2024 ലോകസഭാ ഫലം അവലോകനം

നിങ്ങളുടെ മുന്നിൽ ഒരേ നിരക്കിൽ യാത്ര ചെയ്യാൻ താഴെ പറയുന്ന പോലുള്ള മൂന്ന് ചോയ്‌സുകൾ ഉണ്ടെന്ന് കരുതുക. നിങ്ങൾ ഇതിൽ ഏത് തിരഞ്ഞെടുക്കും?

1. പാരിസിലേക്ക് ഉള്ള ട്രിപ്പ് ഭക്ഷണം ഉൾപ്പെടെ. 

2. റോമിലേക്കുള്ള ട്രിപ്പ് ഭക്ഷണം ഉൾപ്പെടെ.

3. പാരിസിലേക്കുള്ള ട്രിപ്പ് ഭക്ഷണം ഇല്ലാതെ.

ഈ പരീക്ഷണം നടത്തിയാൽ ഭൂരിപക്ഷം പേരും തിരഞ്ഞെടുക്കുക ഒന്നാമത്തെ ചോയ്‌സ് ആയിരിക്കും. അതിന്റെ കാരണം യഥാർത്ഥത്തിൽ മൂന്നാമത്തെ ചോയ്സ് ഉള്ളതുകൊണ്ടാണ്. പാരിസിലേക്ക് ഭക്ഷണം ഇല്ലാതെ ഉള്ള ട്രിപ്പും ഭക്ഷണം ഉൾപ്പെടയുള്ള ട്രിപ്പും ഒരേ നിരക്കിലാണെങ്കിൽ ഭക്ഷണം ഉള്ളതാണല്ലോ ലാഭം. അതുകൊണ്ട് യഥാർത്ഥത്തിൽ മൂന്നാമത്തെ ചോയ്സ് നിങ്ങളുടെ തിരഞ്ഞെടുപ്പിൽ വരിക പോലുമില്ല. പക്ഷെ അത് ഉള്ളതുകൊണ്ട് ഏതാണ്ട് എല്ലാവരും ഒന്നാമത്തെ ഓപ്ഷൻ തിരഞ്ഞെടുക്കും. റോമിലേക്ക് ഭക്ഷണം ഉൾപ്പെടെ ഉള്ള ചിലവ്   പാരിസിലേക്ക് ഭക്ഷണം ഇല്ലാതെയുള്ള ചിലവിനേക്കാൾ കുറവാണോ എന്ന് പോലും നമ്മൾ നോക്കില്ല. നമ്മുടെ തലച്ചോർ നമ്മളറിയാതെ തന്നെ നടത്തുന്ന താരതമ്യം കൊണ്ടാണത്. പക്ഷെ  ഇതേ പരീക്ഷണം മൂന്നാമത്തെ ചോയ്സ് ഇല്ലാതെ വേറെ ആളുകളുടെ മുന്നിൽ കൊടുത്താൽ ഫലം മറ്റൊന്നായിരിക്കും. കാരണം അപ്പോൾ നമുക്ക് താരതമ്യം ചെയ്യേണ്ടത് ഒരേപോലുള്ള രണ്ടു കാര്യങ്ങളാണ്. 

ചില മാഗസിനുകളുടെ വരിസംഖ്യ അടക്കുന്ന കാര്യത്തിലും ഇത് പോലെയുള്ള പരസ്യങ്ങൾ കാണാം. ഉദാഹരണത്തിന് നിങ്ങളുടെ പഠന ആവശ്യത്തിനായി ഇക്കണോമിസ്റ്റ് എന്ന മാഗസിൻ നിങ്ങൾക്ക് വേണമെന്ന് കരുതുക. അതിന്റെ വിലനിലവാരം താഴെ പറയുന്നത് പോലെയാണ്. 

1. Economist.com  subscription : വരിസംഖ്യ $59 ഡോളർ.

2. ഇക്കോണമിസ്റ്റ് മാഗസിൻ പ്രിന്റ് ചെയ്തത് വീട്ടിൽ തപാലിൽ വരുത്താൻ  : വരിസംഖ്യ $125 ഡോളർ. 

3. ഇക്കോണമിസ്റ്റ് മാഗസിൻ പ്രിന്റ് ചെയ്തത് വീട്ടിൽ തപാലിൽ വരുത്താനും, economist.com വെബ്സൈറ്റ് സബ്‌സ്‌ക്രിപ്‌ഷനും കൂടി : $125 ഡോളർ. 

മേല്പറഞ്ഞ ചോയ്‌സുകളിൽ ഏതാണ്ട് എല്ലാവരും മൂന്നാമത്തെ ചോയ്സ് തിരഞ്ഞെടുക്കും. അതിന്റെ കാരണം ആദ്യത്തെ ചോയ്സ് ഉള്ളതുകൊണ്ടാണ്. ഇവിടെയും നമ്മുടെ തലച്ചോർ നമ്മൾ അറിയാതെ തന്നെ ഒരു താരതമ്യ പഠനം നടത്തുകയും മേല്പറഞ്ഞ ചോയ്‌സുകളിൽ മൂന്നാമത്തേത് ലാഭമാണെന്ന് കണ്ടെത്തുകയും ചെയ്യും. പക്ഷെ മേല്പറഞ്ഞ പോലെ രണ്ടാമത്തെ ഓപ്ഷൻ ഒഴിവാക്കിയാൽ മിക്കവരും ആദ്യത്തെ ഓപ്ഷൻ തിരഞ്ഞെടുക്കും എന്നതാണ് പരീക്ഷണങ്ങൾ കാണിക്കുന്നത്. ഇന്നസെന്റ് ഒരിക്കൽ പെണ്ണ് കാണാൻ പോയ കഥ പറഞ്ഞതും ഏതാണ്ട് ഇതേപോലെ ആയിരുന്നു. പുള്ളിയെക്കാൾ കാണാൻ കുറച്ച് സൗന്ദര്യം കുറഞ്ഞ ഒരാളെ ഇന്നസെന്റ് പെണ്ണ് കാണാൻ പോകുമ്പോൾ എപ്പോഴും കൂടെ കുട്ടുമായിരുന്നു അത്രേ. പെൺകുട്ടിക്ക് താരതമ്യം ചെയ്യാൻ ഒരു ബലിയാട്. പുള്ളി തമാശയായിട്ടാണ് ആ കഥ പറഞ്ഞതെങ്കിലും മനുഷ്യന്റെ “പെരുമാറ്റ സാമ്പത്തികശാസ്ത്തിനു” ( behavioural economics ) അതിനൊരു പങ്കുണ്ട്. 

ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് വരെ കേരള രാഷ്ട്രീയത്തിലെ ആവശ്യമില്ലാതെ കൊടുക്കുന്ന ഒരു  ഓപ്ഷൻ ആയിരുന്നു ബിജെപി. ഇടതുപക്ഷത്തിനും കോൺഗ്രസിനുമിടക്ക് ആളുകൾക്ക് എന്തിന് വോട്ട് ചെയ്യരുത് എന്ന് അറിയിക്കാനുളള ഒരു ഓപ്ഷൻ. പക്ഷെ ഇപ്പോൾ ആ കഥ മാറി. ഒരു ലോകസഭാ മണ്ഡലത്തിലും, ഏതാണ്ട് പത്തോളം നിയമസഭാ മണ്ഡലങ്ങളിലും ഒന്നാമതെത്തി ബിജെപി കേരള രാഷ്ട്രീയത്തിൽ വയസ്സറിയിച്ച് കഴിഞ്ഞു. ഇതിന്റെ അടിസ്ഥാന കാരണങ്ങൾ ഇപ്പോൾ തന്നെ കണ്ടുപിടിച്ച് അടിയന്തിരമായി കോൺഗ്രസ്സും ഇടതുപക്ഷവും പരിഹരിച്ചില്ലെങ്കിൽ, ഇടതോ കോൺഗ്രെസ്സോ മേല്പറഞ്ഞ പോലുള്ള മൂന്നാമത്തെ ആവശ്യമില്ലാത്ത ഓപ്‌ഷൻറെ സ്ഥാനത്തേക്ക് വരുമെന്നാണ് എന്റെ പേടി. അത് ഉണ്ടാകാതിരക്കണമെങ്കിൽ ആത്മവിമര്ശനം നടത്തി തിരുത്തലുകൾ നടത്തി മുന്നോട്ട് പോണം. 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് തുടർഭരണം ലഭിച്ചപ്പോൾ എന്റെ മനസിലുള്ള ഒരു സ്വാർത്ഥ വിചാരം, പിണറായി പാർട്ടി സെക്രട്ടറിയായി മാറി നിന്നുകൊണ്ട് , കേരളത്തിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്താൽ നന്നായിരിക്കുമെന്നായിരുന്നു. കാരണം ഇന്ന് കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള ഒരു വലിയ അവസരമായിരുന്നു അത്, പ്രത്യേകിച്ച് ശൈലജ ടീച്ചറെ പോലെ കഴിവ് തെളിയിച്ച ഒരു നേതാവിനെ മുഖ്യമന്ത്രിയാക്കിയാൽ അത് ദീർഘകാലത്തേക്ക് കേരളത്തിന് ഗുണം ചെയുന്ന ഒരു കാര്യമാവുമായിരുന്നു. ഇപ്പറഞ്ഞതിൽ നിന്ന് തന്നെ പ്രായോഗിക രാഷ്ട്രീയത്തിന്റെ എബിസിഡി അറിയാത്ത ഒരാളാണന് ഞാനെന്ന് നിങ്ങൾക്ക് മനസ്സിലായിക്കാണുമല്ലോ.

പക്ഷെ നടന്നത്, ഒന്നാം മന്ത്രിസഭയിലെ കഴിവ് തെളിയിച്ച ആളുകളെ ഉൾപ്പെടെ എല്ലാവരെയും മാറ്റി നിർത്തിക്കൊണ്ട് ഒരു പുതിയ മന്ത്രിസഭാ നിലവിൽ വന്നതാണ്. രവീന്ദ്രനാഥ് മാഷിന്റെ സ്ഥാനത്ത് ശിവൻ കുട്ടി , ശൈലജ ടീച്ചറുടെ സ്ഥാനത്ത് വീണ , തോമസ് ഐസക്കിന്റെ സ്ഥാനത്ത് ബാലഗോപാൽ , എം എം മണിയുടെ സ്ഥാനത്ത് കൃഷ്‌ണകുട്ടി തുടങ്ങിയ പുതുമുഖങ്ങൾ. വ്യക്തികൾ അല്ല മറിച്ച് സിസ്റ്റം ആണ് പ്രധാനം എന്നതായിരുന്നു ഈ മാറ്റത്തിന്റെ കാരണമായി ചിലരെങ്കിലും പറഞ്ഞു കേട്ടത്. വിജയിച്ചു നിൽക്കുന്ന ഒരു ഫുടബോൾ ടീമിൽ പുതിയ ആളുകളെ എടുക്കുന്നത് എല്ലാ ടീമംഗങ്ങളെയും മാറ്റിയിട്ടായാൽ എന്ത് സംഭവിക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നത് പോലെ,  വർഷങ്ങൾ രണ്ട് കഴിയുമ്പോൾ ഈ പരീക്ഷണം അമ്പേ പാളി എന്നാണ് എനിക്ക് തോന്നുന്നത്. പഴയ കുറച്ചുപേരെ നിർത്തിക്കൊണ്ട് പുതിയ ആളുകളെ എടുത്തിരുന്നെങ്കിൽ ഇത്രയ്ക്കു പ്രശ്നം ഉണ്ടാകാൻ സാധ്യത ഉണ്ടാകുമായിരുന്നില്ല. നിലവിലുള്ള സർക്കാരിനെതിരായ ഒരു ജനവികാരം ഉണ്ടായിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് കാണാൻ കഴിയും. 

കൊറോണ കാലത്ത് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനങ്ങൾ കാത്തിരുന്ന് കണ്ട ഒരാളാണ് ഞാൻ. അടുത്ത കുറെ വർഷങ്ങളിലേക്ക് കേരളം വികസിക്കാൻ പോകുന്നതിന്റെ ഒരു ബ്ലൂ പ്രിന്റ് അന്ന് അദ്ദേഹം ആളുകളുടെ മുന്നിൽ വച്ചിരുന്നു. ഏതാണ്ട് ദിവസേനയുള്ള വാർത്താ സമ്മേളനങ്ങൾ വഴി സർക്കാർ എന്ത് ചിന്തിക്കുന്നു എന്ന് ആളുകൾക്ക് അന്ന് അറിയാൻ കഴിഞ്ഞു. പക്ഷെ കൊറോണ കഴിഞ്ഞതിൽ പിന്നെ സർക്കാരിൽ നിന്ന് ആളുകളോടുള്ള കമ്മ്യൂണിക്കേഷൻ ഏതാണ്ട് ഇല്ലാതായി എന്ന് തന്നെ പറയാം. പലപ്പോഴും വാർത്താ മാധ്യമങ്ങൾ സർക്കാരിന്റെ പ്രതികൂട്ടിൽ നിർത്തിക്കഴിഞ്ഞു മാത്രം അതിന്റെ മറുപടി എന്ന നിലയിൽ സർക്കാരിന്റെ ജനങ്ങളോടുള്ള പ്രതികരണം ഒതുങ്ങി പോകുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഉന്നത പൊതുവിദ്യാഭ്യാസ രംഗത്ത് കൊണ്ടുവരേണ്ട മാറ്റങ്ങളെ കുറിച്ച് കഴിഞ്ഞ ലോക കേരള സഭ അമേരിക്കൻ മേഖല സമ്മേളനത്തിൽ ഞാൻ പറഞ്ഞ ഒരു നിർദേശത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞപ്പോൾ മാത്രമാണ്, കേരളത്തിൽ ചില സർവകലാശാലകളിൽ , സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനം കിട്ടിയ അഭിജിത് ബാനർജിയെ പോലുള്ളവർ സന്ദർശനം നടത്തിയ കാര്യമൊക്കെ ഞാനറിഞ്ഞത്, കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളിൽ അതൊരു വലിയ വാർത്തയായി വന്നിരുന്നില്ല. സർക്കാർ ചെയുന്ന കാര്യങ്ങൾ യഥാസമയം ആളുകളിൽ എത്തിക്കുന്നതിൽ ഇത്തവണ ഇടതുപക്ഷം വളരെ പിറകിലാണ്. 

ത്രിശൂരിൽ സുരേഷ് ഗോപി ജയിക്കാൻ സാധ്യത ഉണ്ടെന്ന് ഒരു ആശങ്ക ഞാൻ എന്റെ അടുത്ത സുഹൃത്തുക്കളുമായി പങ്ക് വച്ചിരുന്നു. എന്റെ വളരെ അടുത്ത കുറെ കൂട്ടുകാർ തൃശൂരുകാരാണ്. പരമ്പരാഗതമായി കോൺഗ്രെസ്സുകാരായ അവർക്ക് പക്ഷെ  വ്യക്തിപരമായി സുനിൽ കുമാറിനെയാണ് ഇഷ്ടം. മണ്ഡലത്തിൽ ആർക്കും എന്ത് സഹായവും ഏത് സമയത്തും ചെയ്യുന്ന ആൾ എന്നാണ് സുനിലിനെ കുറിച്ച് അവർ പറഞ്ഞ അഭിപ്രായം. അവരെല്ലാം പക്ഷെ ഇത്തവണ സുരേഷ് ഗോപിക്കാണ് വോട്ട് ചെയ്തത്. വ്യക്തിപരമായി നന്മയുള്ള ഒരാളെന്ന പ്രതീതി ജനിപ്പിക്കാനും അത് വോട്ടാക്കാനും സുരേഷ്ഗോപിക്ക് കഴിഞ്ഞിട്ടുണ്ട്. അത് ബിജെപിക്ക് ഉള്ള വോട്ടല്ല എന്നാണ് , ബിജെപി ജയിച്ചു കഴിഞ്ഞ്  എന്റെ ആശങ്ക പങ്കുവച്ചപ്പോൾ അവർ പറഞ്ഞത്. ബിജെപിയുടെ എംപി ബിജെപിയുടെ അജണ്ട നടപ്പിലാക്കാൻ ബാധ്യസ്ഥനാണ് എന്നും വ്യക്തിപരമായി അവരുടെ വർഗീയ അജണ്ടയിൽ നിന്ന് അയാൾക്ക് മാറിനിൽക്കാൻ കഴിയില്ല എന്നൊന്നും പൊതുജനം ചിന്തിക്കണമെന്നില്ല. നമ്മൾ കരുതുന്ന പോലെ വലിയ ആലോചനകൾ നടത്തി വോട്ട് ചെയ്യുന്നവരാകണം എല്ലാവരും എന്നില്ല, പലപ്പോഴും വികാരങ്ങളാണ് വോട്ടിനെ നിയന്ത്രിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം അധികാരത്തിൽ എത്തിയതും കൊറോണ സമയത്തും വെള്ളപ്പൊക്ക സമയത്തും സർക്കാർ കാര്യങ്ങൾ  ഫലപ്രദമായി കൈകാര്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ്. ഇടതുപക്ഷത്തിന്റെ ആശയങ്ങളോടുള്ള ആഭിമുഖ്യം കൊണ്ടാവണമെന്നില്ല. ഇത്തവണത്തെ ഭരണകാലത്തു പക്ഷെ ജനങ്ങളോടുള്ള കമ്മ്യൂണികേഷൻ തീരെ ഇല്ലാതായി. അതേസമയം മാധ്യമങ്ങൾ വഴി നേതാക്കളുടെ ധാർഷ്ട്യം മുതൽ സഹകരണം ബാങ്ക് അഴിമതിയും വിദ്യാർത്ഥികളെ മർദിച്ച് കൊലപ്പെടുത്തുന്നതും മറ്റും വാർത്തകളിൽ നിറയുകയും ചെയ്തു. അതിന് വ്യക്തവും ന്യായവുമായി മറുപടി പാർട്ടിയുടെ ഭാഗത്ത് നിന്ന് ജനങ്ങളുടെ ഇടയിലേക്ക് എത്തിയിട്ടില്ല. പഴയ പോലെ ഉള്ള പ്രചാരണ പരിപാടികൾ മാത്രം നടത്താതെ അതിന്റെ കൂടെ സോഷ്യൽ മീഡിയ വഴിയുള്ള അതിശക്തമായ പ്രചാരണങ്ങൾ നടത്തേണ്ടതുണ്ട്.  ഇപ്പോൾ ഇടതുപക്ഷത്തിന് പലതായി ചിതറി കിടക്കുന്ന ചില വ്യക്തിഗത അക്കൗണ്ടുകൾ മാത്രമാണ് പ്രതിരോധം തീർക്കുന്നത്. അത് അത്രയധികം ഫലപ്രദമല്ല. 

ത്രീശൂരിനെക്കാളും തിരുവനന്തപുരത്തേക്കാളും  എന്നെ പേടിപ്പിക്കുന്നത്  തോന്നുന്നത് ആലപ്പുഴയിൽ ശോഭ സുരേന്ദ്രൻ നേടിയ വോട്ടുകളാണ്. അതുപോലെ തന്നെ അനിൽ ആന്റണിയെ പോലെ ഒരാൾക്ക് പത്തനംതിട്ടയിൽ കിട്ടിയ രണ്ടു ലക്ഷത്തോളം വോട്ടുകൾ. ബിജെപി വെറുക്കപ്പെടേണ്ട ഒരു പാർട്ടിയല്ല എന്ന് കേരളത്തിൽ ജനങ്ങൾ മാറി ചിന്തിക്കാൻ തുടങ്ങിയെന്നതിന്റെ ലക്ഷണമാണ് ഈ വോട്ടുകൾ എന്ന് ഞാൻ കരുതുന്നു. അതിന്റെ അടിസ്ഥാന കാരണങ്ങൾ കണ്ടുപിടിച്ച് അവ പരിഹരിച്ചില്ലെങ്കിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പത്തോളം സീറ്റുകളിൽ ബിജെപി ജയിച്ചുകയറാൻ എല്ലാ സാധ്യതകളുമുണ്ട്. പല വാട്സാപ്പ് ഗ്രൂപ്പുകളിലെ അമ്മാവന്മാരും അമ്മായിമാരും ബിജെപി അജണ്ടകളിൽ വീണുകഴിഞ്ഞു. അതിന്റെ പ്രതിരോധിക്കാൻ ഇടതുപക്ഷത്തിന്റെ അടുത്ത് നിന്നും ഫലപ്രദമായ ഒരു നീക്കങ്ങളും ഉണ്ടാകുന്നില്ല. മറുനാടൻ മലയാളി, കർമ ന്യൂസ് പോലുള്ള മഞ്ഞപത്രങ്ങൾ, മാതൃഭൂമി മനോരമ പോലുള്ള മുഖ്യധാരാ  മാധ്യമങ്ങൾ, സാമ്പത്തിക വിദഗ്‌ധൻ, രാഷ്ട്രീയ നിരീക്ഷകൻ , യുക്തിവാദി എന്നൊക്കെയുള്ള ലേബലുകളിൽ ഒളിഞ്ഞിരിക്കുന്ന സംഘികൾ എന്നിവരെ പ്രതിരോധിക്കാൻ ഗോവിന്ദൻ മാസ്റ്ററുടെ വാർത്താ സമ്മേളനം മാത്രം മതിയെന്ന് ചിന്തിക്കുന്നവർക്ക് നമോവാകം.  അനിൽ ആന്റണി പോയതിൽ പിന്നെ കോൺഗ്രസ് ഐടി സെൽ ഒന്ന് ഉഷാറായിട്ടുണ്ട് എന്നതാണ് ഒരാശ്വാസം. പക്ഷെ ആങ്ങള ചത്തായിട്ടായാലും നാത്തൂന്റെ കണ്ണീർ കണ്ടാൽ മതിയെന്ന് വിധത്തിൽ , ഇടതുപക്ഷെ വിരോധം കൊണ്ട് സംഘപരിവാർ വാർത്തകൾ ഷെയർ ചെയ്യുന്ന ചില കോൺഗ്രസുകാർ എന്നെ പേടിപ്പിക്കുന്നുണ്ട്. അവർ മറന്നുപോകുന്നത് ദേശീയ തലത്തിൽ ബിജെപിയുടെ പ്രധാന എതിരാളി കോൺഗ്രസാണ് എന്നുള്ളതാണ്. ഇടതുപക്ഷത്തെ ഒതുക്കി കഴിഞ്ഞാൽ പിന്നെ അവരുടെ പ്രധാന എതിരാളി കോൺഗ്രസ് ആയിരിക്കും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഇതേ “നിഷ്പക്ഷർ” നിങ്ങൾക്കെതിരെ തിരിയുന്നത് കാണാം. സുരേഷ് ഗോപിയുടേത് വ്യക്തിഗത വിജയമല്ല, ബിജെപി തിരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രി നടത്തിയത് പോലെയുള്ള വർഗീയ പ്രചാരണങ്ങൾ നടത്തുമ്പോൾ സുരേഷ് ഗോപിക്ക് മാത്രമായി അതിൽ നിന്ന് മാറി നില്ക്കാൻ കഴിയില്ല. പുള്ളി വർഗീയ പാർട്ടിയുടെ എംപി തന്നെയാണ്. രാഷ്ട്രീയത്തിന് അതീതമാണ് അദ്ദേഹമെന്ന് കരുതുന്നത് അറിവില്ലായ്മയാണ്.

ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും അഭിനന്ദനം അർഹിക്കുന്നവർ രാഹുൽ ഗാന്ധിയും ധ്രുവ് റാഠിയും ആണ്. എത്ര മാത്രം ആക്ഷേപങ്ങൾ തനിക്കെതിരെ ഉന്നയിക്കപ്പെട്ടാലും, തിരികെ അതേനാണയത്തിൽ മറുപടി നൽകാതെ, ഇന്ത്യയിൽ മതേതര ജനാധിപത്യ സ്വഭാവത്തെ മുറുകെ പിടിക്കാൻ രാഹുലിന് കഴിഞ്ഞു. ബിജെപിയുടെ ഗോഡി മീഡിയ എല്ലാം കൂടി നടത്തിയ ശ്രമങ്ങളെ ഒറ്റയാൾ പട്ടാളമായി നേരിടാൻ ധ്രുവിനും കഴിഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ നിന്നെങ്കിലും കോൺഗ്രസ് മനസിലാക്കണ്ടത് ഇന്ത്യയിൽ ഒറ്റ പാർട്ടിയായി നിന്ന് ഇനി അധികാരം പിടിക്കാൻ സാധ്യത ഇല്ലെന്നും, പറ്റുന്ന എല്ലാ സംസ്ഥാനങ്ങളിലും ബിജെപിയെ തോൽപിക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കണം എന്നുമുള്ള പാഠമാണ്. രാഹുൽ ഗാന്ധി ഒരു രാഷ്ട്രീയക്കരനല്ല, അതിനുള്ള കൗശലമൊന്നും അദ്ദേഹത്തിനില്ല. എന്നാൽ കോൺഗ്രസ് ഉൾപാർട്ടി തിരഞ്ഞെടുപ്പ് വഴി വന്ന ഖാർഗെ ഒക്കെ വർഷങ്ങളായി  പ്രയോഗിക രാഷ്ട്രീയം അറിയുന്ന ആളുകളാണ്. അതിന്റെ ഫലം കൂടി ഇത്തവണ തിരഞ്ഞെടുപ്പ് ഫലത്തിൽ കാണാനുണ്ട്. 

ഉത്തരേന്ത്യയിൽ രാമക്ഷേത്രം പണിത അയോധ്യയിൽ പോലും ബിജെപി യെ തോൽപ്പിക്കാമെങ്കിൽ ഇന്ത്യയിൽ അവരെ ഭരണത്തിൽ നിന്ന് മാറ്റാനാകുമെന്ന ഒരു വലിയ പ്രതീക്ഷയാണ് ഈ തിരഞ്ഞെടുപ്പ് നലകിയിട്ടുള്ളത്. കേരളത്തിൽ  ബിജെപിക്ക് വോട്ട് ലഭിക്കുന്ന കാരണങ്ങൾ പഠിച്ച് കേരളത്തിലെ ഇടതുപക്ഷവും കോൺഗ്രെസും കറക്റ്റീവ് ആക്‌ഷൻ എടുക്കേണ്ട സമയമാണിത്. ഗൗരവമായി പ്രവർത്തിച്ചില്ലെങ്കിൽ പണി പാളും. നമ്മൾ ഇതുവരെ കണ്ട കേരളമായിരിക്കില്ല ബിജെപി പിടി മുറുക്കിയാൽ കാണുക. 

Leave a comment

Blog at WordPress.com.

Up ↑