വയസാവുന്ന അമ്മമാർ

അച്ഛന് വയസായി വരികയാണ്. ഒരാൾ പിടിക്കാതെ നടക്കാൻ വയ്യ, പറയുന്നതിൽ പലതും മനസിലാവുന്നുമില്ല, മനസിലാകുന്നതിൽ പലതും  പരസ്പര ബന്ധമുള്ള കാര്യങ്ങളുമല്ല. പക്ഷെ വാശി നന്നായുണ്ട്. വീട്ടിൽ ഒരാളെ സഹായത്തിനു വയ്ക്കാമെന്നു വച്ചാൽ അത് സമ്മതിക്കുനില്ല, പ്രായമുള്ളവർ താമസിക്കുന്ന ഒരു geriatrics വിദഗ്ദന്മാരുള്ള സെന്ററിലേക്ക് മാറ്റാം എന്ന് പറഞ്ഞാൽ അതിനും സമ്മതമില്ല. കുട്ടികളുടെയും കൗമാരക്കാരുടെയും ശാരീരിക മാനസിക ആരോഗ്യ പരിരക്ഷണം നമ്മളിൽ നിന്ന് വ്യത്യസ്തമാണെന്നത് പോലെ തന്നെ വയസായവരുടെ ശാരീരിക മാനസിക കാര്യങ്ങൾ നോക്കാൻ ഒരു സ്പെഷ്യലിസ്റ്റ് കൂടിയേ തീരൂ. അല്ലെങ്കിൽ അവരുടെയും അവരെ സ്ഥിരമായി പരിചരിക്കുന്നവരുടെയും  ജീവിത നിലവാരത്തിൽ വലിയ ഇടിവുണ്ടാകും. പല വീടുകളിലും പ്രായമായ അച്ഛനമ്മമാരെ നോക്കാൻ നിൽക്കുന്നത് കൊണ്ട് പല കുടുംബങ്ങൾക്കും സ്വന്തന്ത്രമായി ഒരു ദീർഘകാല യാത്ര പോലും  പ്ലാൻ ചെയ്യാൻ കഴിയാറില്ല. 

ഇതിനെയെല്ലാം ഇടയിൽ നമ്മൾ കാണാതെ പോകുന്നത് വയസായ അച്ചന്മാരെ നോക്കുന്ന അമ്മമാരുടെ ആരോഗ്യമാണ്. അച്ഛന്റെ കൂടെ തന്നെ അമ്മയും വയസായി വരികയാണ്. അച്ഛനെ ഒറ്റക്ക് നോക്കാനോ പാചകം ചെയ്യാനോ ഒന്നുമുള്ള ആരോഗ്യം അമ്മയ്ക്കില്ല. ഓർമ്മക്കുറവ് തുടങ്ങുന്നതിന്റെ ലക്ഷണങ്ങൾ ചെറുതായി കാണിച്ചു തുടങ്ങുന്നുണ്ട്, പക്ഷെ അച്ഛന്റെ ആരോഗ്യ സ്ഥിതി അതിലും മോശമായത് കൊണ്ട് ആരും അമ്മയുടെ ആരോഗ്യത്തെ കുറിച്ച് സംസാരിക്കുന്നത് പോലുമില്ല. പ്രായത്തിൽ കുറഞ്ഞ സ്ത്രീകളെ പുരുഷന്മാർ വിവാഹം ചെയ്യുന്നത് തന്നെ വയസാം കാലത്ത് തങ്ങളെ നോക്കാനുള്ള ഒരു ഇൻഷുറൻസ് ആണെന്ന് ചിലപ്പോൾ എനിക്ക് തോന്നാറുണ്ട്. 

അച്ചന്മാർ വയസാകുമ്പോൽ അതിന്റെ നിഴലിൽ ആരുമറിയാതെ രോഗിയായി വയസായി ജീവിക്കാനാണ് അമ്മമാരുടെ വിധിയെന്ന് തോന്നുന്നു. മേല്പറഞ്ഞ പിടിവാശികളും മറ്റും വയസാകുന്നതിന്റെ ഭാഗമായി അമ്മയ്ക്കും ഉണ്ട്.  വൃദ്ധനായ ഭർത്താവിനെ നോക്കി നോക്കി ഡിപ്രെഷൻ അടിക്കുന്ന സ്ഥിതിയിലാണ് നമ്മുടെ ചില അമ്മമാരെങ്കിലും. സമൂഹം എന്ത് പറയുമെന്ന തോന്നലിലോ, സ്നേഹത്തിന്റെ പുറത്തോ ഒക്കെ തന്റെ ആരോഗ്യം കണക്കിലെടുക്കാതെ ഭർത്താവിനെ നോക്കുന്നത് കടമയായി കരുതുന്നവരാണ് ഭൂരിപക്ഷവും, അങ്ങിനെ അല്ലെങ്കിൽ അവർക്ക് കുറ്റബോധം തോന്നാനുള്ള വകയെല്ലാം ഒരു സമൂഹമെന്ന നിലയിൽ നമ്മൾ ചെയ്തുവച്ചിട്ടുണ്ട്. കെ ജി ജോർജിനെ ഇതുപോലെ ഒരു സെന്ററിൽ ആക്കിയപ്പോൾ അദ്ദേഹത്തിന്റെ ഭാര്യയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിൽ വന്ന പ്രതികരണങ്ങൾ ശ്രദ്ധിച്ചാൽ ഇക്കാര്യം മനസിലാക്കാം. 

കേരളത്തിൽ വൃദ്ധരായ ആളുകളെ ഒരുമിച്ച് താമസിപ്പിക്കുന്ന geriatircs വിദഗ്ദന്മാരുള്ള  സെന്ററുകൾ പ്രാദേശികമായി ഉണ്ടായി വരേണ്ടതുണ്ട്. നമ്മുടെ കൺവെട്ടത് തന്നെ അറുപത്തിയഞ്ചും എഴുപതും കഴിഞ്ഞ നമ്മുടെ അച്ഛനമ്മമാർ അവർക്കാവശ്യമുള്ള സൗകര്യങ്ങളോടെ ജീവിക്കുന്നതായിരിക്കും കിട്ടാവുന്നതിൽ ഏറ്റവും നല്ല ഓപ്‌ഷൻ.  അങ്ങിനെയുള്ള സെന്ററുകളിൽ  അച്ഛനമ്മമാരെ ചേർക്കുന്നത് taboo ആയി കാണാത്ത ഒരു സമൂഹവും അതിന്റെ കൂടെ ഉണ്ടാകണം, അതൊരു തെറ്റായി കരുതേണ്ട കാര്യമൊന്നുമില്ല. 

One thought on “വയസാവുന്ന അമ്മമാർ

Add yours

Leave a comment

Blog at WordPress.com.

Up ↑