നരസിംഹറാവുവിന് ഭാരത് രത്ന കിട്ടുമ്പോൾ..

ഇന്ത്യൻ റിസർവ്ബാങ്ക്, ഒരു ഫ്ലൈറ്റ് ചാർട്ടർ ചെയ്ത്, 47 ടൺ സ്വർണം  ഇന്ത്യയിൽ നിന്ന് ഇംഗ്ലണ്ടിലേക്കും മറ്റൊരു ഇരുപത് ടൺ സ്വർണം സ്വിറ്റസർലണ്ടിലേക്കും കൊണ്ടുപോയ കഥ കേട്ടിട്ടുണ്ടോ? 

1991 വരെ (ഞാൻ എറണാകുളം സെയിന്റ് ആൽബേർട്ട്സ് കോളേജിൽ ഡിഗ്രിക്ക് കോളേജിൽ പഠിക്കുന്ന കാലം) ഇന്ത്യ ലൈസൻസ് രാജ് പിന്തുടരുന്ന ഒരു രാജ്യമായിരുന്നു. സ്വകാര്യ സംരംഭംകർ  ഉണ്ടായിരുന്നുവെങ്കിലും പുതിയൊരു സംരംഭം തുടങ്ങാനുള്ള നൂലാമാലകൾ കൂടുതലായിരുന്നു. ഇന്ദിരാഗാന്ധി നടത്തിയ ദേശസാൽക്കരണം വഴി വലിയ വ്യവസായങ്ങൾ സർക്കാരിന്റെ കീഴിലായിരുന്നു. പൂർണ വിദേശ നിക്ഷേപങ്ങൾ ഇന്ത്യ അനുവദിച്ചിരുന്നില്ല. 

എന്നാൽ പെട്രോൾ പോലെ അത്യാവശ്യ സാധനങ്ങൾ ഇറക്കുമതി ചെയ്യുന്ന,പരിമിതമായ കയറ്റുമതി മാത്രമുള്ള ഇന്ത്യപോലുള്ള രാജ്യങ്ങൾക്ക് വിദേശനാണ്യ നിക്ഷേപം അത്യാവശ്യമാണ്. 1990 ലെ ഗൾഫ് യുദ്ധത്തിന് ശേഷം കയറ്റുമതിയെക്കാൾ വലിയ ഇറക്കുമതി നടത്തിയിരുന്ന  ഇന്ത്യ വലിയൊരു സാമ്പത്തിക പ്രതിസന്ധിയിലായി. അന്നത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ ഇന്ത്യൻ സർക്കാർ ഇഷ്യൂ ചെയ്ത ബോണ്ടുകൾ എല്ലാം ഡിഫോൾട്ട് ആയിപോകുന്ന അവസ്ഥയിലാണ്, ഇന്ത്യൻ സർക്കാർ തങ്ങളുടെ കൈയിലുള്ള സ്വർണം പണയം വച്ച് വിദേശ നാണ്യം കണ്ടെത്താൻ തീരുമാനിച്ചതും, വിദേശ നാണ്യത്തിന് ഗ്യാരന്റി ആയിട്ട് മേല്പറഞ്ഞ പോലെ ടൺ കണക്കിന് സ്വർണം ഇംഗ്ലണ്ടിലേക്ക് സ്വിറ്റസർലണ്ടിലേക്കും കൊണ്ടുപോയതും സാമ്പത്തിക പ്രതിസന്ധി താത്കാലികമായി എങ്കിലും ഒഴിവാക്കിയതും. 

സാമ്പത്തിക പ്രശ്നം പോലെ തന്നെ, രാഷ്ട്രീയ അസ്ഥിരതയിലൂടെയും ഇന്ത്യ കടന്നുപോകുന്ന കാലമായിരുന്നു അത്. അപ്പോഴാണ് ചന്ദ്രശേഖർക്ക് ശേഷം നരസിംഹറാവു ഇന്ത്യൻ പ്രധാനമന്ത്രിയാകുന്നതും, ലോകത്തിലെ തന്നെ അറിയപ്പെടുന്ന സാമ്പത്തിക വിദഗ്‌ധനായ മന്മോഹൻ സിംഗിനെ തന്റെ സാമ്പത്തികകാര്യ മന്ത്രിയായി നിയമിക്കുന്നതും. ഫ്രീ മാർക്കറ്റ് എക്കണോമിയിൽ വിശ്വസിച്ചിരുന്ന, കേംബ്രിഡ്ജ് സർവകലാശാലയിൽ പഠിച്ചിറങ്ങിയ, മൻമോഹൻ സിങ് ഈ പ്രശ്നത്തിന് പരിഹാരം കണ്ടത് ഇന്ത്യൻ വിപണി ലോകത്തിന് തുറന്നു കൊടുത്ത് കൊണ്ടാണ്. ഇന്ന് ഇന്ത്യയിൽ സാധാരണമായി കാണുന്ന വിദേശ കമ്പനികളും ബ്രാൻഡുകളും എല്ലാം ഇന്ത്യയിൽ വരാൻ തുടങ്ങിയത് അന്നുമുതലാണ്. ഇന്ന് നമ്മൾ കാണുന്ന പോലെ മക്ഡൊണാൾഡ്‌സും, കെഎഫ്‌സിയുമെല്ലാം ഇന്ത്യയിൽ കടകൾ തുറന്നത് അന്നുമുതലാണ്. 1996 ലാണ് ആദ്യമായി മക്‌ഡൊണാൾഡ്‌സ് ഇന്ത്യയിൽ കട തുടങ്ങുന്നത്.  

തൊണ്ണൂറുകളുടെ രണ്ടാം പാതിയിൽ Y2K എന്ന പ്രധാനപ്പെട്ട ഒരു കാര്യം കൂടി നടന്നു. അമേരിക്കയിൽ രണ്ടക്കങ്ങൾ കൊണ്ടുമാത്രം വർഷങ്ങൾ എഴുതിയിരുന്ന പ്രധാനപ്പെട്ട സോഫ്റ്റ്‌വെയറുകളെല്ലാം രണ്ടായിമാണ്ടിൽ വലിയ പ്രശ്നം അഭിമുഖീകരിക്കും എന്നത് കൊണ്ട്, അത് പരിഹരിക്കാൻ  ഇംഗ്ലീഷ് സംസാരിക്കു,ന്ന കമ്പ്യൂട്ടർ സോഫ്ട്‍വെയർ അറിയാവുന്ന കുറെ ആളുകൾ അമേരിക്കയ്ക്കും യൂറോപ്യൻ രാജ്യങ്ങൾക്കും വേണ്ടിവന്നു. (1997 നെ 97 എന്നും 1998 നെ 98 എന്നുമൊക്കെ രണ്ടക്കം കൊണ്ട് വർഷം കണക്കാക്കുമ്പോൾ 2000 ആകുമ്പോൾ വർഷം പൂജ്യം-00 ആയിപോകുന്ന പ്രശ്നം). രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയ സമയത്ത്  സാം പിട്രോഡ കൊണ്ടുവന്ന സാങ്കേതിക പരിഷ്‌കാരങ്ങൾ മൂലം ഇന്ത്യയ്ക്ക് നല്ല ഇന്റർനെറ്റ് കണക്ടിവിറ്റിയും ഉണ്ടായിരുന്നു. ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് സോഫ്ട്‍വെയർ ഡെവലപ്പേഴ്സിന്റെ ഒരു ഒഴുക്ക് തന്നെ ഉണ്ടായി. അമേരിക്ക ഉൾപെടെ ലോകത്തിലെ പല ഭാഗങ്ങളിലും ഉള്ള സോഫ്ട്‍വെയർ കമ്പനികൾ ഇന്ത്യയിൽ ബ്രാഞ്ചുകൾ തുടങ്ങി. പ്രധാനമായും ബാംഗ്ലൂരിലും ഹൈദരാബാദിലും. 1997 ൽ കോളേജ് കഴിഞ്ഞ ഉടനെ എനിക്ക് ബാംഗ്ലൂരിൽ ക്യാമ്പസ് ഇന്റർവ്യൂ വഴി ജോലി ലഭിക്കാനുള്ള ഒരു കാരണം നരസിംഹറാവു, മൻമോഹൻസിങ്, സാം പിട്രോഡ തുടങ്ങിയവർ തുടങ്ങി വച്ച പരിഷ്കാരങ്ങളാണ്. ഇന്ത്യ ഒരു സാമ്പത്തിക ശക്തിയായി മാറുന്നതിന്റെ തുടക്കം ഈ സാമ്പത്തിക പ്രതിസന്ധി ആയിരുന്നു. ഇന്ത്യൻ വിപണി തുറന്നു കൊടുക്കാനുളള പ്രധാന പ്രേരകം അതായിരുന്നു.

പക്ഷെ മാർക്കറ്റ്  വിദേശ ഭീമന്മാർക്ക് തുറന്നുകൊടുവത്തുകൊണ്ടുള്ള ഫ്രീ മാർക്കറ്റ് എക്കണോമിക്ക് പ്രശ്നങ്ങൾ ഇല്ലായിരിക്കുന്നു എന്നല്ല. അനേകം കർഷകരുടെ ജീവനെടുത്ത ഒരു സംഭവം കൂടിയായിരുന്നു അത്. ഫേസ്ബുക്കിൽ എന്റെ സുഹൃത്തായ സുധ എഴുതിയ “ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ” എന്ന, ഈയടുത്ത് ഞാൻ മലയാളത്തിൽ വായിച്ച മികച്ച ഒരു പുസ്തകത്തിലെ അവസാന അദ്ധ്യായമായ “മരണഗന്ധമുള്ള പരുത്തിപ്പാടങ്ങൾ” എന്ന അധ്യായം കർഷക ആത്മഹത്യകളെ കുറിച്ചാണ്.  1995 മുതൽ 2022 വരെ ഇന്ത്യയിൽ ആത്മഹത്യ ചെയ്തത് ഏതാണ്ട് മൂന്നുലക്ഷം കർഷകരാണ്. അങ്ങിനെ ആത്മഹത്യ ചെയ്ത ഒരു കർഷകന്റെ വിധവയെ, ഏറ്റവുമ കൂടുത കർഷക ആത്മഹത്യകൾ നടന്ന ആന്ധ്രയിലെ ( ഇപ്പോൾ തെലുങ്കാന) വാറങ്കലിൽ പോയി  നേരിൽ കണ്ട കഥ സുധ ഈ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. സാധാരണ കർഷക ആത്മഹത്യയുടെ കരണനമായി  ഇന്ത്യയിൽ പറയുന്നത് കാലാവസ്ഥ ചതിച്ചതാണെങ്കിൽ സോഷ്യലിസത്തിൽ നിന്ന് മുതലാളിത്തത്തിലേക്കുള്ള മാറ്റവും ഫ്രീ മാർക്കറ്റിന്റെ ഭാഗമായി ഇന്ത്യയിൽ വന്ന അന്താരാഷ്ട്ര കമ്പനികളുടെ ചൂഷണവും കൂടി കർഷകരെ ആത്‌മഹത്യയിലേക്ക് തള്ളിവിട്ട കഥയാണ്.  

പരുത്തി നന്നായി ജലസേചനം വേണ്ട ഒരു കൃഷിയാണ്. സർക്കാരാണ് നികുതി വരുമാനം കൊണ്ട് ജലസേചന പദ്ധതികൾ നടപ്പിലാക്കുന്നത്. പക്ഷെ ഫ്രീ മാർക്കറ്റ് എക്കണോമണിയുടെ ഭാഗമായി സർക്കാരിന്റെ ഇത്തരം ചിലവുകൾ കുറച്ചുകൊണ്ട് വന്നത് കൊണ്ട് 1987 ൽ വാറങ്കലിൽ 65 ശതമാനം ഭൂമിയിലും പൊതുജലസേചന സൗകര്യം ഉണ്ടായിരുന്നിടത്ത്, 2001 ഓടെ 37 ശതമാനമായി കുറഞ്ഞു. അപ്പോഴാണ് 

ജനിതകമാറ്റം നടത്തിയ BT പരുത്തിക്കുരു കൃഷി ചെയ്‌താൽ, അവർ ചെയ്‌തിരുന്ന മുളക് കൃഷിയേക്കാൾ പത്തിരട്ടി ലാഭം ലഭിക്കുമെന്ന  പ്രചാരണം ആരംഭിക്കുന്നത്. ഇത്തരം വിത്തുകൾക്ക് കീടങ്ങളെ ചെറുക്കാനുള്ള കഴിവുണ്ട് എന്നായിരുന്നു പ്രചാരണം.  പക്ഷെ മറ്റ് വിവിധതരം കീടങ്ങൾ പരുത്തിയെ ആക്രമിക്കാൻ തുടങ്ങിയപ്പോൾ കൃഷിനിലം ഈടായി വാങ്ങിച്ച് എൻഡോസൾഫാൻ, എക്കാലക്സ്  തുടങ്ങി അനേകം കീടനാശിനികൾ കടമായി നൽകി. പരിമിതമായ വിളവെടുപ്പ് നടന്ന വര്ഷം പരുത്തിക്ക് വളരെ വില കുറവായിരുന്നു. ഇങ്ങിനെ ഒന്നോ രണ്ടോ വർഷങ്ങൾക്കുള്ളിൽ പരമ്പരാഗതമായി രണ്ടേക്കർ ഭൂമിയിൽ കൃഷി ചെയ്തിരുന്ന ഒരു കുടുംബത്തിന്റെ ഭൂമി കീടനാശിനിയും വിത്തും വിൽക്കുന്ന ഡീലറുടെ കയ്യിലെത്തി , കർഷകൻ ആത്മഹത്യ ചെയ്ത കഥയാണ് ഈ പുസ്തകത്തിൽ ഉള്ളത്. അമേരിക്കയിലെ മൊൺസാന്റോ എന്ന കമ്പനി ഇന്ത്യയിലെ ജനിതകമാറ്റം വരുത്തിയ വിത്തുകൾ കൂടുതൽ വിൽക്കാനുള്ള ശ്രമത്തിലാണിപ്പോൾ. പണ്ട് കർഷകർ തങ്ങളുടെ വിത്ത് ശേഖരിച്ച് വച്ച് അടുത്ത വര്ഷം വിതക്കുന്ന രീതി ആയിരുന്നെകിൽ മൊൺസാന്റോ പോലുള്ള കുത്തക കമ്പനികൾ അത് സമ്മതിക്കില്ല, മറിച്ച് ഓരോ വർഷവും കർഷകർ പുതിയ വിത്തുകൾ വാങ്ങണം എന്നാണ് അവരുടെ കരാർ. 

നരസിംഹ റാവുവുവിന്റെയും മൻമോഹൻ സിംഗിന്റെയും നയങ്ങൾ എന്നെ പോലുള്ള അനേകം ആയിരം ആളുകളെ ദാരിദ്ര്യത്തിൽ നിന്നും കരകയറ്റിയപ്പോൾ, ലക്ഷകണക്കിന് കർഷകരെ ആത്‌മഹത്യയിലേക്ക് തള്ളിവിട്ടു. കാർഷിക ആത്മഹത്യക്ക് സർക്കാർ കൊടുക്കുന്ന നഷ്ടപരിഹാരം പോലും പലർക്കും ലഭിച്ചില്ല. ഇപ്പോൾ ഇങ്ങിനെ ആത്മഹത്യ ചെയ്ത കർഷകരുടെ ഭാര്യമാർ, മുപ്പത് രൂപ ദിവസക്കൂലിക്ക് അവർക്ക് മുൻപ് സ്വന്തമായിരുന്ന വയലിൽ തന്നെ ജോലി ചെയ്യുന്നു.  അതുകൊണ്ട നരസിംഹറാവുവിന്റെ കാലം എന്നെ സംബന്ധിച്ചിടത്തോളം ഒരേ സമയം വേദനയും സന്തോഷവും നൽകുന്ന ഒന്നാണ്. മൂന്ന് ലക്ഷം കർഷകരുടെ മൃതശരീരങ്ങൾക്ക് മുകളിലാണ് ഇന്ത്യ ഇന്ന് കാണുന്ന എല്ലാ സൗഭാഗ്യങ്ങളും പണിതുയർത്തിയിരിക്കുന്നത്. മുതലാളിത്തവും ഫ്രീ മാർക്കറ്റ് ഇക്കോണമിയും സർക്കാരിന്റെ അതിസൂക്ഷ്മമായ മേൽനോട്ടം ഇല്ലെങ്കിൽ , പട്ടിണിപ്പാവങ്ങളെ മരണത്തിലേക്ക് തള്ളിവിടും എന്ന് ഇന്ത്യ പഠിച്ചത് കുറെ ആളുകളെ ബലികൊടുത്തിട്ടായിരുന്നു. 

നരസിംഹ റാവുവുവിന്റെ കാലത്തേ ഏറെ ദുഃഖം നൽകുന്ന മറ്റൊരു  കാര്യം ബാബരി മസ്ജിദിന്റെ തകർച്ചയാണ്. ഇന്ത്യ സാമ്പത്തിക പുരോഗതി നേടാൻ വിത്ത് പാകിയ നരസിംഹറാവു  തന്നെയാണ് ബാബരി മസ്ജിദിന്റ് സമയത്ത് , നേരാം വണ്ണം, ശരിയായ സമയത്ത്  തീരുമാനങ്ങൾ എടുക്കാതെ അതിന്റെ തകർച്ചയ്ക്ക്, കയ്യിൽ അധികാരം ഉണ്ടായിട്ട് പോലും, സാക്ഷ്യം വഹിച്ചത്. ഒരു പക്ഷെ അന്നുള്ള മൗനത്തിനായിരിക്കാം ഇന്ന് ബിജെപി ഭാരത് രത്ന നൽകിയിരിക്കുന്നത്. സാമ്പത്തികമായി ഇന്ത്യയെ മുന്നോട്ട് നയിക്കുകയും  മതേതരത്വത്തെ പിന്നോട്ട് വലിക്കുകയും ചെയ്ത ഒരു കാലത്തിന്റെ ഓർമകളാണ് ഈ വാർത്ത മനസ്സിൽ കൊണ്ടുവരുന്നത്. ഒരു നേതാവിന് സമയത്തിന് സംസാരിക്കാൻ കഴിഞ്ഞില്ലെങ്കിൽ , അനേകം ഭാഷകളറിഞ്ഞിട്ട് ഒരു കാര്യവുമില്ലെന്ന് തെളിഞ്ഞ ദിനങ്ങൾ…

നോട്ട് : സുധ എഴുതിയ “ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ” ഇന്ത്യ പാക്കിസ്ഥാൻ  വിഭജനകാലത്തെ വേദനകളെക്കുറിച്ചുള്ള  ഉർവശി ബൂട്ടാലയുടെ “The Other Side of Silence” മനസിലേക്ക് കൊണ്ടുവന്നു. കൂടെ ഇന്ത്യ പാക്കിസ്ഥാൻ വിഭജന കാലത്തെക്കുറിച്ച് തന്നെയുള്ള സാദത്ത് ഹസൻ മാന്തോയുടെ കഥകളും. അദ്ദേഹത്തിന്റെ “Khol Do” എന്ന കഥ മലയാളത്തിൽ ഉണ്ടോ എന്നെനിക്കറിയില്ല, ഇല്ലെങ്കിൽ ആരെങ്കിലും പരിഭാഷപ്പെടുത്തണം. സുധ കുറച്ചുകൂടി വിശാലമായി ശ്രീലങ്കയിലും നേപ്പാളിലും, അഫ്ഗാനിസ്ഥാനിലുമെല്ലാം അക്രമങ്ങളുടെ ബാക്കിപത്രമാകുന്ന സ്ത്രീകളെ കുറിച്ച് സംസാരിക്കുന്നു. മലയാളത്തിലെ നോൺ ഫിക്ഷൻ  അന്താരാഷ്ട്ര ക്യാൻവാസിലേക്ക് ചിറകു വിരിച്ച് പറക്കുന്ന മനോഹരമായ കാഴ്ചയാണ് ഈ പുസ്തകം. എവിടെയൊക്കെ പോയാലും മനുഷ്യരുടെ ദുഃഖം ഒന്നുതന്നെയാണെന്ന അനുഭവ സാക്ഷ്യങ്ങൾ.. 

Leave a comment

Blog at WordPress.com.

Up ↑