ഞാൻ നേരിട്ട് കണ്ട ഒരു വർഗീയ കലാപം നടന്നത് 1990 ൽ മട്ടാഞ്ചേരിയിലാണ്. അതിന്റെ ഓർമ്മകൾ ട്രിഗർ ചെയ്യാൻ സാധ്യത ഉള്ളതുകൊണ്ടാണ് ഞാൻ Empuran എന്ന സിനിമ ഇതുവരെ കാണാതെ നടക്കുന്നത്. ഓടിക്കൊണ്ടിരിക്കുന്ന ഒരു ട്രെയിനിലേക്ക് ഉടമസ്ഥൻ ഒരു നായയെ കയറ്റാൻ ശ്രമിക്കുന്നതിന്റെ ഇടയിൽ അത് ട്രെയിനിന് അടിയിലേക്ക് വീണുപോകുന്ന ഒരു ഇൻസ്റ്റാഗ്രാം വീഡിയോ കണ്ടിട്ട് രണ്ടുദിവസം ഉറങ്ങാൻ കഴിയാതെ പോയ ഒരാളാണ് ഞാൻ പിന്നെയാണ് ഒരു കലാപത്തിന്റെ ദൃശ്യങ്ങൾ വീണ്ടും ഓർമയിലേക്ക് വരുന്നത്.
ബാബരി മസ്ജിദ് തകർത്ത് രാമ മന്ദിരം പണിയണമെന്ന് ആവശ്യവുമായി എൽകെ അഡ്വാനി 1990 സെപ്റ്റംബറിൽ നടത്തിയ രഥയാത്രയുടെ അനുബന്ധമായി കേരളത്തിൽ അന്നത്തെ ബിജെപി നേതൃത്വം കെ രാമൻ പിള്ളയുടെ നേതൃത്വത്തിൽ ഒരു രഥയാത്ര നടത്തിയിരുന്നു. അതിനോടനുബന്ധിച്ച് തൃശൂരിലെ അലി എന്നൊരു ഒരു പാവം മുസ്ലിയാരെ അവർ വെട്ടിക്കൊന്നു. ബിജെപി പ്രതീക്ഷിച്ച പോലെ തന്നെ അതിന്റെ അലയൊലികൾ കേരളത്തിൽ അങ്ങോളമിങ്ങോളം ഉണ്ടായി, കേരളത്തിൽ ആറു പേരോളം കൊല്ലപ്പെട്ടു. പക്ഷെ പല മതസ്ഥർ തിങ്ങിപ്പാർക്കുന്ന, കേരളത്തിൽ ഒരു പക്ഷെ ഏറ്റവും കൂടുതൽ ഗുജറാത്തികളും മാർവാടികളും കച്ചവട സ്ഥാപനങ്ങൾ നടത്തുന്ന, മട്ടാഞ്ചേരിയിലാണ് അതിന്റെ പ്രതിഫലനം ഏറ്റവും കൂടുതൽ ഉണ്ടായത്. കച്ചവടസ്ഥാപനങ്ങൾ അഗ്നിക്കിരയാക്കപ്പെടുകയും, കൊള്ളയടിക്കപെടുകയും ചെയ്തു. പോലീസ് കർഫ്യൂ കഴിഞ്ഞ മട്ടാഞ്ചേരി അന്നുവരെ കണ്ട തിരക്കുള്ള ഒരു പട്ടണമായിരുന്നില്ല. കൊള്ളയടിക്കപ്പെട്ടു സ്ഥാപങ്ങളിൽ നിന്നുള്ള സാധനങ്ങൾ റോഡിൽ ചിതറി കിടന്നു. ചില കടകൾ കത്തിച്ചു. ചിലയിടത്ത് റോഡിൽ പെയിന്റ് ഒഴുകിപ്പരന്നു കിടന്നു. അന്നുവരെ വലിയ സൗഹാർദത്തോടെ ജീവിച്ചിരുന്ന ഗുജറാത്തി സമൂഹവും മുസ്ലിങ്ങളും തമ്മിൽ മാനസികമായി ഒരു അകലം ഉണ്ടാക്കാൻ ശ്രമിച്ചവരുടെ ആദ്യ വിജയമായിരുന്നു ഈ കലാപം. ബാബരി മസ്ജിദ് തകർത്തപ്പോൾ കേരളത്തിൽ നടന്ന പോലെ മട്ടാഞ്ചേരിയിലെ മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള പ്രധാന രാഷ്ട്രീയ പാർട്ടികളും, പോലീസും ഉപ്പെടെയുള്ളവർ സംയമനം പാലിച്ചു. കൊള്ളയടിച്ച മുതലുകൾ മുൻനിശ്ചയപ്രകാരം ഉള്ള സ്ഥലങ്ങളിൽ തിരികെ കൊണ്ടുവന്നു വെക്കാൻ ആളുകൾക്ക് അനുവാദം കൊടുത്തു. എന്റെ ഓർമ ശരിയാണെങ്കിൽ ഗായകൻ യേശുദാസ് ഒരു ദിവസം ഉപവാസം കിടന്നു. അന്നാണ് തിരുവനന്തപുരം പാളയം പള്ളിയിലെ അന്നത്തെ ഇമാമിന്റെ പ്രസംഗം ഞാൻ ആദ്യമായി കേൾക്കുന്നത്. അങ്ങിനെ ഉള്ള പ്രവർത്തികൾ വലിയ വിജയവുമായി. മട്ടാഞ്ചേരിയിൽ അതുകഴിഞ്ഞൊരു കലാപം ഉണ്ടായിട്ടില്ല. പക്ഷെ വർഷങ്ങൾ കഴിഞ്ഞിട്ടും എങ്ങിനെയാണ് നമ്മുക്ക് പരിചയമില്ലാത്ത ഒരാളെ, അല്ലെങ്കിൽ അടുത്ത സുഹൃത്തോ അയൽവാസിയോ ആയ ഒരാളെ കലാപങ്ങളിൽ കൊന്നുകളയാൻ മനുഷ്യർക്ക് സാധിക്കുന്നത് എന്നൊരു ചോദ്യം എന്റെ ഉള്ളിൽ തന്നെ കിടന്നു.
നിങ്ങൾക്ക് ഒരാളെ കൊല്ലണമെങ്കിൽ എന്തൊക്കെയാണ് ആവശ്യം? ഒരു കത്തിയോ തോക്കോ മതിയെന്ന് ഒരുപക്ഷെ നിങ്ങൾക്ക് ആദ്യം തോന്നിയേക്കാം. പക്ഷെ കൊലപാതകങ്ങൾ ആളുകളുടെ മനസുകളിലാണ് യഥാർത്ഥത്തിൽ ആദ്യം നടക്കുന്നത്. കാരണം മനുഷ്യർ സഹജമായി മറ്റുള്ളവരുടെ വേദനയിൽ പതറുന്നവരാണ്. അത് മറികടന്നു ഒരാളെ കൊല്ലാൻ വേണ്ടിവരുന്നത് താഴെ പറയുന്ന കാര്യങ്ങളാണ്.
- നമ്മൾ കൊല്ലാൻ പോകുന്നവർ കൊല്ലപ്പെടാൻ അർഹരാണ് എന്ന് നമ്മുടെ മനസിനെ ബോധ്യപ്പെടുത്തണം. ഇന്ത്യയിലെ മുസ്ലിങ്ങളെ കുറിച്ച് ക്രിസ്ത്യാനികൾക്ക് പോലും വെറുപ്പുണ്ടാകുന്ന തരത്തിലുള്ള കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിൽ സംഘ പരിവാർ വിജയിച്ചു കഴിഞ്ഞെന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ. അതിന് ആക്കം കൂട്ടാൻ വേണ്ടി ജോസഫ് മാഷിന്റെ കൈവെട്ടിയ പോലുള്ള ക്രൂരത കാട്ടുന്നവർ മുസ്ലിങ്ങളുടെ ഇടയിലുമുണ്ട്. കൊല്ലപ്പെടേണ്ടവർ നമ്മുടെ സമൂഹത്തിന് ഒരു ഭീഷണിയാണെന്നും, അവർ തന്നെക്കാൾ കുറഞ്ഞ ഒരു വർഗമാണെന്നും വീണ്ടും വീണ്ടും മനസ്സിൽ പറഞ്ഞുറപ്പിക്കുന്ന അപരവത്കരണമാണ് കലാപത്തിന്റെ ആദ്യപടി.
- രണ്ടാമത് വേണ്ടത് നമ്മുടെ മനസിലെ സഹജമായ സഹാനുഭൂതിയെ അടിച്ചമർത്തലാണ്. കൊലപ്പെടേണ്ടവരെ ഒരു വ്യക്തി അല്ലെങ്കിൽ വ്യക്തികൾ എന്ന നിലയിൽ കാണാതെ രാജ്യത്തിനും സമൂഹത്തിനും ഭീഷണിയായ ഒരു കൂട്ടമായി കണ്ടാൽ ഈ പറഞ്ഞ സഹാനുഭൂതി അടിച്ചമർത്താൻ കഴിയും. അതുകൊണ്ടാണ് നരോദ പാട്യ കേസിലൊക്കെ ബാബു ബജ്‌രംഗിക്ക് ഒരു ഗർഭിണിയെ ഒക്കെ മൃഗീയമായി കൊല്ലാനൊക്കെ സാധിക്കുന്നത്. കാരണം അവർ കൊല്ലുന്നത് അവരുടെ ശത്രുവിനെയാണ്, മനുഷ്യനെയല്ല.
- മൂന്നാമതായി വേണ്ടത് ആയുധങ്ങളാണ്. നോക്കൂ ഡൽഹിയിലെ സിഖ് കലാപമായാലും, കൽക്കത്തയിൽ നടന്ന ഡയറക്ട് ആക്‌ഷൻ ഡേ ആയാലും, ശ്രീലങ്കയിലെ ബുദ്ധിസ്റ്റുകൾ നടത്തിയ കൂട്ടക്കൊല ആയാലും, ഗുജറാത്ത് കലാപം ആയാലും ഇത്രയും ആളുകളെ കൊല്ലാൻ മുന്നൊരുക്കമില്ലാതെ സാധിക്കില്ല. കലാപങ്ങളുടെ പിറകിൽ നല്ല പ്ലാനിങ് ഉണ്ട്. ഇല്ലെന്നു നമുക്ക് വെറുതെ തോന്നുന്നതാണ്. ഗുജറാത്ത് കലാപത്തിന്റെ കാര്യത്തിൽ കൊല്ലപ്പെടേണ്ട ആളുകൾ താമസിക്കുന്ന കോളനികളുടെയും ഫ്ളാറ്റുകളുടെയും ഒക്കെ ലിസ്റ്റ് നേരത്തെ തന്നെ പബ്ലിഷ് ചെയ്തു കഴിഞ്ഞിരുന്നതാണ്. വാളുകളും, ശൂലങ്ങളും, പെട്രോൾ ഉൾപ്പെടെയുള്ള വസ്തുവകകളും നേരത്തെ തന്നെ സംഭരിച്ചു വയ്ക്കപ്പെട്ടിരുന്നു. അതുകൊണ്ടാണ് ഗോദ്ര ഈ കലാപത്തിന്റെ ഒരു പ്ലാന്റ് ചെയ്ത തുടക്കമാണെന്നു ചിലരെങ്കിലും സംശയിക്കാൻ കാരണം.
- ഇനി വേണ്ടത് കലാപം തുടങ്ങാൻ ഒരു കാരണമാണ്. എന്ത് കാരണവും ആകാം. അവരാണ് തുടങ്ങി വച്ചത് എന്നതാണ് ഇതിന്റെ എപ്പോഴുമുള്ള ഹൈലൈറ്റ്. രണ്ടായിരം മുസ്ലിങ്ങൾ കൊല്ലപ്പെട്ട ഗുജറാത്ത് കലാപത്തിന്റെ കാരണം 59 പേര് മരിച്ച ഗോദ്ര ട്രെയിൻ തീവെപ്പ്, ശ്രീ ലങ്കയിലെ ബ്ലാക്ക് ഫ്രൈഡേ എന്ന,3000 തമിഴന്മാർ കൊല്ലപ്പെട്ട കലാപത്തിന്റെ കാരണം LTTE 13 ശ്രീലങ്കൻ പട്ടാളക്കാരെ വധിച്ചത് എന്നിങ്ങനെ കാരണങ്ങൾ എല്ലാ വലിയ കലാപങ്ങളുടെ പിന്നിലും ഉണ്ടാകും. സാധാരണ ഗതിയിൽ പോലീസും കോടതിയും കൈകാര്യം ചെയ്യേണ്ട കാര്യങ്ങൾ പക്ഷെ കലാപ സമയത്ത് മുൻകൂട്ടി പ്ലാൻ ചെയ്തിരുന്ന അക്രമങ്ങൾക്ക് ഒരു കാരണമായി തീരും. വൻകലാപങ്ങൾ മുൻകൂട്ടി തീരുമാനിച്ച് മുന്നൊരുക്കങ്ങൾ നടത്തപെട്ടവ ആയതുകൊണ്ട്, ഇപ്പോൾ നടന്നത് അല്ലെങ്കിൽ വേറെ എന്തെങ്കിലും കലാപങ്ങൾക്ക് ഒരു കാരണമായി ഭവിക്കും.
- കൊലപാതകങ്ങൾ ഒറ്റക്ക് ചെയാൻ ഒട്ടും എളുപ്പമല്ല. കാരണം ഒറ്റക്ക് ചെയ്യുമ്പോൾ അതിന്റെ പൂർണ ഉത്തരവാദിത്വം നമുക്കാണ്. അതുകൊണ്ടാണ് കലാപങ്ങൾക്ക് ഒരു കൂട്ടം നമ്മുടെ കൂടെ വേണ്ടത്. എല്ലാ കലാപങ്ങളിലും അക്രമങ്ങൾ നടത്തുന്നത് ആളുകളുടെ ഒരു കൂട്ടമായിരിക്കും. കാരണം ഒരു കൂട്ടം അക്രമം കാണിക്കുമ്പോൾ നമുക്ക് അതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ എളുപ്പമാണ്. അല്ലെങ്കിൽ ഒരു പക്ഷെ ഒരു PTSD അവസ്ഥയിലേക്ക് പൊയ്‌പോയേക്കാവുന്ന തന്റെ ഭാവികാല മനസിനെ സംരക്ഷിക്കുകയാണ് അക്രമങ്ങൾ കൂട്ടമായി ചെയ്യുന്നത് വഴി ഒരു കലാപകാരി നടപ്പിലാക്കി എടുക്കുന്നത്.
നമുക്ക് യഥാർത്ഥ സമാധാനം വേണമെങ്കിൽ വെറുപ്പിന്റെയും നുണകളുടെയും ഫാക്ടറികളെ പരാജയപ്പെടുത്തേണ്ടതുണ്ട്. ആയുധങ്ങൾ ഏന്തിയ മനുഷ്യരേക്കാൾ അപകടകാരികളാണ്, മനസ്സിൽ വിദ്വേഷം വച്ച് നടക്കുന്ന മുന്നമാർ. ആദ്യത്തെ കൂട്ടാത്തെ കയ്യിലെ ആയുധം കണ്ടു നമുക്ക് മനസിലാക്കാം, രണ്ടാമത്തെ കൂട്ടത്തെ മനസിലാക്കാൻ വലിയ ബുദ്ധിമുട്ടാണ്. ചില മുന്നമാർക്ക് അവരെ അങ്ങിനെ തിരിച്ചറിയപ്പെട്ടതിൽ ദേഷ്യം തോന്നാനുള്ള ഒരു കാരണവും ഇതുതന്നെയാണ്.
മേല്പറഞ്ഞ കാരണങ്ങൾ പരിശോധിച്ചാൽ ഒരു വലിയ കലാപത്തിന്റെ വിത്തുകൾ പല ടിവി ചാനലുകൾ വഴിയും, യൂട്യൂബ് ചാനലുകൾ വഴിയും, മഞ്ഞപത്രങ്ങളുടെ വെബ്സൈറ്റുകൾ വഴിയും, ചില കേന്ദ്ര മന്ത്രിമാർ വഴിയും, വെള്ളാപ്പള്ളി നടേശനും പിസി ജോർജും പോലുള്ള തീ**ങ്ങൾ വഴിയും, ചില നിഷ്പക്ഷ നിരീക്ഷകന്മാർ വഴിയും, നാസ്തിക മോർച്ച പോലുള്ള ചില യുക്തിവാദി കൂട്ടായ്മകൾ വഴിയും ഇപ്പോൾ തന്നെ വിതയ്ക്കപ്പെടുന്നതായി കാണാം. ഇതിനെതിരെയുളള പ്രധാന പ്രതിരോധം മനുഷ്യരെ പരസ്പരം അറിയാനും സ്നേഹിക്കാനും കഴിയുന്ന സാംസ്‌കാരിക രാഷ്ട്രീയ കൂട്ടായ്മകളാണ്. ഓർക്കുക അപരവത്കരണമാണ് കലാപങ്ങളുടെ ആദ്യ പടി. അത് അവിടെ തന്നെ തകർക്കപെടാൻ എന്തൊക്കെ ചെയ്യാനാകുമോ അതൊക്കെ നമ്മൾ ചെയ്യേണ്ടതുണ്ട്. നമ്മൾ വളർന്ന കേരളം അതേപോലെ നമ്മുടെ കുട്ടികൾക്കു കൊടുക്കാൻ അത്രയെങ്കിലും നമുക്ക് ചെയാൻ കഴിയണം.
നോട്ട് : ചിത്രം ഇന്റർനെറ്റിൽ നിന്ന് കിട്ടിയതാണ്, ചെയ്തത് ആരാണെന്ന് അറിയില്ല.

Leave a comment