ഇരുപത്തിനാല് വർഷങ്ങൾക്ക് ശേഷം പിന്നിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ എന്റെ വലിയൊരു ഒരു വിഷമം എന്റെ കല്യാണം കൂട്ടുകാരെയും ബന്ധുക്കളെയും ഒക്കെ വിളിച്ച് അടിച്ച് പൊളിച്ച് ആഘോഷിക്കാൻ കഴിഞ്ഞില്ല എന്നതാണ്.
അന്നത്തെ ആദർശങ്ങളുടെയും സാഹചര്യങ്ങളുടെയും സമ്മർദ്ദത്തിൽ ഞങ്ങളുടെ കല്യാണത്തിന് ആകെ ഉണ്ടായിരുന്നത് എന്റെ ബാപ്പയും ഉമ്മയും ഉൾപെടെ അകെ അഞ്ചോ ആറോ പേരാണ്. മട്ടാഞ്ചേരിയിലെ കായിക്കാന്റെ കടയിൽ നിന്ന് വീട്ടുകാർക്ക് വാങ്ങിയ ബിരിയാണി ഉൾപ്പെടെ ആയിരം രൂപ മാത്രമായിരുന്നു ചിലവ്. പിന്നീട് വിപുലമായി വിവാഹം നടത്താനുള്ള സമയവും സന്ദർഭവും ഒത്ത് വന്നില്ല.
ഞങ്ങളുടെ വിവാഹം നടക്കുന്ന സമയത്ത് ഞങ്ങൾ ഒരുമിച്ച് താമസിക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ വിവാഹം എന്ന ചടങ്ങ് ഒരു വലിയ കാര്യമായി ആർക്കും തോന്നിയില്ല എന്നതാണ് സത്യം. യഥാർത്ഥത്തിൽ വിവാഹങ്ങൾ പങ്കാളികളുടെ മനസിലാണ് നടക്കേണ്ടത്. ഇണയുമായി കുറെ നാൾ ജീവിക്കാം എന്നും, പരസ്പരം വേണമെങ്കിൽ കുട്ടികൾ ആകാമെന്നും, അവരെ വളർത്താം എന്നുമൊക്കെ തോന്നി തുടങ്ങുന്ന സമയമാണ് യഥാർത്ഥത്തിൽ വിവാഹം. ആളുകളെ കൂട്ടിയുള്ള ചടങ്ങ് ശരിക്കും നമ്മുടെ തീരുമാനം സുഹൃത്തുക്കളെയും നമ്മുടെ സന്തോഷം പങ്ക് വയ്ക്കണമെന്ന് നമുക്ക് തോന്നുന്നവരെയും അറിയിക്കുന്ന ഒന്ന് മാത്രമായിരിക്കണം. നിങ്ങൾ ഒരുമിച്ചുള്ള ജീവിതം തുടങ്ങേണ്ട സന്ദർഭമേ അല്ല വിവാഹം. രണ്ടു പേര് ഒരുമിച്ച് ജീവിക്കാന് എടുത്ത തീരുമാനം ആഘോഷിക്കാനുള്ള ഒരു സന്ദർഭമായിരിക്കണം വിവാഹം, അതും നമ്മുടെ സ്വന്തം ചിലവിൽ. പെണ്ണിന്റെ വീട്ടിൽ നിന്ന് സ്ത്രീധനം വാങ്ങിയിട്ട് ചെയ്യേണ്ട ഒന്നല്ല. കയ്യിൽ പണമില്ല അല്ലെങ്കിൽ മറ്റൊരു കാരണം കൊണ്ട് മറ്റൊരു സന്ദര്ഭത്തിലേക്ക് മാറ്റി വച്ചാലും കുഴപ്പമില്ലാത്ത ഒരു സംഭവം മാത്രമായിരിക്കണം വിവാഹം.
മനുഷ്യൻ ഒരു സാമൂഹിക ജീവിയാണ്, അതിൽ ഉത്സവങ്ങളും പെരുന്നാളുകളും പോലെ ആളുകൾ പരസ്പരം കാണുന്ന മറ്റൊരു സന്ദർഭമാണ് വിവാഹങ്ങൾ. പലരും വിവാഹത്തിന് പോകുന്നത് പെണ്ണിനേയും ചെക്കനേയും കാണാൻ മാത്രമല്ല, നല്ല ഭക്ഷണം കഴിക്കാനും കൂട്ടുകാരെ കാണാനും ഒക്കെയാണ്. യുക്തിവാദികളും മിശ്രവിവാഹിതരും ഒക്കെ പലപ്പോഴായി അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് , ഉത്സവങ്ങളും പെരുന്നാളുകളും വിവാഹങ്ങളും പോലെ കുറെ ആളുകൾ ഒന്നിച്ച് കൂടുന്ന ചടങ്ങുകൾ അവർക്കില്ല എന്നത്. അത് ബോധപൂർവം മറികടക്കേണ്ട ഒരു കാര്യമാണ്. വിവാഹത്തിന് നമ്മുടെ കയ്യിൽ ഒതുങ്ങുന്ന തരത്തിൽ കൂട്ടുകാരെയും കുടുംബക്കാരെയും വിളിച്ച് പാട്ടും ഡാൻസും ഒക്കെയായി അടിച്ച് പൊളിക്കുന്നതിൽ ഒരു തെറ്റുമില്ല. പല മതവിശ്വാസികളും പെരുന്നാളുകളും ഉത്സവങ്ങളും ഒക്കെ കൊണ്ടാടുന്നതും ഇതേ സാമൂഹിക കാരണങ്ങൾ കൊണ്ടാണ്, പലപ്പോഴും കൊല്ലത്തിൽ ഒരിക്കൽ പോലും അമ്പലത്തിൽ പോകാത്തവരായിരിക്കും ഉത്സവത്തിന് മുന്നിൽ നിൽക്കുക. വിശ്വാസം കഠിനമായി കൊണ്ടുനടക്കുന്നത് ഒരു ന്യൂനപക്ഷം മാത്രമാണെന്നാണ് എന്റെ നിരീക്ഷണം.
ഇവിടെ ഗോമതിയുടെ ഡാൻസ് പ്രമാണിച്ച്, മാസത്തിൽ ഒന്നോ രണ്ടോ തവണ അമ്പലത്തിൽ പോകുന്ന ഒരാളാണ് ഞാൻ. രണ്ടാഴ്‌ച്ച മുൻപ്, ഒരു കൂട്ടുകാരന്റെ അച്ഛന്റെ നാല്പതാം ചരമ ദിവസം പ്രമാണിച്ച്, ഒരു പള്ളിയിൽ കുർബാനയ്ക്കും പോയിരുന്നു. ഇഫ്‌താർ പാർട്ടിക്കും പോകാറുണ്ട്. ജൂൺ മാസത്തിൽ നാട്ടിൽ വരുമ്പോൾ മദ്രാസിൽ ഒരു തമിഴ് കല്യാണം കൂടാനും സാധ്യതയുണ്ട്. മതതിന്റെ പേരിൽ ഉള്ള സാംസ്‌കാരിക കൂട്ടായ്‍മകൾ വിട്ടുകളയുക എളുപ്പമല്ല. കർണാടിക്ക് സംഗീതവും ഭരതനാട്യം പോലുള്ള നൃത്ത രൂപങ്ങളും ഇപ്പോഴും മതത്തിന്റെ അകത്താണ്. മറ്റൊരു മതത്തിൽ പെട്ട ഒരാളോ യുക്തിവാദിയോ അതെങ്ങിനെ പഠിക്കും? അതിന്റെ ബദൽ യുക്തിവാദികൾ ആലോചിച്ച് കൊണ്ടുവരേണ്ട ഒന്നാണ്. ഡാൻസും പാട്ടും ഒക്കെയുള്ള മതരഹിതമായ കൂടലുകൾ ഉണ്ടാകണം. ഇപ്പോഴുള്ള ഏതാണ്ട് എല്ലാ യുക്തിവാദ മീറ്റിങ്ങുകളും പ്രസംഗങ്ങൾ കേൾക്കാൻ മാത്രമാണ്, അത് വേണ്ടെന്നല്ല , പക്ഷെ അത് മാത്രം പോര എന്നാണ് പറയാൻ ഉദേശിക്കുന്നത്. നമ്മുടെ മക്കൾക്ക് ഒരുമിച്ച് കൂടാനും പരിചയപ്പെടാനും മറ്റും ഒരിടം വേണം.
ഇതേപോലെ തന്നെ മതവിശ്വാസികൾ എല്ലാ സമയത്തും മതം ശ്വസിച്ച് ജീവിക്കുകയാണ് എന്നൊരു തെറ്റായ ധാരണ പലരിലുമുണ്ട്. മതം വിറ്റ് ജീവിക്കുന്ന ചില പുരോഹിതന്മാരിൽ ഒഴികെ ഭൂരിപക്ഷവും ഒരു മതത്തിൽ പെട്ട മാതാപിതാക്കൾക്ക് ജനിച്ചു എന്നൊരു കാരണം കൊണ്ടും , ചെറുപ്പത്തിലേ മതം ഒരു ശീലമായി കൂടെ കൂട്ടിയത് കൊണ്ടും വിശ്വസികളായി തുടരുന്നവരാണ്. വേദവും ഉപനിഷത്തും വായിച്ച് ഹിന്ദുവായ ഒരു ഹിന്ദുവിനെ പോലും ഇതുവരെ ഞാൻ കണ്ടിട്ടില്ല. ടിവി സീരിയലിലും ചിത്രകഥകളിലും മറ്റും കണ്ട അറിവ് രാമായണത്തെ കുറിച്ചും മഹാഭാരതത്തെ കുറിച്ചും ആളുകൾക്ക് ഉള്ളൂ. മതത്തെ രാഷ്ട്രീയപരമായും മറ്റൊരു മതത്തെ അന്യവത്കരിക്കാനും ഉപയോഗിക്കുന്നവർ ഒരു ന്യൂനപക്ഷമാണ്. അതുകൊണ്ടാണ് മതത്തെ എതിർക്കുക, വിശ്വാസികളെ അല്ല , വിശ്വാസികൾ മതത്തിന്റെ ഇരകളാണ് എന്ന് പലവട്ടം വിളിച്ചു പറയേണ്ടി വരുന്നത്. മതം തന്നെ പലപ്പോഴും പഴയ മനുഷ്യരുടെ യുക്തി, കാലത്തിന്റെ ചങ്ങലകളിൽ തളച്ചിടപ്പെട്ടത് കൊണ്ട് അതേപോലെ നിലനിന്ന പോകുന്നവയാണ്. കുറെ വർഷങ്ങൾക്ക് ശേഷം കാലത്തിന്റെ ചവറ്റുകൊട്ടകളിലായിരിക്കും ഇന്നത്തെ മതങ്ങളുടെയും ദൈവങ്ങളുടെയും സ്ഥാനം.
വിവാഹങ്ങളിലെ ഒരു പ്രശ്നം മതപരമായ ചില ചടങ്ങുകളാണ്. ഏതാണ്ട് എല്ലാ മതങ്ങളിലും സ്ത്രീവിരുദ്ധമായ എന്തെങ്കിലും ഏർപ്പാട് കാണും. അത് സ്ത്രീകളെ മറ കെട്ടി മാറ്റി ഇരുത്തുന്നത് മുതൽ, വിവാഹം കഴിക്കുന്ന പെണ്ണ് ചടങ്ങിൽ പങ്കെടുക്കാതെ പെണ്ണിന്റെ “രക്ഷകർത്താവ്” കരാർ ചെയ്യുന്നത് മുതൽ, പെണ്ണിന് മാത്രം താലിയും സിന്ദൂരവും ഇടുന്നത് വരെ ഉണ്ട്. ചില സമുദായങ്ങളിൽ സ്വന്തം പിതാവ് തന്നെ മകളെ താലി കെട്ടി വരന് കന്യാ “ദാനം” ചെയ്യുന്ന ചടങ്ങ് മുതൽ കാശിക്ക് പോകാൻ തുടങ്ങുന്ന വരനെ തിരികെ വിളിച്ച് തന്റെ മകളെ കൊടുക്കുന്ന ചടങ്ങ് വരെ ഉണ്ട്. പെണ്ണ് പുരുഷന്റെ കൃഷിയിടമാണെന്ന് കരുതുന്ന മറ്റ് ചില മതങ്ങളിൽ ദൈവമാണ് ഇണകളെ യോജിപ്പിക്കുന്നത്, അത് മനുഷ്യൻ വേർപെടുത്താൻ പാടില്ല എന്നാണ്, കല്യാണം കഴിക്കുന്ന ആളുകളുടെ മനഃപൊരുത്തമാണ് ഏറ്റവും പ്രധാനമെന്ന് കരുതുന്ന ആധുനിക സമൂഹത്തിൽ പലപ്പോഴും കല്യാണ സമയത്ത് ഇത് തമാശയായി തോന്നുമെങ്കിലും, പരസ്പരം ഒത്ത്‌പോകില്ല എന്ന് മനസിലാകുന്ന സന്ദർഭങ്ങളിൽ , ഡിവോഴ്സ് ആവശ്യമായി വരുമ്പോഴാണ് ഇതൊരു പാരയായി മാറുന്നത്. പക്ഷെ പ്രത്യക്ഷമായി കാണുന്ന ഈ ചടങ്ങുകളെക്കാൾ ഉള്ള പ്രശനം ആരുമറിയാതെ നടക്കുന്നുണ്ട്, അത് സ്ത്രീധനമാണ്. പ്രണയ വിവാഹങ്ങളിൽ പോലും കുടുംബക്കാരും മതക്കാരും പങ്കെടുക്കാനുള്ള ഒരു കണ്ടിഷൻ ആയിട്ട് സ്ത്രീധനം ആവശ്യപ്പെടുകയും കൊടുക്കുകയും ചെയ്യുന്നുണ്ട്. സ്ത്രീധനം വേണ്ടെന്ന് പറയുന്ന ആണുങ്ങൾക്ക് എന്തെങ്കിലും കുഴപ്പുമുണ്ടോ എന്ന് അന്വേഷിക്കുന്ന രീതിയിലേക്ക് സമൂഹം ആളുകളെ കണ്ടിഷൻ ചെയ്തു വച്ചിട്ടുണ്ട്. മതപരമായി നടക്കുന്ന വിവാഹങ്ങളിലാണ് സ്ത്രീധന സമ്പ്രദായം ഏറ്റവും കൂടുതൽ കാണുന്നത് എന്നതാണ് ഇതിലെ ഏറ്റവും വലിയ പ്രശ്നം.
അടുത്ത കാലത്തായി കേരളത്തിലെ കല്യാണങ്ങളിൽ പാട്ടും ഡാൻസും കൂടുകയും മത ചടങ്ങുകൾ കുറഞ്ഞു വരികയും ചെയ്യുന്നതായി ചില കല്യാണ വീഡിയോകൾ കണ്ടിട്ട് തോന്നിട്ടിട്ടുണ്ട്. മൈലാഞ്ചി, ഹൽദി വീഡിയോ ഒക്കെ കണ്ടിട്ട് ഇന്നത്തെ പിള്ളേരോട് അസൂയ തോന്നുന്നു. കുറെ വർഷങ്ങളായിട്ട് ഞങ്ങൾ ആലോചിക്കുന്ന ഒരു വിഷയമാണ് കൂട്ടുകാരെയും ബന്ധുക്കളെയും ഒക്കെ ഒരുമിച്ച് വിളിച്ച് ഡാൻസും പാട്ടും ഒക്കെയായി പരസ്പരം കല്യാണം കഴിക്കണമെന്ന്. ഈ വർഷം ഗോമതി അവളുടെ ഡാൻസ് അരങ്ങേറ്റത്തിന്റെ തിരക്കിലാണ്, അതൊക്കെ കഴിഞ്ഞു സമയം ഉണ്ടെകിൽ, അന്നും ഞങ്ങൾ ഒരുമിച്ച് തന്നെ ഉണ്ടെങ്കിൽ, കല്യാണം കഴിക്കാൻ മൂഡ് ഉണ്ടെങ്കിൽ, സമാധാനപരമായി ഒരു കല്യാണം കഴിക്കണം. നിങ്ങളെ എല്ലാവരെയും വിളിക്കുന്നതായിരിക്കും.
യുക്തിവാദിയുടെ കല്യാണം..
Leave a comment