കോൺഗ്രസ്സിലെയും ഇടതുപക്ഷത്തേയും മതേതര ചിന്തകൾ ഉള്ള ഒരാൾക്ക് ഒരു രാത്രി കൊണ്ട് ബിജെപി ആകാൻ കഴിയുമോ?
ഇല്ല എന്നാണ് എന്റെ അഭിപ്രായം. കാരണം ജാതി മതം സാമ്പത്തിക നില ഒക്കെ നോക്കാതെ മനുഷ്യരെ മനുഷ്യരായി കാണുന്ന രാഷ്ട്രീയ പാർട്ടികളിൽ നിന്നും പെട്ടെന്ന് ഒരു ദിവസം മുസ്ലിം ക്രിസ്ത്യൻ ദളിത് വിരോധമുള്ള സംഘി ആയി മാറാൻ കഴിയില്ല. അത് സീറ്റ് നിഷേധിക്കുക എന്നത് പോകട്ടെ, മറ്റ് എത്ര വലിയ കാരണങ്ങൾ ഉണ്ടായാൽ പോലും. കോൺഗ്രസിൽ ഉണ്ടായിരുന്ന അനിൽ ആന്റണി, പദ്മജ തുടങ്ങിയവർ ഒരു രാത്രി കൊണ്ട് ബിജെപി യിൽ ചേർന്നുവെങ്കിൽ അതിനർത്ഥം അവർ കോൺഗ്രസിൽ ഉണ്ടായിരുന്ന സമയത്ത് തന്നെ ഇസ്ലാമോഫോബിയ ഉണ്ടായിരുന്ന, സംഘി ക്രിസന്ഘി മനസും ആശയങ്ങളും ഉണ്ടായിരുന്നു എന്ന് തന്നെയാണ്. അല്ലാതെ ഒരാൾക്കു കുറച്ചു മണിക്കൂറുകൾക്കുള്ളിൽ മനുഷ്യരെ വെറുക്കാൻ പഠിക്കാൻ കഴിയില്ല.
കുറച്ച് കൂടി ആഴത്തിൽ ചിന്തിച്ചാൽ , കോൺഗ്രസിലും മറ്റ് രാഷ്ട്രീയ പാർട്ടികളിലും ഇപ്പോഴും ഫാസിസ്റ്റു സംഘ്പരിവാർ മനസുള്ള ആളുകൾ ഇപ്പോൾ തന്നെ ഉണ്ട് എന്ന് കാണാം. ഞാൻ ബിജെപിക്ക് എതിരെ പോസ്റ്റുകൾ ഇടുമ്പോൾ, ചില കോൺഗ്രെസ്സുകാർ അതിന്റെ കീഴെ വന്നിട്ട് , നിങ്ങൾ എന്തുകൊണ്ട് ഇടതുപക്ഷത്തെ എതിർത്ത് എഴുതുന്നില്ല എന്ന് ചോദിക്കുമ്പോൾ ഒക്കെ പുറത്തേക്ക് വരാൻ വെമ്പി നിൽക്കുന്ന സംഘി മനസ് ഞാൻ കണ്ടിട്ടുണ്ട്. ഇടതുപക്ഷത്തേയും കോൺഗ്രസിനെയും പോലെ അല്ല ബിജെപി സംഘപരിവാർ ചിന്താഗതി. അത് ജനാധിപത്യ മതേതര ഇന്ത്യയുടെ നിലനിൽപിന് ഭീഷണി ആണെന്ന കാര്യം ഇവർക്ക് അറിയാത്തത് ഒന്നുമല്ല. ബിജെപി അധികാരത്തിൽ എത്തുന്നത് വരെ ഞാൻ സംഘിയല്ല പക്ഷെ നരേന്ദ്ര മോദി അടിപൊളി പ്രധാനമന്ത്രിയാണ് എന്ന് പറഞ്ഞു നടക്കുന്ന എന്റെ ചില സുഹൃത്തുക്കളേ പോലെ അടിയിൽ കാവി അടിവസ്ത്രവും ആയി നടക്കുന്നവരാണിവർ.
കോൺഗ്രസ് ഇങ്ങിനെ ആളുകളുടെ പരിഹാസപാത്രമായി മാറേണ്ട ഒരു രാഷ്ട്രീയപാർട്ടിയല്ല. ഇന്ത്യയുടെ മതേതര ജനാധിപത്യ ചരിത്രത്തിൽ അപൂർവവും അമൂല്യവുമായ സ്ഥാനമുള്ള ഒരു പ്രസ്ഥാനമാണത്. പക്ഷെ വർഗീയ ഫാസിസ്റ്റു രാഷ്ട്രീയത്തിന്റെ അപകടങ്ങളെ കുറിച്ച് തങ്ങളുടെ അണികൾക്ക് അത്യാവശ്യമായി ഒരു ക്ലാസ് അവർ എടുത്തു കൊടുക്കേണ്ടതുണ്ട്. കേരളത്തിൽ ഇടതുപക്ഷത്തെ എതിർക്കുന്ന തിരക്കിൽ അത് മറന്നു പോകരുത് .ഇടതുപക്ഷം ഉൾപ്പെടെയുള്ള , കേരളത്തിലെ എല്ലാ ജനാധിപത്യ മതേതര പാർട്ടികളും അടിയന്തിരമായും തുടർച്ചയായും ചെയ്യേണ്ട ഒന്നാണ് വർഗീയതയ്ക്ക് എതിരെ ഉള്ള ബോധവൽക്കരണം.
കോൺഗ്രസ് ചെയ്യണ്ട മറ്റൊരു കാര്യം മകൻ മകൾ ഭാര്യ എന്നതിന്റെ ഒക്കെ അടിസ്ഥാനത്തിൽ ആളുകളെ സ്ഥാനാർഥി ആക്കുന്നത് നിർത്തുന്നതാണ്. തൽക്കാലത്തേക്ക് സ്ഥാനാർഥി വിജയിച്ചു എന്ന് വരും. പക്ഷെ ദീർഘകാലത്തേക്ക് നഷ്ടക്കച്ചവടമാണ് തെരുവിൽ ഇറങ്ങി ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കാത്ത മക്കൾക്കും ബന്ധുക്കൾക്കും സീറ്റ് കൊടുക്കുന്നത്. മാത്രമല്ല വർഷങ്ങളോളം പാർട്ടിയ്ക്ക് വേണ്ടി പ്രവർത്തിച്ചിരുന്ന സാധാരണ ജനങ്ങളോട് ചെയ്യുന്ന അനീതി കൂടിയാണ് മക്കളെ സ്ഥാനാർഥിയാക്കൽ. മറ്റൊന്ന് കോൺഗ്രെസ്സുകാർക്ക് പോലും അറിയാത്ത ചിലരെ രാജ്യസഭാ സ്ഥാനാർത്ഥികൾ ആക്കി ജയിപ്പിച്ച് വിടുന്നതാണ്. എറണാകുളത്ത് എന്റെ കോൺഗ്രസ് സുഹൃത്തുകൾക്ക് പോലും പരിചയം ഇല്ലാത്ത ചിലരൊക്കെ എന്ത് അടിസ്ഥാനത്തിലാണ് രാജ്യസഭയിൽ എത്തിയത് എന്ന് ഇതുവരെ ഒരു പിടിയുമില്ല. അവിടെ എത്തിയിട്ട് അവർ എന്ത് ചെയ്തു എന്നും ആർക്കും അറിയില്ല.
ഞാൻ പഠിച്ചിരുന്ന തിരുവനന്തപുരം എൻജിനീയറിങ് കോളേജ്, അമേരിക്കയിലെ ലോകപ്രശസ്ത യൂണിവേഴ്സിറ്റി ആയ സ്റ്റാൻഡ്‌ഫോർഡ് എന്നിവയൊക്കെയേ കുറിച്ച് ഒരു മിനിമം സ്റ്റാൻഡേർഡ് ഉണ്ടാകുമെന്ന് എനിക്കൊരു പ്രതീക്ഷ ഉണ്ടായിരുന്നു. അതൊക്കെ പോയത് ഇവിടങ്ങളിൽ പഠിച്ചിറങ്ങിയ അനിൽ ആന്റണി സംസാരിക്കുന്നത് കേൾക്കുമ്പോഴാണ്. ബിജെപിയിൽ ചേർന്ന അനിൽ ആന്റണിയും കൃപാസനം വായിക്കുന്ന ആന്റണിയുടെ ഭാര്യയും ഒക്കെ സംസാരിക്കുന്നത് കാണുമ്പോൾ രാഷ്ട്രീയ, ജനാധിപത്യ മതേതര ബോധം പോയിട്ട് കുറച്ച് കോമ്മൺ സെൻസ് പോലും ഇല്ലാത്തവരാണ് ചില രാഷ്ട്രീയക്കാരുടെ ബന്ധുക്കൾ എന്ന് തോന്നിപോകും. പിന്നെ “കേരളത്തിലെ ന്യൂനപക്ഷങ്ങൾ ശക്തമായി സംഘടിതരാണ്… അവർ കൂട്ടായ വിലപേശലിലൂടെ സർക്കാരിൽ നിന്ന് കൂടുതൽ ആനുകൂല്യങ്ങൾ നേടിയിട്ടുണ്ട്. ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇവിടെ ന്യൂനപക്ഷ സമുദായങ്ങൾ സംസ്ഥാനത്തിൻ്റെ രാഷ്ട്രീയ, ഭരണ തലങ്ങളിൽ ആധിപത്യം പുലർത്തുന്നു. അത് അനുവദിക്കാനാവില്ല” എന്ന് പത്ത് കൊല്ലം മുൻപ് പറഞ്ഞ ആന്റണിയുടെ മോനെയും ഭാര്യയുടെയും അടുത്ത് നിന്ന് വേറെ എന്ത് പ്രതീക്ഷിക്കാനാണ്?
എന്തായാലും പദ്മജ, അനിൽ ആന്റണി തുടങ്ങി വർഷങ്ങളോളം വർഗീയത മനസ്സിൽ ഒളിപ്പിച്ച വച്ച വിഷങ്ങളെ നമ്മൾ വീട്ടിൽ ഇരുത്തുക തന്നെ വേണം.
Leave a comment