എന്റെ വയാഗ്ര പരീക്ഷണങ്ങൾ..

എനിക്ക് ജീവിതത്തോടും അതിന്റെ അനുഭവങ്ങളോടും ലേശം കൗതുകം കൂടുതലാണ്, അത് പലപ്പോഴും എന്നെ കുഴിയിൽ ചാടിക്കാറുമുണ്ട്. അങ്ങിനെ ഒരു കഥയാണിത്.

വർഷങ്ങൾക്ക് മുൻപ്  എനിക്ക്  വയാഗ്ര ഒന്ന് പരീക്ഷിച്ചു നോക്കണം എന്നൊരു ആഗ്രഹമുദിച്ചു. എനിക്ക് ഉദ്ധാരണ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല, രണ്ട്മൂന്ന് മണിക്കൂറൊക്കെ നീണ്ടു നിൽക്കുന്ന ഉദ്ധാരണം എന്നൊക്കെ പരസ്യത്തിൽ കണ്ടപ്പോൾ, തിന്നിട്ട് എല്ലിന്റെ ഇടയിൽ കയറിട്ട്, അതൊന്നു ട്രൈ ചെയ്യാൻ ഞാൻ തീരുമാനിച്ചു.

അമേരിക്കയിൽ പക്ഷെ ഡോക്ടറുടെ  പ്രിസ്‌ക്രിപ്‌ഷൻ ഇല്ലാതെ മരുന്ന് കിട്ടില്ല. ഞാൻ സ്ഥിരമായി പോകുന്ന എന്റെ റെഗുലർ ഫിസിഷ്യന്റെ അടുത്ത ഞാൻ കുറച്ച് ചമ്മലോടെ എനിക്ക് ഉദ്ധാരണം ഉണ്ടാകുന്നില്ല എന്ന് വച്ച് കാച്ചി. പുള്ളിക്ക് വിവരമുള്ള ആളായത് കൊണ്ട്, എന്റെ പ്രായമുള്ള ആളുകൾക്ക് ഉദ്ധാരണപ്രശ്‌നം ഉണ്ടാകണമെങ്കിൽ അതിന്റെ അടിസ്ഥാനമായി വേറെ എന്തെങ്കിലും കാരണം ഉണ്ടാകുമെന്നും അതാണ് കണ്ടുപിടിച്ച് ചികിൽസിക്കേണ്ടതും എന്നൊക്കെ എന്നെ കുറെ ഉപദേശിച്ചു. പിന്നെ എന്റെ നിരന്തരമായ ആവശ്യം പരിഗണിച്ച് ഒന്ന് പരീക്ഷിക്കാൻ മാത്രമായി ഒരു ഗുളികക്ക് പ്രിസ്‌ക്രിപ്‌ഷൻ എഴുതി തന്നു. അങ്ങിനെ നീല നിറത്തിലുള്ള ആ ഗുളിക എന്റെ കയ്യിൽ കിട്ടി.

രാഹുകാലമൊക്കെ നോക്കി, ശാരീരികമായും മാനസികമായും തയ്യാറായി ഞാൻ ഗുളികയുടെ പകുതി കഴിച്ചു, മുഴുവൻ കഴിക്കാനുളള ധൈര്യമുണ്ടായില്ല, കാരണം വേറെ ഒരു പ്രശ്നവുമില്ലാതെ വെറുതെ തോന്നിയ പ്രാന്തിന്റെ പുറത്തു ചെയ്യുന്നതാണ്. മുപ്പത് മിനിറ്റ് മുതൽ ഒരു മണിക്കൂറിനുള്ളിൽ ഉദ്ധാരണം സംഭവിക്കണം എന്നാണ്. നല്ല ടെൻഷൻ ഉണ്ടായിരുന്നു. പത്ത് മിനിറ്റായി, ഇരുപത് മിനിറ്റായി, മുപ്പത് മിനിറ്റായി ഒരു മണിക്കൂറായി, ഒന്നും സംഭവിച്ചില്ല. സാധാരണ ഇതിനേക്കാൾ നല്ല പ്രവർത്തനം കാഴ്ചവയ്ക്കുന്ന അവയവത്തിന്റെ കിടപ്പ് കണ്ടപ്പോൾ പണി പാളി എന്നെനിക്ക് മനസിലായി. ഇനി ഒരു പക്ഷെ പകുതി ഗുളിക കഴിച്ചത് കൊണ്ടാവുമോ, ബാക്കി പകുതി കഴിക്കണോ എന്നൊക്കെ ആലോചിക്കുമ്പോഴാണ് ഞാനൊരു കാര്യം ശ്രദ്ധിച്ചത്. എന്റെ രണ്ടു ആന ചെവികളും നല്ല ചുവന്ന നിറത്തിൽ ചുട്ടു പഴുത്തു നിൽക്കുന്നു. ചൂട് സഹിക്കാൻ വയ്യാതെ കുറെ വീശി നോക്കി. പിന്നെ ഐസ് ക്യൂബ്, തണുത്ത വെള്ളത്തിൽ മുക്കിയ തുണി ഒക്കെ വച്ച് എന്റെ ചെവികൾ തണുപ്പിച്ചെടുക്കാൻ ഒരു മണിക്കൂർ എടുത്തു.

എന്താണ് സംഭവിച്ചത് എന്ന് ഗൂഗിൾ ചെയ്തു നോക്കിയപ്പോഴാണ്, വയാഗ്ര എങ്ങിനെയാണ് പ്രവർത്തിക്കുന്നത് എന്നൊക്കെ എനിക്ക് മനസിലായത്. പുരുഷന്റെ ഉദ്ധാരണം ആരംഭിക്കുന്നത് അവന്റെ തലച്ചോറിലാണ്. തലച്ചോറിൽ ലൈംഗിക ഉത്തേജനമുണ്ടാകുമ്പോൾ, അത് ലിംഗത്തിലെ മസിലുകളെ കൂടുതൽ രക്തയോട്ടം ഉണ്ടാകാൻ സഹായിക്കുന്ന വിധത്തിൽ റിലാക്സ് ചെയ്യിക്കുകയും, ഇത് സ്പോഞ്ചി ടിഷ്യൂകളിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ലിംഗത്തിൽ എത്തുന്ന ഈ രക്തം പുറത്തേക്ക് പോകാതെ തടഞ്ഞു നിർത്തുന്ന പ്രത്യേക വാൽവുകളാണ് പുരുഷന്റെ ഉദ്ധാരണം നിലനിർത്തുന്നത്. പ്രമേഹം, അമിതമായ വണ്ണം, അമിത രക്തസമ്മർദ്ധം , അമിത മദ്യപാനം , പുകവലി തുടങ്ങിയ ജീവിത ശൈലീ രോഗങ്ങൾ ഉളളവർക്ക് ഉദ്ധാരണക്കുറവ് ഉണ്ടകാം. വയാഗ്ര ഉദ്ധാരണം സാധ്യമാക്കാൻ സഹായിക്കുന്ന ഒരു വഴി ശരീരത്തിലെ രക്തയോട്ടം വർധിപ്പിച്ചിട്ടാണ്. അമിത രക്തസമ്മർദ്ധം കുറക്കാനും , ഹൃദയത്തിലേക്ക് ഉയർന്ന സമ്മർദ്ദത്തിൽ രക്തം എത്തുന്നതു മൂലമുള്ള വേദനയ്ക്കും മരുന്ന് കണ്ടുപിടിക്കാനുള്ള ഫൈസർ കമ്പനിയുടെ  ശ്രമത്തിൽ അബദ്ധത്തിൽ കണ്ടുപിടിക്കപ്പെട്ട ഒരു മരുന്നാണ് വയാഗ്ര. അത്  ലിംഗത്തിലേക്ക് മാത്രമല്ല, ശരീരത്തിലെ എല്ലായിടത്തേക്കും രക്തയോട്ടം വർദ്ധിപ്പിക്കും. പക്ഷെ വയാഗ്ര കഴിച്ചതുകൊണ്ട് മാത്രം ഉദ്ധാരണം ഉണ്ടാകില്ല, അതിന് തലച്ചോറിൽ നിന്ന് ലൈംഗിക ചോദന ഉണ്ടാകണം. വലിയ ടെൻഷൻ ലൈംഗിക ചോദന ഉണ്ടാകാൻ വലിയ തടസമാണ്.

എന്റെ കാര്യത്തിൽ ആവശ്യമില്ലതെ വയാഗ്ര കഴിച്ചതിന്റെ ടെൻഷനിൽ ലൈംഗിക ഉത്തേജനം ഇല്ലാതിരുന്നത് കൊണ്ട് ഉദ്ധാരണം സംഭവിച്ചില്ല, എന്നാൽ വയാഗ്ര ശരീരത്തിലെ രക്തക്കുഴലുക വികസിപ്പിക്കുന്നത് കൊണ്ട്, എന്റെ  വലിയ ചെവിയിലേക്ക് ആവശ്യത്തിൽ കൂടുതൽ രക്തം ഇരച്ചു കയറുകയും ചെയ്തു. ഫ്ലഷിങ് എന്നാണ് ഇങ്ങിനെ സംഭവിക്കുന്നതിനെ വിളിക്കുന്നത്, ചിലർക്ക് മുഖം ചുവക്കും, എന്നെപോലുള്ളവർക്ക് ചെവിയും. ഇത് വയാഗ്രയുടെ ഒരു സൈഡ് ഇഫക്റ്റാണ്. 

എന്തായാലും വയാഗ്ര കഴിച്ച് ചെവി “കമ്പി” ആയ ലോകത്തിലെ ആദ്യത്തെ മലയാളി ഞാനായിരിക്കും 🙂

നോട്ട് : Jokes apart , നാല്പത് വയസിൽ താഴെയുള്ള നൂറിൽ ഇരുപത് പുരുഷന്മാർക്ക് erectile dysfuction എന്ന ഉദ്ധാരണശേഷിക്കുറവുണ്ട്. ഒരു യൂറോളജിസ്റ്റിനെ കണ്ട് അടിസ്ഥാന കാരണങ്ങൾ മനസിലാക്കുകയും അതിന് ഡോക്ടറുടെ നിർദേശപ്രകാരം Avanafil (Stendra), Sildenafil (Viagra), Tadalafil (Cialis)  തുടങ്ങിയ മരുന്നുകൾ കഴിച്ചാൽ ഈ പ്രശനം പരിഹരിക്കാം. ഈ പ്രശ്നം ഡോക്ടറോട് പറയാൻ ഒരു നാണക്കേടും വിചാരിക്കേണ്ട. ജീവിതം ആസ്വദിക്കാൻ പത്ത് രൂപയുടെ മരുന്ന് കഴിച്ചാൽ മതിയെങ്കിൽ എന്തിന് മടിക്കണം. വൈബ്രേറ്റർ എന്നത് പുറത്തു പറയാനുള്ള നാണക്കേട് നമ്മൾ മാറ്റിയത് പോലെ വയാഗ്ര എന്ന് പുറത്ത് പറയാനുള്ള നാണക്കേടും നമുക്ക് മാറ്റിയെടുക്കണം. അതൊരു കഴിവ്‌കേടിന്റെ ലക്ഷണമായൊന്നും കാണേണ്ട ആവശ്യമില്ല.

നോട്ട് 2 : വയാഗ്രയുടെ പ്രവർത്തനം ഞാൻ വിശദീകരിച്ചത് പോലെ അത്ര ലളിതമല്ല. cGMP എന്ന റിലാക്സ് ചെയ്യാൻ സഹായിക്കുന്ന രാസവസ്തു മുതൽ PDE-5 എന്ന എൻസൈം തടയാനുള്ള പ്രവർത്തനങ്ങൾ ഒക്കെ ഇതിന്റെ അടിയിലുണ്ട്. ഗൂഗിൾ ചെയ്താൽ നിങ്ങൾക്ക് ഇതിന്റെ മുഴുവൻ പ്രവർത്തനവും ലഭിക്കും.

Leave a comment

Blog at WordPress.com.

Up ↑