എന്നാൽ ഞാനൊരു സത്യം പറയട്ടെ? കഴിഞ്ഞ ദിവസം ഞങ്ങളുടെ വിവാഹ വാർഷികം ഒന്നുമായിരുന്നില്ല, കാരണം അങ്ങിനെ ഒരു ദിവസം ഞങ്ങൾക്കില്ല. ഞങ്ങൾ പാരമ്പര്യ രീതിയിൽ വിവാഹം കഴിഞ്ഞ ആളുകളല്ല. ഇരുപത്തിനാല് വർഷങ്ങൾക്ക് മുൻപ്, എന്റെ വീട്ടിൽ ഒരുമിച്ച് താമസിക്കുമ്പോൾ വിവാഹം രജിസ്റ്റർ ചെയ്ത ഒരു ദിവസവും, മാസങ്ങൾ കഴിഞ്ഞു രജിസ്റ്ററിൽ ഒപ്പ് വച്ച ഒരു ദിവസവുമാണ് ഞങ്ങൾക്ക് വേണമെങ്കിൽ വാർഷികം എന്ന് പറയാവുന്നത്, അതിന്റെ ഇടയിൽ തന്നെ മൂത്ത മകനെ ഗർഭം ധരിച്ചത് കൊണ്ട്, ഏത് ദിവസമാണ് വാർഷികമായി ആഘോഷിക്കേണ്ടത് എന്നത് ഞങ്ങളുടെ ഇടയിലെ തന്നെ ഒരു തർക്കവിഷയമാണ്. നിങൾ എല്ലാം ആശസിച്ച സ്ഥിതിക്ക് കഴിഞ്ഞ ദിവസം വേണമെങ്കിലും നമുക്ക് ഞങ്ങളുടെ വിവഹാവർഷികം ആക്കാം :).
“വിജയകരമായ ഒരു ദാമ്പത്യത്തിന്, ഒരേ വ്യക്തിയുമായി പലതവണ പ്രണയത്തിലാകേണ്ടതുണ്ട്” എന്ന വാചകമാണ് പലരും ഇതൊരു വിവാഹ വാർഷിക ഫോട്ടോയാണെന്ന് തെറ്റിദ്ധരിക്കാൻ ഇടയായത് എന്ന് കരുതുന്നു. വിവാഹം കഴിഞ്ഞ, കുടുംബവും കുട്ടികളും ഒക്കെയായി ജീവിക്കുന്നവർക്ക് , പ്രണയം മുന്നോട്ട് കൊണ്ടുപോകുന്നത് വലിയ പാടുള്ള ഒരു കാര്യമാണ്. പോകെ പോകെ പ്രണയം വരണ്ടുപോകുന്ന ഒരവസ്ഥയിലൂടെ എല്ലാവരും കടന്നുപോയിട്ടുണ്ടാകും. അതിന്റെ കാരണമെന്താണ് എന്നാലോചിച്ചു നോക്കുമ്പോഴാണ് മേല്പറഞ്ഞ വാചകത്തിന്റെ അർഥം നമുക്ക് കൂടുതൽ മനസിലാവുക.
ഇത്രയും കാലത്തിനിടയ്ക്ക് പല കാര്യങ്ങളിലും വ്യത്യസ്‍ത അഭിരുചികളുമായി, വ്യത്യസ്ത വഴികളിലൂടെ വ്യത്യസ്‍ത അഭിപ്രായങ്ങളുമായി വളരുന്ന രണ്ടാളുകളാണ് ഞങ്ങളും. പരസ്പരം ഉള്ള കരുതലിൽ മാത്രം ഒരു കുറവും വന്നിട്ടില്ല. പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴെല്ലാം രണ്ടുപേരും അതിന്റെ അടിസ്ഥാന കാരണത്തെ കണ്ടെത്തി സോൾവ് ചെയ്യാൻ ശ്രമിക്കാറുണ്ട്, ചിലപ്പോൾ അത് work ആകും, ചിലപ്പോൾ ആകില്ല. പരസ്പരം എല്ലാം ഒരേപോലെ ചിന്തിക്കുന്ന ദമ്പതികൾ ഉണ്ടോ എന്നെനിക്കറിയില്ല, എന്തായാലും പരസ്പരം വെറുക്കുന്ന ദമ്പതികളായോ , നീ എന്ത് ചെയ്താലും എനിക്കൊന്നുമില്ല എന്ന് ചിന്തിക്കുന്ന Apathy എന്ന അവസ്ഥയിലോ ഒരേ വീട്ടിൽ ഒരുമിച്ച് ജീവിക്കുന്നതിൽ അർത്ഥമില്ല. അങ്ങിനെ ഒരു സന്ദർഭം ഉണ്ടാകുമ്പോൾ സൗഹൃദത്തോടെ പിരിയാനുള്ള അത്രയ്ക്കും സൗഹൃദമെങ്കിലും ദമ്പതികൾ തമ്മിൽ വേണം. ഞങൾ തമ്മിൽ അങ്ങിനെ ഒരു സൗഹൃദം ഉണ്ടെന്നാണ് കരുതുന്നത്, അതുകൊണ്ട് വേറെ ഒരു സമയത്ത് ഞങൾ പിരിയുകയാണ് എന്നൊരു വാർത്ത കേട്ടാൽ ആരും ഞെട്ടരുത്.
പ്രണയം, കുടുംബം, കുട്ടികൾ, ലൈംഗികത എന്നൊക്കെയുള്ള പരസ്പരം വലിയ ബന്ധമില്ലാത്ത കുറെ കാര്യങ്ങൾ ഒരേ നുകത്തിൽ കെട്ടിയിരിക്കുന്ന ഒരു സംഭവമാണ് വിവാഹത്തിലൂടെ നമ്മുടെ സമൂഹം ഉദേശിക്കുന്നത്. മനുഷ്യ ചരിത്രത്തിൽ ഇത് ഇങ്ങിനെ ആയിട്ട് അധികം നാളുകളായിട്ടുമില്ല. അതുകൊണ്ടാണ് വിവാഹത്തിന് പുറത്തു ലൈംഗിക ബന്ധങ്ങളും , പ്രണയവും എല്ലാം തെറ്റുകളായി ആളുകൾ കരുതുന്നത്. ഒരേ സമയം കുറെ പേരെ പ്രണയിക്കാൻ കഴിയുന്ന, Polyamorous, Bisexual എന്നിവരൊക്കെ, തങ്ങൾ എന്തോ തെറ്റ് ചെയ്യുകയാണെന്ന് വിചാരിച്ചു ജീവിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. പലപ്പോഴും നമ്മുടെ ശരീരം നമ്മളോട് പറയുന്നതല്ല, സമൂഹത്തിന് വേണ്ടി നമ്മൾ ചെയ്യുന്നത്. വിവാഹത്തിലെ ഈ ഇഴകൾ പിരിച്ചു നോക്കിയാൽ പലപ്പോഴും ഇതിൽ ചില കാര്യങ്ങളിൽ മാത്രം ഒരേ അഭിപ്രായം ഉള്ളവരും മറ്റു കാര്യങ്ങളിൽ വ്യത്യസ്‍ത അഭിപ്രായങ്ങളും അഭിരുചികളും ഉള്ളവരായിരിക്കും മിക്ക പങ്കാളികളും. ഉദാഹരണത്തിന് കുട്ടികളെ ജനാധിപത്യപരമായി അവരുടെ അഭിപ്രായം മാനിച്ചു പഠിക്കാനും ഇണയെ തിരഞ്ഞെടുക്കാനുള്ള അവരുടെ അവകാശത്തെ അനുവദിക്കണം എന്നും യോജിക്കുന്ന രണ്ടുപേർക്ക് പക്ഷെ ലൈംഗിക അഭിരുചികളുടെ കാര്യത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകാം. വിവാഹം എല്ലാം തികഞ്ഞ ഒരു ബന്ധം ആകണം എന്ന് നമുക്ക് നിർബന്ധം പിടിക്കാൻ കഴിയില്ല, നിർഭാഗ്യവശാൽ അതിന്റെ ഘടന അങ്ങിനെയാണ്.
പ്രണയ വിവാഹത്തിലായാലും അല്ലെങ്കിലും ഒരാളോട് ആദ്യം തോന്നുന്ന ലൈംഗിക ആകർഷണവും മനസ്സിൽ ഉള്ള പ്രണയവും വളരെനാൾ സ്വാഭാവികമായി നിലനിൽക്കുന്ന ഒന്നല്ല. എങ്ങിനെയുള്ള ദമ്പതിമാരെ നിങ്ങൾ കണ്ടിട്ടുണ്ടെങ്കിലും അതിന്റെ പിറകിൽ നല്ല അധ്വാനമുണ്ട്. സ്വാഭാവികമായി ആദ്യം തോന്നുന്ന പ്രണയം കുറെ നാൾ നിലനിർത്തി കൊണ്ടുപോകാൻ സമയവും അധ്വാനവും രണ്ടുപേരുടെയും ഭാഗത്തു നിന്ന് ഉണ്ടാവേണ്ടതുണ്ട്.
എന്തായാലും വിവാഹശേഷമുള്ള പ്രണയം പല ഘട്ടങ്ങളിലൂടെ കടന്നുപോവുന്നുണ്ട്. ആദ്യം കാണുമ്പോൾ നിങ്ങളുടെ ശരീരത്തിൽ ഹോര്മോണുകളുടെ മാജിക്ക് കൊണ്ടുണ്ടാവുന്ന infatuation ആണ് നമ്മൾ പ്രണയമായി കണക്കാക്കുന്നത്. ( അങ്ങനെയല്ലാതെ ഒരാളുടെ രൂപഭംഗിയേക്കാൾ വ്യക്തിത്വം കൊണ്ട് പ്രണയം തോന്നുന്ന Pansexual ആയ ആളുകളും ഉണ്ട്). വിവാഹം കഴിഞ്ഞു വർഷങ്ങൾക്ക് ശേഷം പക്ഷെ പ്രണയം കൂടുതൽ കരുതലിലേക്കും , സൗഹൃദത്തിലേക്കും മാറും. ചെറിയ ചെറിയ കാര്യങ്ങളിലും തമാശകളിലുമൊക്കെയാണ് പിന്നീടുള്ള പ്രണയം സംഭവിക്കുന്നത്. ഇവിടെയാണ് ഞാൻ പണ്ടെഴുതിയ പ്രണയ ഭാഷയുടെ പ്രാധാന്യം. Physical touch പ്രധാന പ്രണയ ഭാഷയായ എന്റെ പങ്കാളിക്ക്, അടുക്കളയിൽ ഞാൻ എത്ര തന്നെ ചെയ്താലും അത് പ്രണയത്തിന്റെ expression ആയി തോന്നില്ല. പങ്കാളിക്ക് എന്താണ് വേണ്ടതെന്ന് ചോദിച്ചറിഞ്ഞു ചെയ്യുന്നത് ചിലർക്ക് അസ്വാഭാവികമായി തോന്നാം. പക്ഷെ ദീർഘകാല ദാമ്പത്യത്തിന് വേറെ എളുപ്പവഴികളില്ല.
ദീർഘകാല പ്രണയം, വെറുതെ നടക്കില്ല, കുറച്ച് മിനക്കെടാനുള്ള മനസ് വേണം. അല്ലാതെ പരാതി പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഒരേ പങ്കാളിയോട് പല തവണ പല കാരണങ്ങൾ കൊണ്ട് പ്രണയത്തിലാവണം എന്ന് പറയുന്നത് അതുകൊണ്ടാണ്. പ്രണയം തുടങ്ങിയ സമയത്ത് അവളുടെ ചിരിയായിരുന്നു നിങ്ങളുടെ ഇഷ്ടമെങ്കിൽ വിവാഹം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം നിങ്ങൾക്ക് അവളോടുള്ള കരുതൽ ആകാം നിങ്ങളുടെ പ്രണയത്തെ നയിക്കുന്നത്. തുടർച്ചയായി പരസ്പരം ഇക്കാര്യങ്ങൾ സംസാരിച്ചുകൊണ്ട് ഇരിക്കുക എന്നത് മാത്രമാണ് പ്രണയം നിലനിർത്താനുള്ള ഒരേ വഴി.
അപ്പോൾ വിവാഹവാർഷിക ആശംസകൾ നേർന്ന എല്ലവർക്കും നന്ദി. നിങ്ങളോട് എനിക്കൊരു അഭ്യർത്ഥന ഉണ്ട്, നിങ്ങളുടെ പങ്കാളിയോട് അവരുടെ പ്രണയഭാഷ എന്താണെന്ന് ചോദിക്കുക. അവർക്ക് നിങ്ങളിൽ നിന്ന് എന്താണ് miss ചെയ്യുന്നത് എന്ന് ചോദിക്കുക, ഒരു പക്ഷെ ഒരു ചേർത്ത് പിടിക്കലോ, ഒരു ഉമ്മയോ നിങ്ങളുടെ ലോകം മുഴുവൻ മാറ്റി മറിച്ചേക്കാം.
ഒരു കാര്യം കൂടി, ഒരേ പങ്കാളിയുമായി പ്രണയത്തിൽ ആകണം എന്നത് ചിലരുടെ കാര്യത്തിൽ മാത്രമാണ് ബാധകം. പരസ്പരം പ്രണയം മരിച്ചവർക്ക്, ഒരു തരത്തിലും ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയില്ല എന്നവർക്ക് ഒക്കെ സൗഹാർദ്ദപരമായ, വേർപിരിയലും, മറ്റൊരു പ്രണയം കണ്ടുപിടിക്കലും ഒക്കെയായിരിക്കും കൂടുതൽ അഭികാമ്യം. ഒരേ വീട്ടിൽ , ഒരേ കുടുംബത്തിൽ നിന്ന് കുട്ടികളെ ഒക്കെ വളർത്തുന്ന, എന്നാൽ വേറെ വേറെ പ്രണയിതാക്കൾ ഉള്ള ദമ്പതിമാരെ കേരളത്തിൽ തന്നെ എനിക്കറിയാം. സോഷ്യൽ taboo ഒക്കെ ഒരു വഴിക്ക് ഉണ്ടാകും, നമ്മളൊക്കെ അതും നോക്കി ഇരുന്നാൽ കുറച്ച് കഴിയുമ്പോൾ ജീവിതം ആസ്വദിക്കാതെ മരിച്ച് പോകും, അത്രയേ ഉള്ളൂ. പരസ്പരം ഇഷ്ടപെടാത്ത ഒരു സ്നേഹബന്ധത്തിൽ നിന്ന് ഒഴിഞ്ഞു കൊടുക്കുന്നതായിരിക്കും ചിലർക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ പ്രണയ സമ്മാനം.
ലോകം മുഴുവൻ എന്നും എവിടെയും എപ്പോഴും പ്രണയം നിറയട്ടെ. വിവാഹം കഴിഞ്ഞ് എത്ര നാൾ ആയാലും, പരസ്പരം തമാശ പറഞ്ഞു ചിരിക്കുന്ന, ഇടക്ക് കുട്ടികളെ കൂട്ടാതെ ബീച്ചിൽ പോകുന്ന, ഒരു പാർട്ടിയിൽ വച്ച് ദൂരെ ഇരിക്കുന്ന പങ്കാളിയെ നോക്കി കണ്ണിറുക്കുന്ന, പരസ്പരം വ്യക്‌തികൾ എന്ന നിലയിൽ ശക്‌തിയും ദൗർബല്യവും മനസിലാക്കുന്ന, ജോലിയുടെ ഇടയിൽ വിളിച്ച് സംസാരിക്കുന്ന ദമ്പതികൾ തമ്മിലുള്ള ഉള്ള ജീവിതം എന്ത് രസമായിരിക്കും.
ഞങ്ങൾ ഏത് അളവ്കോൽ വച്ച് നോക്കിയാലും മാതൃക ദമ്പതികൾ അല്ല. പക്ഷെ എത്ര വഴക്ക് ഇട്ടാലും ഞങ്ങൾ ഇടക്കിടക്ക് ഇങ്ങിനെ വീണ്ടും വീണ്ടും പ്രണയത്തിൽ വീണുകൊണ്ടേ ഇരിക്കും. അപ്പോൾ ഒക്കെ ഫോട്ടോ ഇട്ട് വെറുപ്പിക്കുന്നത് ആയിരിക്കും 🙂
നോട്ട് : ഇത് പ്രണയദിനത്തിൽ എഴുതേണ്ട പോസ്റ്റ് അല്ലെ എന്ന് ചിലർക്കെങ്കിലും സംശയം തോന്നാം. പ്രണയം ആഘോഷിക്കാൻ ഒരു ദിവസത്തിന്റെ ആവശ്യമുണ്ടെന്ന് കരുതുന്നവർക്ക് എന്റെ നമോവാകം.
വിവാഹ വാർഷികം
Leave a comment