മഞ്ഞുമ്മൽ ബോയ്സ്

ഞാൻ അമേരിക്കയിലുള്ളപ്പോഴാണ് എന്റെ ബാപ്പാക്ക് ഹാർട്ട് അറ്റാക്ക് വന്നത്. സർജറിക്ക് വേണ്ടി കുറെ കുപ്പി രക്തം വേണമെന്ന് ആശുപത്രിയിൽ നിന്നറിയിച്ചു. ഞാൻ പള്ളുരുത്തിയിലുള്ള എന്റെ കൂട്ടുകാരെ വിളിച്ച് ഇക്കാര്യം അറിയിച്ചു. പിറ്റേന്ന് ആശുപത്രിയിൽ ആവശ്യത്തിൽ കൂടുതൽ ആളുകൾ എത്തിയത് കൊണ്ട് കുറെ പേരോട് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടു എന്നാണു ആശുപത്രിക്കാർ പറഞ്ഞത്.  

ഈ വന്നവരൊന്നും എന്നോട് രക്തബന്ധം ഉള്ളവരല്ല. ഒരേ മതമോ സമുദായമോ ഒന്നുമല്ല. എല്ലാം എന്റെ കൂട്ടുകാരാണ്. പെരുമ്പടപ്പ് സെയിന്റ്  ആന്റണി യുപി സ്കൂളിൽ പഠിച്ച ഗോപകുമാറും ജോസഫ് സോളിയും , പള്ളുരുത്തി എസ്ഡിപിവൈ സ്കൂളിൽ പഠിച്ച ജെൻസൺ, ജെയ്‌സൺ,  മാർട്ടിൻ, ഷുക്കൂർ , കേരള ശാസ്ത്ര സാഹിത്യ പരിഷത് വഴി പരിചയപ്പെട്ട ജോഷി, ശിവാനന്ദൻ, രാജേഷ്  തുടങ്ങി അനേകം പേര്. കൊച്ചിൻ കോളേജിലെ കൂട്ടുകാരോടൊക്കെ ഇതെങ്ങാനും പറഞ്ഞാൽ ഒരു ജില്ല മുഴുവൻ ആശുപത്രിയിൽ ഏതാണ് സാധ്യതയുണ്ട് എന്നതിനാൽ അവരോട് പറഞ്ഞില്ല.

പള്ളുരുത്തിയിലെ കൂട്ടുകാരുടെ ഗാങ് തുടങ്ങിയത് പതതാം ക്ലാസ് പരീക്ഷ കഴിഞ്ഞ അവധിക്കാലത്താണ്. പള്ളുരുത്തി വെളി അമ്പലത്തിനു ചുറ്റും ഇന്ന് കാണുന്ന മുള്ളുവേലികൾ ഇല്ലാതിരുന്ന സമയത്ത് വൈകിട്ട് ആറര – ഏഴു മുതൽ ഒമ്പത് വരെ എല്ലാ ദിവസവും അമ്പലത്തിന് മുന്നിൽ ഉത്സവം നടക്കുന്ന പറമ്പിൽ കൂടിയിരിക്കുന്ന കുറെ കൂട്ടുകാരുടെ ഗ്രൂപ്പായിട്ടാണ് തുടക്കം. 1990 കളുടെ തുടക്കത്തിലായിരുന്നത്. കൂട്ടത്തിൽ  കല്യാണം കഴിഞ്ഞവർ ആരുമില്ല. പഠിക്കുന്നവർ പകുതിപ്പേർ മാത്രമേ ഗ്രൂപ്പിൽ ഉള്ളൂ. ബാക്കിയുള്ളവരിൽ ബസ് കണ്ടക്ടർ, ഡ്രൈവർ, ഓട്ടോ റിക്ഷ ഡ്രൈവർ, മരപ്പണിയും കൽപ്പണിയും ചെയ്യുന്നവർ തുടങ്ങി ഒന്നോ രണ്ടോ വർഷങ്ങൾ മൂപ്പുള്ളവരുമുണ്ട്.

ഈ ഗ്രൂപ്പിന്റെ ഒരു പ്രത്യേകത എന്നത് എല്ലാവരും പാവപെട്ടവരായിരുന്നു എന്നതാണ്. ആരുടെ എങ്കിലും വീട്ടിൽ പെങ്ങളുടെ കല്യാണം വന്നാൽ ഈ ഗ്രൂപ്പ് മൊത്തമായി തലേന്ന് തന്നെ വീട്ടിലെത്തും. പന്തൽ കെട്ടാൻ സഹായിക്കുന്നതും, തേങ്ങ ചിരണ്ടുന്നതും പാൽ പിഴിയുന്നതും, പായസത്തിന്റെ ടേസ്റ്റ് നോക്കുന്നതും, ക്രിസ്ത്യൻ കല്യാണം ആണെകിൽ തലേന്ന് ബ്രെഡും പോട്ടി കറിയും ഉണ്ടാകും. അടിപൊളി ടേസ്റ്റ് ആണ്. ഒരു സൃഹുത്തിന്റ വീട് നന്നാക്കണം എങ്കിലും എല്ലാവരുടെ ഇതുപോലെ തന്നെ കൂടും. കോലാറുവണ്ടി എന്ന് ഞങ്ങൾ വിളിക്കുന്ന ഭാരവണ്ടിയിൽ ഞങ്ങൾ എല്ലാവരും കൂടി ഇഷ്ടികയും ചരലും ഇറക്കും. ഞാൻ ഭാരവണ്ടി കൈ പിടിക്കാൻ പഠിച്ചത് ഈ ഗ്രൂപ്പിന്റെ കൂടെ കൂടിയിട്ടാണ്. ഗ്രൂപ്പിൽ തന്നെ ആശാരിമാരും കല്പണിക്കാരും അവരുടെ അവധി ദിനമായ ഞായറാഴ്ച കൂട്ടുകാരുടെ വീട് പണി ചെയുന്നത് കൊണ്ട് കുറഞ്ഞ ചിലവിൽ വീട്ടിലെ പല പണികളും തീരും. ഒരു വീട്ടിലെ മരം വെട്ടാൻ സഹായിക്കാൻ പോയിട്ട് ചാള പൊരിച്ചതും കള്ളും കൂടി അവിടെ നിന്ന് കഴിച്ചത് എനിക്കിന്നുമോർമയുണ്ട്. വീട്ടിൽ കള്ളു കൊണ്ടുവന്നു വീട്ടിലെ ആണുങ്ങളും ചിലപ്പോൾ പെണ്ണുങ്ങളും കുടിക്കുന്നത് അന്ന് വളരെ സാധാരണമായ കാര്യമായിരുന്നു.

ഞങ്ങൾ കുട്ടികൾ മുതിർന്നവർ ആയി മാറുന്ന പ്രായമായിരുന്നു അത്. Coming of age എന്നൊന്നും ആരും അന്ന് കേട്ടിട്ട് പോലുമില്ല. ലൈംഗിക പാഠങ്ങൾ ഒക്കെ ഗ്രൂപ്പിലെ ചിലർ പൊടിപ്പും തൊങ്ങലും ചേർത്ത് പറയും. അതൊക്കെ സത്യമാണെന്ന് കരുതി ഗ്രൂപ്പിലെ ജൂനിയർസായ ഞങ്ങൾ  അത്ഭുതപ്പെടും. കൊച്ചു പുസ്‌തകങ്ങളിലെ  കഥകൾ ഒക്കെ ഗ്രൂപ്പിൽ ചർച്ച ചെയ്യപ്പെടും. കുറെ സ്വയംഭോഗം ചെയ്‌താൽ കാഴ്ച നഷ്ടപ്പെടുമോ തുടങ്ങിയ വൻ സബ്ജക്ടുകളാണ് ചില ദിവസങ്ങളിൽ ചർച്ച.  ഒരാൾക്ക് പോലും പ്രണയം ഉണ്ടായിരുന്നില്ല. ഇഷ്ടമുള്ള പെണ്ണുങ്ങളോട് ഇഷ്ടം തുറന്നു പറയാൻ ധൈര്യമുള്ള ആരുമുണ്ടായിരുന്നില്ല എന്നതാണ് സത്യം.  ഗ്രൂപ്പിലെ ആളുകൾക്ക് വിവാഹം കഴിഞ്ഞ സമയത്ത് ആദ്യരാത്രിയിൽ എന്ത് നടന്നു എന്നതൊക്കെ ചോദിച്ചറിയുക വേറെ ഒരു വിനോദമായിരുന്നു. പക്ഷെ വിവാഹം കഴിഞ്ഞവർ പതുക്കെ പതുക്കെ ഗ്രൂപ്പിൽ വരുന്നത് കുറയുകയും, ഒന്നോ രണ്ടോ വർഷങ്ങൾക്ക് ഉള്ളിൽ പൂർണമായും കുടുംബനാഥന്മാരായി മാറുകയും ചെയ്തു. ഞങ്ങൾ മുതിർന്ന ആണുങ്ങളായി എന്ന് കാണിക്കാൻ വേണ്ടിയായിരുന്നു ഗ്രൂപ്പിലെ മദ്യപാനം എന്ന് എനിക്ക് തോന്നുന്നു.  ആദ്യമായി ഞാൻ മദ്യപിച്ചത് ഇതുപോലെ ഒരു കൂട്ടുകാരന്റെ പെങ്ങളുടെ കല്യാണ തലേന്നാണ്.  ഏറ്റവും വിലകുറഞ്ഞ ഒരു മാട്ട റമ്മിന്റെ കൂടിയ വാൾ വയ്പ്പിക്കണം എന്ന ഉദ്ദേശത്തോടെ ഒരു ചിങ്ങംപഴവും കൂടി എന്നെ തീറ്റിച്ചാണ് മദ്യപാനത്തിൽ എന്റെ ഹരിശ്രീ കുറിച്ചത്.

ഇതേപോലുള്ള മറ്റ് ഗ്രൂപ്പുകളെ പോലെ ഇടക്കിടക്ക് വണ്ടി ബുക്ക് ചെയ്ത് കൊടൈക്കനാലിലേക്കോ, ഊട്ടിയിലേക്കോ ഒക്കെ ട്രിപ്പ് പോകും. കളത്തറയിൽ നിന്ന്  താറാവിനെ കട്ടുകൊണ്ട് പോയി വെള്ളമെന്ന് കരുതി മണ്ണെണ്ണയിൽ കറി വച്ച കഥയൊക്കെ ഗ്രൂപ്പിൽ ഇപ്പോഴുമുണ്ട്. മഞ്ഞുമ്മൽ ബോയ്സ് സിനിമ കണ്ടപ്പോൾ ഈ കൂട്ടുകാരുടെയും പോയ ട്രിപ്പുകളുടെയും ഒക്കെ ഓർമ്മകൾ മനസിലേക്ക് വന്നു. കൊച്ചി ഭാഷ സംസാരിക്കുന്ന , ഒരാൾക്ക് പരസ്പരം ചുമടുതാങ്ങികൾ ആയി നിന്ന, ഇന്നും എന്തെങ്കിലും ആവശ്യത്തെ വന്നാൽ ഓടി വരുന്ന, കുറെ ആളുകളുടെയും അവരുടെ ചെറുപ്പത്തിലേ കൂട്ടുകെട്ടിന്റെയും, അവരുടെ ദരിദ്രരായ അച്ഛനമ്മാരുടെയും ഒക്കെ കഥ, എന്റേതും എന്റെ കൂട്ടുകാരുടേതും തന്നെയാണ്. കേരളത്തിലെ അന്നത്തെ ആയിരക്കണക്കിന്ന് ചെറുപ്പക്കാരുടെ കഥയാണത്.

ഇന്നും ഞാൻ അമേരിക്കയിൽ നിന്ന് നാട്ടിൽ പോകുമ്പോൾ രണ്ടോ മൂന്നോ ലിറ്റർ മദ്യം നാട്ടിലേക്ക് കൊണ്ടുപോകുന്നത് ഈ സുഹൃത് ഗ്രൂപ്പിന് വേണ്ടിയാണു. ഇവരിൽ പലരും ഇപ്പോഴും ഓട്ടോ റിക്ഷ ഡ്രൈവർമാരും ബസ് ഡ്രൈവർമാരുമൊക്കെയാണ്. ചിലരൊക്കെ സർക്കാർ ജോലി ലഭിച്ചു സാമാന്യം നല്ല നിലയിൽ എത്തിയിട്ടുണ്ട്. ഒന്നോ രണ്ടോ പേര് മുത്തച്ഛന്മാർ ആയി. പക്ഷെ എല്ലാ കൊല്ലവും ഞാൻ നാട്ടിൽ പോകുമ്പോൾ ഞങ്ങളുടെ ഗാങ് ഒത്ത്കൂടും. എന്റെ വിവാഹം കഴിഞ്ഞത് മുതൽ ഞങ്ങളുടെ കൂടെ ഗോമതിയും ഉണ്ടാകും.

ഞാൻ വളരെ ഇഷ്ടപെടുന്ന ഒരു പുസ്തകമാണ് ജയമോഹന്റെ “നൂറു സിംഹാസനങ്ങൾ”. പക്ഷെ “എഴുത്ത് മാത്രം ഇഷ്ടപ്പെടുക എഴുത്തുകാരൻ വെറും നാറിയാണ്” എന്ന് ഞാൻ ഫേസ്ബുക്കിൽ എന്നെപ്പറ്റി എഴുതി വച്ചിരിക്കുന്നത്  അന്വർത്ഥമാക്കിയ വാക്കുകളാണ് അയാളുടെ  വായിൽ നിന്ന് കേരളത്തെ കുറിച്ച് വന്നത്. ഇയാൾ  പറയുന്ന “പെറുക്കികൾ” ആണ് വേറൊരു രാജ്യത്തിരിക്കുന്ന ഒരാളുടെ അച്ഛന് രക്തം വേണമെന്ന് പറഞ്ഞപ്പോൾ ഓടിവന്നത്. ഇയാൾ പറയുന്ന മട്ടാഞ്ചേരി മാഫിയയാണ്  സാധാരണക്കാരുടെ ജീവിതം, സാധാരണക്കാരുടെ ഭാഷയിൽ, മലയാള സിനിമയിപ്പോൾ കൂടുതലായി ഞങ്ങൾക്ക് കാണാൻ കഴിയുന്നതിന് തുടക്കം കുറിച്ചത്.

അതുകൊണ്ട് ജയമോഹൻ തന്റെ , സംഘപരിവാർ തിട്ടൂരങ്ങൾ കയ്യിൽ വച്ചാൽ മതി. കേരളത്തിലെ സാധാരണക്കാരുടെ അടുത്ത ചിലവാകില്ല.

Leave a comment

Blog at WordPress.com.

Up ↑