മക്കളുടെ പ്രണയ വിവാഹങ്ങളും മാതാപിതാക്കളും.

ഗോമതിയും ഞാനും പ്രേമിക്കുന്ന സമയത്ത് അവളുടെ അച്ഛൻ ഒരു ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. അങ്ങിനെയാണെങ്കിൽ കല്യാണം കഴിക്കുന്നില്ല എന്ന് പറഞ്ഞ എന്നോട്, അച്ഛന് ആത്മഹത്യ ചെയ്യാൻ മാത്രമുള്ള ധൈര്യമൊന്നുമില്ല, ഇതൊക്കെ ബന്ധുക്കളുടെ കുത്തുവാക്കുകൾ കേട്ടിട്ട് പറയുന്നതാണെന്ന് പറഞ്ഞു ആശ്വസിപ്പിച്ചത് ഗോമതിയാണ് (അല്ലെങ്കിലും പ്രണയത്തിൽ സ്ത്രീകൾക്കാണ് ധൈര്യം കൂടുതൽ, ആണുങ്ങൾ പലരും എന്നെപോലെ പേടിച്ചു തൂറികളാണ് 🙂 ). അച്ഛനും അമ്മയും ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരിക്കണം എന്ന നിർബന്ധം ഉണ്ടായിരുന്നത് കൊണ്ട് വിവാഹം രജിസ്റ്റർ ചെയ്ത പിറ്റേന്ന് തന്നെ ഞങ്ങൾ പോയത് അവളുടെ വീട്ടിലേക്കാണ്. ഞങ്ങൾ വരുമെന്ന് ഒട്ടും പ്രതീക്ഷിക്കാത്ത അവർ ഞങ്ങളെ കണ്ട് അമ്പരന്നു. എന്തെങ്കിലും വലിയ സീനുണ്ടാകും എന്ന് പേടിച്ചാണ് ഞാൻ പോയത്. പക്ഷെ അതൊന്നും ഉണ്ടായില്ല. “അല്ലെ വാങ്കോ” എന്ന് ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചപ്പോഴും ഒരു സീൻ ഉണ്ടാകും എന്ന് ഞാൻ കരുതി.

ഞങ്ങളെ അകത്തേക്ക് ക്ഷക്കണിച്ച അച്ഛൻ അദ്ദേഹത്തിന്റെ ഒരു മുസ്ലിം കൂട്ടുകാരനെ വിളിച്ചു വരുത്തി. തലയിൽ തൊപ്പിയും മീശ ഇല്ലാതെ താടിയും ഒക്കെയുള്ള, എനിക്ക് കേരളത്തിൽ അന്നധികം കണ്ടു പരിചയമില്ലാത്ത രൂപത്തിലുള്ള, നന്നായി സംസാരിക്കുന്ന, സ്നേഹമുള്ള ഒരാൾ സ്കൂട്ടറിൽ വന്നിറങ്ങി. ഞാൻ മുസ്ലിം എന്ന് കേട്ടപ്പോൾ അച്ഛനും അമ്മയും ഒക്കെ അതുപോലെ രൂപം ഉള്ള ഒരാളെയാണ് മരുമകനായ കണ്ടത് എന്ന് മനസിലായി. അദ്ദേഹം എന്നെ കെട്ടിപിടിച്ച് നിസ്കാരം കഴിഞ്ഞു ചെയ്യുന്ന പോലെ മൂന്ന് പ്രാവശ്യം മുഖത്ത് മുഖം ചേർത്ത് ആശ്ലേഷം ചെയ്തു. വർഷങ്ങളായി പള്ളിയിൽ പോകാത്ത എനിക്ക് ഇത് പുതിയൊരു അനുഭവം ആയിരുന്നു. ഞാൻ വേറെ പെണ്ണുങ്ങളെ കല്യാണം കഴിക്കുമോ എന്നതാണ് അച്ഛന്റെ പേടി എന്നൊക്കെ അദ്ദേഹം വിവരിച്ചു തന്നു. മൂന്ന് ഭാര്യമാർ ഉണ്ടായിരുന്ന ഒരു ബാപ്പയുടെ മകൻ ആയത്കൊണ്ട്, അതിന്റെ ബുദ്ധിമുട്ടുകൾ അനുഭവിച്ച ഒരാളെന്ന നിലയിൽ അങ്ങിനെയൊന്നും ഉണ്ടാകില്ല എന്ന് അവരെ പറഞ്ഞു സമാധാനിപ്പിച്ചു. അച്ഛനും അമ്മയെക്കാളും ബന്ധുക്കളാണ് പ്രധാന പ്രശനമെന്നു അദ്ദേഹം പറഞ്ഞു. അത് ശരിയാണ് താനും. ഇന്നും ഗോമതിയുടെ ചേച്ചിയുടെ ഭർത്താവ്വ് ഞങ്ങളോട് സംസാരിക്കുകയോ അവരുടെ വീട്ടിൽ ഞങ്ങളെ ക്ഷണിക്കുകയോ ചെയ്തിട്ടില്ല. അന്ന് അച്ഛനെ വാഴയ്ക്ക് പറഞ്ഞ, അമ്മയുടെ അനിയത്തിയുടെ ഭർത്താവ്, അവരുടെ മകൾ പ്രേമിച്ച് വിവാഹം ചെയ്ത സമയത്ത് ഗോമതിയെ വിളിച്ച് മാപ്പ് പറഞ്ഞിരുന്നു. സാമ്പത്തികമായി മുന്നോക്കം നില്കുന്നയാളുകളെ മക്കൾ പ്രേമിച്ച് വിവാഹം ചെയ്താൽ ആളുകൾക്ക് വലിയ പ്രശനമില്ല. ബിൽ ഗേറ്റ്സിന്റെ മകനെയാണ് തങ്ങളുടെ മകൾ കല്യാണം കഴിക്കുന്നതെങ്കിൽ ഇന്ത്യയിലെ സവർണർ ആരും ജാതിയും മതവും നോക്കില്ല എന്നെനിക്കുറപ്പാണ്.

അന്നൊക്കെ ഗൗരവക്കാരൻ ആയിരുന്നു അച്ഛൻ. ജോലി കുടുംബം അമ്പലം ഒക്കെയായി നടന്നിരുന്ന ഒരാൾ. അമേരിക്കയിൽ ഞങ്ങളുടെ കൂടെ നില്ക്കാൻ വന്നപ്പോഴാണ് ഞങ്ങൾ കൂടുതൽ അടുക്കുന്നത്. നല്ല മനുഷ്യനായിരുന്ന അങ്ങേരെ കള്ളു കുടിപ്പിച്ചും, ചിക്കൻ കഴിപ്പിച്ചും, ഏതൊക്കെ വെബ്‌സൈറ്റിൽ എന്തൊക്കെ “വീഡിയോ” കാണണം എന്ന് പറഞ്ഞു കൊടുത്തും , അമേരിക്കയിൽ സ്ട്രിപ്പ് ക്ലബ്ബിൽ കൊണ്ടുപോയും “ചീത്തയാക്കിയത്” ഞാനാണ്. സ്ട്രിപ്പ് ക്ലബ്ബിൽ പോയ ശേഷം, ഒരു ലാപ് ഡാൻസ് കഴിഞ്ഞപ്പോൾ ആകെ വിയർത്ത് കുളിച്ച്, “ജീവിതം ഇപ്പോഴാണ് സായൂജ്യമടഞ്ഞത്” എന്ന് പകുതി കളിയായും പകുതി കാര്യമായും ആയിട്ടാണ് അച്ഛൻ പറഞ്ഞത്. അദ്ദേഹത്തിന് ഏറ്റവും ഇഷ്ടമുള്ള മരുമകൻ ആകാൻ കഴിഞ്ഞു എന്നതിനേക്കാൾ , വേറെ മതത്തിൽ നിന്ന് മകൾ കല്യാണം കഴിച്ചാൽ സാധാരണ വിവാഹങ്ങളിൽ ഉണ്ടാകുന്നത് പോലെയല്ലാതെ വേറെ പ്രശ്നങ്ങൾ ഒന്നുമുണ്ടാകില്ല എന്ന് അച്ഛന് മനസിലാക്കിയ എന്നതാണ് എനിക്ക് പ്രധാനമായി തോന്നിയിട്ടുള്ളത്.

അച്ഛൻ മൊത്തമായി മാറിയിട്ടൊന്നുമില്ല. ജാതി ചിന്തകൾ പൂർണമായി പോയിട്ടൊന്നുമില്ല. ചില കാര്യങ്ങളിൽ കടുംപിടുത്തങ്ങൾ ഇപ്പോഴുമുണ്ട്. പക്ഷെ അന്ന് ഞങ്ങളുടെ കാര്യത്തിൽ ബന്ധുക്കളാളുടെയും നാട്ടുകാരുടെയും കുത്തുവാക്കുകൾ കേട്ട് അദ്ദേഹം ആത്മഹത്യ ചെയ്തിരുന്നെങ്കിൽ എന്ന് ഒന്നോർത്തു നോക്കൂ. ഈ തിരിച്ചറിവ് മിസ് ആകില്ലേ? കഴിഞ്ഞ ദിവസം തങ്ങളുടെ ഏക മകൾ സ്വന്തം ഇഷ്ടപ്രകാരം വിവാഹം ചെയ്തതിന് ദമ്പതികൾ ആത്മഹത്യ ചെയ്തു എന്ന് കേട്ടപ്പോൾ എനിക്ക് ഇതൊക്കെ ഓർമ വന്നു. ആ കുട്ടിക്ക് ജീവിത അവസാനം വരെ വേദന കൊടുക്കണം എന്നുള്ള ഒരുതരം സൈക്കോ മാനസിക അവസ്ഥയാണ് ആളുകളെ ഇങ്ങിനെ ചെയ്യിക്കുന്നത്, അതിന് കൂട്ടുനിൽക്കുന്നത്, മക്കൾ വേറെ മതത്തിലോ ജാതിയിലോ സംസ്ഥാനത്തിലോ ഉള്ള ഒരു പങ്കാളിയെ വിവാഹം ചെയ്തുവരുമ്പോൾ, അത് മക്കളെ അച്ഛനമ്മമാർ ശരിയായി വളർത്താത്തതിന്റെ ദോഷമാണെന്ന് പറഞ്ഞു വരുന്ന നാട്ടുകാരും ബന്ധുക്കളും തന്നെയാണ്, കൂടെ സമൂഹം ഇന്നും പോറ്റിവളർത്തുന്ന ജാതി ചിന്തകളും. ആ പെൺകുട്ടി ഈ ട്രോമയിൽ നിന്ന് എത്രയും പെട്ടെന്ന് വെളിയിൽ വരട്ടെ …..

Leave a comment

Blog at WordPress.com.

Up ↑