നിങ്ങളുടെ പങ്കാളി എന്തെങ്കിലും കുറ്റം ചെയ്തു കഴിഞ്ഞിട്ട് അത് നിങ്ങൾ ചോദ്യം ചെയ്യുമ്പോൾ താഴെ പറയുന്നത് പോലെ പ്രതികരിക്കാറുണ്ടോ?
“നീ പറയുന്ന പോലെയൊന്നും സംഭവിച്ചിട്ടില്ല. നീ വെറുതെ ഡ്രാമ ഉണ്ടാക്കുകയാണ്. ഓവർ റിയാക്റ്റ് ചെയ്ത് പ്രശ്നങ്ങൾ വഷളാക്കുകയാണ് നീ ചെയ്യുന്നത്”
“ഞാൻ ഇങ്ങിനെ പെരുമാറുന്നത് നിന്റെ കുറ്റം കൊണ്ടാണ്. നീ എപ്പോഴും എന്നെ ദേഷ്യം പിടിപ്പിക്കുന്ന പോലെ പെരുമാറുന്നത് കൊണ്ടാണ് ഞാൻ ഇങ്ങിനെ പെരുമാറുന്നത്..”
“നിന്റെ കൂട്ടുകെട്ട് ശരിയല്ല. നിന്റെ കൂട്ടുകാർക്ക് നമ്മുടെ ബന്ധം നന്നായി പോകുന്നതിലുള്ള അസൂയയാണ്. അവരുമായുള്ള കൂട്ട് നീ എന്ന് നിർത്തുന്നുവോ അന്ന് നമ്മുടെ പ്രശ്നങ്ങൾ തീരും.”
“നിനക്ക് വട്ടാണ്. നീ പറയുന്നത് പോലെ ഒന്നും സംഭവിച്ചിട്ടില്ല. ഇതൊക്കെ നിനക്ക് തോന്നുന്നതാണ്…”
“നീ ഭയങ്കര സെൻസിറ്റീവ് ആണ്. ഇതൊക്കെ ആരെങ്കിലും ഇത്ര സീരിയസ് ആയിട്ട് എടുക്കുമോ?”
“നിനക്കെന്തൊ പ്രശനമുണ്ട്. നിനക്ക് inferiority complex ആണ്. വെറുതെ എന്നെ കുറ്റം പറയേണ്ട കാര്യമില്ല.”
“അതൊരു വലിയ പ്രശ്നമാണോ? വെറുതെ എന്തിനാണ് ചെറിയ കാര്യങ്ങൾ വലുതാക്കി കാണിക്കുന്നത്?”
“നീ എന്നെ സ്നേഹിക്കുന്നുണ്ടങ്കിൽ എന്നെ ഇങ്ങിനെ സംശയിക്കില്ല…”
“നീ അടുത്ത വീട്ടിലെ ഗീതയെ നോക്കൂ? നിനക്ക് അവരെ പോലെ ആയിക്കൂടെ? ജീവിതം എന്തൊരു സന്തോഷമായിരിക്കും?”
“നിനക്ക് വേണ്ടി ഇത്രയൊക്കെ ചെയ്തിട്ട് നീ എന്നെ ഇങ്ങിനെയാണോ കാണുന്നത്?”
“ക്ഷമിക്കാനും മറക്കാനും ഒക്കെ മനുഷ്യന് കഴിയണം…”
“നീ ഒരു സൈക്കിയാട്രിസ്റ്റിനെ കാണണം. നിനക്ക് എന്തോ മാനസിക പ്രശ്നം ഉണ്ട്…”
ഈ പറഞ്ഞതെല്ലാം ഗ്യാസ്‌ലൈറ്റിംഗിന്റെ ഉദാഹരങ്ങളാണ്. മറ്റൊരാൾ കുറ്റം ചെയ്തിട്ട് അത് നമ്മുടെ കുറ്റം കൊണ്ടാണെന്ന് വരുത്തി തീർക്കുന്നതിനെയാണ് ഗ്യാസ്‌ലൈറ്റിംഗ് എന്ന് പറയുന്നത്. ഇതേ തീം കൈകാര്യം ചെയ്യുന്ന, 1938 ലെ ഒരു ബ്രിട്ടീഷ് നാടകത്തിന്റെ പേരിൽ നിന്നാണ് ഈ സ്വഭാവത്തിന് ഗ്യാസ്‌ലൈറ്റിംഗ് എന്ന് പേര് വന്നത്.
പങ്കാളികളുടെ ഇടയിലും ജോലിസ്ഥലത്തും, മാതാപിതാക്കൾ കുട്ടികളോടും ഒക്കെ ഇത് ചെയ്യാറുണ്ട്. ഇത് നമ്മുടെ കുറ്റമല്ല , മറിച്ച് മറ്റുള്ളവർ നമ്മളെ manipulate ചെയ്യുകയാണെന്ന് മനസിലാക്കി വരാൻ പലപ്പോഴും നമുക്ക് സമയമെടുക്കും. പലപ്പോഴും നമ്മുടെ മുഖത്ത് നോക്കി ഒരു ഭാവവ്യതാസവുമില്ലാതെ നുണ പറയാൻ ഇത്തരക്കാർക്ക് സാധിക്കും. ചിലപ്പോൾ നിങ്ങൾക്ക് മാനസിക രോഗമാണെന്ന് അവർ വരുത്തിത്തീർക്കാൻ ശ്രമിക്കും. ചിലപ്പോൾ നിങ്ങളോട് അമിതമായി സ്നേഹം കാണിക്കും.
നമ്മളെ മാനസികമായി വല്ലാതെ ഉലച്ച് കളയുന്ന ഒന്നാണ് നമ്മുടെ ഏറ്റവും വേണ്ടപ്പെട്ടവരുടെ അടുത്ത് നിന്ന് നമുക്ക് ഇത് നേരിടേണ്ടി വരുമ്പോൾ സംഭവിക്കുന്നത്. ഇനി ശരിക്കും അവർ പറയുന്നതാണോ ശരിയെന്ന് നമ്മൾ കുറച്ച് നാളുകൾ എങ്കിലും സംശയിച്ചു പോകും. അത് നമ്മുടെ മാനസിക ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും. അവർ ചെയ്ത കുറ്റത്തിന് നമ്മൾ അവരോട് ക്ഷമ ചോദിക്കുന്ന സന്ദർഭം വരെ ഉണ്ടാകാം.
ചിലപ്പോൾ നമ്മളോട് വളരെയധികം സ്നേഹത്തോടെ പെരുമാറുന്ന അവർ മറ്റ് ചിലപ്പോൾ നമ്മളെ ഒട്ടും തന്നെ പരിഗണിക്കാതെയിരിക്കുന്നു. നിങ്ങൾക്ക് നിങ്ങളെ തന്നെ സംശയം തോന്നുന്നു. നമ്മുടെ പങ്കാളിയോട് സംസാരിക്കേണ്ട ഓരോ വാക്കും സൂക്ഷിച്ച് ഉപയോഗിക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ടി വരുന്നു. അല്ലെങ്കിൽ അതിന്റെ പേരിൽ നമുക്ക് പഴി കേൾക്കേണ്ടി വരും.
നമ്മളെന്താണ് ഫീൽ ചെയ്യുന്നത് എന്ന് അവരോട് പറയുമ്പോൾ, അതൊക്കെ നിന്റെ തോന്നലാണ് എന്ന് പറഞ്ഞു അവരത് തള്ളികളയുന്നു. നമ്മുടെ ആത്മവിശ്വാസത്തെ അത് തകർത്ത് കളയുന്നു. നമ്മളെ ഇവർ കബളിപ്പിക്കുകയാണെന്ന് നമ്മൾ മനസിലാക്കി വരുമ്പോഴേക്കും നമ്മുടെ വളരെയധികം സമയം നഷ്ടപെട്ടുകാണും. ഇതിനെകുറിച്ച് അറിഞ്ഞിരുന്നാൽ മറ്റുള്ളവർ നമ്മളെ ഇത്തരത്തിൽ manipulate ചെയ്യുമ്പോൾ തന്നെ നമുക്ക് അത് തിരിച്ചറിയാൻ സാധിക്കും. ഓർക്കുക ഇത് നമ്മളെ മാനസികമായി തളർത്തുന്ന മാനിപുലേഷനാണ്. അത് നേരിടുകയോ അത്തരം ബന്ധങ്ങളിൽ നിന്ന് വിടുതൽ നേടുകയോ ചെയ്യണം.
നോട്ട് : ഇതെഴുതി കഴിഞ്ഞ് ആലോചിച്ച് നോക്കുമ്പോൾ ഞാൻ തന്നെ എന്റെ ആദ്യ കാമുകിയെ പണ്ട് gaslight ചെയ്തിട്ടുണ്ട്. എന്റെ കുറ്റങ്ങൾക്ക് ഞാൻ അവളെയായിരുന്നു എന്നും പഴി ചാരിയിരുന്നത്. അവൾക്ക് അതിതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ടോ എന്നറിയില്ല. ഞാൻ പക്ഷെ ഇതാണ് ചെയ്യുന്നതെന്ന് അന്നെനിക്ക് മനസ്സിലായിരുന്നില്ല, ഇപ്പോൾ പക്ഷേ വ്യക്തമായിട്ട് മനസ്സിലാകുന്നുണ്ട്. നമ്മുടെ പ്രിയപെട്ടവരോട് നമുക്ക് ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരതയാണിത്. അവളോട് ഇപ്പോൾ നിശബ്ദമായി മാപ്പ് ചോദിയ്ക്കാൻ അല്ലാതെ വേറൊന്നും ചെയ്യാനില്ല 😦
നോട്ട് 2 : ഒരു വിഷയത്തിൽ വ്യത്യസ്‍ത അഭിപ്രായങ്ങൾ ഉണ്ടാകുന്നതിനെയല്ല ഗ്യാസ്‌ലൈറ്റിംഗ് എന്ന് പറയുന്നത്. ഒരാൾക്ക് കൂടുതൽ പവർ കിട്ടുന്ന ബന്ധങ്ങളിൽ കൂടുതൽ അധികാരം ഉള്ളവർ അധികാരം കുറഞ്ഞവരെ manipulate ചെയ്യാൻ ഉപയോഗിക്കുന്ന ഒരു method ആണിത്.
Gaslighting..
Leave a comment