സാമ്പത്തിക സാക്ഷരത..

നാലുസെന്റ് സ്ഥലത്ത് വീട് വയ്ക്കാനായി ബാങ്കിൽ നിന്ന് ആറുലക്ഷം രൂപ കടമെടുത്ത ഒരാൾ, ആ പൈസയെല്ലാം ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിച്ച് നഷ്ടപെട്ട നിലയിൽ, സഹായം അഭ്യർത്ഥിച്ച് ഇൻബോക്സിൽ വന്നിരുന്നു. എനിക്ക് വലിയ അത്ഭുതമൊന്നും തോന്നിയില്ല, കാരണം ഇങ്ങിനെ വരുന്ന ഇരുപതാമത്തെയോ മറ്റോ ആളാണിത്. ഒന്നുകിൽ സ്റ്റോക്ക് മാർക്കെറ്റിൽ അല്ലെങ്കിൽ ക്രിപ്റ്റോ കറൻസിയിലോ മൾട്ടി ലെവൽ മാർക്കെറ്റിങ്ങിലോ   പെട്ടെന്ന് പണം ഇരട്ടിക്കാൻ ഇട്ട് പറ്റിക്കപെടുന്നവർ  കേരളത്തിൽ ലക്ഷക്കണക്കിന് പേർ ഉണ്ടാകണം.

കേരളത്തിൽ അത്യാവശ്യമായി നടപ്പിലാക്കേണ്ട ഒന്നാണ് സാമ്പത്തിക സാക്ഷരത. പാഠപുസ്തകങ്ങളിൽ ഇന്ത്യൻ ഭരണഘടനയുടെ ചിത്രം കൊടുക്കുന്നതിനേക്കാൾ ഒരുപക്ഷെ പ്രധാന്യം ഉള്ളൊരു കാര്യമാണ് കുട്ടികളെ സ്കൂളിൽ തന്നെ സാമ്പത്തിക കാര്യങ്ങളെ കുറിച്ച് സാക്ഷരർ ആക്കുന്നത്.

ആദ്യം പൈസ ഇടുന്നവർക്ക് നല്ല ലാഭം തിരികെ കൊടുത്താണ് ഇത്തരക്കാർ ആളെ പിടിക്കുന്നത്. ഇങ്ങിനെ ആദ്യം ലാഭം കിട്ടിയിട്ട്,  തനിക്കറിയാവുന്നവരുടെ പണം കൂടി നിക്ഷേപിക്കാൻ പ്രേരിപ്പിച്ച്, അവസാനം എല്ലാവരെയും പറ്റിച്ച് ആളുകൾ അപ്രത്യക്ഷമായപ്പോൾ ഉണ്ടായ മനോവിഷമവും പോലീസ് കേസും കൊണ്ട് ആത്മഹത്യ ചെയ്ത ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നത് കൊണ്ട് , ഈ വാർത്തകൾ കേൾക്കുമ്പോൾ എല്ലാം വലിയ ഹൃദയവേദനയാണ് അനുഭവപ്പെടുന്നത്.

സാമ്പത്തിക സാക്ഷരതയിൽ നമ്മൾ അടിസ്ഥാനപരമായി മനസിലാക്കേണ്ട ഒരു കാര്യം കൂടുതൽ ലാഭം കിട്ടാൻ സാധ്യതയുള്ള എല്ലാ നിക്ഷേപങ്ങൾക്കും, നഷ്ടം സംഭവിക്കാനോ പണം മൊത്തമായി നഷ്ടപ്പെടാനോ ഉള്ള സാധ്യത കൂടുതലാണ് എന്നതാണ്. ഉദാഹരണത്തിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പണം നിക്ഷേപിച്ചാൽ ഏഴ് ശതമാനം പലിശ ലഭിക്കുമെങ്കിൽ, നിങ്ങൾ വർഷത്തിൽ 25 ശതമാനം പ്രതീക്ഷിച്ച് സ്റ്റോക്ക് മാർകെറ്റിൽ ഇട്ടാൽ ഏഴ് ശതമാനം പോലും വരുമാനം ലഭിക്കാതെ ഇരിക്കാനോ, ഒരു പക്ഷെ ഇട്ട പണത്തേക്കാൾ കുറവ് പൈസ തിരികെ കിട്ടാനോ ഉള്ള സാധ്യത അതിനു കൂടുതലാണ്. ലാഭം കിട്ടില്ല എന്നല്ല മേല്പറഞ്ഞതിനു അർഥം, പക്ഷെ സ്റ്റോക്ക് മാർക്കറ്റിന്റെ ചാഞ്ചാട്ടം അനുസരിച്ച് നിങ്ങൾ എപ്പോൾ പൈസ ഇട്ടു എന്ന് പൈസ എടുത്തു എന്നതിന് അനുസരിച്ച് ലാഭം ഉണ്ടാവുകയോ നഷ്ടം ഉണ്ടാവുകയോ ഒക്കെ നടക്കാനുള്ള സാധ്യത ഉണ്ട്. അതുകൊണ്ട് തന്നെ മക്കളുടെ വിദ്യഭ്യാസത്തിനു ഒക്കെ ഞാൻ സ്റ്റോക്ക് മാർകെറ്റിൽ നിക്ഷേപിക്കുന്ന പൈസ, അവർ പത്താം ക്ലാസ്സിലൊക്കെ ആകുമ്പോൾ, പതുക്കെ റിസ്ക് കുറവുള്ള ഗവണ്മെന്റ് ബോണ്ടിലേക്കോ, മണി മാർക്കറ്റ് ഫണ്ടിലേക്കോ മാറ്റാൻ  നോക്കും. കാരണം അവർ കോളേജിൽ ചേരുമ്പോൾ ആണ് ഒരു സ്റ്റോക്ക് മാർക്കറ്റ് തകർച്ച നടക്കുന്നതെങ്കിൽ ആ സമയത്ത് പണം പിൻവലിച്ചാൽ എനിക്ക് നഷ്ടമാണ് സംഭവിക്കുക.

ഇതൊക്കെ പൂർണമായും സർക്കാരിന്റെ ഉറപ്പുള്ള ബാങ്കിന്റെ കാര്യവും, ഭാഗികമായി  സർക്കാർ നിയന്ത്രണം ഉള്ള സ്റ്റോക്ക് മാർക്കറ്റിന്റെ കാര്യവുമൊക്കെയാണ്. സർക്കാർ 7 ശതമാനം തരുന്നിടത്, ഒരാൾ നിങ്ങളുടെ പൈസ ഒരു വർഷം കൊണ്ട് ഇരട്ടിപ്പിച്ചു തരാം എന്ന് പറഞ്ഞാൽ, അപ്പോൾ തന്നെ സ്ഥലം കാലിയാക്കണം, അത് പറ്റിക്കലോ, പറയുന്നവന്റെ വിവരമില്ലായ്മയോ ആകുമെന്ന് ഉറപ്പുള്ള കാര്യമാണ്. ഓർക്കുക നിങ്ങൾക്ക് കൂടുതൽ ലാഭം ലഭിക്കാനായി നിങ്ങൾ ചേരുന്ന ഓരോ സ്കീമിലും നിങ്ങൾ കൂടുതൽ കൂടുതൽ റിസ്ക് എടുക്കുകയാണ്. 100 ശതമാനം ലാഭം പ്രതീക്ഷിച്ച് ക്രിപ്റ്റോ കറൻസിയിൽ നിങ്ങൾ നിക്ഷേപിച്ചാൽ ആ പണം മൊത്തമായി പോകാനുള്ള സാധ്യത ഉണ്ട് എന്നുകൂടി മനസിലാക്കുക.

അതിനു പുറമെയാണ് എല്ലാ ദിവസവും മുളച്ചു പൊന്തുന്ന പുതിയ ക്രിപ്റ്റോ സ്‌ചങ്കുകൾ. അവിടെയൊക്ക പണം നിക്ഷേപിച്ചാൽ നിങ്ങള്ക്ക് അത് നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. വളരെ പ്രശസ്തമായി FTX എന്ന ക്രിപ്റ്റോ എക്സ്ചേഞ്ച് രണ്ടുവർഷങ്ങൾക്ക് മുൻപ് തകർന്നത് വലിയ വാർത്തയായിരുന്നു. ട്രേഡിങ്ങും ഇൻവെസ്റ്റിംഗും തമ്മിലുള്ള വ്യത്യാസം പോലുമറിയാത്ത ആളുകളാണ് , ചെറിയൊരു വിലയിടിവുണ്ടായാൽ പോലും, കയ്യിലുള്ള മൊത്തം പണം പോകാൻ സാധ്യതയുള്ള ഓപ്ഷൻ ട്രേഡിങ്ങിലേക്ക് ഒന്നുമറിയാതെ ഇറങ്ങിത്തിരിക്കുന്നത്. താഴെ സുരക്ഷാ വല കെട്ടാതെയുള്ള ട്രപ്പീസ് കളിപോലെയാണത് , വീണ് കഴിഞ്ഞിട്ട് എല്ലൊടിഞ്ഞു എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല.

ഇത്തരം വലിയ കാര്യങ്ങൾ പോട്ടെ, ബാങ്കിൽ നിന്ന് പലിശയ്ക്ക് പണം എടുക്കുമ്പോൾ പോലും ആളുകൾ പറ്റിക്കപ്പെടുന്നുണ്ട്. മൂന്ന് ശതമാനം പലിശ എന്ന പേരിലോക്കേ പണം പലിശക്ക് കൊടുക്കുന്നവരിൽ നിന്ന് പണം എടുക്കുന്നവർ, അത് മാസപ്പലിശ ആണെന്നും പന്ത്രണ്ട് മാസത്തേക്ക് കഴിയുമ്പോൾ നമ്മൾ എടുത്ത നൂറു രൂപയ്ക്ക്, കൂട്ടപലിശ കൂടുമ്പോൾ  തിരികെ 142 രൂപയോളം തിരികെ നൽകണം എന്നൊന്നും ഓർക്കുന്നില്ല.

അതിനു പുറമെയാണ് മൊബൈൽ ആപ്പ് വഴിയുള്ള പീഡനങ്ങൾ. മൊബൈൽ ആപ്പ് വഴി പണം പലിശക്ക് എടുത്ത ഒരു യുവാവിനെ അയാളുടെ ഫോട്ടോ മോർഫ് ചെയ്‌തു കൂട്ടുകാർക്ക് അയച്ചുകൊടുത്ത് മാനസിക പീഡനം സഹിക്കാതെ അയാൾ ആത്മഹത്യ ചെയ്ത കേസിൽ കുറെ പേരെ ഗുജറാത്തിൽ നിന്ൻ കേരളം അറസ്റ്റ് ചെയ്ത വാർത്ത ഈയിടെയാണ്  വായിച്ചത്. കുറച്ച് നാളുകൾക്ക് മുൻപ് കുട്ടികളെ കൊന്നതിന് ശേഷം ദമ്പതികൾ ആത്മഹത്യ ചെയ്ത കേസിലും ഇതുപോലെയുള്ള വായ്പാ തട്ടിപ്പുകാർ ആയിരുന്നു..

മലയാളികൾ വായിക്കുന്ന കാര്യത്തിൽ  സമ്പൂർണ സാക്ഷരർ ആണ്, സാമ്പത്തികത്തിന്റെ കാര്യത്തിൽ സംപൂജ്യ സാക്ഷരരും എന്ന് എന്റെ തന്നെ  ചില അടുത്ത ബന്ധുക്കൾ ചെയ്യുന്ന കാര്യങ്ങൾ കാണുമ്പോൾ തോന്നറുണ്ട്. എന്നെ വന്നു പറ്റിക്കൂ എന്നും പറഞ്ഞു ഇരിക്കുന്നവരാണ് ചില മലയാളികൾ…

Leave a comment

Blog at WordPress.com.

Up ↑