ഒരുവളിൽ രണ്ടു പ്രണയനികളുണ്ട്..

ഒരുവളിൽ രണ്ടു പ്രണയനികളുണ്ട്, നാല്പതിനു മുൻപും, അതിനു ശേഷവും എന്ന് ഞാനെവിടെയോ വായിച്ചിട്ടുണ്ട്.

വിവാഹം കഴിഞ്ഞു, കുട്ടികൾ ജനിച്ചു, അവരെ നോക്കി വലുതാക്കാൻ ഓടി നടക്കുന്ന, അതിന്റെ കൂടെ ഭർത്താവിന്റെ ചില സ്വഭാവദൂഷ്യങ്ങൾ കണ്ടില്ലെന്നു നടിച്ചോ, അവനെ നേർവഴിക്ക് നടക്കാൻ ശ്രമിച്ച് പരാജയപെടുകയോ ഒക്കെ ചെയ്യുന്നവളാണ് നാല്പതിനു മുൻപുള്ള സ്ത്രീ. അവളുടെ പ്രണയം അവളുടെ പങ്കാളി കാണാതെ പോവുമ്പോൾ അവൾ അത് നിരാശയോടെ തിരശീലയ്ക്ക് പിറകിലേക്ക് നീക്കി വയ്ക്കുന്നു.  നാൽപതു വരെ വീട്ടിലെ നായകൻ ഭർത്താവാണ്‌.  പക്ഷെ പെണ്ണിന് നാല്പത് കഴിയുമ്പോൾ , കുട്ടികൾ ചിറകു മുളച്ച് അവരുടെ സ്വാതന്ത്ര്യത്തിലേക്ക് പറന്നുപോകുമ്പോൾ , തന്റെ പങ്കാളിയെ നന്നാക്കാനുള്ള ശ്രമങ്ങൾ മിക്ക സ്ത്രീകളും ഉപേക്ഷിക്കുന്നു. അവർ കുട്ടികൾക്കും  കുടുംബത്തിനും വേണ്ടി മാറ്റിവച്ച തങ്ങളുടെ പഴയ അഭിരുചികൾ പുറത്തെടുക്കുന്നു. ചിലർ ഡാൻസ് പഠിക്കുന്നു, ചിലർ ഗാർഡനിങ് ചെയ്യുന്നു, ചിലർ പാട്ടു പഠിക്കുന്നു, ചിലർ കൂട്ടുകാരികളുടെ കൂടെ നാട് കാണാൻ പോകുന്നു.

പക്ഷെ അതിനേക്കാളുപരി അവർ തങ്ങളുടെ പങ്കാളികളെ ശരിയാക്കാനുള്ള ശ്രമം ഉപേക്ഷിക്കുന്നു, പകരം അസാധാരണമായ ആത്മവിശ്വാസത്തോടെ തന്റെ ഉള്ളിലുണ്ടായിരുന്ന പഴയ തന്നെ പുറത്തേക്കെടുക്കുന്നു. തനിക് ഇഷ്ടമുള്ളവനോട് flirt ചെയ്യുന്നു, സ്കൂൾ / കോളേജ് ഒത്തചേരലുകളിൽ പഴയ സന്തോഷം പുനരനുഭവിക്കുന്നു. പുതിയ കൂട്ടുകൂടലുകളിൽ കൊച്ചു സന്തോഷങ്ങൾ കണ്ടെത്തുന്നു. അവളുടെ ചിരി പഴയ പ്രസരിപ്പോടെ തിരികെ വരുന്നു. ആകാശമാണ് അതിർത്തിയെന്നു പെണ്ണ് തിരിച്ചറിയുമ്പോൾ ആണുങ്ങൾ അമ്പരക്കുന്നു. താൻ ഇതുവരെ കാണാത്ത ഒരു പുതിയ പങ്കാളി അവന്റെ മുന്നിൽ, അവൻ ഇതുവരെ കാണാത്ത ആത്മവിശ്വാസത്തോടെ നിൽക്കുന്നു. വീടിന്റെ നിയന്ത്രണം അവൾ ഏറ്റെടുക്കുന്നു.

അപ്പോൾ അവളുടെ പങ്കാളിക്ക് ചെയ്യാവുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്നുകിൽ പതിവുപോലെ ഇതവഗണിക്കുക, അല്ലെങ്കിൽ പുഴുവിൽ നിന്ന് പുറത്ത് വന്ന ഈ വർണശബളമായ പുതിയ പൂമ്പാറ്റയെ സന്തോഷത്തോടെ എതിരേൽക്കുക. പഴയ പ്രണയങ്ങൾ പൊടിതട്ടിയെടുക്കുക. വീണ്ടും കൗമാരത്തിലെ കാമുകീ കാമുകന്മാരാവുക. നിങ്ങൾ അവഗണിച്ചാൽ അവളുടെ മുന്നിൽ ഉള്ള ചോയ്സ് കണ്ടാൽ നിങ്ങൾ തന്നെ ഞെട്ടിപ്പോകും. പെണ്ണുങ്ങൾ ഒരു ബന്ധത്തിന്റെ പുറത്തേക്ക് പോകാത്തത് അവർക്ക് പോകാനിടമില്ലാത്തത് കൊണ്ടല്ല, നിങ്ങളോടുള്ള സ്നേഹം കൊണ്ടാണ്. അതവഗണിച്ചാൽ അവൾ പൊടിയും തട്ടി പോകും, പുതിയ ആകാശം അവളുടെ മുന്നിൽ വിശാലമായി തുറന്നു കിടക്കുകയാണ്…

ചിത്രത്തിൽ നാല്പത് വയസു വരെ എന്നെ നന്നാക്കാൻ ശ്രമിച്ച, കഴിഞ്ഞ ആറുവർഷങ്ങളായി  ഭരതനാട്യം പഠിച്ച് , ഈ നവംബറിൽ അരങ്ങേറ്റം ചെയ്യാൻ പോകുന്ന ഒരു പൂമ്പാറ്റ.

Leave a comment

Blog at WordPress.com.

Up ↑