എന്തുകൊണ്ടാണ് ഒരു വഴക്ക് നടക്കുമ്പോൾ ഭാര്യയോ ഭർത്താവോ ഒന്നും മിണ്ടാതിരിക്കുന്നത്? പരസ്പരം ചർച്ച ചെയ്താൽ അല്ലെ വഴക്ക് തീരൂ?
എന്തുകൊണ്ടാണ് ചിലർ തങ്ങളുടെ പങ്കാളികളോട് കൈ പിടിച്ച് നടക്കണം, കെട്ടിപിടിക്കണം എന്നൊക്കെ വാശി പിടിക്കുന്നത്? അത് അത്രക്ക് പ്രാധാന്യമുള്ള ഒന്നാണോ?
എന്തുകൊണ്ടാണ് തങ്ങളുടെ പങ്കാളികൾ ഇപ്പോഴും ചാറ്റ് ചെയ്യണം, ടെക്സ്റ്റ് ചെയ്യണം എന്നൊക്കെ വാശി പിടിക്കുന്നത്?
പലപ്പോഴും മേല്പറഞ്ഞ പല പ്രശ്നങ്ങളുടെയും മൂല കാരണം ചെറുപ്പത്തിലേ ചില അനുഭവങ്ങൾ ആകും.
ഉദാഹരണത്തിന്, എന്നും കൈ പിടിച്ച് നടക്കണമെന്ന് വാശി പിടിക്കുന്ന, മാനസികമായി വിഷമിച്ചിരിക്കുന്ന സമയത്ത് ഒന്ന് കെട്ടിപ്പിടിക്കാൻ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് ആളുകളുണ്ട്. എന്നാൽ പൊതുസ്ഥലങ്ങളിൽ കൈപിടിച്ച് നടക്കാൻ പോയിട്ട് സ്വകാര്യമായി പോലും കെട്ടിപ്പിടിക്കാൻ വിമുഖതയുള്ള ഒരു പങ്കാളിയെ ആണ് ഇങ്ങിനെയുള്ളവർക്ക് കിട്ടുന്നതെങ്കിൽ പണി പാളും.
Physical touch എന്തുകൊണ്ടാണ് ഇങ്ങിനെ ഉള്ളവർ ഇത്രമാത്രം ആഗ്രഹിക്കുന്നതിന് എന്നതിന്റെ അടിസ്ഥാന കാരണം അന്വേഷിച്ചു പോയാൽ നിങ്ങൾക്ക് ഒരു കൊച്ചു കുട്ടിയെ കാണാൻ പറ്റും. ഒരു കെട്ടിപിടുത്തതിനായി അമ്മയുടെ അടുത്ത് പോയ, എന്നാൽ അമ്മയിൽ ആട്ടി അകറ്റപ്പെട്ട ഒരു കുട്ടിയെ. എല്ലാ അമ്മമാരും കുട്ടികളെ കൊഞ്ചിക്കുകയും ലാളിക്കുകയും ചെയ്യുന്നവരാണെന്നാണ് നമ്മുടെ ഒകെ വിചാരം. അത് പൂർണമായും സത്യമല്ല. ആരും ദേഹത്ത് തൊടാൻ ഇഷ്ടപെടാത്ത അമ്മമാരുണ്ടാകും. അതിന്റെ കാരണം ഒരു പക്ഷെ അവർ വളർന്നുവന്ന ജീവിത സാഹചര്യവുമായി ബന്ധപെട്ടു കിടക്കുന്ന ഒന്നാകും. ഇങ്ങിനെ ലാളനയോ അമ്മയുടെ ചൂടോ അറിയാതെ വളരുന്ന കുട്ടികൾ മുതിരുമ്പോൾ തങ്ങളുടെ പങ്കാളിയിൽ നിന്ന് ഏറ്റവും ആഗ്രഹിക്കുന്നത് ഒരു കെട്ടിപിടുത്തമോ, പുറത്തു പോകുമ്പോൾ കൈകോർത്തു പിടിച്ചുള്ള നടത്താമോ ആയിരിക്കും.
അതേപോലെ തന്നെയാണ് ഒരു ചെറിയ പ്രശ്നം വന്നാൽ പോലും, അത് ചർച്ച ചെയ്യാതെ, പങ്കാളികളെ മൊത്തമായി മാനസികമായി അവഗണിക്കുന്ന ആളുകൾ. ചെറുപ്പത്തിൽ വലിയ വഴക്കുകളുടെ ഇടക്കക്, തന്റെ അഭിപ്രായം പറഞ്ഞു എന്ന ഒറ്റക്കാരണത്താൽ മാതാവോ പിതാവോ ശാരീരികമായി ആക്രമിക്കപ്പെടുന്നത് കണ്ടുനിന്ന ഒരു കുട്ടി വളർന്നുവരുമ്പോൾ പ്രശ്നങ്ങളിൽ നിന്ന് ഉൾവലിയുന്നത് പ്രശ്നങ്ങൾ ചർച്ച ചെയ്താൽ അത് അക്രമത്തിൽ എത്തിച്ചേരുമെന്നുള്ള ചെറുപ്പകാലത്തെ പേടി കൊണ്ടാവാം.
ചെറുപ്പത്തിൽ മാതാപിതാക്കളാലോ കൂട്ടുകാരാലോ അവഗണിക്കപ്പെട്ട കുട്ടികൾ വളർന്നുവരുമ്പോൾ, തങ്ങളുടെ പങ്കാളികൾ ഏത് സമയവും തങ്ങൾക്ക് ഫോൺ ചെയുകയും ടെക്സ്റ്റ് ചെയ്യുകയും ചെയ്യണമെന്നുള്ള വാശിക്കാരാവും. ചെറുപ്പത്തിൽ സ്നേഹത്തിന് വേണ്ടി യുദ്ധം ചെയ്തു തോറ്റവർ, വളർന്നു വരുമ്പോൾ തങ്ങളുടെ പങ്കാളിയുടെ സ്നേഹം എന്നും കൂടെ ഉണ്ടാകണമെന്ന് വാശി പിടിക്കും. ഫേസ്ബുക്കിലോ ഇൻസ്റാഗ്രാമിലോ എതിർലിംഗത്തിൽ പെട്ട ഒരാളുടെ പോസ്റ്റ് ലൈക്ക് ചെയ്യുന്നത് പോലും ഇങ്ങിനെ ഉള്ളവർക്ക് സഹിച്ചെന്നു വരില്ല.
പലപ്പോഴും വിവാഹം കഴിച്ചവരിലും, ഒരുമിച്ച് താമസിക്കുന്നവരിലും കുറെ വർഷങ്ങൾ കഴിയുമോഴാണ് ഇത്തരം പ്രത്യക സ്വഭാവ സവിശേഷതകൾ ദൃശ്യമാകുന്നതും, ഒരു പക്ഷെ പങ്കാളിൽ ശ്രദ്ധിക്കാൻ തുടങ്ങുന്നതും. ഒരു വഴക്കിന്റ സമയത്തായിരിക്കും പലപ്പോഴും ഇത്തരം വിചിത്ര സ്വഭാവങ്ങൾ നമ്മൾ ശ്രദ്ധിക്കുക. കുട്ടികാലത്തെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ മനസിലാക്കാൻ ശ്രമിച്ചില്ലെങ്കിൽ, എന്തുകൊണ്ടാണ് നമ്മുടെ പങ്കാളി ഇങ്ങിനെയൊക്കെ ചെയ്യുന്നത് എന്നോർത്തു നമുക്ക് വട്ടാകും. ചിലപ്പോൾ നമ്മൾ തന്നെ ചില കാര്യങ്ങൾ ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് നമ്മുടെ കുട്ടികാലത്തെ അനുഭവങ്ങൾ ഓർമിച്ചാൽ മാത്രമേ നമുക്ക് പിടികിട്ടൂ.
സമയം മായ്ക്കാത്ത മുറിവുകളുണ്ടോ എന്ന് ഒരുപക്ഷെ നിങ്ങൾ ചോദിച്ചേക്കാം. കാലം മുറിവുകൾ മായ്ക്കുമെന്നത് വെറും തോന്നലാണ്. നമ്മുടെ വികാര വിചാരങ്ങളുടെ അടിസ്ഥാന കാരണങ്ങൾ കണ്ടെടുത്തത് അത് മനസിലാക്കുകയും അത് പരിഹരിക്കുകയും ചെയ്താൽ മാത്രമേ ഇങ്ങിനെ ഉള്ള കാര്യങ്ങളിൽ നിന്ന് നമുക്ക് വിടുതൽ നേടാൻ കഴിയൂ.
നമ്മുടെ ഉള്ളിലെല്ലാം കരഞ്ഞു തീരാത്ത ഒരു കുട്ടി ഉറങ്ങി കിടപ്പുണ്ട്. നമുക്ക് ആ കുട്ടിയോട് സംസാരിച്ച് തുടങ്ങാം. ഒരു പക്ഷെ പഴയ മുറിവുകൾ ഉണങ്ങിയേക്കും. സ്വയം ഉണക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒരു കൗൺസിലറുടെ സഹായം തേടുക.
നോട്ട് : മേല്പറഞ്ഞത് എല്ലാ പ്രശ്നങ്ങളുടെയും അടിസ്ഥാന കാരണമല്ല. ചെറുപ്പത്തിൽ നല്ല കുട്ടിക്കാലം ഉണ്ടായിരുന്ന എന്നാൽ വളർന്നു വരുമ്പോൾ narcissist ആയി മാറിയ ആളുകളെ പോലെ ഉള്ളവരും ഉണ്ട്. അത് മാനസിക രോഗ വിദഗ്ധരുടെ പ്രത്യേക ശ്രദ്ധ വേണ്ട മേഖലയാണ്.
Leave a comment