മരണം കാത്ത് കഴിയുന്ന കുട്ടികൾ.

വളരെ വർഷങ്ങൾക്ക് മുൻപ് ഞങ്ങളുടെ വീട്ടിൽ ഒരു അഥിതി വന്നു. കേരളത്തിൽ കാസർഗോഡ് ഒരാളാണ്, UAE യിൽ ഹോട്ടൽ നടത്തുന്നു. കുറെ യാത്രകൾ ചെയ്യുന്ന ഒരാൾ. ന്യൂ യോർക്ക് കാണാൻ വന്നപ്പോൾ ആരോ പറഞ്ഞറിഞ്ഞ് ഞങ്ങളുടെ വീട്ടിൽ താമസിക്കാൻ വന്നതാണ്. കൂടെ ഭാര്യയും ഒന്നോ രണ്ടോ വയസുള്ള ഓമനത്തം നിറഞ്ഞ ഒരു കൊച്ചു പെൺകുട്ടിയും ഉണ്ടായിരുന്നു.

എന്നെ സോഷ്യൽ മീഡിയ വഴി കേട്ടറിവ് മാത്രം ഉണ്ടായിരുന്നത് കൊണ്ടാണോ എന്തോ, വീട്ടിൽ വന്ന ഉടനെ, നിസ്കാര മുറിയാണ് അന്വേഷിച്ചത്. ഞാൻ നിസ്കരിച്ചിട്ട് ദശാബ്ദങ്ങളായത് കൊണ്ട്, വീട്ടിലെ ഏത് മുറിയിൽ വേണമെങ്കിലും നിസ്കരിക്കാം എന്ന് പറഞ്ഞു. ഞങ്ങളുടെ സൺ റൂമിൽ നിസ്കാര പായ വിരിച്ച് അദ്ദേഹം നിസ്കരിച്ചു. കാസർഗോട്ടെയും അബുദാബിയിലെയും വിശേഷങ്ങൾ പറഞ്ഞു. വീട്ടിൽ വരുന്ന ആളുകളോട് അധികം സംസാരിക്കാത്ത എന്റെ രണ്ടു കുട്ടികളും അദ്ദേഹത്തിന്റെ മകളുമായി പെട്ടെന്ന് ഇണങ്ങി. ഒരു മകൾ വേണമെന്ന് ആഗ്രഹിച്ചിരുന്ന ഞങ്ങൾക്ക് പെൺകുട്ടികളോട് കുറച്ച് ഇഷ്ടം കൂടുതലായത് കൊണ്ട് ഗോമതി ഈ കുട്ടിയെ നിലത്ത് വയ്ക്കാതെ കൊണ്ടുനടന്നു.

കുറെ കൂടി അടുത്തറിഞ്ഞപ്പോഴാണ്, ഈ കുട്ടികൾ ജനിച്ചത് വീട്ടിൽ വച്ചുള്ള സ്വാഭാവിക പ്രസവത്തിലൂടെ ആണെന്നും, ജനിച്ച് കഴിഞ്ഞ് ഈ കുട്ടിക്ക് ഒരു തരത്തിലുള്ള വാക്‌സിനേഷൻ എടുത്തിട്ടില്ലെന്നും അഭിമാനത്തോടെ ഇദ്ദേഹം ഞങ്ങളോട് പറയുന്നത്. വാക്‌സിൻ വിരുദ്ധത പ്രസംഗിക്കുന്ന കുറെ പേരുടെ പ്രസംഗങ്ങൾ ഒക്കെ ഇദ്ദേഹം സ്ഥിരമായി കാണുന്നുമുണ്ട്. വീട്ടിൽ അഥിതികളായി വരുന്നവരുടെ വിശ്വാസങ്ങളിൽ ഞാൻ ഒരു തരത്തിലും ഇടപെടാറില്ല. പക്ഷെ ഇത് കേട്ടപ്പോൾ വലിയ ഹൃദയ വേദന തോന്നി. ഈ കുട്ടിക്ക് വാക്‌സിൻ എടുത്തില്ല എന്ന് മാത്രമല്ല, ഭാര്യയുടെ ഇനിയുള്ള പ്രസവവും സ്വാഭാവികമായി വീട്ടിൽ തന്നെ നടത്തും എന്നും, ഇനി ജനിക്കുന്ന കുട്ടികൾക്ക് ഏതുതരത്തിലുള്ള വാക്‌സിസിനേഷനും എടുക്കില്ല എന്നും അദ്ദേഹം എന്നോട് പറഞ്ഞു.

ഇപ്പോൾ ഒരു കുട്ടി കൂടി ആ ദമ്പതികൾക് ഉണ്ട്. രണ്ടു കുട്ടികൾ വാക്‌സിൻ എടുക്കാതെ ജീവിച്ചിരിക്കുന്നു എന്നത്, മറ്റുള്ള ഭൂരിഭാഗം ആളുകളും വാക്‌സിൻ എടുത്തത് കൊണ്ട് മാത്രം ഉണ്ടായ ഒരു സാധ്യത ആണെന്ന് പറഞ്ഞു മനസിലാക്കാക്കി കൊടുക്കാനുള്ള ഭാഷ എന്റെ കൈവശമില്ലാത്തത് കൊണ്ട് ഞാൻ തർക്കിക്കാൻ പോയില്ല. പക്ഷെ ഈ കുട്ടികളെ കുറിച്ച് ആലോചിക്കുമ്പോൾ, എനിക്ക് വലിയ വേദന തോന്നും. ഏതു നിമിഷവും മരണം കാത്തിരിക്കുന്ന രണ്ടു കുട്ടികളായിട്ടാണ് എനിക്ക് അവരെ കാണാൻ കഴിയുന്നത്. ഇവർ വാക്‌സിൻ എടുക്കാത്തത്, ഈ കുട്ടികൾക്ക് മാത്രമല്ല, സമൂഹത്തിലെ, ആരോഗ്യം വേറെ കാരണങ്ങൾ കൊണ്ട് കുറഞ്ഞ പൗരന്മാര്ക്കും അപകരം വരുത്തി വയ്ക്കുന്ന ഒന്നാണെന്ന് ഇവർക്ക് മനസിലാകുന്നില്ല.

ജനിക്കുന്ന കുട്ടികളിൽ ഭൂരിപക്ഷവും എഴുപതുവയസുവരെയൊക്കെ ജീവിക്കാൻ തുടങ്ങിയിട്ട് അധികം നാളുകളായിട്ടില്ല. എന്റെ ഉമ്മയുടെ ഉമ്മയ്ക്ക് തന്നെ ജനിച്ച ആറോളം കുട്ടികളിൽ വെറും രണ്ടുപേരാണ് ജീവനോടെ കൗമാരപ്രായം വരെ കിട്ടിയത്. എന്റെ ചെറുപ്പത്തിലാണ് വാക്‌സിനേഷൻ ഒക്കെ ഇത്രക്ക് വിപുലമായത്. ഇന്നത്തെ പോലെ ആയിരുന്നില്ല പണ്ടത്തെ വാക്‌സിസിനേഷൻ. ആളുകൾ വീട്ടിൽ വന്നാണ് വാക്‌സിനേഷൻ എടുത്തിരുന്നത്. തിളച്ച വെള്ളത്തിൽ അണുവിമുക്തമാക്കിയ സൂചി കൊണ്ട് “കുത്തുവെക്കാൻ” വരുമ്പോൾ കുട്ടികൾ ഓടി കളയുന്നതൊക്കെ സാധാരണം ആയിരുന്നു. ബിസിജി , സ്മാൾപോക്സ് പോലുള്ള രോഗങ്ങളുടെ വാക്‌സിനേഷൻ കഴിഞ്ഞാൽ കുത്തു കിട്ടിയ ഇടം പഴുക്കുകയും വലിയ വട്ടത്തിൽ ഒരു പാട് അവശേഷിക്കുകയും ചെയ്യും. പക്ഷെ ഒരു തലമുറയുടെ മുൻപിലുള്ള ആളുകളെ അപേക്ഷിച്ച് നോക്കുമ്പോൾ, ഞങ്ങളെയൊക്കെ ഇതുവരെ ജീവിപ്പിച്ചിരുത്തിയത് ഈ കുത്തിവെപ്പുകളാണ്. അങ്ങിനെ ജീവിക്കാനുള്ള അവകാശമാണ്, വാക്‌സിനേഷൻ എടുക്കാത്തതിലൂടെ , വാക്‌സിൻ വിരുദ്ധരായ മാതാപിതാക്കൾ കുട്ടികൾക്ക് നിഷേധിക്കുന്നത്.

കുട്ടികൾ മാതാപിതാക്കളുടെ സ്വത്താണോ, ജനിച്ച ഉടനെ തന്നെ സ്വന്തമായി അസ്‌തിത്വമുള്ള, അവരുടെ ആരോഗ്യവും , മുന്നോട്ടുള്ള ജീവിത നിലവാരവും സമൂഹത്തിന്റെ ഉത്തരവാദിത്വത്തിൽ ഉള്ള ഒരു പൗരനാണോ എന്നത് വലിയ ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമാണ്. മാതാപിതാക്കൾ കുട്ടികളുടെ ഏജൻസി മാത്രമാണ് എന്നാണ് എന്റെ അഭിപ്രായം. ഖലീൽ ജിബ്രാൻ പറഞ്ഞത് പോലെ അവർ നമുക്ക് ഉടമസ്ഥാവകാശം ഉള്ള കുട്ടികളല്ല , മറിച്ച് നമ്മളിലൂടെ ലോകത്തേക്ക് വന്ന സ്വതന്ത്ര പൗരന്മാരാണ്. അവർ താമസിക്കുന്നത് ഭാവിയിലെ ഭവനങ്ങളിലാണ് , അവരുടെ ചിന്തകൾ അവരുടെ സ്വന്തമാണ്, നമ്മളാകുന്ന വില്ലിലൂടെ വന്ന , സ്വന്തം പാത വെട്ടിത്തെളിച്ച് പോകുന്ന അമ്പുകളാണ് നമ്മുടെ കുട്ടികൾ. അങ്ങിനെ വരുമ്പോൾ കുട്ടികളുടെ ആരോഗ്യം, വിദ്യാഭ്യാസം ഒക്കെ ഉറപ്പ് വരുത്തേണ്ടത് സമൂഹത്തിന്റെ , സർക്കാരിന്റെ ഉത്തരവാദിത്വമാണ്.

സർക്കാർ അടിയന്തിരമായി വാക്‌സിൻ എടുക്കാത്ത കുട്ടികളെ കണ്ടുപിടിച്ച് വാക്‌സിൻ എടുപ്പിക്കാനും, അക്ക്യൂപഞ്ചർ പോലുള്ള അശാസ്ത്രീയ വിവരങ്ങൾ പ്രചരിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്ക് എതിരെ നടപടികൾ എടുക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

നോട്ട് : ഇതൊരു പ്രത്യേക മതത്തിന്റെ പ്രശ്നമല്ല. വിശ്വാസത്തിന്റെ പേരിൽ വാക്‌സിൻ എടുക്കാത്ത അനേകം ആളുകൾ ഏതാണ്ട് ഇല്ല മതങ്ങളിലും ഉണ്ട്. അതിൽ യഹോവ വിശ്വാസികളും മോഹനൻ വൈദ്യരെ പോലെ ഉള്ളവരുമായി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും പെട്ടവരുണ്ട്. പക്ഷെ ഇങ്ങിനെ ഉളളവരുടെ ഒരു പ്രത്യേകതയായി ഞാൻ കാണുന്നത് തങ്ങളുടെ മതത്തോടും, ആശയങ്ങളോടുമുള്ള അമിത വിശ്വാസമാണ്. ഇതൊരു മാനസിക പ്രശ്നമാണോ എന്ന് പോലും ചിലപ്പോൾ ഞാൻ സംശയിച്ചു പോകാറുണ്ട്.

Leave a comment

Blog at WordPress.com.

Up ↑