മതത്തിൻ്റെ മനഃശാസ്ത്രം എന്ന പേരിൽ ഞാൻ എഴുതി പൂർത്തിയാക്കാതെ പോയ ഒരു പോസ്റ്റ് തുടങ്ങുന്നത് ഇങ്ങിനെയാണ്.
“നിങ്ങളോട് നിങ്ങളുടെ ഒരു കൂട്ടുകാരൻ, താൻ തനിച്ചിരിക്കുമ്പോൾ മാലാഖമാർ , തന്നോട് സംസാരിക്കുന്നു എന്നും, ആകാശത്തു നിന്ന് മനുഷ്യ ശബ്ദം കേൾക്കുന്നു എന്നുമൊക്കെ പറഞ്ഞാൽ നിങ്ങൾ എന്ത് ചെയ്യും? മിക്കവാറും ആളുകൾ ഇതൊരു തമാശയാണെന്ന് കരുതി ഈ പറഞ്ഞ സുഹൃത്തിനെ കളിയാക്കും. സ്കീസോഫ്രീനിയ എന്ന രോഗത്തെക്കുറിച്ചും, Auditory Hallucinations in Schizophrenia എന്ന ഇല്ലാത്ത ശബ്ദങ്ങൾ കേൾക്കുന്ന അവസ്ഥയും അറിയുന്ന ഒരാളാണ് നിങ്ങളെങ്കിൽ നിങ്ങൾ നിങ്ങളുടെ സുഹൃത്തിന്റെ ഒരു മനഃശാസ്ത്രഞ്ജന്റെ അടുത്തെത്തിക്കും. ഇയാൾ ഒരിക്കൽ ഒരു ചിറകുള്ള കുതിരപ്പുറത്തു കയറി സ്വർഗത്തിൽ പോയി വന്നുവെന്നോ, ചന്ദ്രനെ രണ്ടായി പിളർത്തി എന്നോ ഒക്കെ പറഞ്ഞാൽ, തീർച്ചയായും നിങ്ങൾ അയാളെ ഒരു മനഃശാസ്ത്രഞ്ജന്റെ അടുത്തെത്തിക്കും. ഇതേപോലെ തന്നെ, നിങ്ങളുടെ അയൽപക്കത്തുള്ള, പതിനഞ്ചോ പതിനാറോ വയസുള്ള ഒരു പെൺകുട്ടി, കന്യകയായ താൻ ദൈവത്തിനാൽ ഗർഭം ധരിച്ചു എന്ന് പറഞ്ഞാൽ, നിങ്ങൾ സ്വാഭാവികമായും അടുത്തുള്ള ചൈൽഡ് പ്രൊട്ടക്ഷൻ ഏജൻസിയെ ബന്ധപ്പെടും, പീഡിപ്പിച്ച ആൾ പോക്സോ കേസിൽ കുടുങ്ങുകയും ചെയ്യും, കാരണം മനുഷ്യൻ ഉണ്ടാക്കിയ ദൈവത്തിന് കുട്ടിയെ ജനിപ്പിക്കാൻ പറ്റില്ല എന്ന് നിങ്ങൾക്ക് നല്ല ഉറപ്പുണ്ട്……”
മേല്പറഞ്ഞ പോസ്റ്റ് ഞാൻ തുടർന്ന് എഴുതിയില്ല. കാരണം പേടിയാണ്. നാട്ടിൽ ഉമ്മയുണ്ട്, അനിയനും കുടുംബവുമൊക്കെയുണ്ട്. പ്രവാചകനെ നിന്ദിച്ചു എന്നും പറഞ്ഞു ആരെങ്കിലും സ്വൈര്യ ജീവിതം തടസപ്പെടുത്താനോ അപായപ്പെടുത്താനോ തുനിഞ്ഞാൽ ഞാൻ കാരണം ബുദ്ധിമുട്ടനുഭവിക്കുന്നത് അവരായിരിക്കും എന്ന കാരണത്താലാണ് ഇത് ഞാൻ പോസ്റ്റ് ചെയ്യാതിരുന്നത്. ഒരുപക്ഷെ ടി ജെ ജോസഫ് മാഷിന്റെ കൈയും കാലും വെട്ടിയവരുടെ ഉദ്ദേശവും അതുതന്നെ ആയിരിക്കണം. മുസ്ലിം വർഗീയവാദികൾ ശാരീരികമായും കത്തോലിക്കാ സഭ മാനസികമായും പീഡിപ്പിച്ച ഒരു ടിജെ ജോസഫിനെ ആക്രമിച്ച പ്രധാന പ്രതി സവാദ് പതിമൂന്ന് വർഷങ്ങൾക്ക് ശേഷം ഇന്ന് പിടിയിലായിട്ടുണ്ട്. അതിനെ കുറിച്ച് ടിജെ ജോസഫ് പറഞ്ഞ മറുപടി സാമൂഹിക അക്രമങ്ങളെ നമ്മൾ എങ്ങിനെ കൈകാര്യം ചെയ്യണം എന്നതിനെ പറ്റിയുള്ള നല്ലൊരു ചൂണ്ടുപലകയാണ്.
“സവാദ് ഒരു ഉപകരണം മാത്രമാണ്. ഇരയെന്ന നിലയിൽ സവാദിനോട് നിസ്സംഗതയും, മുഷ്യനെന്ന നിലയിൽ സഹതാപവുമാണ് ഉള്ളത്. എന്നെ സംബന്ധിച്ച് മുഖ്യപ്രതികൾ ആക്രമിക്കാൻ തീരുമാനമെടുത്തവരാണ്. സവാദിനെപ്പോലെയുള്ളവരെ പറഞ്ഞുവിട്ടവരാണ്. അവരൊന്നും കേസിൽ വന്നതായി അറിയില്ല” എന്നാണ് ടിജെ ജോസഫ് ഇതിനെക്കുറിച്ച് പറഞ്ഞത്.
ഇത് പ്രധാനപ്പെട്ട ഒരു വസ്തുതയാണ്. ഈ വെറുപ്പ് വളർത്തിയവരെയും, അക്രമത്തിന് പദ്ധതി തയ്യാറാക്കിയവരും ഇപ്പോഴും തിരശീലയ്ക്ക് പിറകിലാണ്. എന്റെ അഭിപ്രായത്തിൽ ഈ അക്രമം പ്ലാൻ ചെയ്ത ആളുകൾ ആരൊക്കെയാണ് എന്ന് പരിശോധിച്ചാൽ, ക്രിസ്തുമസും ഓണവും ആഘോഷിക്കരുത് എന്ന് പ്രഘോഷിച്ച മൊല്ലാക്കമാർ മുതൽ അതിൽ ഉൾപ്പെടും. മറ്റുള്ളവർ നമ്മളിൽ നിന്ന് എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് വ്യത്യസ്‍തരാണ് എന്ന് പറയുന്ന എല്ലാവരും വെറുപ്പിന്റെ വ്യാപാരികളും ഇത്തരം അക്രമങ്ങൾക്ക് വളം വച്ച് കൊടുക്കുന്നവരുമാണ്. ഈ കേസിലെ ശിക്ഷകൾ ഒന്നും തന്നെ ജോസഫ് മാഷിന്റെ നഷ്ടപെട്ട വർഷങ്ങളോ, നഷ്ടപെട്ട ഭാര്യയെയോ തിരികെ കൊടുക്കില്ല എന്നതാണ യാഥാർഥ്യം. ഇനി ഇങ്ങിനെ ഒരു സംഭവം ഉണ്ടാകാതെ ഇരിക്കാൻ ഇതിൽ ഉൾപ്പെട്ട എല്ലാവരെയും മാതൃകാപരമായി തന്നെ ശിക്ഷിക്കണം. എല്ലാ മതങ്ങളെയും , മത പുരോഹിതന്മാരെയും, പ്രവാചകന്മാരെയും, വിശുദ്ധ ഗ്രന്ഥങ്ങളെയും, അതിലെ സംഭവങ്ങളെയും എല്ലാം ഭയം കൂടാതെ വിമർശിക്കാനുളള അന്തരീക്ഷം ഒരുക്കേണ്ടത് നമ്മുടെ സാമൂഹിക കടമയാണ്. ആരും വിമർശനത്തിന് അതീതർ ആകരുത്. ഒരു വിശ്വാസിക്ക് ഞാൻ തുടക്കത്തിൽ പറഞ്ഞ കാര്യങ്ങൾ വിശ്വസിക്കാൻ അവകാശം ഉള്ളതുപോലെ മറ്റുള്ളവർക്ക് അത് വിമർശിക്കാനുള്ള അവകാശവും തുല്യമായി ഉണ്ടാകണം.
ഈ സംഭവം കഴിഞ്ഞ് ജോസഫ് മാഷ് ചിരിച്ച് കൊണ്ടുള്ള അധികം ചിത്രങ്ങൾ ഞാൻ പത്രമാധ്യമങ്ങളിൽ കണ്ടിട്ടില്ല. കഴിഞ്ഞ വർഷം മാഷിന്റെ വീട്ടിൽ പോയപ്പോൾ കൂടെ വന്ന സുഹൃത്തുക്കൾ എടുത്ത ഒരു ചിത്രം ചേർക്കുന്നു. ഈ ചിരി മായാതെ നിൽക്കട്ടെ…
പ്രൊഫസ്സർ ടി ജെ ജോസഫ്
Leave a comment