ട്രെയിനിൽ നിന്ന് ഒരു പെണ്കുട്ടിയിലെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം തള്ളിയിട്ട് കൊന്ന ഒരു കേസിലെ, ഇംഗ്ലീഷിലുള്ള ഒരു വിധി പകർപ്പ് നിങ്ങൾക്ക് ലഭിക്കുന്നു എന്ന് കരുതുക. അതിലെ ചില വാചകങ്ങൾ താഴെ കൊടുക്കുന്നു (സാങ്കൽപ്പികം, കോടതി ഭാഷയല്ല)
The advocate of the defendant states the below :
“ The defendant is innocent in this case. he was forced to give the statements by the police. He never travelled in that train.”
എന്നിട്ട് കുറെ പേജുകൾക്ക് ശേഷം, പോലീസ് നൽകിയ DNA അടക്കമുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി വിധി ഇപ്രകാരം പ്രഖ്യാപിക്കുന്നു എന്നും കരുതുക.
“Since there is enough evidence produced by the police that the defendant was present in the train at the time of the crime and the DNA of the semen from the deceased matches with the DNA of the defendant, we find him responsible for the crime and punish him for life sentence.”
നിങ്ങളുടെ ഒരു യുക്തിവാദി സുഹൃത്ത് ഈ വിധിയെ കുറിച്ച് താഴെ പറഞ്ഞ പോലെ ഒരു ഫേസ്ബുക് പോസ്റ്റ് ഇടുന്നു എന്നും കരുതുക.
“സുപ്രീം കോടതി വിധിയിൽ പ്രതി തികച്ചും നിരപരാധിയാണെന്ന് പറഞ്ഞിട്ടുണ്ട്, സുപ്രീം കോടതി വിധിയുടെ മലയാള പരിഭാഷ ഞാൻ താഴെ കൊടുക്കുന്നു. നിങ്ങൾ തന്നെ വായിച്ചു നോക്കൂ..
“ഈ കേസിൽ പ്രതി നിരപരാധിയാണ്. പ്രതിയെ മൊഴി നൽകാൻ പോലീസ് നിർബന്ധിച്ചു. പ്രതി ഒരിക്കലും ആ ട്രെയിനിൽ യാത്ര ചെയ്തിട്ടില്ല.
ഈ വിവർത്തനം വായിച്ചാൽ അറിയാം ഈ പ്രതി കുറ്റം ചെയ്തിട്ടില്ല എന്നും സുപ്രീം കോടതി വിധി പ്രതിക്ക് അനുകൂലമാണെന്നും തോന്നുന്നില്ലേ? കാരണം എല്ലാ കക്ഷികളുടെയും വാദങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള ഒരു കോടതി വിധിയിൽ നിന്ന് നമുക്ക് അനുകൂലമായിട്ടുമുള്ളത് മാത്രം പെറുക്കിയെടുത്തു പരിഭാഷപ്പെടുത്തിയാൽ ആടിനെ പട്ടിയാക്കാം. പ്രതിയുടെ DNA മരണപ്പെട്ട പെൺകുട്ടിയുടെ ദേഹത്ത് നിന്ന് കിട്ടിയ DNA ആയി മാച്ച് ചെയ്തത് കൊണ്ട് പ്രതിയെ ജീവപര്യന്തം ശിക്ഷിച്ചു എന്ന ഭാഗം നമുക്ക് അനുകൂലമല്ലാത്ത കൊണ്ട് പരിഭാഷകൻ വിട്ടുകളഞ്ഞു.
ഇതുപോലെയാണ് അയോദ്ധ്യ വിധിയെ ചില സംഘി യുക്തിവാദികൾ പരിഭാഷപ്പെടുത്തുന്നത്. കാണുമ്പോൾ വളരെ നിഷ്കളങ്കമായി തോന്നും. ഉദാഹരണത്തിന് വിധിയിൽ ASI (ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ) പറഞ്ഞ ചില ഭാഗങ്ങൾ ഉണ്ട്. അതിൽ അവർ പറയുന്നത് സംഘികൾ തകർത്ത ബാബറി മസ്ജിദിന്റ് അടിയിൽ ഒരു ഉത്തരേന്ത്യയിലെ ക്ഷേത്രത്തിൽ ഉള്ള പോലുള്ള വസ്തുക്കൾ ഉണ്ടായിരുന്ന ഒരു കെട്ടിടം ഉണ്ടായിരുന്നു എന്നാണ് (പേജ് 524) . ഈ ഭാഗം മാത്രം പരിഭാഷപ്പെടുത്തി ഫേസ്ബുക്കിൽ ഇട്ടാൽ ആളുകൾക്ക് അത് ശരിയെന്നു തോന്നും. പക്ഷെ സുപ്രീം കോടതി തെളിവുകളുടെ അഭാവത്തിൽ ഈ വാദങ്ങളെ തള്ളിക്കളയുന്ന ഭാഗം ഇവർക്ക് കാണാൻ കഴിയുന്നില്ല.
ഉദാഹരണത്തിന് പേജ് 906 ൽ കോടതി ഇങ്ങിനെ നിരീക്ഷിക്കുന്നു.
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിന് താഴെ പറയുന്ന കാതലായ ചില പ്രശ്നങ്ങളുണ്ട്.
1. ASI റിപ്പോർട്ട് മുമ്പ് നിലവിലുള്ള ഒരു ഘടനയുടെ അവശിഷ്ടങ്ങളുടെ അസ്തിത്വം കണ്ടെത്തിയിട്ടുണ്ടെങ്കിലും, ആ കെട്ടിടം എങ്ങിനെ തകർന്നു എന്നതിനെ പറ്റി ഒന്നും തന്നെ പറയുന്നില്ല. മസ്ജിദിന്റെ നിർമ്മാണത്തിനായാണ് നേരത്തെയുള്ള കെട്ടിടം പൊളിച്ചത് എന്നും ASI റിപ്പോർട്ട് പറയുന്നില്ല.
2. ASI റിപ്പോർട്ട് പ്രകാരം പന്ത്രണ്ടാം നൂറ്റാണ്ടിലേതാണ് പള്ളിയുടെ അടിയിൽ കണ്ടെത്തിയിരിക്കുന്ന കെട്ടിടത്തിന്റെ അവശിഷ്ടം എന്നത് കൊണ്ട് ഈ കെട്ടിടം ഉണ്ടായിരുന്ന സമയവും പള്ളിയുടെ നിർമ്മാണവും തമ്മിൽ ഏകദേശം നാല് നൂറ്റാണ്ടുകളുടെ ഇടവേളയുണ്ട്. ഈ നാന്നൂറ് വർഷങ്ങൾക്ക് ഇടയിൽ എന്ത് സംഭവിച്ചു എന്നതിനെ കുറിച്ച് ASI റിപ്പോർട്ട് ഒന്നും പറയുന്നില്ല.
3. പണ്ട് ഉണ്ടായിരുന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ ഉപയോഗിച്ചാണ് ബാബറി മസ്ജിദ് പണിതിരിക്കുന്നത് എന്ന് ASI റിപ്പോർട്ട് പറയുന്നില്ല.
4. മസ്ജിദിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന തൂണുകൾ കറുത്ത കസൗട്ടി കൽത്തൂണുകളാണ്. ഈ കസൗട്ടി തൂണുകൾ മസ്ജിദിന് താഴെയുള്ള കെട്ടിടത്തിന്റെ ഉത്ഖനന വേളയിൽ കണ്ടെത്തിയ അടിസ്ഥാന സ്തംഭങ്ങളുടെ അടിത്തറയുമായി ബന്ധപ്പെട്ടതാണെന്നതിന് തെളിവുകളൊന്നും ASI കണ്ടെത്തിയിട്ടില്ല.
ഇങ്ങിനെ ASI റിപ്പോർട്ടിനെ സുപ്രീം കോടതി കീറിപറിച്ച് വിട്ടതൊന്നും കാണാതെ , ASI റിപ്പോർട്ട് മാത്രം പരിഭാഷപ്പെടുത്തുന്നത് എന്തിനാന്നെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതേ ഉള്ളൂ. മുൻപ് 1921 ലെ മലബാർ കലാപത്തിന്റെ കാര്യത്തിലും ഗംഗാധരനെ പോലുള്ളവർ എഴുതിയ അനേകം റെഫെറെൻസുകൾ ഉള്ള പുസ്തകങ്ങൾക്ക് പകരം ബ്രിട്ടീഷുകാർ അയച്ച സന്ദേശങ്ങളാണ് ഇവർ പരിഭാഷപ്പെടുത്തിയത്. ബ്രിട്ടീഷുകാരുടെ ടെലെഗ്രാമുകൾ മാത്രം വായിച്ചാൽ ഗാന്ധിയും ബോസും ഉൾപ്പെടെ നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികൾ ഒക്കെ തീവ്രവാദികളാണെന്ന് വരും.
സംഘികൾ യുക്തിവാദികളായും വരും ഫെമിനിസ്റ്റുകൾ ആയും വരും. സൂക്ഷിച്ചാൽ നമുക്ക് കൊള്ളാം. അല്ലെങ്കിൽ തന്നെ സംഘികളുടെ തലതൊട്ടപ്പനായ സവർക്കർ തന്നെ ഒരു യുക്തിവാദിയായിരുന്നല്ലോ. കേരളത്തിലെ വലത് യുക്തിവാദികളുടെ മുദ്രാവക്യം “തെളിവുകൾ നയിക്കട്ടെ” എന്നത് മാറ്റി “അർദ്ധസത്യങ്ങൾ നയിക്കട്ടെ” എന്നാക്കേണ്ടി വരും.
Leave a comment