തന്റെ സ്വപ്നത്തിൽ ശിവൻ വന്ന് അമ്പലം സംരക്ഷിക്കാൻ പറഞ്ഞു എന്നാണ് ആർക്കിയോളജിസ്റ് കെ കെ മുഹമ്മദ് ഒരു ഇന്റർവ്യൂവിൽ പറഞ്ഞത്. എത്ര മാത്രം മുൻവിധിയോടെ ആയിരിക്കും ഇതിന് ശേഷമുള്ള ഉത്ഖനനവും പുനരുദ്ധാരണവും ഒക്കെ സംഭവിച്ചിരിക്കുക എന്നത് ശാസ്ത്രീയ ചിന്താഗതിയുള്ള ആളുകകൾക്ക് പെട്ടെന്ന് മനസ്സിലാക്കേണ്ടതാണ്. അയോധ്യയിലെ ഇദേഹത്തിന്റെ എല്ലാ വാദങ്ങളും ഇതുപോലെ മുൻവിധിയോടെ ഉള്ളതാണെന്ന് നമുക്ക് കാണാൻ കഴിയും.
നവോഥാനത്തിനും ആധുനിക യുദ്ധ നിയമങ്ങളുമൊക്കെ നിലവിൽ വരുന്നതിന് മുൻപ് ലോക ചരിത്രത്തിൽ അങ്ങോളമിങ്ങോളം സൈന്യങ്ങൾ നാടുകൾ ആക്രമിച്ച് പിടിച്ചെടുക്കുകയും ആരാധനാലങ്ങൾ തകർക്കുകയും കൂട്ടക്കൊലകൾ നടത്തുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ തന്നെ ഗ്രീക്ക് , ചൈനീസ്, മംഗോളിയൻ , മുസ്‌ലിം അധിനിവേശങ്ങളും നടന്നിട്ടുണ്ട്. അതിന് മുൻപ് ഇന്ത്യയിലേക്ക് ആര്യൻ കുടിയേറ്റം ഉണ്ടായിട്ടുണ്ട്. ഇങ്ങിനെ ആക്രമിച്ചും അല്ലാതെയും കുടിയേറിയ ആളുകൾ ഇവിടെയുള്ള ആളുകളുമായി കൂടിച്ചേർന്ന് ഉണ്ടായ ഒരു ജനതയാണ് നമ്മൾ എല്ലാവരും. നമ്മൾ എത്ര കുഴിക്കുന്നു എന്നതിന് അനുസരിച്ച് ആരാണ് അക്രമികൾ എന്നതിന്റെ കഥകൾ മാറിവരുമെന്ന് മാത്രം. ഉദാഹരണത്തിന് എണ്ണായിരത്തോളം ജൈനന്മാരെ ഹിന്ദുക്കൾ ശൂലം കയറ്റി കൊന്ന രേഖകൾ തമിഴ്‌നാട്ടിലെ മധുരയിലെ ചില ക്ഷേത്രങ്ങളിലുണ്ട്. കഴുകുമലൈയിലും തകർന്ന ജെയിൻ ആരാധനാലയത്തിന്റെ അവശിഷ്ടങ്ങൾ ഹിന്ദു ക്ഷേത്രത്തിന്റെ അടുത്ത് കാണാം. ആധുനിക ലോകത്ത് തന്നെ ഇറാഖിൽ അമേരിക്ക അധിനിവേശം നടത്തിയപ്പോൾ അവിടെ നിന്ന് അമേരിക്കൻ സൈനികർ മോഷ്ടിച്ച ചരിത്ര സ്മാരകങ്ങളിൽ ചിലത് ഇറാഖിന് അമേരിക്ക തിരികെ നൽകിയത് കഴിഞ്ഞ വര്ഷം മാത്രമാണ്, ഇരുപത് വർഷങ്ങൾക്ക് ശേഷം.
കെ കെ മുഹമ്മദ് റോമിലെ പാന്തിയോൺ എന്ന കെട്ടിടമാണ് ഖനനം നടത്തിയിരുന്നതെങ്കിൽ അദ്ദേഹത്തിന് സ്വപ്നത്തിൽ വരുന്നത് ഈജിപ്തിലെ ഫറോവ ആയിരിക്കും, ഈ കെട്ടിടം ഈജിപ്ത് ഫറോവയുടെ ആരാധനാലയം പൊളിച്ചാണ് നിർമിച്ചത് എന്ന് അദ്ദേഹം കോടതിയിൽ മൊഴിയും കൊടുക്കും. കാരണം റോമിലെ പന്തിയോൺ നിർമിച്ചിരിക്കുന്നത് ഈജിപ്തിൽ നിന്ന് കൊണ്ടുവന്ന തൂണുകൾ കൊണ്ടാണ്. ബ്രിട്ടീഷ് മ്യൂസിയത്തിന്റ കഥയും ഇത് തന്നെ, ഈജിപ്റ്റിനു പുറത്ത് ഏറ്റവും കൂടുതൽ “മമ്മികളെ” കാണാൻ കഴിയുന്നത് ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിലാണ്. ഇസ്താൻബൂളിലെ പ്രശസ്തമായ ഹായ സോഫിയയുടെ (ഹാഗിയ സോഫിയ എന്ന് നമ്മൾ വിളിക്കുന്ന കെട്ടിടം) നിർമിച്ചിരിക്കുന്നത് ഒരു ഗ്രീക്ക് ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കൊണ്ടാണ്. മുസ്ലിങ്ങളെ കീഴടക്കി ക്രിസ്ത്യാനികൾ പിടിച്ചെടുത്ത തെക്കൻ സ്പെയിനിലെ പല വലിയ ചർച്ചകളും നിർമിച്ചിരിക്കുന്നത് മുസ്‌ലിം പള്ളികളുടെ മുകളിലോ, അവ തകർത്തപ്പോൾ കിട്ടിയ നിർമാണ സാമഗ്രികൾ കൊണ്ടോ ഒക്കെയാണ്. ലാഹോർ മുൾട്ടാൻ റയിൽവേ ലൈൻ നിർമിച്ചിരിക്കുന്നത് സിന്ധുനദീതട – ഹാരപ്പൻ സംസ്കാരത്തിന്റെ അവശിഷ്ടങ്ങളായ ഇഷ്ടികകൾ ഉപയോഗിച്ചാണ്. പക്ഷെ ആധുനിക രാഷ്ട്രങ്ങൾ നിലവിൽ വന്നതിനു ശേഷം ഈ നിർമിതികൾ ഒക്കെ പൊളിച്ച് പഴയ നിർമിതികൾ കൊണ്ടുവരാൻ ആരും ശ്രമിച്ചിട്ടില്ല. ഇന്ത്യയിൽ തന്നെ 1947 ൽ നിലവിലുളള സ്ഥിതി എല്ലാ ആരാധനാലയങ്ങളുടെ കാര്യത്തിലും ബാധകമാണെന്നാണ് എന്റെ അറിവ്.
കെ കെ മുഹമ്മദിനെ നയിക്കുന്നത് വെറും കമ്മ്യൂണിസ്റ്റ് വിരോധമാണ്, കാരണം അദ്ദേഹത്തിന്റെ എല്ലാ ഇന്റർവ്യൂ കണ്ടാലും കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാരോടുള്ള എതിർപ്പ് കേൾകാതിരിക്കാൻ കഴിയില്ല. സ്വപ്നം കാണാതെ, ശാസ്ത്രീയമായി കാര്യങ്ങളെ സമീപിക്കുന്ന ആർ എസ് ശർമ്മ , ഇർഫാൻ ഹബീബ്, റോമില ഥാപ്പർ, സൂരജ് ബാൻ തുടങ്ങിയവർ മുതൽ 2003 ബാബരി മസ്ജിദ് ഖനനത്തിന്റെ സമയത്ത് നിരീക്ഷകർ ആയിരുന്ന നടത്തിയ ജയ മേനോൻ , സുപ്രിയ വർമ്മ എന്നിവർ ഒക്കെ പൂർണമായും തള്ളിക്കളഞ്ഞ ഒന്നാണ് ബാബറി മസ്ജിദിന്റെ അടിയിൽ ഉണ്ടായിരുന്നത് ഒരു ഹിന്ദു ക്ഷേത്രമായിരുന്നു എന്ന വാദം. ഇവരെയാണ് കെ കെ മുഹമ്മദ് കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാർ എന്ന് വിളിക്കുന്നത്. പക്ഷെ ഇദ്ദേഹം തള്ളിക്കളയുന്നവരുടെ വാദമാണ് ആയിരക്കണക്കിന് പേജുള്ള വിധിയിൽ സുപ്രീം കോടതിയും അവർത്തിക്കുന്നത്. ബാബറി മസ്ജിദിന്റെ അടിയിൽ ഹൈന്ദവ ക്ഷേത്രം ഉണ്ടായിരുന്നില്ല.
ബി ബി ലാലിൻറെ ടീമിൽ 1976 മുതൽ 79 വരെ നടത്തിയ യഥാർത്ഥത്തിൽ കെ കെ മുഹമ്മദ് അയോധ്യയിൽ ഖനനത്തിൽ പങ്കെടുത്തപ്പോൾ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടു എന്നാണ് പുള്ളിയുടെ വാദം, ഒന്നാമത്, കെ കെ മുഹമ്മദ് ലാലിൻറെ ടീമിൽ ഉണ്ടായിരുന്നില്ല , അദ്ദേഹം അലിഗഡ് മുസ്‌ലിം യൂണിവേറിസ്റ്റിയിലെ വിദ്യാർത്ഥി മാത്രം ആയിരുന്നു അന്ന്. ലാലിൻറെ റിപ്പോർട്ടിൽ മുഹമ്മദിന്റ പേരില്ല. 1979 ൽ മാത്രമാണ് അദ്ദേഹം പഠനം കഴിഞ്ഞു ജോലിക്ക് ചേരുന്നത് തന്നെ. അദ്ദേഹം തന്നെ അലിഗഡ് സർവകലാശാലയിൽ കൊടുത്തിട്ടുള്ള വിവരങ്ങളാണ് ഇത്. അയോദ്ധ്യ ഒരു ബുദ്ധിസ്റ് കേന്ദ്രം ആയിരുന്നു എന്നും അതിന്റെ തകർച്ചയ്ക്ക് ശേഷം അവിടെ നിർമിച്ച നിര്മിതികളിൽ ബുദ്ധ സ്തൂപങ്ങൾ ഉപയോഗിച്ചിട്ട് ഉണ്ടാകാം എന്നും ചരിത്രകാരനായ Cunningham അഭിപ്രായപ്പെട്ടിട്ടുണ്ട്. ഒരു സമയത്ത് സുപ്രീം കോടതിയിൽ അയോധ്യയിലെ ബുദ്ധിസ്റ്റ് ബന്ധത്തെ കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ബുദ്ധമതക്കാരും ഈ കേസിൽ കക്ഷി ചേർന്നിട്ടുണ്ടായിരുന്നു. 1861 ൽ അയോധ്യയിൽ ആദ്യം ഖനനം നടത്തിയ Cunningham എന്ന ബ്രിട്ടീഷ് ചരിത്രകാരൻ അവിടെയുള്ള ബുദ്ധിസ്റ്റ് സ്തൂപങ്ങൾ ആണ് അന്വേഷിച്ചിരുന്നത്, ഹിന്ദു ക്ഷേത്രമേ അല്ല. ( ഈ പറയുന്ന ബി ബി ലാൽ തന്നെ ഒരു പുരാവസ്തു ഗവേഷകൻ ആയിരുന്നില്ല എന്നതാണ് ഇതിന്റെ വേറൊരു തമാശ)
ബാബരി മസ്ജിദിന് അടിയില്ല ക്ഷേത്രം ഉണ്ടായിരുന്നു എന്ന് സ്ഥാപിക്കാൻ കെ കെ മുഹമ്മദ് പറയുന്ന, അലഹബാദ് ഹൈക്കോടതിയിൽ കൊടുത്ത റിപ്പോർട്ടിലെ മൂന്ന് തെളിവുകളും ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ ചരിത്രകാരന്മാർ പൊളിച്ച് കയ്യിൽ കൊടുത്തവയാണ്. ഈ റിപ്പോർട്ടുകളുടെ വിശദമായ ലിങ്കുകൾ കംമെന്റിൽ കൊടുക്കാം. മുഹമ്മദ് പറയുന്ന അമ്പത് തൂണുകളും ഉണ്ടാക്കിയ കഥകൾ ആണെന്ന് ഇവർ പറയുന്നു. താൻ 1979 ൽ കണ്ട തൂണുകളുലൂടെ ഫോട്ടോ അന്നെടുത്തില്ല, പക്ഷെ ഇന്ന് എടുത്തത് ഉണ്ടെന്നാണ് പുള്ളിയുടെ വാദം.
ഒരു തെളിവുമില്ലാതെ ഇപ്പോൾ ഇയാൾ പറയുന്നത് മഥുരയിലും കാശിയിലും ഒക്കെയുള്ള പള്ളികൾ ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കണമെന്നാണ്, അത് കഴിഞ്ഞിട്ടായിരിക്കും ഇദ്ദേഹം ചാർമിനാറും താജ്മഹലും വിട്ടുകൊടുക്കാൻ പറയുക എന്ന് തോന്നുന്നു. കമ്മ്യൂണിസ്റ്റ് വിരോധം മൂത്ത് വട്ടായ ഒരു മനുഷ്യനാണിത്. ആർഎസ്എസ് പരിപാടികളിൽ പങ്കെടുക്കുന്ന, അവരോട് സൈദ്ധാന്തികമായി ചേർന്ന് നിൽക്കുന്ന , ആർഎസ്എസ് കാര്യാലയത്തിൽ പോയി ഹെഗ്‌ഡെവാറിന് ആദരാജ്ഞലികൾ അർപ്പിക്കുന്ന കെ കെ മുഹമ്മദ് ഇതൊക്കെ പറഞ്ഞില്ല എങ്കിലേ അത്ഭുതമുള്ളൂ. ഇടത് വിരോധം മൂത്ത് ആരെങ്കിലും സംഘി ആകുമോ എന്ന ചോദ്യത്തിന്റെ ഉത്തരമാണ് കെ കെ മുഹമ്മദ്.
ഹിറ്റലറുടെ സൈന്യത്തിൽ ജോലി ചെയ്ത് ജൂത കൂട്ടക്കൊലക്ക് കൂട്ടുനിന്ന ജൂതന്മാരുടെ ചരിത്രം പ്രസിദ്ധമാണ്. തങ്ങൾ ഹിറ്റലറുടെ കൂടെ നിന്നാൽ തങ്ങളും തങ്ങളുടെ കുടുംബാംഗങ്ങളും ഹിറ്റ്ലർ ജൂതന്മാർക്ക് എതിരെ നടത്തിയ അക്രമങ്ങളിൽ നിന്നും കൂട്ടക്കൊലകളിൽ നിന്നും രക്ഷപ്പെടുമെന്ന് കരുതിയാണ് അവർ അങ്ങിനെ ചെയ്തത്. പക്ഷെ സൈന്യത്തിൽ നിന്ന് വിരമിച്ച ഉടനെ അവർ വെറും ജൂതന്മാരായി മാത്രം കണക്കാക്കപെട്ടു. രേഖകളിൽ കൃതൃമം കാട്ടി തങ്ങൾ ജൂതന്മാർ അല്ലെന്ന് കാണിക്കാൻ ശ്രമിച്ചവരെ “മാർക്കം” ചെയ്ത അടയാളം കൊണ്ട് കണ്ടെത്തി നാസികൾ കൂട്ടക്കൊല ചെയ്തു. സംഘികൾക്ക് വേണ്ടി ശാസ്ത്രം അടിയറവച്ച് വിടുപണി ചെയ്യുന്നവർക്ക് വായിച്ചുനോക്കാവുന്ന ചിത്രമാണിത്.
കെ കെ മുഹമ്മദിന്റെ വാദങ്ങളെ ശാസ്ത്രീയമായി തള്ളിക്കളയുന്ന റിപ്പോർട്ട് സുപ്രിയ വർമയും ജയാ മേനോനും എഴുതിയതിന്റെ ലിങ്ക് താഴെ ഇടാം. വിഷയത്തിൽ ആഴത്തിൽ അറിയേണ്ടവർക്ക് വായിച്ച് നോക്കാം.
https://www.epw.in/journal/2010/50/verdict-ayodhya-special-issues/was-there-temple-under-babri-masjid-reading
കെ കെ മുഹമ്മദ് പറയുന്ന നുണകൾ..
Leave a comment