ദൈവങ്ങൾ മരിച്ചുപോകുന്ന ദിവസം.
ഒരു ദിവസം ലോകത്തിലെ എല്ലാ ദൈവങ്ങളും മരിച്ചുപോയാൽ എന്ത് സംഭവിക്കും? അല്ലെങ്കിൽ ലോകത്തിലെ എല്ലാവർക്കും ദൈവങ്ങളോ, മതങ്ങൾ പറയുന്ന സ്വർഗ്ഗമോ നരകമോ ഒന്നുമില്ലെന്ന് ഒരു ദിവസം മനസിലായാൽ ലോകത്ത് എന്ത് സംഭവിക്കും? ദൈവത്തെ പേടിച്ച് നല്ലവരായിരിക്കുന്ന മനുഷ്യരെല്ലാവരും അന്നുമുതൽ തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ കൊല്ലാൻ തുടങ്ങുമോ? നിങ്ങൾ വിശ്വാസികൾ കൂട്ടബലാത്സംഗങ്ങൾ നടത്തുമോ? ഹൈവേയിൽ അപകടം പറ്റി കിടക്കുന്ന ആളുകളെ ശ്രദ്ധിക്കാതെ പോകുമോ? തങ്ങൾ ചെയ്യുന്ന ദാനധർമങ്ങൾ നിർത്തുമോ?
ചുരുക്കി ചോദിച്ചാൽ ദൈവത്തെയും നരകത്തെയും പേടിച്ചാണോ ആളുകൾ മറ്റുളളവരെ സഹായിക്കുന്നതും ഉപദ്രവിക്കാതെയിരിക്കുന്നതും? മനുഷ്യന്റെ ധാർമികത മതങ്ങളെയും ദൈവങ്ങളെയും അടിസ്ഥാനമാക്കിയാണോ നിലകൊള്ളുന്നത്? അതോ ജനിക്കുമ്പോൾ തന്നെ മനുഷ്യരുടെയുള്ളിൽ ധാർമികത ഉണ്ടോ? മതം ആളുകളെ കൂടുതൽ ധാർമികരാക്കുന്നുണ്ടോ?
ഇതിന് ഉത്തരം കണ്ടെത്താനുള്ള ഒരു വഴി , മതത്തെയും ദൈവത്തെയും കുറിച്ചൊന്നും അറിയാത്ത ആളുകൾ ദാനധർമങ്ങൾ ചെയ്യുന്നുണ്ടോ എന്നന്വേഷിക്കലാണ്? അങ്ങിനെയുള്ള ആരാണ് ലോകത്തുള്ളത് എന്ന് ചോദിച്ചാൽ ഒന്നോ രണ്ടോ വയസിനു താഴെയുള്ള കുട്ടികൾ അല്ലാതെ അധികം ആരുമുണ്ടാകാൻ സാധ്യതയില്ല.
അതുകൊണ്ടാണ് ഈ ചോദ്യത്തിന് ഉത്തരം കിട്ടാൻ അമേരിക്കയിലെ യെയ്ൽ സർവകലാശാല വർഷങ്ങൾക്ക് മുൻപ് കുട്ടികളെ ഉപയോഗിച്ച് ഒരു പഠനം നടത്തിയത്. ഒരു വയസിന് താഴെയുള്ള കുട്ടികളെ കളിപ്പാട്ടങ്ങൾ ഉപയോഗിച്ച് ഒരു പപ്പറ്റ് ഷോ കാണിച്ചു കൊടുക്കുകയായിരുന്നു ഈ പരീക്ഷണത്തിൽ ആദ്യം ചെയ്തത്. ഈ പപ്പറ്റ് ഷോയിൽ ആദ്യത്തെ സീനിൽ ഒരു പാവ ഒരു പെട്ടിയിൽ നിന്ന് തന്റെ കളിപ്പാട്ടം എടുക്കാൻ ശ്രമിക്കുമ്പോൾ മറ്റൊരു പാവ വന്നു സഹായിക്കുന്നു. അടുത്ത സീനിൽ ഇതേ പാവ പെട്ടിയിൽ നിന്ന് കളിപ്പാട്ടം എടുക്കാൻ ശ്രമിക്കുമ്പോൾ മറ്റൊരു പാവ വന്ന് പെട്ടി ചവിട്ടി അടച്ച് പെട്ടിയിൽ നിന്ന് കളിപ്പാട്ടം എടുക്കാൻ പറ്റാത്ത തരത്തിൽ ദ്രോഹിക്കുന്നു. (സീനുകൾ എപ്പോഴും ഇതേ ഓർഡറിൽ ആകണം എന്നില്ല)
ഈ ഷോ കഴിയുമ്പോൾ കുട്ടിയുടെ മുന്നിലേക്ക് രണ്ടു പാവകൾ വച്ച് നീട്ടുന്നു. ആദ്യത്തേത് സീൻ ഒന്നിൽ സഹായിച്ച പാവയും, രണ്ടാമത്തേത് രണ്ടാമത്തെ സീനിൽ ഉപദ്രവിച്ച പാവയും. കുട്ടി ഏത് പാവയ്ക്കാണ് ആദ്യം കൈനീട്ടുന്നത് എന്നാണ് പരീക്ഷിച്ചത്. എഴുപത്തി അഞ്ച് ശതമാനം കുട്ടികളും സഹായിച്ച പാവയെ ആണ് തിരഞ്ഞെടുത്തത്. ഈ പരീക്ഷണം പല തവണ അവർത്തിച്ചിട്ടുള്ളതാണ്. അപ്പോഴെല്ലാം ഭൂരിഭാഗം കുട്ടികളും സഹായിച്ച പാവയെ തിരഞ്ഞടുത്തു. ഇതിൽ നിന്ന് കുട്ടികൾ ജനിക്കുമ്പോൾ തന്നെ ഒരു ധാർമികത അവരുടെ ഉള്ളിലുണ്ട് എന്ന് ഒരു നിഗമനത്തിൽ പരീക്ഷണം നടത്തിയവർ എത്തി.
എന്നാൽ ഈ പരീക്ഷണത്തിൽ ചെറിയൊരു മാറ്റം വരുത്തി മറ്റൊരു പരീക്ഷണം കൂടി നടത്തിയിട്ടുണ്ട്. മേല്പറഞ്ഞ പപ്പറ്റ് ഷോ തുടങ്ങുന്നതിന് മുമ്പ് ഒരു സീൻ കൂടി ആരംഭത്തിൽ കൂട്ടിച്ചേർത്തു. ആദ്യം കുട്ടികളോട് രണ്ട് ബേബി ഫുഡ് കാണിച്ചിട്ട് അതിൽ ഏതാണ് കുട്ടിക്ക് ഇഷ്ടമെന്ന് ചോദിക്കും. പിന്നീട് ഷോയിലെ വില്ലൻ ആയ പാവ കുട്ടിക്ക് ഇഷ്ടപെട്ട അതെ ഭക്ഷണം കഴിക്കുന്നതായും , സഹായിക്കുന്ന പാവ കുട്ടിക്ക് ഇഷ്ടമില്ലാതിരുന്ന ഭക്ഷണം കഴിക്കുന്നതായും കാണിച്ചു. തങ്ങളിൽ നിന്ന് വ്യത്യസ്‍തരായ ആളുകളെ കുട്ടികൾ എങ്ങിനെ നോക്കിക്കാണുന്നു എന്നറിയാനാണ് ഇങ്ങിനെയൊരു മാറ്റം വരുത്തിയത്. ഈ മാറ്റം വരുത്തിയപ്പോൾ തങ്ങളിൽ വില്ലൻ ആയിട്ട് പോലും തങ്ങളുടെ ഇഷ്ടഭക്ഷണം കഴിച്ച പാവയെയാണ് കുട്ടികൾ തിരഞ്ഞെടുത്തത്. എന്നുവച്ചാൽ മനുഷ്യരുടെ ഉള്ളിലെ പ്രകൃതിദത്തമായ ധാർമികത തങ്ങളെ പോലെ ഉള്ള, തങ്ങളുടെ ജീവിത രീതികൾ പിന്തുടരുന്നവരോട് മാത്രമാണ് എന്നർത്ഥം.
മനുഷ്യനെ ധാർമികത പഠിപ്പിക്കുന്നു എന്നവകാശപ്പെടുന്ന മതവിശ്വാസികൾ ഭൂരിപക്ഷം ഉണ്ടായിട്ട് പോലും മലപ്പുറത്ത് ആഫ്രിക്കയിൽ നിന്ന് വന്ന ഫുട്ബോൾ കളിക്കാരനെ അടിച്ചോടിച്ചതിന്റെ അടിസ്ഥാന വേരുകൾ ഈ പരീക്ഷണത്തിൽ നിങ്ങൾക്ക് കാണാൻ കഴിയും. മതം ഈ സ്വഭാവത്തിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. സംഘപരിവാർ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളോട് ചെയ്യുന്നതും ഈ അപരവൽക്കരണത്തെ രാഷ്ട്രീയവത്കരിക്കുന്നതാണ്. തന്നെ പോലെയല്ലാത്ത, തന്റെ തൊലിനിറമല്ലാത്ത , തന്നിൽ നിന്നും വ്യത്യസ്‍തമായ ഭക്ഷണം കഴിക്കുന്ന, തന്റെ മതത്തിൽ വിശ്വസിക്കാത്ത , തന്റെ ഭാഷ സംസാരിക്കാത്ത , തന്റെ രാഷ്ട്രീയത്തിൽ വിശ്വസിക്കാത്ത ആളുകളുടെ കാര്യത്തിലും അടിസ്ഥാന ധാർമികത പുലർത്തുക എന്നത് മനുഷ്യർ പഠനത്തിലൂടെയും അനുഭവത്തിലൂടെയും മറ്റും ആർജ്ജിച്ചെടുക്കുന്ന ഒരു കഴിവാണ്. അത് വളർത്തുക എന്നതാണ് വർഗീയതയെയും വംശീയതയും തോൽപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗം. പലതരത്തിലുള്ള കുട്ടികൾ പഠിക്കുന്ന പൊതു വിദ്യാലയങ്ങൾ മുതൽ എല്ലാ മനുഷ്യരും പങ്കെടുക്കുന്ന ഏതൊരു സാംസ്‌കാരിക പരിപാടിയും ഇങ്ങിനെയുള്ള സമൂഹത്തിലേക്കുള്ള ചുവടുവയ്പ്പാണ്. മതങ്ങൾ പുതിയ മനുഷ്യരെ വെറുക്കാനുള്ള പുതിയ മതിലുകൾ പണിയുന്നു എന്ന് മാത്രം.
മേൽപ്പറഞ്ഞതിനർത്ഥം ഓരോ മതസ്ഥരും മറ്റുമതസ്ഥരെ വെറുക്കുന്നവരാണ് എന്നല്ല, ഒരു മതത്തിൽ ജനിച്ചതുകൊണ്ട് മാത്രം അത് പിന്തുടരുന്നവരാണ് ഭൂരിപക്ഷം ആളുകളും. മതത്തിന്റ വെറുപ്പിലേക്ക് വീണ് പോകുന്നവർ വളരെ ചുരുക്കം ആളുകൾ മാത്രമാണ്. മറ്റുള്ളവർ തങ്ങൾക്ക് ജന്മനാ ലഭിച്ചതും സാമൂഹിക ഇടപെടലുകളിലൂടെ വളർത്തിയതുമായ ധാർമികത മതം കൊണ്ട് ലഭിച്ചതാണ് എന്ന തെറ്റിദ്ധാരണ പുലർത്തുന്നവർ മാത്രമാണ്.
നോട്ട് : മാറ്റമില്ലാത്ത ഒരു പ്രതിഭാസമല്ല മനുഷ്യന്റെ ധാർമികതയും ദാന സന്നദ്ധതയും. സ്കൂൾ വിദ്യാഭ്യാസം ആളുകളുടെ ധാർമികതയെ എങ്ങിനെ ബാധിക്കുന്നു എന്ന മറ്റൊരു പരീക്ഷണം നോക്കാം. കുട്ടികളുടെ മുന്നിൽ ഒരു പകുതി പച്ച നിറവും മറ്റേ പകുതി നീല നിറവും ഉള്ള ഒരു ബോർഡിൽ കുറച്ച് കരുക്കൾ വയ്ക്കുന്നു. കളിയുടെ അവസാനം ഈ കരുക്കൾ കൊടുത്താൽ കുട്ടിക്ക് ഇഷ്ടമുള്ള സമ്മാനങ്ങൾ തിരഞ്ഞെടുക്കാം. നീല നിറത്തിൽ രണ്ടു വീതം കരുക്കൾ ഉണ്ട്. കുട്ടി നീല നിറം തിരഞ്ഞെടുത്താൽ അതിൽ രണ്ടു കരുക്കൾ കുട്ടിക്കും, മറ്റ് രണ്ടു കരുക്കൾ മറ്റൊരു കുട്ടിക്കും ലഭിക്കും. പച്ച നിറമുള്ള ഭാഗത്ത് ഒരു കരു മാത്രമാണുള്ളത്. കുട്ടി പച്ച തിരഞ്ഞെടുത്താൽ കുട്ടിക്ക് ഒരു കരു ലഭിക്കുന്നു, മറ്റേ കുട്ടിക്ക് ഒന്നും ലഭിക്കുന്നില്ല. ഈ പരീക്ഷണത്തിൽ അഞ്ച് വയസ് ഒക്കെയുള്ള ചെറിയ കുട്ടികൾ നീല നിറമാണ് തിരഞ്ഞെടുത്തത്. തങ്ങൾക്ക് ഒരു കരു കുറച്ചാണ് ലഭിക്കുന്നത് എങ്കിൽ പോലും മറ്റേ കുട്ടിക്ക് ഒന്നും ലഭിക്കരുത് എന്നതാണ് അവരുടെ മനോനില. തന്റെ സ്വത്ത് മറ്റൊരാൾക്ക് കൊടുക്കുക എന്ന ദാനം ചെയ്യുന്ന സ്വഭാവം ജന്മനാ തന്നെ കുട്ടികൾ ഇല്ലാത്ത ഒന്നാണ് എന്നർത്ഥം. എന്നാൽ സ്കൂളിൽ പോയിത്തുടങ്ങിയ, പത്ത് വയസൊക്കെയുള്ള കുട്ടികൾ , തനിക്കും മറ്റു കുട്ടിക്കും രണ്ടു കരുക്കൾ കിട്ടുന്ന വിധത്തിൽ , പച്ച തിരഞ്ഞെടുക്കുന്നു. കൂടുതൽ മുതിർന്ന കുട്ടികളുടെ കാര്യത്തിൽ ഈ പരീക്ഷണത്തിൽ, പച്ച തിരഞ്ഞെടുത്താൽ കളിക്കുന്ന കുട്ടിക്ക് രണ്ടും, മറ്റേ കുട്ടിക്ക് മൂന്നും കരുക്കൾ കിട്ടുന്ന പോലെ ഒരു മാറ്റം വരുത്തി നോക്കിയിട്ടു പോലും മുതിർന്ന കുട്ടികൾ പച്ച നിറമാണ് തിരഞ്ഞെടുത്തത്. ചെറുപ്പത്തിലേ ചില സ്വഭാവങ്ങൾ കുട്ടികൾ മുതിരുമ്പോൾ, ഒരു പക്ഷെ സ്കൂളുകളിലെ സാമൂഹിക സാംസ്‌കാരിക അന്തരീക്ഷത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ഫലമായും മാറുന്നുണ്ടാകണം.
ഇതെല്ലാം പത്തിൽ കൂടുതൽ വർഷങ്ങൾക്ക് മുൻപ് നടന്ന പരീക്ഷണങ്ങളാണ്. ഈയടുത്ത് ഈ വിഷയത്തിൽ നടന്ന പരീക്ഷണങ്ങൾ ആർക്കെങ്കിലും അറിയാമെങ്കിൽ, please update. ചിലപ്പോൾ മുകളിൽ എഴുതിയതിൽ മാറ്റങ്ങൾ ഉണ്ടാകാം. ഈ പരീക്ഷണങ്ങളെ കുറിച്ച് ധാരാളം വീഡിയോ യൂട്യൂബിൽ ഉണ്ട്. ചിലത് ഞാൻ കമന്റിൽ ഇടാം.
Leave a comment