എന്റെ പേരിൽ “കിഴക്കേടത്ത്” വന്നത് , ഞങ്ങളുടെ വീട് ഒരു അമ്പലത്തിന്റെ കിഴക്ക് വശത്തായത് കൊണ്ടാണ്. ജാതി ഭേദമന്യേ ആ പ്രദേശത്തെ എല്ലാവരുടെ കുടുംബപ്പേരും കിഴക്കേടത്ത് എന്നായിരുന്നു. ശബരിമല നട തുറക്കുന്നത് മുതൽ എറണാട്ട് അമ്പലത്തിൽ ഇന്ന് അയ്യപ്പഭക്തി ഗാനങ്ങൾ കേൾക്കാം. രാവിലെ ഉണരുന്നത് തന്നെ അത് കേട്ടിട്ടാണ്, വൈകിട്ട് അമ്പലപ്പറമ്പിൽ കളിക്കാൻ പോകുമ്പോഴും കേൾക്കാം. ഹരിവരാസനം , ആ ദിവ്യ നാമം അയ്യപ്പാ, തേടിവരും കണ്ണുകളിൽ, ഒരേ ഒരു ലക്‌ഷ്യം ശബരിമാമല, പള്ളികെട്ട് ശബരിമലക്ക് തുടങ്ങി നൂറുകണക്കിന് അയ്യപ്പ ഭക്തിഗാനങ്ങളുടെ വരികൾ എനിക്ക് കാണാതെ അറിയാമായിരുന്നു. ഈ പാട്ടുകൾ ഇന്നും കേൾക്കുമ്പോൾ എനിക്ക് ദേഹത്തെ രോമം എഴുന്നേറ്റ് നില്കും. അയ്യപ്പഭക്തി ഗാനങ്ങൾ കേൾക്കുമ്പോൾ കുളിരു കോരുന്ന ഒരു പ്രത്യക തരാം യുക്തിവാദിയാണ് ഇപ്പോഴും ഞാൻ.
തൊട്ടടുത്തുള്ള വീട്ടിലെ കുമാരപ്പണിക്കൻ ശബരിമലക്ക് പോകാനായി മാലയിട്ടു കഴിഞ്ഞാൽ അവരുടെ വീട്ടിൽ ഉടുക്ക് കൊട്ടി പാട്ടുണ്ടാകും. കെട്ട് നിറക്കുന്നതിനും , അവർ സംഘമായി മലയ്ക്ക് പോകുന്നതിനും എല്ലാം ഞങ്ങൾ കുട്ടികൾ സാക്ഷികളാണ്. തിരികെ വരുമ്പോൾ ഞങ്ങൾക്ക് അരവണ പായസം കിട്ടും. ഓണത്തിന് അവരുടെ വീട്ടിലാണ് ഊണ്. രാവിലെ തന്നെ പലഹാരം ഞങ്ങളുടെ വീട്ടിലെത്തും. എന്റെ ഓർമ്മകൾ തുടങ്ങുന്നത് തന്നെ ഞങ്ങളുടെ ഓലപ്പുര കത്ത് പിടിച്ച സമയത്ത് ചെറിയ കുട്ടിയായിരുന്ന ഞാൻ കുമരപ്പണിക്കന്റെ ഭാര്യയായ ദേവകി പണിക്കത്തിയുടെ മടിയിൽ ഇരുന്ന് കരയുന്നതായിട്ടാണ്. ഓണത്തിന് വട്ടക്കളി എന്ന് വിളിക്കുന്ന, ഏതാണ്ട് എല്ലാ മതസ്ഥരും വട്ടത്തിൽ നിന്ന് കൈകൊട്ടി പാടുന്ന കളികളിൽ ഹിന്ദു ദൈവങ്ങളെ പുകഴ്ത്തി പാടിയിരുന്നത് ക്രിസ്ത്യാനിയായ ജോസഫ് ചേട്ടൻ ആയിരുന്നു. ഇടയ്ക്കിടെ “നിങ്ങളുടെ നാട്ടിലൊക്കെ എന്ത് കൃഷിയാണെടോ” എന്ന കർഷക ഗാനങ്ങളും കൈകൊട്ടിക്കളിയുടെ ഭാഗമായി വരും. ( ഞാൻ പറയുന്ന കൈകൊട്ടിക്കളി തിരുവാതിരയല്ല, തിരുവാതിര ഞാൻ ആദ്യമായി കാണുന്നത് അമേരിക്കയിൽ വന്നതിന് ശേഷം മാത്രമാണ്). ഞാൻ നാലാം ക്ലാസിൽ സ്കോളർഷിപ് പരീക്ഷ പാസായ അറിയിപ്പ് വന്നപ്പോൾ അയല്പക്കത് എല്ലാവർക്കും മിട്ടായി വാങ്ങി വിതരണം ചെയ്തതും കുമരപ്പണിക്കനാണ്. ഞങ്ങൾ കുട്ടികൾ എല്ലാവരും ആ സമൂഹത്തിന്റെ പൊതു സ്വത്തായിരുന്നു.
ഇന്നും നാട്ടിൽ പോകുമ്പോൾ ഞാൻ ആദ്യമായി പോകുന്ന വീടുകളിലൊന്ന് കുമാരപ്പണിക്കന്റെ മക്കളായ രമേശൻ ചേട്ടന്റെയോ മുരളി ചേട്ടന്റെയോ വീട്ടിലേക്ക് ആകാനുള്ള കാരണം ഈ സ്നേഹമാണ്. എന്നെ കാണുമ്പോൾ രമേശൻ ചേട്ടന്റെ ഭാര്യ കെട്ടിപ്പിടിച്ച് കരയുന്നത് കണ്ടു എന്റെ മക്കൾ അത്ഭുതം കൂറുന്നത് ഞാൻ കണ്ടിട്ടുണ്ട്, അവർക്കറിയില്ലലോ ഞങ്ങൾ തമ്മിലുള്ള ഓർമകളുടെ ബന്ധം.
“പരിശുദ്ധാത്മാവേ നീയെഴുന്നള്ളി” എന്ന ക്രിസ്തീയ ഭക്തിഗാനം ഞാൻ ആദ്യമായി കേൾക്കുന്നത് പ്രിയ സുഹൃത്ത് ജോഷി പാടിക്കെട്ടാണ്. പരിഷത്തിൽ പ്രവർത്തിക്കുന്ന സമയത്താണത്. “കണ്ണീരിൽ മുങ്ങി ഞാൻ കൈകൾ നീട്ടുന്നു” എന്ന മുസ്ലിം ഭക്തി ഗാനവും ജോഷി പാടിയാണ് ഞാൻ ആദ്യമായി കേൾക്കുന്നത്. ക്രിസ്തുമസിന് ജോസഫ് സോളി അല്ലെങ്കിൽ ജോഷിയുടെ വീട്ടിലാണ് ഭക്ഷണം. പെരുന്നാളിന് ഒരു പാത്രം സ്നേഹം പലഹാരങ്ങളുടെ രൂപത്തിൽ അയല്പക്കത്തെ എല്ലാ വീടുകളിലും എത്തും. കുട്ടികൾ ഞങ്ങളുടെ വീട്ടിൽ വന്ന് ബിരിയാണി കഴിക്കും. ഒന്നാം ക്ലാസ് മുതൽ സുഹൃത്തുക്കാളായവർ ആണ് ഗോപകുമാറും, ജോസഫ് സോളിയും, ബാലാജിയും എല്ലാം.
എല്ലാവരും നല്ല ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന ഒരു അയല്പക്കമായിരുന്നു ഞങ്ങളുടേത്, മതവും ജാതിയും നോക്കാതെ പരസ്പരം സ്നേഹിച്ചും സഹായിച്ചും കഴിഞ്ഞിരുന്ന ഒരു കൂട്ടം ആളുകൾ. അതിനിടയിലേക്കാണ് 1990 ൽ അദ്വാനിയുടെ രഥയാത്ര കടന്നുവരുന്നത്. ബാബ്‌റി മസ്ജിദ് പൊളിക്കുന്നതിനും , മോഡി ഗുജറാത്ത് മുഖ്യമന്തിയാകുന്നതിനും ഒക്കെ മുൻപ്. അയോധ്യയിൽ രാമക്ഷേത്രം പണിയാനുള്ള ഇഷ്ടിക സമാഹരിച്ചുകൊണ്ടാണ് അതിന്റെ പ്രചാരണം കേരളത്തിൽ തുടങ്ങിയത്.
“നിങ്ങൾ മുസ്ലിങ്ങൾ അയോധ്യയിൽ ഞങ്ങട രാമന്റെ അമ്പലം പണിയാൻ സമ്മതിക്കുന്നില്ല എന്ന് കേട്ടല്ലോ ബീവി..” എന്ന് അയല്പക്കത്തെ മാധവി പണിക്കത്തി അദ്വാനിയുടെ രഥയാത്ര സമയത്ത് എന്റെ ഉമ്മയോട് ചോദിച്ച സമയത്താണ് ഈ വർഗീയ വിഷം കേരളത്തിലും എത്തിയെന്ന് ഞങ്ങൾക്ക് മനസിലായത്. അതുവരെ അയോധ്യയിൽ നിന്ന് ആയിരകണക്കിന് മൈലുകൾ അകലെ , ദാരിദ്ര്യത്തിൽ ആണെകിലും, സ്നേഹത്തിലും സഹോദര്യത്തിലും കഴിഞ്ഞിരുന്ന ഒരു സമൂഹത്തിന്റെ ഇടയിലേക്ക് വിദ്വേഷത്തിന്റെ കനലുകൾ പാകാൻ ഇത് കാരണമായി. അതുവരെ “താഴ്ന്ന്” ജാതികളായി കണക്കാക്കി അകറ്റി നിർത്തിയിരുന്ന പുലയരുടെയും ഈഴവരുടെയും വിശ്വകർമ്മരുടെയും വീടുകളിലേക്ക് കയ്യിൽ കവി ചരട് കെട്ടിയ നായന്മാർ കയറി വന്നു.
അയോധ്യയിലെ രാമക്ഷേത്രത്തെ കുറിച്ച് കേൾക്കുമ്പോൾ എനിക്കോർമ്മ വരുന്നത് ഇതൊക്കെയാണ്. സ്നേഹത്തിലും സഹോദര്യത്തിലും കഴിഞ്ഞിരുന്ന ഒരു കൂട്ടം ആളുകളെ, ഇല്ലാത്ത ദൈവത്തിന്റെയും, മതത്തിന്റെയും, എവിടെയോ കിടക്കുന്ന പള്ളിയുടെയും അമ്പലത്തിന്റെയും പേരിൽ മാനസികമായി അകറ്റി എന്ന ഓർമയാണ് , സംഘപരിവാറിനോട് എനിക്കിത്ര വെറുപ്പുണ്ടാകാൻ കാരണം. ദാരിദ്ര്യത്തിൽ കഴിഞിരുന്ന ഞങ്ങളുടെ ആരുടെയും ജീവിതത്തിൽ ഒരു മാറ്റവും ഉണ്ടാക്കാൻ ഈ സംഭവത്തിന് കഴിഞ്ഞില്ല. പക്ഷെ മനസുകളിൽ സംശയത്തിന്റെ വിത്ത് പാകാൻ ഇതിന് കഴിഞ്ഞു.
സുന്നത് കഴിഞ്ഞ ആളുകൾക്ക് അറിയാവുന്ന ഒരു കാര്യം ഞാൻ പറയാം. മാർക്കം കഴിക്കുന്ന ദിവസത്തേക്കാൾ ആയിരം ഇരട്ടി വേദനയാണ് മൂന്നാം ദിവസം , അതുവരെ ഉണങ്ങാത്ത ഡ്രസിങ് അഴിച്ച് ചൂട് വെള്ളം ഒഴിച്ച് ആ മുറിവ് കഴുകുമ്പോൾ. രഥയാത്ര തന്ന മുറിവുകൾ ഉണങ്ങുന്നത് മുൻപ് അതഴിച്ച് ഒന്ന്കൂടി വേദനിപ്പിച്ച സംഭവം ആയിരുന്നു ബാബരി പള്ളി പൊളിച്ചത്. ഉണങ്ങാത്ത ആ മുറിവിലേക്ക് ചൂടുവെള്ളം ഒഴിക്കുന്ന പരിപാടിയാണ് അയോധ്യയിലെ ക്ഷേത്ര നിർമാണവും പ്രതിഷ്ഠയും.
അതാഘോഷിക്കുന്ന ആരും എന്റെ സുഹൃത്തുക്കൾ അല്ല.
Leave a comment