പുറമെ പരുക്കരായ ചില മനുഷ്യരുണ്ട്. ആളുകളോട് പെരുമാറാൻ അറിയാത്ത, എപ്പോഴും ദേഷ്യപ്പെട്ട് നടക്കുന്ന ചിലർ. പലപ്പോഴും, തങ്ങളുടെ ജീവിത സാഹചര്യങ്ങളും അനുഭവങ്ങളും ദൃഢമാക്കി കളഞ്ഞ പുറന്തോടിനുള്ളിൽ ,ഏറ്റവും മൃദുവായ വികാരങ്ങളെയും ഭയത്തെയും, ഒന്ന് സ്നേഹിക്കപ്പെടാനുള്ള ഏങ്ങലുകളെയും , അതിവിദഗ്ധമായി ഈ പുറന്തോടുകൾക്കുള്ളിൽ ഒളിപ്പിച്ചു വയ്‌ക്കുന്നവരാണിവർ.
ഇക്കഴിഞ്ഞ ദിവസം മാതാപിതാക്കളെ ധിക്കരിച്ചു പ്രേമിച്ചു കല്യാണം കഴിച്ചവരെ കുറിച്ചുള്ള ഒരു തമിഴ് പരിപാടി കാണുകയായിരുന്നു. മകളുടെ വിവാഹത്തെ എതിർത്തുകൊണ്ട് ആത്മഹത്യയ്ക്ക് വരെ ശ്രമിച്ച, പുറമെ വളരെ പരുക്കൻ മുഖഭാവമുള്ള ഒരമ്മയോട്, ഇപ്പോൾ എന്തുകൊണ്ട് മരുമകനെ ഇഷ്ടമെന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞ ഉത്തരം അവരുടെ ഉള്ളിലെ ഏറ്റവും മൃദലമായ ഭാഗം കാട്ടിത്തരുന്ന ഒന്നായിരുന്നു.
“ഞാൻ ചെറുപ്പത്തിലേ വളരെ കഷ്ടപ്പെട്ട് ജോലിയെടുത്ത് കുട്ടികളെ വളർത്തിയതാണ്. ഇനി മകൾ അവളുടെ പഠനം തീരുന്നതിനു മുന്നേ തന്നെ വേറെ ഒരാളെ പ്രേമിക്കുന്നു എന്ന് കേട്ടപ്പോൾ എനിക്ക് ദേഷ്യം വന്നു എന്നത് ശരീയാണ്. ഒരു പക്ഷെ ഈ പരുക്കൻ സ്വഭാവത്തെ കൊണ്ടായിരിക്കാം, എന്റെ വീട്ടിൽ ഒരാൾ പോലും ഞാൻ കഴിച്ചോ , എന്റെ സന്തോഷം എന്താണെന്നു ചോദിച്ചിട്ടില്ല. എന്റെ മരുമകനാണ്, ഞാൻ ഭക്ഷണം കഴിച്ചോ എന്നാദ്യമായി എന്നോട് ചോദിച്ചത്. എനിക്ക് വിമാനത്തിൽ പോകണമെന്നത് വലിയ ആഗ്രഹമായിരുന്നു. ഇപ്പോൾ പണം ഇല്ലാഞ്ഞിട്ടല്ല, പക്ഷെ ആരും ചോദിച്ചില്ല, ഞാൻ വിമാനയാത്ര പോയിട്ടുമില്ല. പക്ഷെ മരുമകൻ എന്നെ ഒരു ട്രിപ്പ് കൊണ്ടുപോയി. എന്റെ കുട്ടികളും ഭർത്താവും പോലും കാണാത്ത എന്റെ മനസിന്റ ഒരു ഭാഗം എന്റെ മരുമകൻ കണ്ടു. ഞാൻ അതുവരെ ഒരു മൃഗമായിരുന്നു, എന്നെ മനുഷ്യൻ ആക്കിയത് അവനാണ്” : അത്ര നേരം നമ്മൾ ഒരു വെറുപ്പോടെ കണ്ടിരുന്ന ആ അമ്മ കരയുന്നത് കണ്ട നമ്മളും കൂടെ കരയും.
അല്ലെങ്കിലും മനുഷ്യർ ഞണ്ടുകളെപോലെയാണെന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. തങ്ങളുടെ കട്ടിയുള്ള പുറന്തോടിനുള്ളിൽ മൃദുലമായ വികാരങ്ങളെ പുറംലോകം കാണാതെ സൂക്ഷിച്ചു കൊണ്ടുനടക്കുന്നവർ. ആ അകക്കാമ്പിൽ, ഒരു മണൽത്തരി കൊണ്ടുള്ള മുറിവുപോലും സഹിക്കാൻ കഴിയാത്തവർ. പുറംതോടും കടന്നു ഉള്ളിൽ വീണ മണൽത്തരിയെ മുത്താക്കി മാറ്റുന്ന , മുത്തുച്ചിപ്പിച്ചയുടെ കഴിവില്ലാത്തവർ.
ഞണ്ടുകളെ പോലെത്തന്നെ, ഈ മനുഷ്യർക്കും , കാലം കഴിയുമ്പോൾ ഈ പുറന്തോട് തങ്ങളുടെ വളർച്ചയ്ക്ക് വിഘാതമായി തീരും. ഞണ്ടുകൾ ഒരു ഗുഹയുടെ അകത്തോ, വലിയൊരു പാറയുടെ അടിയിലോ പോയി തങ്ങളുടെ പുറന്തോടുകൾ അഴിച്ചു കളയും. പുതിയ, വലിയൊരു പുറന്തോട് വരുന്നത് വരെ , പുറത്തുള്ള ഇരപിടിയന്മാർക്ക് പിടികൊടുക്കാതെ അവർ ഈ സുരക്ഷിത വലയത്തിൽ കഴിയും. മനുഷ്യരെ സംബധിച്ചിടത്തോളം ഈ പുറന്തോട് പൊഴിക്കൽ വലിയ പാടുള്ള ഒന്നാണ്. കാരണം, സമൂഹത്തിന് മുന്നിൽ അതുവരെ കാണിച്ചു പോന്ന ഈ കടുംപിടുത്തം വിട്ടാൽ അവരെ കൊത്തിപ്പെറുക്കി തിന്നാൻ ആയിരക്കണക്കിന് ആളുകൾ കാത്തിരിക്കുന്നു എന്നവർക്കറിയാം. തങ്ങൾക്ക് പ്രിയപ്പെട്ട, വിരലിലെണ്ണാവുന്നവർക്ക് മാത്രം അറിയാവുന്ന ഈ അകക്കാമ്പ് സംരക്ഷിക്കാനുള്ള ശ്രമം പക്ഷെ അവരുടെ വളർച്ച തടയുന്ന ഒന്നായി ചിലപ്പോൾ മാറിയേക്കാം. താൻ യഥാർത്ഥത്തിൽ എങ്ങിനെയാണെന്ന് പുറംലോകത്തെ അറിയിച്ചു കൊണ്ട്, തങ്ങളുടെ ഏറ്റവും മൃദലമായ വികാരങ്ങളെ ലോകത്തെ കാണിച്ചുകൊണ്ട്, ഈ പുറന്തോട് പൊളിച്ചുകളയുന്നവരുണ്ട്. ആ ധൈര്യം കിട്ടാത്തത് കൊണ്ട് വളർച്ചയായുടെ വേദന സഹിച്ചാണെങ്കിലും കടിച്ചുപിടിച്ച് ഈ പുറംതോടിൽ തന്നെ ജീവിതകാലം കഴിക്കുന്നവരുമുണ്ട്.
നമ്മളിൽ പലരും നമ്മുടെ ബന്ധങ്ങളിലും, ജോലിയിലും, ലൈംഗികതയിലും ഒക്കെ ഉള്ളിൽ ഒന്നൊളിപ്പിച്ച് വച്ച്, പുറത്തു കട്ടിയായ പുറന്തോടണിഞ്ഞു നടക്കുന്നവരാകാം. നമുക്കും മറ്റുള്ളവർക്കും വേദന ഉണ്ടാകുമെന്നത് കൊണ്ടുമാത്രം ജീവിതകാലം മുഴുവൻ പുറത്ത് ചിത്രപ്പണികളുള്ള ഈ പുറന്തോടുകളുമായി ജീവിക്കാൻ വിധിക്കപെട്ടവർ. അത് പൊളിച്ചുകളയുന്നവരെ കാണുമ്പോൾ അസൂയപെടുന്നവർ. ഒരിക്കൽ നമുക്കും അതിനുള്ള ധൈര്യം വരുമായിരിക്കുമെന്ന് ആശിച്ചുകൊണ്ട് ജീവിതം പഴയതുപോലെ തന്നെ മുന്നോട്ടുകൊണ്ടുപോകുന്നവർ.
ഈ പുറന്തോട് കുടഞ്ഞുകളഞ്ഞ ഒരാളെ ഈയടുത്ത് ഞാൻ പരിചയപെട്ടു. കേട്ടറിഞ്ഞത് വച്ച്, പരുക്കൻ സ്വഭാവമുള്ള ഒരാളെയാണ് ഞാൻ പ്രതീക്ഷിച്ചത്. പക്ഷെ ഞാൻ കണ്ടത്, ഏറ്റവും മൃദലമായ, മനുഷ്യരെ സ്നേഹിക്കുന്ന, ഏറ്റവും ധൈര്യവും സ്നേഹവും നിറഞ്ഞ അകക്കാമ്പുള്ള ഒരാളെയും. നമുക്കെല്ലാവർക്കും, അടുത്ത തവണ ഒരാളെ പരിചയപ്പെടുമ്പോൾ ഈ പരുക്കൻ പുറന്തോടുകൾ കടന്ന്, അതിനുള്ളിലെ മനുഷ്യരെ കാണാൻ ശ്രമിക്കാം…
Leave a comment