“തമിഴ്‌നാടിന്റെ ചരിത്രമോ, ഒരു പക്ഷെ ഇന്ത്യയുടെ തന്നെ ചരിത്രമോ മാറ്റിമറിക്കുന്ന ഒരു കണ്ടുപിടിത്തം ഇവിടെ നിന്ന് കിട്ടുമെന്നാണ് ഞങ്ങൾ ഇപ്പോഴും കരുതുന്നത്.. ” എന്ന് പറഞ്ഞാണ് കീഴടി മ്യൂസിയത്തിലെ ഞങ്ങളുടെ ഗൈഡ് ഞങ്ങളെ യാത്രയാക്കിയത്. മാസങ്ങൾക്ക് ശേഷം ലോക ചരിത്രത്തെ തന്നെ മാറ്റിമറിക്കുന്ന ഒരു കണ്ടുപിടുത്തം തന്നെ തമിഴ്നാട്ടിൽ നിന്ന് വരുമെന്ന് ഞങ്ങൾ ആരും കരുതിയില്ല.
ഒരു സ്വകാര്യ ആവശ്യത്തിനായി മധുര സന്ദർശിക്കേണ്ടി വന്നതിന്റെ അവസാന ദിവസം ഇല്ലാത്ത സമയം ഉണ്ടാക്കിയാണ് കീഴടി കാണാൻ പോയത്. മുപ്പത് വര്ഷങ്ങളായി മധുരയിൽ താമസിക്കുന്ന ഗോമതിയുടെ ചേച്ചിക്ക് പോലും മധുരയിൽ നിന്ന് വെറും 12 കിലോമീറ്റർ മാത്രം ദൂരെ , തമിഴ്‍നാട്ടിലെ തന്നെ ഏറ്റവും പഴക്കം ചെന്ന സംസ്‌കൃതികളിൽ ഒന്ന് നിലനിന്നിരുന്ന ഒരു സ്ഥലമുണ്ടെന്നോ, അവിടെ ലോകോത്തരമായ ഒരു മ്യൂസിയം ഈയടുത്തു തുറന്നിട്ടുണ്ടെന്നോ അറിയില്ലെന്നത് എനിക്ക് വലിയ അദ്ഭുതമായിരുന്നു.
ഇന്ത്യയിൽ പൊതുവെ ഏറ്റവും പഴക്കം ചെന്ന സംസ്കാരമായി കരുതിപോരുന്നത് സിന്ധു നദീതട സംസകരമാണ്. BCE 3300 മുതൽ BCE 1300 വരെ നിലനിന്നു പോന്ന ഈ സംസ്കാരം തകർന്നതിനു ശേഷം, മധ്യേഷ്യയിൽ നിന്ന് കുടിയേറിയ ആര്യന്മാർ, ഇന്തോ-ഗംഗാ സമതലംത്തിന്റെ (Indo-Gangetic Plain) അരികുപിടിച്ച് വികസിപ്പിച്ച ആര്യ വേദിക് സംസ്കാരം പിന്നീട് ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും അവിടെയുണ്ടായിരുന്ന മാറ്റ് ജനവിഭാഗങ്ങളുമായി കൂടിച്ചേരുകയും ചെയ്ത് ഇന്ന് കാണുന്ന അവിയൽ പരുവത്തിലുള്ള ഇന്ത്യൻ സംസ്കാരം രൂപപ്പെട്ടു എന്നതാണ് ഇതുവരെ ലഭ്യമായ DNA തെളിവുകളുടെ അടിസ്ഥാനത്തിൽ കരുതിപ്പോരുന്നത്. സംസ്കൃതം ജർമൻ ഭാഷയുമായി ബന്ധമുള്ള ഒരു ഇൻഡോ യൂറോപിയൻ ഭാഷ ആകുന്നതും, തമിഴ് എന്നാൽ നൂറു ശതമാനം ഇന്ത്യൻ ഭാഷയായി നിലകൊള്ളുന്നതും, വടക്കു നിന്ന് തെക്കോട്ടു വരുമ്പോൾ ആളുകളുടെ തൊലിയുടെ നിറത്തിൽ വ്യത്യാസം വരുന്നതും , പാൽ ദഹിപ്പിക്കാനുള്ള കഴിവ് കുറഞ്ഞു വരുന്നതുമെല്ലാം ഇതുമായി ബന്ധപ്പെട്ടതാണ്.
വൈഗൈ നദിയുടെ കരയിലുള്ള, കീഴടിയിൽ excavation നടക്കുന്ന സ്ഥലം ഒരു തെങ്ങിൻതോപ്പിന്റെ നടുക്കാണ്. നമുക്ക് നേരിട്ട് പോയി സന്ദർശിക്കാം. അവിടെനിന്ന് കിട്ടിയ കുറെ സാമഗ്രികൾ കേന്ദ്ര സർക്കാരിന്റെ കയ്യിലാണ്, കാരണം ആദ്യത്തെ മൂന്ന് ഉത്ഖനനങ്ങൾ അവരാണ് ഇവിടെ നടത്തിയത്. സിന്ധു നദീതടത്തിൽ കാണുന്നത് പോലെ, ഇഷ്ടിക കൊണ്ടുള്ള പല നിലകളിലുളള കെട്ടിടങ്ങൾ, കിണറുകൾ, അഴുക്കു ചാലുകൾ , ആഭരണങ്ങൾ, ഗ്രാഫിറ്റി തുടങ്ങിയവ ഇവിടെ കണ്ടെത്താൻ തുടങ്ങിയപ്പോൾ, രാഷ്ട്രീയ കാരണങ്ങൾ കൊണ്ടോ മറ്റോ കേന്ദ്ര സർക്കാർ ഇവിടെയുള്ള ഉത്ഖനനം നിർത്തി വച്ച്. കോടതി വരെ കയറിയ സംസ്ഥാന സർക്കാർ പിന്നീട അവരുടെ ചിലവിൽ ഉത്ഖനനം പുനരാരംഭിക്കുകയായിരുന്നു. നാലാമത്തെയും അഞ്ചാമത്തേയും ഉത്ഖനനത്തിൽ ലഭിച്ച വസ്തു വകകൾ (ഏതാണ്ട് 15000 ഓളം എണ്ണം) ഈ സ്ഥലത്തിന് തൊട്ടടുത്തുള്ള മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. സൗജന്യ ഗൈഡുകൾ ഉൾപ്പെടെ ഈ മ്യൂസിയം ലോകോത്തരമായ നിലവാരത്തിലാണ് ഒരുക്കിയിട്ടുള്ളത്. മധുരയിൽ പോകുന്ന ഏവരും കാണേണ്ട ഒന്നാണ്. റോമൻ നാണയങ്ങൾ, യൂറോപ്പിലെയും ആഫ്രിക്കയിലെയും ആളുകളുടെ അസ്ഥികൂടങ്ങൾ തുടങ്ങിയവ കീഴടിക്ക് മറ്റു രാജ്യങ്ങളുമായി വ്യപാര ബന്ധം ഉണ്ടായതായി സൂചിപ്പിക്കുന്നു. ആളുകളെ ഇരുത്തി അടക്കിയിരുന്ന burial urns ( കേരളത്തിൽ കുടക്കല്ലുകൾ പോലെ) ഇവിടെ ധാരാളമായി കണ്ടെത്തിയിട്ടുണ്ട്.
ഇവിടെയുള്ള മണ്പാത്രങ്ങളിൽ തമിഴ് ബ്രാഹ്മി സ്ക്രിപ്റ്റ് കാണുന്നുണ്ട്. അതിന്റെ കൂടെ തന്നെ കാണുന്ന ഗ്രാഫിറ്റി, സിന്ധു നദീതടത്തിൽ കാണപ്പെടുന്ന , ഇതുവരെ മനസിലാകാൻ സാധിച്ചിട്ടില്ലാത്ത എഴുത്തുകളോട് വളരെ അടുത്ത് നിൽക്കുന്നവയാണ്. സിന്ധു നദീതട സംസ്കാരത്തിന്റെ തുടർച്ചയായിരിക്കാം കീഴടിയിൽ ഉള്ളത് എന്നോ, അല്ലെങ്കിൽ ഒരു പക്ഷെ തമിഴ്നാട് മുതൽ പാകിസ്ഥാൻ വരെ വ്യാപിച്ചു കിടന്നിരുന്ന ഒരു സംസ്കാരത്തിന്റെ തന്നെ ഭാഗങ്ങളാണ് ഈ രണ്ടു സ്ഥലങ്ങളും എന്നോ നമുക്ക് ഊഹിക്കാൻ ഒരു തടസം കാലഘട്ടത്തിന്റെ വ്യത്യസ്തമാണ്. കാരണം കീഴടിയിൽ ഇപ്പോൾ കണ്ടെത്തിയ ഏറ്റവും പഴക്കമുളള സാമഗ്രി BCE 600 വർഷങ്ങൾ മാത്രമേ പഴക്കമുള്ളൂ. ഒരു പക്ഷെ തമിഴ് ബ്രാഹ്മി സ്ക്രിപ്റ്റും, സിന്ധു നദീതടത്തിൽ കണ്ടെത്തിയ സ്ക്രിപ്റ്റും ബന്ധിപ്പിക്കുന്ന ഒരു റൊസേറ്റ സ്റ്റോൺ കീഴടിയിൽ കണ്ടെത്തിയാലും അത്ഭുതപ്പെടാനില്ല. 12% പ്രദേശം മാത്രമേ കീഴടിയിൽ ഇതുവരെ ഉദ്ഖനനം നടത്തിയിട്ടുള്ളൂ. (മൂന്നു ഭാഷകളിൽ ഒരേ കാര്യം എഴുതിവച്ചിരുന്ന റൊസേറ്റ സ്റ്റോൺ കണ്ടെത്തിയപ്പോഴാണ് ഈജിപ്തിലെ ഹൈറോഗ്ലിഫിക്സ് എന്ന ഭാഷ മനസിലാക്കാൻ സാധിച്ചത്.). മതം ജാതി ദൈവ ആരാധനാ തുടങ്ങി ഒന്നും തന്നെ ഇവിടങ്ങളിൽ നിന്ന് കണ്ടെത്തിയിട്ടില്ല.
ഈ കാലഘട്ട വ്യത്യാസാം കൊണ്ടുള്ള പ്രശ്നം , തമിഴ്‌നാട്ടിലെ തന്നെ മറ്റൊരു സ്ഥലത്തിൽ നടത്തിയ ഉത്ഖനനം പരിഹരിക്കുന്നുണ്ട്. താമരഭരണി നദിയുടെ അടുത്തുള്ള ആദിചേന്നല്ലൂർ, ശിവകലൈ തുടങ്ങിയ സ്ഥലങ്ങളിൽ കണ്ടെത്തിയ വസ്തുക്കൾ 5300 വർഷങ്ങൾ പഴക്കമുള്ളവയാണ്. ( പഴക്കം നിർണയിക്കാൻ ശാസ്ത്രീയ മാർഗങ്ങളാണ് തമിഴ്നാട് സർക്കാർ സ്വീകരിച്ചിട്ടുള്ളത്, അതിൽ അമേരിക്കയിലെ ഫ്ലോറിഡയിലെ ഒരു ലാബ് ഉൾപ്പെടെയുള്ളിടത്ത് നടത്തിയ ടെസ്റ്റുകളും പെടും). 5300 വർഷങ്ങൾക്ക് മുമ്പെന്നു പറയുമ്പോൾ BCE 3200, സിന്ധു നദീതട സംസ്കാരമ തുടങ്ങിയ അതെ കാലഘട്ടം. ഒരു പക്ഷെ ലോകത്ത് ഒരേ ഇടത്ത് തുടർന്നുകൊണ്ടിരിക്കുന്ന ഏറ്റവും പഴക്കമുള്ള സംസ്കാരം ദക്ഷിണ ഇന്ത്യയിലേതു ആണെന്നും, ഏറ്റവും പഴക്കം ചെന്ന ഭാഷ തമിഴാണെന്നും ശാസ്ത്രീയമായി തെളിഞ്ഞാൽ അത്ഭുതപ്പെടാനില്ല.
പക്ഷെ ലോക ചരിത്രം മാറ്റിയ കാര്യം പറഞ്ഞത് ഇതൊന്നും കൊണ്ടല്ല. ശിവകലയിലെ ഇരുമ്പ് ഉണ്ടാക്കുന്ന ഉലകളിൽ കാർബൺ ഡേറ്റിംഗ് നടത്തിയപ്പോൾ അതിന് BCE 3345 വർഷങ്ങൾ പഴക്കമുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്. ലോകത്ത് ഇരുമ്പുയുഗം ഇതുവരെ കരുതിയിരുന്നത് BCE 1200 ൽ യൂറോപ്പിൽ തുടങ്ങി എന്നായിരുന്നു. ആ കണക്കിനെയാണ് രണ്ടായിരം വർഷങ്ങൾക്ക് പിന്നിലേക്ക് തമിഴ്നാട് നീക്കി വയ്ക്കുന്നത്. ഈ കണ്ടുപിടുത്തങ്ങളുടെ Peer review ഒക്കെ കഴിയുമ്പോൾ, ലോകത്ത് iron age തുടങ്ങിയത് തമിഴ്നാട്ടിലാണെന്ന വസ്തുതകൾക്ക് ഉറപ്പാക്കും. അതോടെ ഇന്ത്യൻ ചരിത്രത്തിന്റെ കൂടെ ലോകചരിത്രം തന്നെ തിരുത്തി എഴുതപ്പടും.
ശിവകലയിലെ കണ്ടുപിടുത്തത്തെ സഹായിച്ച മാണിക്കം എന്ന ഒരു അധ്യാപകനെ കുറിച്ചുകൂടി പറഞ്ഞില്ലെങ്കിൽ ഈ പോസ്റ്റ് പൂർണം ആകില്ല. അദ്ദേഹത്തെ കുറിച്ച് വിശദമായി പിന്നീട് എഴുതാം. എന്തുകൊണ്ടാണ് തമിഴ്‌നാട്ടിലെ ഉത്ഖനനത്തിന് എന്തുകൊണ്ട് കേന്ദ്ര സർക്കാർ എതിര് നില്കുന്നു , കോടതിയിൽ പോകേണ്ടി വരുന്നു എന്നതിന്റെ കാരണം ഡേവിഡ് റീക് Who We Are and How We Got Here എന്ന പുസ്തകത്തിൽ , the collision that made india എന്ന അധ്യായത്തിൽ എഴുതിയിട്ടുണ്ട്. ദ്രാവിഡിയൻ , ആര്യൻ എന്നൊക്കെ ഉള്ള വകതിരിവുകളെ കുറിച്ച് DNA ടെസ്റ്റ് വഴി തെളിയിച്ച അദ്ദേഹത്തോട്, ഈ പേരുകൾ ASI = ancient south indian, ANI = ancient north indian എന്ന് മാറ്റാൻ സർക്കാർ നിർദേശിച്ചു എന്നാണ് കഥ. ശരിക്കും ഇന്ത്യയിൽ ആദ്യമുണ്ടായിരുന്ന എല്ലാവരും Ancient South Indians ആയ ദ്രാവിഡിയൻസ് ആയിരുന്നു എന്നതാണ് കേന്ദ്ര സർക്കാരിനെ വെറുപ്പിക്കുന്ന സംഗതി. അതിനും മുൻപ് ഇന്ത്യയിൽ വന്ന ആദിമ നിവാസികൾ ഇതൊക്കെ കണ്ടു ചിരിക്കുന്നുണ്ടാകും.
ഭാഗ്യത്തിന് ഇതിനെയൊക്കെ മനസ്സിലാക്കാനും പിന്തുണയ്ക്കാനുമുള്ള ഒരു രാഷ്ട്രീയ നേതൃത്വം തമിഴ് നാട്ടിൽ ഇപ്പോൾ ഉണ്ടെന്നത് ആശ്വാസകരമാണ്. സിന്ധുനദീതട ലിപി മനസ്സിലാക്കുന്നവർക്ക് തമിഴ് നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പ്രഖ്യാപിച്ച ഒരു മില്യൺ യുഎസ് ഡോളറിന്റെ സമ്മാനം ഇത്തരുണത്തിൽ ഓർമ്മിക്കേണ്ടതാണ്.
LikeLiked by 1 person