1980 കളിൽ ആഫ്രിക്കയിലെ എത്തിയോപ്പിയയിൽ വളരെ വലിയൊരു ക്ഷാമം ഉണ്ടായി. ആളുകൾ അടുത്തുള്ള സുഡാനിലേക്ക് പാലായനം ചെയ്യാൻ തുടങ്ങി. ഈ അവസരത്തിൽ ഇസ്രായേൽ എത്തിയോപ്പിയയിലെ ജൂതന്മാരെ മാത്രം ഇസ്രായിലിലേക്ക് വിമാനമാർഗം കൊണ്ടുവരാനുള്ള ഒരു പരിപാടി “ഓപ്പറേഷൻ മോസസ്” എന്ന പേരിൽ ആരംഭിച്ചു. ഏഴായിരം എത്തിയോപ്പിയൻ ജൂതന്മാരെ ഇസ്രായേൽ വിമാനമാർഗം ഇസ്രായേലിലേക്ക് കൊണ്ടുവന്നു അവരെ സ്ഥിരമായി അവിടെ പാർപ്പിച്ചു, ജൂതമതസ്ഥർ എന്ന ഒരേ ഒരു കാരണം കൊണ്ട് ഇസ്രയേലിന്റെ പൗരത്വവും അവർക്ക് കിട്ടി. 1991 ൽ ആഭ്യന്തര യുദ്ധവും പട്ടിണിയും ഒരിക്കൽ കൂടി എത്തിയോപ്പിയയിൽ നാശം വിതച്ചപ്പോൾ ഇസ്രായേൽ ഇതേപോലെ ഏതാണ്ട് പതിനാലായിരം എത്തിയോപ്പിയൻ ജൂതന്മാരെ ഇസ്രയേലിലേക്ക്ക് കൊണ്ടുവന്നു പൗരത്വവും ഭൂമിയും നൽകി. ഗാസയിലേ ക്യാമ്പുകളിലേക്ക് മാറ്റപ്പെട്ട പലസ്തീൻകാരുടെ ഭൂമിയാണ് ഇവർക്ക് നൽകിയതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എത്തിയോപ്പിയൻ ജൂതന്മാർ മഹാ ഭൂരിപക്ഷവും ആഫ്രിക്കൻ ജനിതകം പേറുന്നവരാണ്, അവർക്ക് ഇസ്രായേൽ, പലസ്തീൻ പ്രദേശങ്ങളുമായി വിശ്വാസപരമായ ബന്ധമില്ലാതെ, ജനിതകപരമായ ബന്ധമൊന്നുമില്ല. ഇസ്രായേലിൽ ഒരാളുടെ DNA ടെസ്റ്റ് ചെയ്യണമെങ്കിൽ കോടതി ഉത്തരവ് വേണമെന്നുള്ള വിചിത്ര നിയമങ്ങൾ നിലവായിൽ വരാനുളള ഒരു കാരണം ഇസ്രായേലിലെ എല്ലാ ജൂതന്മാരും ജനിതകപരമായ അവിടവുമായി ബന്ധമില്ലാത്തവരാണ് എന്നതാണ്. ഒരു രാജ്യം പട്ടിണിയും ആഭ്യന്തര യുദ്ധവും കൊണ്ട് വലയയുമ്പോൾ അവരുടെ മതം നോക്കി സഹായിക്കുന്നത് ധാർമികമായി തെറ്റാണ്, മതത്തിന്റെ മാത്രം അടിസ്ഥാനത്തിൽ ഒരു രാജ്യം നിലവിൽ വരുന്നത് അതിനേക്കാൾ വലിയ തെറ്റാണു.
പാലസ്തീനിലെ വംശഹത്യയ്ക്ക് സാമ്പത്തിക സഹായം ചെയ്യുന്ന ആളുകളെ നിങ്ങൾക്ക് കാണണമെങ്കിൽ എന്റെ പ്രൊഫൈൽ ഫോട്ടോ എടുത്ത് നോക്കിയാൽ മതി. റാഫയിലെ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന കൂട്ടക്കുരുതിക്ക് ഉപയോഗിച്ചത് അമേരിക്ക അയച്ച ആയുധങ്ങളാണ്. എന്റെ കൂടി നികുതി വരുമാനം കൊണ്ടാണ് ഓരോ വർഷവും നാല് ബില്യൺ ഡോളർ അമേരിക്ക ഇസ്രായേലിന് സൈനിക സഹായമായി കൊടുക്കുന്നത്. ഇത്തവണ ഇസ്രായേലിൽ ഹമാസ് ആക്രമണത്തിന് ശേഷം ഈ സഹായം അതിന്റെ പല മടങ്ങ് ബില്യൺ ഡോളറായി ഉയർന്നിട്ടുണ്ട്. ഇങ്ങിനെ കൊടുക്കുന്ന ആയുധങ്ങൾ അക്രമികൾക്ക് എതിരെ അല്ലാതെ സാധാരണ മനുഷ്യരെ കൊല്ലാൻ വേണ്ടി ഉപയോഗിക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ചുരുക്കം ചില രാഷ്രീയക്കാരുടെയും കോളേജ് വിദ്യാർത്ഥികളുടെയും അഭ്യർത്ഥന ബൈഡൻ ഭരണകൂടം ചെവികൊണ്ട മട്ടില്ല. കൊളംബിയ മുതലുള്ള സർവകലാശാലകളിൽ വിദ്യാർഥികൾ നടത്തി വന്ന സമരം പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുകയാണ് സർവകലാശാലാ അധികൃതർ ചെയ്തത്. ഡെമോക്രാറ്റിക് പാർട്ടിയിലെ ബൈഡനും, റിപ്പബ്ലിക്കൻ പാർട്ടിയിലെ ട്രമ്പും ഒരേപോലെ ഇസ്രായിലിനെ പിന്തുണക്കുമ്പോൾ ചെകുത്താനും കടലിനും ഇടയിലാണ് ഇത്തവണ വോട്ട് ചെയ്യാൻ പോകുന്ന എന്നെപോലുള്ളവർ. അന്ത്യനാളുകളിൽ യേശു ക്രിസ്തു ഉയിർത്തെഴുന്നേൽക്കുന്നത് ഇസ്രായേലിൽ ആണെന്ന വിശ്വാസം കൊണ്ട് ഇസ്രയേലിനെ പിന്തുണക്കുന്ന വലിയൊരു ഇവാഞ്ചലിക്കൽ വോട്ട് ബാങ്ക് അമേരിക്കയിലുണ്ട്. ബൈഡനും ട്രമ്പിനും അവരെ പിണക്കാൻ പറ്റില്ല. അമേരിക്കയിലെ ജൂതന്മാരെക്കാൾ വെസ്റ്റ് ബാങ്കിൽ അന്താരാഷ്ട്ര നിയമങ്ങൾക്ക് എതിരായി സെറ്റില്മെന്റുകൾ നിർമിക്കാൻ ജൂതന്മാർക്ക് സാമ്പത്തിക സഹായം നൽകുന്നതിൽ അമേരിക്കൻ ഇവാൻജെലിക്കാൻ ക്രിസ്ത്യാനികൾ മുന്നിലാണ്. എരിതീയിൽ എന്ന ഒഴിക്കാൻ, അമേരിക്കയിൽ നിന്ന് ഇസ്രായേലിലേക്ക് കയറ്റിവിടുന്ന മിസ്സൈലുകളിൽ “അവരെ കൊല്ലുക” എന്ന് എഴുതി വയ്ക്കുന്ന ഇന്ത്യൻ വംശജ നിക്കി ഹാലിയുമുണ്ട്. രണ്ടായിരം പൗണ്ട് ഭാരമുള്ള ഈ ബോംബുകളാണ് റാഫയിൽ നിരപരാധികളെ കൊല്ലാനായി ഉപയോഗിച്ചത്. ആ രക്തത്തിന്റെ കറ എന്റെ കയ്യിലുമുണ്ട്.
പലസ്തീനിന്റെയും ഇസ്രയേലിന്റെയും ചരിത്രം അത്ര ആഴത്തിൽ അറിയുന്ന ഒരാളല്ല ഞാൻ. ഇസ്രായേലിൽ നിന്ന് മുൻപ് പുറത്താക്കപെട്ടവർക്ക് തിരികെ ഇസ്രായേലിൽ വരാനുള്ള അവകാശമില്ലേ എന്നൊക്കെയുള്ള ചോദ്യങ്ങൾ പണ്ടെനിക്ക് ഉണ്ടായിരുന്നു. എനിക്ക് രണ്ടു ജൂത സുഹൃത്തുക്കൾ വല അടുപ്പമുള്ളവരായി ഉണ്ടാകുന്നത് വരെ. ഇവർ രണ്ടുപേരിൽ ഒരാൾ റഷ്യയിലും മറ്റൊരാൾ പോളണ്ടിലും ജനിച്ച് വളർന്നു അമേരിക്കയിലേക്ക് കുടിയേറിയ കുടുംബത്തിൽ പെട്ടവരാണ്. രണ്ടുപേരും കണ്ടാൽ വെള്ളക്കാരെ (caucasian) പോലെ തന്നെയാണ്. മിഡിൽ ഈസ്റ്റിലെ ആളുകളുമായി കാഴ്ച്ചയിൽ ഒരു സാമ്യവുമില്ല. അതിന്റെ കുറിച്ച് ചോദിച്ചപ്പോളാണ് ലോകത്തിലെ ഭൂരിഭാഗം ജൂതന്മാരും, ഇസ്രായേലിലെ ഏതാണ്ട് പകുതി പേരും, അഷ്‌കെനാസി (ashkenazi) എന്ന വിഭാഗത്തിൽ പെടുന്നവർ ആണെന്നും അവർ ആയിരകണക്കിന് വർഷങ്ങൾക്ക് മുൻപ് മിഡിൽ ഈസ്റ്റിൽ നിന്ന് ജർമനി പോളണ്ട് തുടങ്ങിയ യൂറോപിയൻ രാജ്യങ്ങളിലേക്ക് കുടിയേറി അവിടെയുള്ള യൂറോപ്പ്യൻ സ്ത്രീകളെ വിവാഹം ചെയ്ത വഴിയുളള പിൻഗാമികൾ ആണെന്നും മനസിലാകുന്നത്. അന്നാണ് Ashkenazi , Sephardic തുടങ്ങി അനേകം ഉപവിഭാഗങ്ങൾ ഇവരുടെ ഇടയിലുണ്ട് എന്നെനിക്ക് മനസിലാകുന്നത്. നമ്മുടെ വേരുകൾ എത്ര ആയിരം വർഷങ്ങൾ പിന്നോട്ട് എണ്ണുന്നു എന്നതിന് അനുസരിച്ച് മനുഷ്യർ പല രാജ്യങ്ങളിലെ പൗരന്മാരായി തീരുകയും അവസാനം ആഫ്രിക്കയിൽ എത്തിച്ചേരുകയും ചെയ്യും എന്നതാണ് യാഥാർഥ്യം.
മേല്പറഞ്ഞ എന്റെ കൂട്ടുകാർ അമേരിക്കൻ പൗരന്മാരാണ്. അവർക്ക് ഇസ്രായേൽ പൗരത്വം ഉള്ളത് മതത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ്. അവർ കുറെ വർഷത്തിൽ ഒരിക്കലോ മറ്റോ ഇസ്രേൽ സന്ദർശിക്കുന്നവരാണ്. അവർക്ക് അവിടെ കുടിയേറ്റ സെറ്റില്മെന്റുകളിൽ വീടുകളുണ്ട്. എന്നാൽ തദ്ദേശീയരായ പലസ്തീൻകാർ ഗാസയിലും, അനധികൃതമായി പണിത സെറ്റില്മെന്റുകളുടെ ഇടയിൽ വെസ്റ്റ് ബാങ്കിലും തിങ്ങി ഞെരുങ്ങി ജീവിക്കുന്നത്, ന്യായമായ ഒരു കാര്യമല്ല. നൂറിൽ ഇരുപത് ഇസ്രായേൽ ജൂതന്മാർക്കും മറ്റ് രാജ്യങ്ങളിലെ പൗരത്വമുണ്ട്. മതം ഒരിക്കലും ഒരു രാജ്യത്തിൻറെ പൗരത്വത്തിന്റെ അടിസ്ഥാനമാകരുത്. ഒരു യഥാർത്ഥ ജനാധിപത്യ രാജ്യമായി ഇസ്രായേൽ മാറണമെങ്കിൽ മതത്തിന്റെ അടിസ്ഥാനത്തിലുള്ള പൗരത്വം എന്ന , ഇസ്രായേൽ സ്ഥാപിക്കാൻ കാരണമായ അടിസ്ഥാനം തന്നെ എടുത്തു മാറ്റേണ്ടി വരും. വളരെ ഓർത്തഡോൿസ് ആയ ചില ജൂതന്മാർ പലസ്തീൻ സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്നത് കൊളംബിയയിലെ കുട്ടികളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ പോയപ്പോൾ ഞാൻ കണ്ടിരുന്നു.
തദ്ദേശവാസികളായ, പലസ്തീൻകാരും ജൂതന്മാരും ഒരുമിച്ച് കഴിയുന്ന ഒരു ജനാധിപത്യ രാജ്യമായിരിക്കും മതം മാറ്റിനിർത്തിയാൽ അനുയോജ്യമായ പരിഹാരം, പക്ഷെ സയോണിസ്റ്റുകൾ ഇസ്രായേൽ സ്ഥാപിച്ചത് തന്നെ മതത്തിന്റെ അടിസ്ഥാനത്തിൽ ഒരു രാജ്യം സ്ഥാപിക്കാനാണ്. പലസ്തീൻ കോളനിവത്കരിച്ച ബ്രിട്ടീഷുകാർ , ജൂതനായ റോത്ത്സ്ചൈൽഡിന് 1917 ൽ അയച്ച Balfour Declaration ലാണ് ആദ്യമായി ജൂതന്മാർക്ക് പലസ്തീനിൽ മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യം സ്ഥാപിക്കാനുള്ള പ്രഖ്യാപനം ഉണ്ടാകുന്നത്. ജൂതന്മാരെ പീഡിപ്പിച്ച് കൊന്ന യൂറോപ്പും, അമേരിക്കയും സൈനിക സാമ്പത്തിക സഹായങ്ങൾ നൽകിയാണ് ഇസ്രായേൽ സ്ഥാപിതമായത് എങ്കിലും പിന്നീട് ഇസ്രായേലിന്റെ പലസ്തീൻ വംശഹത്യക്ക് വളം വച്ച് കൊടുക്കുന്നതാണ് നമുക്ക് ചരിത്രത്തിൽ കാണാൻ കഴിയുന്നത്. അമേരിക്കയുടെയും ബ്രിട്ടന്റെയും കോളനിവൽക്കരണം മാത്രമാണ് ഇസ്രായേൽ രൂപവത്കരണവും വെസ്റ്റ് ബാങ്കിൽ അനധികൃത കുടിയേറ്റത്തിന് അമേരിക്ക സഹായം നൽകുന്നതും കാണിക്കുന്നത്. ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ച , രണ്ടു സ്വതന്ത്ര രാഷ്ട്രങ്ങൾ എന്ന തീരുമാനം എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നാണ് ലോക രാഷ്ട്രങ്ങളുടെ നിലപാട്. പലസ്തീൻ പരിപൂർണ സ്വതന്ത്ര രാജ്യമായി നിലനിർത്തില്ല എന്നാണ് നെതന്യാഹുവിന്റെ നിലപാട്.
എല്ലാം കറുപ്പും വെളുപ്പുമായി മാത്രം കാണുന്നവർക്ക് ഒക്ടോബര് ഏഴിന് ഹമാസ് ഇസ്രായേലിൽ നടത്തിയ ഭീകരാക്രമണം ആണ് ഇപ്പോഴുള്ള പ്രശ്നത്തിന്റെ അടിസ്ഥാനം എന്ന് തോന്നും. ഗാസയിലെ വെസ്റ്റ് ബാങ്കിലും അടിച്ചമർത്തപ്പെട്ടിരിക്കുന്ന പലസ്തീൻ ജനത സഹികെട്ട് അക്രമത്തിലേക്ക് തിരിയുമെന്നത് പല തവണ നടന്ന ഇന്തിഫാദയിൽ നമ്മൾ കണ്ടതാണ്. ഹമാസും ഇസ്രായേൽ ഡിഫെൻസ് ഫോഴ്സും ഒരേ പോലെ ഭീകര സംഘടനകളാണ് എന്നതാണ് യാഥാർഥ്യം. നെതന്യാഹു യുദ്ധകുറ്റവാളിയാണ് എന്ന് അന്താരാഷ്ട്ര കോടതിയും, ഇസ്രായേൽ പലസ്തീനിൽ വംശഹത്യ നടത്തുന്നു എന്ന് ഐക്യരാഷ്ട്രസഭയും തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രഖ്യാപിച്ച് കഴിഞ്ഞു. അമേരിക്ക സഹായമായി കൊടുക്കുന്ന, രണ്ടായിരം പൗണ്ട് ഭാരമുള്ള, ബോംബുകൾ പലസ്തീനിൽ ഇസ്രായേൽ ജനവാസ കേന്ദ്രങ്ങളിൽ വർഷിക്കുന്നത് ഹമാസിനെ അവസാനിപ്പിക്കാൻ അല്ല മറിച്ച് പലസ്തീനിലെ ആളുകളെ തുടച്ച് നീക്കി ആ പ്രദേശം മുഴുവൻ ഒരു ജൂത രാജ്യമാക്കി മാറ്റാനാണ് എന്നത് പകൽ പോലെ വ്യക്തമാണ്.
ഈ വംശഹത്യക്ക് എതിരെ ദക്ഷിണ ആഫ്രിക്ക അന്താരാഷ്ട്ര കോടതിയിൽ കേസ് കൊടുത്തിട്ടുണ്ട്, സ്പെയിൻ, അയർലണ്ട്, നോർവെ തുടങ്ങിയ രാജ്യങ്ങൾ പലസ്തീനെ അംഗീകരിച്ച് കഴിഞ്ഞിട്ടുണ്ട്. പക്ഷെ അവസാനം പലസ്തീനിൽ പലസ്തീൻകാർ അവശേഷിക്കുമോ എന്നത് കണ്ടറിയണം. ജർമനി ജൂതന്മാരോട് ചെയ്തതിന്റെ ഓർമ്മകൾ പേറേണ്ട ഒരു ജനതയാണ് അത് മറ്റൊരു ജനതയോട് ചെയ്യുന്നത് എന്നത് കാലത്തിന്റെ വിരോധാഭാസമാണ്. പ്രിൻസ്റ്റൻ, കൊളംബിയ, യൂസി ബെർക്കിലി തുടങ്ങി അമേരിക്കയിലെ പ്രമുഖ സർവകലാശാലകളിലെ കുട്ടികളും, ബെർണി സാന്ഡേഴ്സിനെ പോലുള്ള ചില നിയമ നിർമാതാക്കളും അമേരിക്കയുടെ കണ്ണടച്ചുള്ള സഹായത്തെ ചോദ്യം ചെയ്തു തുടങ്ങിയിട്ടുണ്ട് എന്നതാണ് ഒരാശ്വാസം. ഇസ്രായേൽ സർക്കാരിനെതിരെ എന്ത് പറഞ്ഞാലും അത് ജൂതന്മാർക്ക് എതിരെ എന്ന പോലെ നമ്മളെ ആന്റി സെമിറ്റിക് ആക്കാൻ നോക്കുക എന്ന പഴയ തന്ത്രം ഈയിടെയായി ഇവിടെ അധികം വിലപോകുന്നില്ല.
നിരുപാധികം പലസ്തീന്റെ കൂടെ…
#palestine #alleyesonrafah
പാലസ്തീൻ
Leave a comment