കാറോർമകൾ..

മൂന്നിലോ നാലിലോ ഒക്കെ പഠിക്കുമ്പോൾ ഞങ്ങൾ കൊച്ചുകുട്ടികളുടെ പ്രധാനപ്പെട്ട വിനോദം, സൈക്കിളിന്റെ പഴ ടയറുകൾ ഒരു കമ്പു വച്ച് തട്ടി ഓടിച്ചു കളിക്കലായിരുന്നു. സംഭവം പൈസ ഒന്നും കൊടുക്കാതെ കിട്ടുന്ന ഒരു കളിപ്പാട്ടം ആയിരുന്നെങ്കിലും, ഞങ്ങളുടെ മനസ്സിൽ അതൊരു വലിയ കാറും ബസുമൊക്കെ ആയിരുന്നു. ടയർ തട്ടി കൊണ്ട് നടക്കുന്ന സമയത്ത് വാ കൊണ്ട് ബസ്സോ കാറോ ഒക്കെ പോകുന്ന പോലെ ശബ്ദമുണ്ടാക്കും, ഇടക്ക് ബട്ടൺ ഇല്ലാത്ത കൊണ്ട് ഊരിപ്പോകാൻ വെമ്പി നിൽക്കുന്ന അര ട്രൗസറിൽ നിന്ന് കൈ പെട്ടെന്നെടുത്തിട്ടാകും , ബസിലെ ഡ്രൈവർ ചെയ്തു കണ്ട ഓർമയിൽ ഗിയർ മാറ്റുന്നത്. മാരുതി 800 ഒക്കെ ഇറങ്ങുന്നതിന് മുൻപ് , നിരത്തിൽ അംബാസഡറും പ്രീമിയർ പദ്മിനിയും മാത്രമുള്ള ഒരു കാലമായിരുന്നു അത്. ആകെ അടുത്ത് നിന്ന് കണ്ട ഏക വണ്ടി ഏറനാട്ട് അമ്പല പറമ്പിൽ കൊണ്ടുവന്നിരുന്ന ഭാസ്കരൻ ചേട്ടൻ്റെ ലോറി ആയിരുന്നു.

അങ്ങിനെയൊരിക്കൽ ഞങ്ങൾ കൂട്ടുകാർ ഈ ടയറും തട്ടി ഇടവഴി കടന്ന് മെയിൻ റോഡിൽ എത്തിയപ്പോൾ ഒരു കറുത്ത അംബാസഡർ കാർ ഞങ്ങളുടെ അടുത്ത് വന്നു നിർത്തി. അതിലെ ഡ്രൈവർക്ക് അടുത്തുള്ള കൊവേന്ത ജംക്ഷനിലെ ലിറ്റിൽ ഫ്‌ളവർ പ്രസ് വരെയൊന്ന് പോകണം. അന്നൊക്കെ അമേരിക്ക ഇന്ത്യയ്ക്ക് സഹായമായി അയച്ചിരുന്ന കമ്പപൊടി, കുറച്ച് കടുകും ഉണക്കമുളകും താളിച്ചിട്ട് ഉപ്പുമാവായി ഞങ്ങൾക്ക് തന്നിരുന്നത് അവിടെ അടുത്ത് നിന്നായത് കൊണ്ട് ഞങ്ങൾക്ക് അറിയാവുന്ന വിധത്തിൽ ഞങ്ങൾ ഡ്രൈവർക്ക് വഴി പറഞ്ഞു കൊടുത്തു. ഞങ്ങളെ കണ്ട് എന്തോ കൗതുകം തോന്നിയ ഡ്രൈവർ , കീറിയ അര ട്രൗസറുമിട്ട് സൈക്കിൾ ടയറും ഉരുട്ടി നിൽക്കുന്ന ഞങ്ങളോട്, നിങ്ങൾക്ക് കാറിൽ കേറണോ എന്നൊരു ചോദ്യം ചോദിച്ചു. അതുവരെ കാർ അടുത്ത് നിന്ന് കണ്ടത് തന്നെ അപൂർവമായിരുന്ന ഞങ്ങൾ, എപ്പോൾ കയറിയെന്നു ചോദിച്ചാൽ മതി. വെറും രണ്ടു മിനിറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും, അതായിരുന്നു, ഒരിക്കലും മറക്കാത്ത, എന്റെ ജീവിതത്തിലെ ആദ്യത്തെ കാർ യാത്ര.

കാർ ഒരിക്കലും എന്റെ കൗതുക വസ്തുവായിരുന്നില്ല. നമുക്ക് എത്തിപ്പിടിക്കാൻ കഴിയുന്ന സാധനങ്ങൾ അല്ലെ നമ്മൾ സ്വപ്നം കാണൂ. അതുകൊണ്ട് തന്നെ , ഇവിടെ അമേരിക്കയിൽ ഉള്ള കൂട്ടുകാർ , BMW കാർ വാങ്ങുന്നതും അത് ഡ്രൈവ് ചെയ്യുന്നതുമൊക്കെ അവാര്ഡ് ചെറുപ്പകാലം മുതലുള്ള സ്വപ്നമായിരുന്നു എന്ന് പറയുമ്പോൾ, BMW എന്ന് അമേരിക്കയിൽ വന്നതിന് ശേഷം മാത്രം കേൾക്കുന്ന ഞാൻ അത്ഭുതപ്പെടും.

ക്യാമ്പസ് ഇന്റർവ്യൂ വഴി ജോലി കിട്ടി ബാംഗ്ലൂർ പോയപ്പോൾ, മാസം 800 രൂപ മാത്രം മാസ വാടകയുള്ള ഷെയർ റൂം കിട്ടിയത് യശ്വന്തപുരയിലും, ജോലി അവിടെനിന്ന് കുറെ ദൂരെയുള്ള കോറമംഗലയിലും ആയത്കൊണ്ട് ഒരു ബൈക്ക് വാങ്ങാൻ തീരുമാനിച്ചു. അങ്ങിനെയാണ് ആദ്യത്തെ സ്വന്തം വണ്ടി, സുസുക്കി സമുറായി ബൈക്ക് ലോൺ എടുത്ത് വാങ്ങുന്നത്. ഗിയർ മാറ്റി ഓടിക്കാൻ വലിയ പിടിയില്ലാത്ത കൊണ്ട്, ആദ്യത്തെ ഒരു ആഴ്ച  യശ്വന്തപുരയിൽ നിന്ന് കോറമംഗല എത്തുന്ന സമയം കൊണ്ട് പല തവണ നിന്നുപോകുമായിരുന്നു. ഓടിച്ചു പഠിച്ച് കഴിഞ്ഞിട്ട് ആ ബൈക്കിൽ ബാംഗ്ലൂരിൽ നിന്ന് എറണാകുളത്തേക്ക് രണ്ടു തവണ വന്നു പോയിട്ടുണ്ട്. ഒരിക്കൽ വീരപ്പന്റെ വിഹാരസാങ്കേതമായിരുന്ന സത്യമംഗലം വനം വഴിയാണ് വന്നത്. നമ്മളെയെല്ലാം തട്ടികൊണ്ട് പോയിട്ട് ഒന്നും കിട്ടില്ലെന്ന് വീരപ്പന് വരെ അറിയാവുന്നത് കൊണ്ട്, ഒന്നും സംഭവിച്ചില്ല 🙂

അമേരിക്കയിൽ വന്നു കഴിഞ്ഞാണ് കാർ ഓടിക്കാൻ പഠിക്കേണ്ടത് അത്യാവശ്യമായി വന്നത്. ഞാൻ ആദ്യമായി ഡ്രൈവിംഗ് പഠിക്കാൻ പോയ സ്കൂളിലെ മാഷ് ഒരു ഇറാഖി ആയിരുന്നു. ഇറാൻ ഇറാഖ് യുദ്ധം നടന്ന സമയത്ത് അമേരിക്കയിലേക്ക് കുടിയേറിയ ആളായത് കൊണ്ട്, അയാൾ എനിക്ക് കാർ ഓടിക്കാൻ തന്നിട്ട് ഇറാനെ കുറ്റം പറയാൻ തുടങ്ങും. ഇറാനിലെ അട്ടിമറിക്ക് ശേഷം ഷായും കുടുംബവും ഞങ്ങൾ കാറോടിക്കാൻ പഠിക്കാൻ പോകുന്ന സ്ഥലത്തിനടുത്തായിരുന്നു താമസിച്ചിരുന്നത്. അവിടെയൊക്ക എന്നെ കൊണ്ടുപോയി കാണിക്കും. ഇറാനും ഇറാഖും തമ്മിലുള്ള യുദ്ധത്തെ കുറിച്ചെല്ലാം പറയും. പക്ഷെ കാർ ഓടിക്കാൻ മാത്രം പഠിച്ചിപ്പില്ല. മൂന്ന് തവണ ലൈസൻസിന് ട്രൈ ചെയ്തു, അവസാനം കഷ്ടിച്ചാണ് പാസായത്. ഇവിടെ ഓട്ടോമാറ്റിക് കാറുകളാണ് ഭൂരിപക്ഷം, ക്ലച്ച് ഗിയർ മാറ്റൽ പ്രശനമൊന്നുമില്ല, എന്നിട്ടും  ആദ്യത്തെ തവണ ഹൈവേയിൽ ഓടിച്ചപ്പോൾ ഹോണുകളുടെ അയ്യരുകളിയായിരുന്നു. വാടകക്ക് കാർ എടുത്തിട്ട്, പിറ്റേന്ന് ഒരടി മഞ്ഞു വീണു കഴിഞ്ഞു, കാണുന്ന എല്ലാ സ്ഥലവും ഒരേ പോലെ ഒക്കെ തോന്നിയ സമയത്ത്, വാടകക്ക് എടുത്ത കാർ എവിടെയാണ് തിരികെ കൊടുക്കേണ്ടത് എന്ന് മനസികാതെ കുറെ വട്ടം ചുറ്റിയ കഥകളൊക്കെയുണ്ട്.

ന്യൂ ജേഴ്സിയിൽ പ്രിയ സുഹൃത്ത് രാജീവന്റെ കാറിലായിരുന്നു ആദ്യത്തെ കാലത്തേ ഷോപ്പിംഗ് എല്ലാം. നിതിൻ ജനിക്കുന്ന സമയത്ത് ഗോമതിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ കാറില്ലായിരുന്നു. പക്ഷെ അമ്മയും കുഞ്ഞും ആശുപത്രിയിൽ നിന്നിറങ്ങുന്നതിന് മുന്നേ തന്നെ ഒരു സെക്കന്റ് ഹാൻഡ്  കാർ പെട്ടെന്ന് വാങ്ങി. രണ്ടായിരത്തി രണ്ടിൽ വാങ്ങിയത്, പഴയ 1990 മോഡൽ ടൊയോട്ട കാമറി കാറാണ്, പിന്നീട് പുതിയ കാമറി , കുട്ടികൾ രണ്ടുപേരായപ്പോൾ, ടൊയോട്ട സിയെന്ന, നിതിൻ സ്കൂളിൽ പോകാൻ തുടങ്ങിയപ്പോൾ ടൊയോട്ട പ്രിയസ് എന്നീ കാറുകൾ വാങ്ങി.  ഇപ്പോൾ ഉള്ളത് നാലാമത്തെയോ അഞ്ചാമത്തെയോ കാറുകളാണ്, ഒരു കിയാ സ്പോർട്ടേജ്, ടെസ്‌ല മോഡൽ 3. 

അന്നും ഇന്നും ഒരു സ്ഥലത്തു നിന്ന് വേറൊരു സ്ഥലത്തേക്ക് പോവുക എന്നല്ലാതെ കാറിന്റെ പവർ , ഡ്രൈവിംഗ് , ഒരു കാർ കണ്ടാൽ അതെന്ത് മോഡലാണ് അതിന്റെ പ്രത്യേകതകൾ എന്തൊക്കെയാണ്,  എന്നതൊന്നും എനിക്കിതുവരെ മനസിലായിട്ടില്ല. അക്കരകാഴ്ചകളിൽ വില കുറഞ്ഞ ബെൻസ് ഉണ്ടോ എന്ന് ചോദിക്കുന്ന അച്ചായനെ പോലെയൊരാൾ ആണ് ഞാൻ.

അതുകൊണ്ട് തന്നെ മൂത്ത മകൻ ജോലി കിട്ടിയ പണം കൊണ്ട് മിയാട്ട വാങ്ങണം ഹോണ്ട s2000 വാങ്ങണം എന്നൊക്കെ പറയുമ്പോൾ എന്തിനാണ് ഇങ്ങിനെ പഴയ കാറുകൾക്ക് ഇത്ര  പൈസ കളയുന്നത് എന്നായിരുന്നു എന്റെ വിചാരം. പക്ഷെ S2000 വീട്ടിൽ വന്നു കഴിഞ്ഞപ്പോൾ എന്റെ പഴയ ബൈക്ക് ഓർമ വന്നു. ആദ്യത്തെ വാഹനം ഒരാൾക്ക് എത്ര പ്രിയപ്പെട്ടത് ആയിരിക്കുമെന്ന് എനിക്ക് നന്നായി അറിയാം. എന്റെ സുസുക്കി സമുറായി, വിൽക്കാൻ എനിക്ക് മനസില്ലാതെ തുരുമ്പ് പിടിച്ച് അവശ നിലയിൽ വീട്ടിൽ വർഷങ്ങളോളം  ഉണ്ടായിരുന്നു.   കൊച്ചി – ബാംഗ്ലൂർ ട്രിപ്പ് മുതൽ, ഗോമതി ആദ്യമായി വീട്ടിൽ വന്നപ്പോൾ എയർപോർട്ടിൽ അവളെ സ്വീകരിക്കാൻ പോയത് മുതലുള്ള അനേകം ഓർമ്മകൾ അതുമായി ബന്ധപ്പെട്ടിട്ടുണ്ട്. വീടും വാഹനവും പോലെ നമ്മുടെ ഓർമകൾ കാലത്തിനു അതീതമായി നിശ്ചലമായിരിക്കുന്ന അചേതന വസ്തുക്കൾ വിരളമാണ്..

ഇനി ഈ ഞായറാഴ്ച ഗിയർ ഉള്ള കാർ എങ്ങിനെ ഓടിക്കാം എന്നൊരു ക്ലാസിൽ ചേർന്നിട്ടുണ്ട്. പഠിച്ചിട്ട് വേണം, മോൻ കാലിഫോർണിയയിൽ നിന്ന് വരുന്നത് വരെ,  ഈ കാറിൽ ഞങ്ങൾക്ക് ഒന്ന് ചെത്തി നടക്കാൻ 🙂

Leave a comment

Blog at WordPress.com.

Up ↑