ഇത് സാലി ക്ലാർക്ക് എന്ന ബ്രിട്ടീഷുകാരിയുടെ കഥയാണ്, നമ്മുടെ പൊതുബോധത്തിന്റെയും.
ഒരു കാരണവും കൂടാതെ നവജാത ശിശുക്കൾ മരിച്ചുപോകുന്ന ഒരു പ്രതിഭാസത്തിന് Sudden infant death syndrome (SIDS) എന്നാണ് പറയുക. ആരോഗ്യമുള്ള മാതാപിതാക്കൾക്ക് ജനിക്കുന്ന ഏതാണ്ട് എണ്ണായിരം കുട്ടികളിൽ ഒരു കുട്ടി ഇങ്ങിനെ മരിച്ചുപോകാൻ സാധ്യതയുണ്ട്.
സാലി ക്ലാർക്കിന്റെ ആദ്യത്തെ കുട്ടി 1996 ൽ അങ്ങിനെയാണ് മരിച്ചത്. എന്നാൽ രണ്ട് വർഷങ്ങൾക്ക് ശേഷം അവരുടെ രണ്ടാമത്തെ കുട്ടിയും ഇത്പോലെ മരിച്ചപ്പോൾ, അത് അസ്വാഭാവികമായ ഒരു കാര്യമായി. കാരണം ലളിതമായി പറയാം.
നമ്മൾ ഒരു നാണയം എടുത്ത് ടോസ് ചെയ്താൽ തല വരാനുള്ള സാധ്യത 1/2 ആണ്. ആ നാണയം രണ്ടു പ്രാവശ്യം ടോസ് ചെയ്താൽ തല വരാനുള്ള സാധ്യത 1/4 ആകും (1/2 X 1/2). അത്പോലെ എണ്ണായിരത്തിൽ ഒരെണ്ണം മാത്രം സംഭവിക്കുന്ന SIDS തുടർച്ചയായി രണ്ടുതവണ സംഭവിക്കാനുള്ള സാധ്യത ആറു കോടിയിൽ ഒന്നാണ് (1 ÷ (8000 × 8000) = 1/6,40,00,000 ). അതുണ്ട് ബ്രിട്ടനിൽ SIDS കേസുകളിൽ കോടതിയിൽ വിദഗ്‌ദ്ധ അഭിപ്രായം പറയുന്ന Roy Meadow എന്ന പീഡിയാട്രീഷ്യൻ ഈ മരണങ്ങൾ കൊലപാതകങ്ങൾ ആണെന്ന് കോടതിയെ അറിയിച്ചു. മുകളിൽ പറഞ്ഞ കണക്കാണ് അദ്ദേഹം കോടതിയിൽ ഉദ്ധരിച്ചത്. ” ഒരു മരണം സംശയാസ്പദമല്ല, പക്ഷെ രണ്ടാമത്തെ മരണം സംശയാസ്പദമാണ്, മൂന്ന് ആണെങ്കിൽ കൊലപാതകം ആണ് എന്നായിരുന്നു അദ്ദേഹത്തിന്റെ തിയറി. അദേഹത്തിന്റെ വിദഗ്ധ അഭിപ്രായം പറഞ്ഞ മറ്റു കേസുകളിൽ എന്ന പോലെ ഇതിലും പ്രതിയായ സാലി ശിക്ഷിക്കപ്പെട്ടു. സമൂഹം കുട്ടികളെ കൊല്ലുന്ന അമ്മമാരോട് എങ്ങിനെയാണ് പെരുമാറുക എന്ന് ഞാൻ പറയേണ്ട കാര്യമില്ലല്ലോ. സാലി വെറുക്കപ്പെട്ട സ്ത്രീയായി.
മൂന്ന് വർഷങ്ങൾക്ക് ശേഷം ഈ കേസിന്റെ അപ്പീലിൽ മുൻപ് ഇല്ലാതിരുന്ന രണ്ടു കാര്യങ്ങൾ വെളിപ്പെട്ടു. ഒന്നാമത്തേത് ഈ കേസിൽ റോയ് മെഡോ പറഞ്ഞ സ്റ്റാറ്റിസ്റ്റിക്‌സ് തെറ്റാണ് എന്ന് The Royal Statistical Society പ്രസ്താവിച്ചതാണ്. കാരണം അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകൾ പരസ്പര ബന്ധമില്ലാത്ത രണ്ടു സംഭവങ്ങൾക്ക് മാത്രമാണ് ബാധകം. ഉദാഹരണത്തിന് ഒരു നാണയം ടോസ് ചെയ്യുമ്പോൾ ഹെഡ് വന്നു എന്നത്കൊണ്ട് രണ്ടാമത്തെ ടോസ്സിൽ എന്താണ് വരാൻ പോകുന്നത് എന്ന് പറയാൻ പറ്റില്ല.
പക്ഷെ പരസ്പര ബന്ധമുള്ള സംഭവങ്ങൾ ഉണ്ട്. ഉദാഹരണത്തിന് നിങ്ങൾ ഒരു കുത്ത് ചീട്ടിൽ നിന്ന് ഒരു ഹാർട്ട് എടുത്തു മാറ്റി വച്ചിട്ട്, പിന്നീട് ഒരു ചീട്ട് കുറവുള്ള ആ കുത്തിൽ നിന്ന് ഒരു ചീട്ട് എടുത്താൽ ഹാർട്ട് കിട്ടാനുള്ള സാധ്യത കുറച്ചു കുറവായിരിക്കും. കാരണം ആദ്യത്തെ കാർഡ് എടുത്തിട്ട് നമ്മൾ തിരികെ വയ്ക്കുന്നില്ല.
SIDS എന്ന രോഗത്തിന്റെ കാര്യത്തിലും ജനിതകം, വീട്ടിലെ പരിസ്ഥിതി, കുട്ടിയെ കട്ടിലിൽ കമഴ്ത്തി ആണോ നേരെ ആണോ കിടത്തുന്നത് തുടങ്ങി മരണങ്ങൾക്ക് പരസ്പര ബന്ധം ഉണ്ടകാനുള്ള സാധ്യത കൂടുതലുണ്ട് ( മലർത്തി കിടത്തുന്ന കുട്ടികളിൽ SIDS വരനുള്ള സാധ്യത 80 ശതമാനത്തിലേറെ കുറവാണ്). അങ്ങിനെ കണക്കിലെടുക്കുമ്പോൾ തുടർച്ചയായി രണ്ടു കുട്ടികൾ SIDS വന്നു മരിക്കുന്നത് അത്ര അസാധാരണമല്ല എന്ന് റോയൽ സ്റ്റാറ്റിസ്റ്റിക്കൽ സൊസൈറ്റി പ്രസ്താവിച്ചു. റോയ് മെഡോ ശാസ്ത്രത്തെ ദുരുപയോഗം ചെയ്യുകയാണ് എന്നായിരുന്നു അവരുടെ അഭിപ്രായം.
രണ്ടാമത്തേത് , കോടതിയിൽ വരാതിരുന്ന ഒരു തെളിവാണ്. സാലിയുടെ രണ്ടാമത്തെ കുട്ടിയുടെ മരണകാരണം യഥാർത്ഥത്തിൽ SIDS ആയിരുന്നില്ല, മറിച്ച് ഒരു ബാക്ടീരിയ ആയിരുന്നു. ആ തെളിവ് കോടതിയിൽ വന്നില്ല. അതുകൊണ്ട് മേല്പറഞ്ഞ ഒരു കണക്കും സാലിയുടെ കാര്യത്തിൽ ബാധകമേ അല്ല.
മൂന്ന് വർഷത്തെ ജയിൽ വാസത്തിന് ശേഷം പുറത്തിറങ്ങിയ സാലി മദ്യത്തിന് അടിമയാവുകയും കുറച്ചു വർഷങ്ങൾക്ക് ശേഷം അമിതമദ്യപാനം മൂലം മരണപ്പെടുകകയും ചെയ്തു. കേസിൽ അറസ്റ്റ് ചെയ്ത സമയത്ത് ഇവരെ വെറുതെ സമൂഹം അടുത്ത ഇരയെ തേടി പോയികാണണം.
നമ്മുടെ പല മുൻ ധാരണകളും ഇതുപോലെയാണ്. ഉദാഹരണത്തിന് ഭീകരവാദികളെ പോലീസും പട്ടാളവും വെടിവച്ച് കൊല്ലുന്നതും , അക്രമകാരികളുടെ വീടുകൾ ബുൾഡോസർ കൊണ്ട് തകർക്കുന്നതും ഒക്കെ നമ്മുടെ നീതിബോധത്തിന്റെ അകത്താണ് എന്ന് നമ്മൾ പലപ്പോഴും കരുതും. രണ്ടു വർഷങ്ങൾക്ക് മുൻപ് ഞാൻ താമസിക്കുന്ന ന്യൂ ജേഴ്സിയിലെ ഒരു പട്ടണത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിന പരേഡിലെ ഒരു ഐറ്റം യോഗി ആദിത്യ നാഥിന്റെ ഫോട്ടോ തൂക്കിയ ഒരു ബുൾഡോസർ ആയിരുന്നു. ഈയടുത്ത് ഇങ്ങിനെ ഒരു കേസിൽ പ്രതി ചേർത്ത് വീട് ബുൾഡോസർ കൊണ്ട് തകർത്ത ഒരാളെ നിരപരാധിയെന്ന് കണ്ട കോടതി വെറുതെ വിട്ടിട്ടുണ്ട്. അയാളുടെ വീട് ആര് തിരികെ നൽകും?
രണ്ടായിരത്തി രണ്ടിൽ ഗുജറാത്തിലെ അക്ഷർധാം ക്ഷേത്രത്തിൽ നടന്ന വെടിവെപ്പിൽ മുപ്പത്തിമൂന്ന് പേര് കൊല്ലപ്പെട്ട കേസിൽ ഗുജറാത്ത് പോലീസ് നിരപരാധികളെ പത്ത് വർഷത്തിലധികം ജയിലിൽ പാർപ്പിക്കുയും പീഡിപ്പിക്കുകയും ചെയ്തു. ഹൈ കോടതിയും POTA കോടതിയുമൊക്കെ “ശിക്ഷിച്ച” ഇവരെ സുപ്രീം കോടതിയാണ് ഇവർ കുറ്റക്കാരല്ല എന്ന് കണ്ടെത്തി വെറുതെ വിട്ടത്. പിന്നീട് David Coleman Headley എന്ന അമേരിക്കൻ പാകിസ്താനിയാണ് ഇതിന്റെ പിന്നിലുള്ള യഥാർത്ഥ ഭീകരവാദികളെ കുറിച്ച് വിവരം നൽകിയത്. ഇന്ത്യയിൽ നടത്തിയ ഭീകരവാദങ്ങൾക്ക് അമേരിക്ക ഇയാളെ കഴിഞ്ഞ വര്ഷം 35 വർഷത്തെ ജയിൽ ശിക്ഷയ്ക്ക് വിധിച്ചു. ജയിലിൽ കിടന്നവർക്ക് പത്ത് വർഷവും ആരോഗ്യവും പോയിക്കിട്ടി.
രണ്ടായിരത്തിൽ ജമ്മു കശ്മീരിലെ ചിത്തിസിങ്പോരയിൽ നടന്ന കൂട്ടക്കൊലയിൽ പട്ടാളം അഞ്ച് നിരപരാധികളായ ഗ്രാമീണരെ കൊണ്ടുപോയി വെടിവച്ച് കൊന്നിട്ട് അവരെ സൈനികരുടെ വേഷം അണിയിച്ച് കത്തിച്ചു. വർഷങ്ങൾക്ക് ശേഷം സിബിഐ ആണ് കണ്ണിൽ ചോരയില്ലാത്ത അക്രമം ആയിരുന്നു ഇതെന്ന് റിപ്പോർട്ട് നൽകിയത്. ഈ കൊലപാതകങ്ങൾക്ക് എതിരെ പ്രതിഷേധ പ്രകടനം നടത്തിയ ഗ്രാമവാസികളിൽ അഞ്ചുപേരെയും സൈന്യം വെടിവച്ചു കൊന്നു. മേല്പറഞ്ഞ ഹെഡ്ലി തന്നെയാണ് ഈ കേസിലും ഉൾപെട്ട യഥാർത്ഥ കാശ്മീർ/പാകിസ്താനി ഭീകരരുടെ വിവരം പിന്നീട് വെളിപ്പെടുത്തിയത്. അതുവരെ സൈന്യം വെടിവച്ചു കൊന്നവരാണ് യഥാർത്ഥ പ്രതികൾ എന്നാണ് എല്ലാവരും കരുതിയിരുന്നത് ( ഈ വിവരങ്ങൾ ജോസി ജോസെഫിന്റെ Silent Coup എന്ന പുസ്തകത്തിൽ നിന്ന്)
നമുക്ക് തന്നെ ഏറ്ററ്വും പരിചിതമായ അഭയ കൊലക്കേസിൽ നാർകോ അനാലിസിസ് വഴി പ്രതികൾ കുറ്റം സമ്മതിച്ചു എന്നത് നമ്മളെല്ലാം കേട്ട് വിശ്വസിച്ച വാർത്തയാണ്. പക്ഷെ ബാംഗ്ലൂരിൽ ഇവരെ നാർകോ അനാലിസിസ് ചെയ്ത ഡോക്ടർ നാർകോ എന്നറിയപ്പെട്ട ഡോക്ടർ മാലിനിയെ അഭയ കേസിലെ CD എഡിറ്റ് ചെയ്തതിനും, പ്രതികളെ കുറ്റം സമ്മതിപ്പിക്കാൻ ചെവിയിൽ ചവണ കൊണ്ട് അമർത്തുന്ന തരത്തിലുള്ള രീതികൾ പിന്തുർന്നതിനും ജനന / വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളിൽ കൃത്രിമം കാണിച്ചതിനും സെർവിസിൽ നിന്നും പിരിച്ചു വിട്ട കാര്യം എത്ര പേർക്ക് അറിയാം?
ഇതൊക്കെ കൊണ്ടാണ് ന്യായമായ കോടതി വിചാരണ എല്ലാ കുറ്റകൃത്യങ്ങളുടെ കാര്യത്തിലും വേണം എന്ന് പറയുന്നത്. ഭീകരവാദി/ കൊടും കുറ്റവാളി എന്നൊക്കെ അറിയപ്പെടുന്നവരെ വെടിവച്ചു കൊല്ലുന്നത് ആധുനിക ജനാധിപത്യ രാഷ്ട്രങ്ങൾക്ക് ചേർന്നതല്ല, അതിൽ കോൾമയിർ കൊള്ളുന്നത് ബോധമുള്ള പൗരന്മാർക്ക് പറഞ്ഞിട്ടുള്ളതും അല്ല.
ഉത്തർ പ്രദേശിൽ കുറച്ച നാളുകൾക്ക് മുൻപ് ആതിഖ് അഹമ്മദ് എന്ന കുറ്റവാളിയെ പോലീസ് വെടിവച്ച് കൊന്ന വാർത്ത കേട്ടപ്പോൾ , അതിനെ ന്യായീകരിച്ച ആളുകളുള്ള ഒരു വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് ഞാൻ ഇറങ്ങി പോന്നിരുന്നു. അന്ന് അതിന്റെ കാര്യങ്ങൾ വ്യക്തമായി എഴുതാനുള്ള സമയം കിട്ടിയിരുന്നില്ല, ഇപ്പോൾ എഴുതി എന്ന് മാത്രം.
Leave a comment