളിൽ നിന്ന് ആഗ്രഹിച്ച സുരക്ഷ, മാർഗനിർദേശങ്ങൾ, പരിധിയില്ലാതെ സ്നേഹം ഒക്കെ ഈ നേതാക്കളും ആൾ ദൈവങ്ങളും നമുക്ക് തരുന്നുവെന്ന് ഇവരുടെ ആരാധകർ ധരിക്കുന്നു. ആൾ ദൈവങ്ങൾ ഭക്തന്മാരുടെ പകരക്കാരനായ രക്ഷിതാവ് ആകുന്നു, ഭക്തന്മാർ ഈ രക്ഷിതാക്കളുടെ അംഗീകാരം ലഭിക്കാൻ നിൽക്കുന്ന കുട്ടികളും.
4. മനുഷ്യൻ ഒരു Social Animal ആണ്, അവന് കൂടെ ആളുകൾ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഒരു വലിയ ഗ്രൂപ്പിന്റെ ഭാഗമായി നില്ക്കാൻ മനുഷ്യർ ആഗ്രഹിക്കുന്നു. ആൾ ദൈവങ്ങളെയും വ്യക്തിപ്രഭാവമുള്ള രാഷ്ട്രീയ നേതാക്കളെയും പിന്തുടരുന്നത് ഇവർക്ക് ഒരു ഗ്രൂപ്പ് ഐഡന്റിറ്റി നൽകും. ഒരു മതത്തിന്റെയോ ജാതിയുടെയോ കൂടെ നില്കുന്നതോ, ഒരാൾ ദൈവത്തിന്റെ വിശ്വാസി ആകുന്നതോ , ഒരു സ്വതന്ത്ര ചിന്തകനായി നിൽക്കുന്നതിനേക്കാൾ ആയിരം മടങ്ങ് സാമൂഹിക, മാനസിക സംരക്ഷണം നൽകുന്ന ഏർപ്പാടാണ്. ഇന്നത്തെ ഇന്ത്യയിൽ രാഹുൽ ഗാന്ധിയുടെ ആരാധകൻ ആകുന്നതിനേക്കാൾ എളുപ്പമാണ് മോദിയുടെ ആരാധകൻ ആകുന്നത്. ഇത് തന്നെ രാഷ്ട്രീയ പാർട്ടികളുടെ കാര്യത്തിൽ പ്രയോഗിച്ചാൽ, ശബരിമലയിൽ സ്ത്രീകളെ കയറ്റരുത് എന്ന ഭക്തിയുടെ കൂടെ നിൽക്കുന്നതാണ് , അവിടെ സ്ത്രീകളെ കയറ്റാൻ ശ്രമിക്കുന്നതിനേക്കാൾ സുരക്ഷിതം. സമയം കിട്ടുമ്പോളെല്ലാം വർഗീയ വിഷം ചീറ്റുന്ന വെള്ളാപ്പള്ളിയുടെ കൂടെ നിലക്കുന്നതാണ്, അയാളെ എതിർക്കുന്നതിനേക്കാൾ നല്ലത്. മാതാ അമൃതാനന്ദമയിയെ സുഖിപ്പിക്കുന്നതാണ് അവരെ എതിർക്കുന്നതിനേക്കാൾ, അവരുടെ ആശ്രമങ്ങളിൽ നടന്ന മരണങ്ങളെ കുറിച്ചും, അവരുടെ ബിസിനസ് സാമ്രാജ്യത്തെക്കുറിച്ചുമെല്ലാം സംസാരിക്കുന്നതിനേക്കാൾ നല്ലത്.
5. അധികാരത്തിൽ ഇരിക്കുന്നവരെ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുക എന്നത് മനുഷ്യന്റെ മറ്റൊരു സഹജ വാസനയാണ്. സാധാരണ മനുഷ്യർ തെറ്റും ശരിയും ചെയ്യുന്ന ആളുകളാണെങ്കിൽ, ആൾ ദൈവങ്ങളും രാഷ്ട്രീയ നേതാക്കളും ചെയ്യുന്നതെല്ലാം ശരിയാണെന്ന് വിശ്വസിക്കുന്നവരായിരിക്കും അവരുടെ അണികൾ. നേതാക്കൾ ചെയ്യുന്ന തെറ്റുകൾ തിരുത്തുന്നതിന് പകരം അവർ എന്ത് ചെയ്താലും അത് ശരിയാണെന്ന് സ്ഥാപിക്കാൻ ഇത്തരക്കാർ ശ്രമിച്ചുകൊണ്ടിരിക്കും.
6. മനുഷ്യർക്ക് പൊതുവെ കഥകൾ കേൾക്കാൻ ഇഷ്ടമാണ്. ആൾ ദൈവങ്ങൾ അവരുടെ അണികളോട്, തങ്ങളുടെ അമാനുഷികമായ കഴിവുകളെ കുറിച്ച് കഥകൾ പറയുന്നു. പാട്ടുകൾ, ആരാധനാ ക്രമങ്ങൾ , മാധ്യമങ്ങൾ തുടങ്ങിയവയിലൂടെ ഇവർ ഈ കഥകൾ മറ്റുളളവരുടെ ഇടയിൽ പടർത്തുന്നു, കുറച്ച് കഴിയുമ്പോൾ എന്തോ ദിവ്യ കഴിവുള്ളവരാണ് ഈ ആൾ ദൈവങ്ങൾ എന്ന് ഭൂരിപക്ഷവും വിശ്വസിക്കുന്ന നില വരുന്നു. ഈ ആൾ ദൈവങ്ങൾ പക്ഷെ ആളുകളെ ഒരേ പോലെ ആയിരിക്കില്ല സമീപിക്കുന്നത്. മനുഷ്യരെല്ലാം തുല്യരാണെന്ന് പറയുന്ന മാതാ അമൃതാനന്ദമയിയുടെ അടുത്ത് ഞാൻ പോയാലും മോഹൻലാൽ പോയാലും ഒരേ പോലെ ആയിരിക്കില്ല സമീപനം. മോഹൻലാൽ അവർക്ക് മാർക്കറ്റ് ചെയ്യാനുള്ള ഒരു അവസരമായിട്ടായിരിക്കും ഇവർ കാണുക. മന്ത്രിമാർ ഉൾപ്പെടെയുള്ള രാഷ്ട്രീയക്കാർ ഇവർക്ക് തങ്ങളുടെ ബിസിനസ് സാമ്ര്യാജ്യം പടുത്തുയർത്താനുള്ള ചവിട്ടുപടികൾ മാത്രമാണ്. ഇടതുപക്ഷം ആയാലും വലതുപക്ഷം ആയാലും ഒരു വ്യത്യസവുമില്ല.
7. ഡോണേഷൻ , ഭൂമി കൈക്കലാക്കൽ , സാമൂഹിക സേവനം എന്ന പേരിൽ സൗജന്യ സേവനം വാങ്ങൽ തുടങ്ങി പൈസ ഉണ്ടാകാനുള്ള എല്ലാ വഴികളും ഈ ആൾ ദൈവങ്ങൾ ഭക്തിയുടെ മറവിൽ ചെയ്യും. ഭക്തന്മാർക്ക് പൈസ ഉള്ളവർ, വേണ്ടപ്പെട്ടവർ, അധികാരം ഉള്ളവർ , മറ്റുള്ളവർ എന്നുള്ള വ്യത്യാസം ഇവരുടെ ഇടയിൽ ഉണ്ടാകും. നിങ്ങൾ എന്നെ അനുസരിച്ചാൽ നിങ്ങൾക്ക് അനുഗ്രഹം ലഭിക്കും എന്ന് പറയുന്ന എല്ലാവരെയും സംശയത്തോടെ മാത്രം നമ്മൾ വീക്ഷിക്കണം. സ്വയം ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ആളുകൾ അവരവരെ ഒരിക്കലും ഗുരുക്കന്മാർ എന്ന് വിളിക്കില്ല.
മതം സർക്കാരിൽ നിന്നും മാറ്റിനിർത്തപ്പെടേണ്ട ഒന്നാണെന്നുളത് (The separation of church and state) നൂറുകണക്കിന് വർഷങ്ങൾക്ക് മുൻപുള്ള ഒരു ആശയമാണ്. ലക്ഷകണക്കിന് അംഗങ്ങൾ ഉള്ള മതങ്ങൾക്ക് സർക്കാരിൽ സ്വാധീനം ചെലുത്താനോ , രാഷ്ട്രീയക്കാരെ ഉപയോഗിച്ച് തങ്ങൾക്ക് ആവശ്യമുള്ള കാര്യങ്ങൾ അനധികൃതമായി നേടിയെടുക്കാനോ സാധ്യത ഉള്ളതുകൊണ്ടാണിത്. മൃദു ഹിന്ദുത്വ വടക്കേ ഇന്ത്യയിൽ പയറ്റി അമ്പേ പരാജയപ്പെട്ട കോൺഗ്രസ് പാർട്ടിയെ നമ്മൾ കണ്ടതാണ്. കടുപ്പമുള്ള വർഗീയ പാർട്ടിയായ ബിജെപി ഉള്ളപ്പോൾ മൃദു വർഗീയതയുള്ള മറ്റു പാർട്ടികളുടെ ആവശ്യം ഇല്ലല്ലോ. കേരളത്തിൽ മൃദു ഹിന്ദുത്വ പയറ്റാൻ ശ്രമിച്ചാൽ അതിന്റെ ഉപകാരം കിട്ടുന്നത് ബിജെപിക്ക് ആയിരിക്കുമെന്ന് ചരിത്രത്തിൽ നിന്ന് പഠിച്ചാൽ എല്ലാവര്ക്കും നന്നായിരിക്കും.
“മതം ആളുകളെ തങ്ങളുടെ കഷ്ടപാടുകളെ ‘വിധിയുടെ തീരുമാനമാണിത്’ എന്ന് വിശ്വസിപ്പിക്കുന്നു. അതിനാൽ ജനങ്ങൾ അനീതി, ചൂഷണം എന്നിവ സഹിച്ചുകൊള്ളുന്നു. ഭരണാധികാരികൾക്ക് മതം ഒരു നിയന്ത്രണ സംവിധാനമാണ്. ജനങ്ങൾ മതത്തിൽ ആശ്വാസം കണ്ടെത്തുമ്പോൾ, അവർ സ്വന്തം സാമ്പത്തിക-സാമൂഹിക ചൂഷണത്തിനെതിരെ പൊരുതാൻ താത്പര്യമില്ലാതാകുന്നു. ഒരു സമൂഹത്തിൽ സാമ്പത്തിക-സാമൂഹിക നീതി സ്ഥാപിക്കുമ്പോൾ മതത്തിന്റെ ആവശ്യം സ്വയം ഇല്ലാതാകും.” : കാൾ മാർക്സ്
Leave a comment