ആട്ടം

“എഴുത്ത് മാത്രം ഇഷ്ടപ്പെടുക, എഴുത്തുകാരൻ ഒരു നാറിയാണ്” എന്നതാണ് കുറെ നാളുകളായി എന്റെ ഫേസ്ബുക് പ്രൊഫൈലിൻ്റെ ടാഗ് ലൈൻ. 

അത് എന്റെ കഴിഞ്ഞ കാലത്തെ ജീവിതത്തിലെ വൃത്തികേടുകൾ നന്നായി മനസിലാക്കിയത് കൊണ്ട് ഞാൻ എഴുതിവച്ചതാണ്. 

അതിൽ കോളേജിൽ പഠിക്കുമ്പോൾ ബസിൽ പെണ്ണുങ്ങളെ അനുവാദമില്ലാതെ സ്പർശിച്ചത് മുതൽൽ, തിരുവനന്തപുരത്തു വച്ച് ഒരു പാവം സ്ത്രീയെ വേശ്യയാണ് എന്ന് കരുതി സമീപിച്ച് തല്ല് വാങ്ങിച്ചത് വരെയുള്ള അനുഭവങ്ങൾ ഉൾപ്പെടും. ഇതിൽ പലതിനെക്കുറിച്ചും ഞാൻ തുറന്ന് എഴുതിയിട്ടുണ്ട്. 

അപ്പോഴൊന്നും “സമ്മതം” എന്താണെന്നോ, മറുഭാഗത്ത് നിൽക്കുന്ന സ്ത്രീക്ക് ഇത് ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ട്രോമയാണ് സമ്മാനിക്കുന്നത് എന്നോ എനിക്ക് അറിവില്ലായിരുന്നു. കൂടുതൽ മെച്ചപ്പെട്ട ഒരു മനുഷ്യനാകാൻ, പതിറ്റാണ്ടുകൾ വേണ്ടിവന്ന ഒരാളാണ് ഞാൻ, ഇനിയും പൂർണമായും ഒരു നല്ല മനുഷ്യൻ ആയിട്ടില്ല എന്ന തിരിച്ചറിവ് വേണ്ടുവോളം ഉണ്ടുതാനും. 

വിവാഹം കഴിഞ്ഞ് എറണാകുളത്ത് നിന്ന് മദ്രാസിലേക്ക് പോകാൻ ബസിൽ കയറിയപ്പോൾ എന്റെ ഭാര്യയുടെ തന്നെ ദേഹത്തു ഒരാൾ കൈ വച്ചപ്പോഴാണ് എന്റെ തന്നെ മരുന്നിന്റെ രുചി അറിഞ്ഞത്. എന്റെ ഭാര്യയെ കയറിപ്പിടിച്ച ആൾ കുറച്ചു വർഷങ്ങൾക്ക് മുൻപുള്ള ഞാൻ തന്നെ ആയിരുന്നു. ഇത് സ്ത്രീകൾക്ക് സ്ഥിരമായി സംഭവിക്കുന്ന ഒരു പ്രതിഭാസം ആണെന്ന് ഭാര്യ പറഞ്ഞപ്പോൾ ലജ്ജ കൊണ്ട് എൻ്റെ തല കുനിഞ്ഞു പോയ നിമിഷങ്ങൾ.  

ആട്ടം എന്ന സിനിമ കണ്ടപ്പോൾ എനിക്ക് എന്റെ മുഖത്തു തന്നെ തുപ്പാൻ തോന്നി എന്നതാണ് സത്യം. അത്രക്ക് ശക്തമായ സിനിമ. ഓരോ മലയാളിയും കണ്ടിരിക്കേണ്ട  ഒരു സിനിമ. 

നോക്കൂ, ഞാൻ ഒരു മോശം ആളാകാൻ കാരണം ഞാൻ മാത്രമല്ല,ഞാൻ വളർന്നു വന്ന സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ കൂടിയാണ്. ആണുങ്ങളും പെണ്ണുങ്ങളും തമ്മിൽ കാണുന്നതും സംസാരിക്കുന്നതും മോശമാണ് എന്ന് കരുതുന്ന ഒരു സമൂഹത്തിലാണ് ഞാൻ വളർന്നത്. സ്ത്രീകളെ വേറെ ഒരു ജീവികളെ പോലെ കണ്ടിരുന്ന നാളുകൾ. വിവാഹം കഴിക്കുന്നത് വരെ സ്ത്രീകളുമായി ഒരു തരത്തിലുമുള്ള ഇടപെടലുകൾ ഇല്ലാതെ നടന്ന ഒരു കാലം. സ്ത്രീകൾ നമ്മളെ പോലെ തന്നെ വികാരങ്ങളും വിചാരങ്ങളുമുള്ള ആളുകളാണെന്ന് മനസിലാകുന്നത് പിനീട് കുറെ സ്ത്രീ സുഹൃത്തുക്കൾ ഉണ്ടായിക്കഴിഞ്ഞതിന് ശേഷമാണ്. 

ബാംഗ്ലൂരിലും ബോംബെയിലും ഒക്കെ ജോലി ചെയ്തു വരുന്ന പലരും കേരളത്തിലേത് പോലെ അത്ര മോശം അനുഭവങ്ങൾ അവിടങ്ങളിൽ ഉണ്ടായിട്ടില്ല എന്ന് പറഞ്ഞിട്ടുണ്ട്. ഒരു പക്ഷെ ചെറുപ്പത്തിൽ തന്നെ ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്ന വളരുന്നത് കൊണ്ട്, പെൺകുട്ടികൾ ഒരു ലൈംഗിക വസ്തു മാത്രമാണ് എന്ന കേരളത്തിലെ ചിന്തകൾ അവിടങ്ങളിൽ കുറവാണ് എന്നതാകാം അതിന്റെ കാരണം.

കേരളത്തിലും ഇന്ന് കാലം കുറെ കൂടി മാറിയെന്ന് കരുതുന്നു. ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്നിരിക്കുന്ന, തമാശ പറയുന്ന, ആഴത്തിലുള്ള സൗഹൃദമുള്ള സമൂഹം വളർന്നു വരുന്നു. ഇങ്ങിനെ ഒരു സിനിമ നാളെ ഇറങ്ങാൻ ഇടവരാതിരിക്കട്ടെ…

ഈ സിനിമയുടെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ച എല്ലാവർക്കും നന്ദി. അമേരിക്കയിൽ ഒരു മലയാള ചിത്രത്തിന്റെ അവസാനം കണ്ടുകൊണ്ടിരുന്ന എല്ലാവരും കയ്യടിച്ചു കാണുന്നത് ഇതാദ്യമായാണ്. 

Leave a comment

Blog at WordPress.com.

Up ↑