കഴിഞ്ഞ വർഷം ജൂണിൽ കാനഡയിൽ നിന്ന് സി എ എം ബഷീർ എന്ന ഒരു മലയാളി അറസ്റ്റിലായത് കേരളത്തിൽ അധികമാരും ശ്രദ്ധിക്കാതെ പോയ ഒരു വാർത്തയാണ്.
ആലുവയിൽ ജനിച്ച്, യുസി കോളേജിൽ പഠിച്ച് , പിന്നീട് ഏറോനോട്ടിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ കരസ്ഥമാക്കി ബോംബെ എയർപോർട്ടിൽ ഇന്ത്യയിൽ ജോലി ചെയ്യൂമ്പോൾ, മുസ്ലിം യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാൻ ശ്രമിച്ച ബഷീർ രണ്ടായിരത്തി മൂന്നിലെ ബോംബെ ട്രയൽ സ്ഫോടനതിലെ പ്രധന പിടികിട്ടാ പുള്ളിയാണ്. മുപ്പത് വർഷങ്ങളിലേറെയായി ബഷീർ ഒളിവിലായിരുന്നു. സിമിയുടെ അധ്യക്ഷൻ ആയിരുന്ന ബഷീറാണ് , പാകിസ്ഥാനിൽ ആയുധ പരിശീലനത്തിന് പോയ ആദ്യ ഇന്ത്യക്കാരിൽ ഒരാൾ.
പക്ഷെ 1993 വരെ അധികം ആളുകളെ റിക്രൂട്ട് ചെയാൻ ഇയാൾക്ക് കഴിഞ്ഞിരുന്നില്ല. 1992 ഡിസംബറിലെ ആ സംഭവത്തിന് ശേഷം കുറെ ചെറുപ്പക്കാരെ തീവ്രവാദത്തിലേക്ക് നയിക്കാൻ അയാൾക്ക് കഴിഞ്ഞു. അങ്ങിനെ തീവ്രവാദത്തിലേക്ക് തിരിഞ്ഞ ഒരാളായിരുന്നു സാദിഖ് ഷെയ്ക്ക്. ഇന്ത്യൻ മുജാഹിദ്ദീൻ എന്ന, പാകിസ്ഥാന്റെ സഹായത്തോടെ , ഇന്ത്യയിൽ ബോംബ് സ്‌ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ട സംഘത്തിൽ ചേരാൻ സാദിഖ് ഷെയ്ക്കിന് ഒരു പ്രേരകമായി പ്രവർത്തിച്ചത് ബാബറി മസ്ജിദിന്റെ തകർച്ച ആയിരുന്നു. സാദിഖ് ഷെയ്ക്കും കൂട്ടരുമാണ് ട്രെയിനുകളിൽ പ്രഷർ കുക്കെറിൽ ബോംബ് വച്ച് 2006 ജൂലൈ പതിനൊന്നിന് ൽ ഇരുന്നൂറിലേറെ ആളുകളെ കൊന്നത്. ബാബരി മസ്ജിദ് തകർക്കുന്നത് വരെ സാദിഖ് തീവ്ര മതവിശ്വാസി പോലും ആയിരുന്നില്ല.
മുസ്ലിം തീവ്രവാദികൾ ഇങ്ങിനെ ബോംബ് വച്ച് ആളെ കൊല്ലുന്നതിൽ അരിശം പൂണ്ടാണ് 2008 ൽ പ്രഗ്യാ സിങിന്റെയും ലെഫ്റ്റനന്റ് കേണൽ പുരോഹിറ്റിന്റെയും നേതൃത്വത്തിൽ മാലേഗാവ് സ്ഫോടനം നടത്തുന്നതും, അനേകം പേർ കൊല്ലപെടുന്നതും അതിലേറെ പേർക്ക് പരിക്കേൽക്കുന്നതും. ഇതുപോലെ ഇസ്ലാമിക തീവ്രവാദത്തിന് പകരം ചോദിയ്ക്കാൻ വേണ്ടി, രണ്ടായിരത്തിപ്പത്തിൽ സ്വാമി അസീമാനന്ദയുടെ നേതൃത്വത്തിൽ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിൽ ഓടുന്ന സംജോദ എക്സ്പ്രെസ്സിൽ ബോംബ് സ്ഫോടനം നടത്തിയതിൽ എഴുപത് പേർ കൊല്ലപ്പെട്ടു. പട്ടാളത്തിൽ ജോലി ചെയ്തിരുന്ന കേണൽ പുരോഹിത് ആണ് ഈ സ്‌ഫോടനങ്ങൾക്ക് സ്‌ഫോടക വസ്തുക്കൾ എത്തിച്ച് നൽകിയതെന്ന് ഒരു ആരോപണമുണ്ട്. മലേഗാവ് സ്ഫോടന പ്രതി പ്രഗ്യ സിങ് താക്കൂർ ഇപ്പോൾ ഭോപ്പാലിൽ നിന്നുള്ള ബിജെപിയുടെ എംപിയാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. എത്ര മുസ്ലിങ്ങളെ കൊന്നു എന്നതാണ് ബിജെപിയിൽ എത്ര ഉന്നതമായ പദവിയാണ് നിങ്ങളെ കാത്തിരിക്കുന്നത് എന്നതിന് ആധാരം എന്ന് തോന്നും ഇത്തരം കാര്യങ്ങൾ കാണുമ്പോൾ.
1992 ൽ ബാബറി മസ്ജിദ് തകർക്കുമ്പോൾ വെറും പതിനഞ്ചു വയസ് മാത്രം പ്രായം ഉണ്ടായിരുന്ന ഷഹീദ് ആസ്മി , ബോംബെ കലാപങ്ങളുടെ പേരിൽ അറസ്റ്റിലാവുകയും ജയിൽ ആവുകയും ചെയ്തു. ജയിലിൽ കഴിഞ്ഞ ഏഴു വർഷങ്ങൾക്കുള്ളിൽ ജയിൽ നിന്ന് പഠിച്ച് നിയമബിരുദം നേടുകയും ചെയ്തു. തന്നെ പോലെ തീവ്രവാദ കേസുകളിൽ തെറ്റായി ആരോപണം നേരിട്ടിരുന്ന കുറെ മുസ്ലിം യുവാക്കൾക്ക് വേണ്ടി കോടതിയിൽ ഹാജരായിരുന്ന ആസ്മിയെ രണ്ടായിരത്തി പത്തിൽ ആരോ വെടിവച്ചു കൊന്ന സംഭവം ഷഹീദ് എന്ന ഹിന്ദി സിനിമയിൽ കണ്ടുകാണും. പതിമ്മൂന്ന് വർഷങ്ങൾക്ക് ശേഷം ഇന്നും ആ കേസിന്റെ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. ഹസ്മുഖ് സോളങ്കി എന്ന കുറ്റവാളിയുടെ ജാമ്യാപേക്ഷ തള്ളിയ വാർത്തയാണ് അവസാനമായി ഇതുമായി ബന്ധപ്പെട്ടു ഞാൻ കണ്ടത്.
മേല്പറഞ്ഞതെല്ലാം, ബാബറി മസ്ജിദിന്റെ തകർച്ച കഴിഞ്ഞ ഉടനെ നടന്ന വർഗീയ കലാപങ്ങളിൽ മരിച്ച ആളുകളുടെ കണക്കിന് പുറത്തുള്ള സംഭവങ്ങളാണ്. ബാബറി മസ്ജിദ് തകർത്ത ഉടനെ ബോംബെയിൽ ശിവസേന നടത്തിയ അക്രമങ്ങളിൽ 575 മുസ്ലിങ്ങളും 275 ഹിന്ദുക്കളും കൊല്ലപ്പെട്ടിരുന്നു. അതിന് പകരം വീട്ടാനായി മുസ്ലിം തീവ്രവാദികൾ 1993 ൽ നടത്തിയ ബോംബ് സ്‌ഫോടനങ്ങളിൽ 250 പേര് കൊല്ലപ്പെട്ടു. 2008 ൽ ബോംബയിൽ നടന്ന കൂട്ടകുരുതിയിൽ ഭീകര വിരുദ്ധ സ്‌ക്വാഡിന്റെ തലവനായ ഹേമന്ത് കർക്കരെ ഉൾപ്പെടെ 175 പേര് കൊല്ലപ്പെട്ടു.
ബാബറി മസ്ജിദ് തകർക്കപ്പെട്ടത് ഒരു ആരാധനാലയം തകർക്കപ്പെട്ടത് വെറുമൊരു പള്ളി തകർത്ത കേസ് ആയിരുന്നില്ല, മറിച്ച് ഇരുഭാഗത്തും നിന്നുമുള്ള ബോംബ് സ്ഫോടങ്ങൾക്കും സാധാരണക്കാരായ ആളുകളുടെ മരണങ്ങൾക്കും നിമിത്തമായ ഒന്നാണ്. മരിച്ചവരിൽ ഹിന്ദുവും മുസ്ലിമും പാർസിയും ക്രിസ്ത്യാനിയും ജൂതന്മാരും ഉണ്ടായിരുന്നു. ഇന്ത്യയിലെ മനുഷ്യ മനസുകളെ ഒരിക്കലും കൂടിച്ചേരാത്ത വിധത്തിൽ വിഭജിച്ച ഒരു സംഭവം കൂടിയായിരുന്നു അത്. എത്ര മായ്ച്ചാലും പോകാത്ത ചോരക്കറയിലാണ് പുതിയ ക്ഷേത്രം ഉയരുന്നത്.
അതിനു വേണ്ടി വിളക്ക് കൊളുത്താനും പ്രാർത്ഥിക്കാനും ചിത്ര പറയുമ്പോൾ പറ്റില്ല എന്ന് പറയാൻ എല്ലാ പൗരന്മാർക്കും സ്വാതന്ത്ര്യമുണ്ട്. അതിനർത്ഥം ചിത്രയുടെ പാട്ട് കേൾക്കില്ല എന്നല്ല. കുറച്ചു മാസങ്ങൾക്ക് ശേഷം ചിത്ര ന്യൂ ജേഴ്സിയിൽ വരുന്നുണ്ട്, പോവുകയും കാണുകയും, പൂർണമായ രാഷ്ട്രീയ വിയോജിപ്പോടെ, പാട്ട് കേൾക്കുകയും ചെയ്യും.
Let us agree to disagree എന്നതാണ് എനിക്ക് വളരെ ഇഷ്ടപെട്ട ഒരു ഇംഗ്ലീഷ് വാചകം.
നോട്ട് : ജോസി ജോസഫ് എഴുതി ശ്രീജിത്ത് ദിവാകരൻ മലയാളത്തിലേക്ക് മൊഴി മാറ്റിയ Silent Coup (നിശബ്ദ അട്ടിമറി) എന്ന പുസ്തകത്തിൽ ഇതുപോലുള്ള കുറെ സംഭവങ്ങളുടെ നമുക്കറിയാത്ത ഉള്ളറകൾ വിവരിച്ചിട്ടുണ്ട്. A must read….
Leave a comment