യുദ്ധങ്ങളിലും കലാപങ്ങളിലും ആണുങ്ങൾ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നത് ലൈംഗിക സുഖത്തിന് വേണ്ടിയല്ല, മറിച്ച്, ഇരയുടെ മേലും , ഇരയുടെ ഗോത്രങ്ങളുടെയും സമുദായങ്ങളുടെയും മേലും അക്രമികളുടെ അധികാരം സ്ഥാപിക്കാൻ വേണ്ടിയാണ്. അവർ അപ്പോൾ വെറും സ്ത്രീകളല്ല, മറിച്ച് അക്രമകാരികളുടെ മുന്നിൽ തങ്ങളുടെ എതിരാളികളുടെ രാജ്യങ്ങളുടെയും, മതത്തിന്റെയും, ഗോത്രങ്ങളുടെയും ഒക്കെ പ്രതിനിധികളാണ്. പട്ടികൾ തങ്ങളുടെ ഇടം മൂത്രമൊഴിച്ച് മാർക്ക് ചെയ്യുന്നത് പോലെ ഉള്ളതാണ് ഈ കൂട്ടബലാത്സംഗങ്ങൾ. മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടല്ലാത്തവരാണ് ഇത്തരം ക്രൂരകൃത്യങ്ങൾ ചെയ്യുക.
ആധുനിക യുദ്ധങ്ങളിൽ പോലും ഇരകളുടെ മേൽ ഇത്തരം പ്രവർത്തികൾ ചെയ്യുന്നത്, വിചാരണ നേരിടേണ്ട ഒരു യുദ്ധക്കുറ്റമായാണ് കണക്കാക്കുന്നത്. ഇത്തരക്കാർ അന്താരാഷ്ട തലത്തിൽ തന്നെ വിചാരണ ചെയ്യപ്പെടും. പക്ഷേ ഇന്ത്യയിലെ ബിജെപി ഭരിക്കുന്ന സ്ഥലങ്ങളിൽ സ്ഥിതി വ്യത്യസ്തമാണ്. തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ ബലാത്സംഗം ചെയ്തവർക്ക് സർക്കാർ തന്നെ സൗകര്യങ്ങൾ ഒരുക്കികൊടുക്കുന്ന വിചിത്രമായ അവസ്ഥയാണ് ഇന്ത്യയിലെ ഇന്നത്തെ യാഥാർഥ്യം.
ഗുജറാത്ത് കലാപസമയത്ത് ബലാത്സംഗം ചെയ്യപ്പെടുമ്പോൾ ബിൽക്കീസ് ബാനോവിന് വെറും ഇരുപത്തിയൊന്ന് വയസായിരുന്നു, അഞ്ച് മാസം ഗർഭിണിയുമായിരുന്നു. സ്വന്തം കുടുംബത്തിലെ ഏഴു പേർ കൊല്ലപ്പെട്ട ആ കലാപത്തിൽ പതിനൊന്ന് പേരാണ് ബിൽക്കീസ് ബാനോവിനെ ബലാത്സംഗം ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ടത്. ഈ പതിനൊന്ന് പേരെയും ഇന്ത്യയുടെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ചു ഗുജറാത്തിലെ ബിജെപി സർക്കാർ വെറുതെ വിട്ടു. ജയിലിനു പുറത്തു വന്ന ഇവരെ ബിജെപി പ്രവർത്തകർ മാല ചാർത്തിയും, പൂജ നടത്തിയും എതിരേറ്റത് പത്രങ്ങളിൽ വാർത്തയായിരുന്നു. പ്രതികള്‍ പുറത്തിറങ്ങിയതിനെത്തുടര്‍ന്ന് ആശങ്കയിലായ ഗ്രാമത്തിലെ എഴുപതോളം മുസ്‌ലിം കുടുംബങ്ങള്‍ സമീപ ദിവസങ്ങളില്‍ ബന്ധുവീടുകളിലേക്ക് മാറി. ഇവരില്‍ പലരുംഇവരില്‍ പലരും തിരിച്ചുവരാതെ ദേവഗഢ് ബരിയയിലെ റിലീഫ് കോളനിയിലാണ് കഴിയുന്നത്. കുറ്റവാളികളെ വിട്ടയക്കാന്‍ ശുപാര്‍ശചെയ്ത സമിതിയിലെ അംഗമായ ബിജെപി എം.എല്‍.എ. സി.കെ. റൗള്‍ജി പ്രസ്താവിച്ചത് “ബ്രാഹ്‌മണരായ പ്രതികള്‍ സംസ്‌കാരമുള്ളവരായതിനാൽ ഇങ്ങനെയൊരു കൃത്യം ചെയ്യാനിടയില്ലെന്നായിരുന്നു” എന്നുമാണ്. (മാതൃഭൂമി വാർത്ത).
ഇവരെ വെറുതെ വിടാൻ ശുപാർശ ചെയ്ത,സി.കെ. റൗള്‍ജി ഉൾപ്പെട്ട, സമിതിയിൽ ഭൂരിപക്ഷം ബിജെപിക്കാരായിരുന്നു, രണ്ടു സ്ത്രീകൾ ഉൾപ്പെടെ. ഈ തീരുമാനമാണ് സുപ്രീം കോടതി, മഹാരാഷ്ട്രയിലാണ് ഇതിനുള്ള അപേക്ഷ സമർപ്പിക്കേണ്ടതെന്നും, ഗുജറാത്തിലെ ബിജെപി സർക്കാർ തങ്ങളുടെ അധികാര ദുർവിനിയോഗം നടത്തിയും കോടതിയെ തെറ്റിദ്ധരിപ്പിച്ചുമാണ്, പ്രതികളെ വെറുതെ വിട്ടത് എന്ന നിരീക്ഷണത്തോടെ റദ്ദ് ചെയ്തത്.
ജമ്മു കശ്മീരിലെ കത്വയിൽ എട്ടു വയസുള്ള ആസിഫ ബാനോ എന്ന ചെറിയ പെൺകുട്ടിയെ ആറു പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതികളെ ജയിലിൽ നിന്നിറക്കാൻ വേണ്ടി ആയിരത്തോളം പ്രവർത്തകരുമായി പ്രകടനം നടത്തിയത് രണ്ടു ബിജെപി എംഎൽഎ മാരും പാർട്ടി സംസഥാന സെക്രട്ടറിയും കൂടിയാണ്. പ്രതികൾക്ക് വേണ്ടി ഹാജരായ വക്കീൽ അസീം സ്വാനിയെ സംസ്ഥാനത്തിന്റെ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കാൻ ബിജെപി ഭരിക്കുന്ന കേന്ദ്രം നന്ദി കാട്ടിയത്. ഈ കൊച്ചുകുട്ടിയെ ബലാത്സംഗം കൂട്ടബലാത്സംഗം ചെയ്തു കൊന്നത് ഒരു ക്ഷേത്രത്തിനു അകത്തു വച്ചാണ് എന്നതും പ്രതികളിൽ ഒരാൾ ക്ഷേത്രത്തിലെ പൂജാരി ആണെന്നതും ആണ് ഇതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം. എറണാകുളത് ഒരു ബാങ്കിൽ ജോലി ചെയ്തിരുന്ന വിഷ്ണു നന്ദകുമാർ എന്ന ഒരു സംഘി ആസിഫ കൊല്ലപ്പെടേണ്ടവളാണ്, അല്ലെങ്കിൽ ഭാവിയിൽ അവളൊരു മനുഷ്യ ബോംബായി തീരും എന്ന് ട്വീറ്റ് ചെയ്‌ത് എന്നറിയുമ്പോഴാണ് നമ്മുടെ മുറ്റത്തും സംഘികൾക്ക് ഇതേ മനസാണെന്ന് നമുക്ക് മനസിലാകുന്നത്.
ഉത്തർപ്രദേശിലെ ഉന്നാവോയിൽ 17 വയസുള്ള ഒരു പെൺകുട്ടിയെ ബിജെപി എംഎൽഎ ആയ കുൽദീപ് സിംഗ് സിംഗറും കൂട്ടാളികളും കൂടി ബലാത്സംഗം ചെയ്തത് 2017 ജൂൺ നാലിനായിരുന്നു. ഒരു വർഷത്തിന് ശേഷം ഈ പെൺകുട്ടിയുടെ അച്ഛനെ പോലീസ് സ്റ്റേഷനിൽ മർദനമേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. രണ്ടുവർഷം കഴിഞ്ഞു ഈ കേസിനു സാക്ഷി പറയാൻ പോകുന്ന വഴി ഈ പെൺകുട്ടിയെ അക്രമികൾ തീ കൊളുത്തി. ഈ കേസുകളിലെല്ലാം ശിക്ഷിക്കപ്പെട്ട കുൽദീപ് സിംഗ് സിംഗർക്ക് ജയിലിൽ നിന്ന് മകളുടെ വിവാഹത്തിന് വേണ്ടി ദീർഘനാൾ ജാമ്യം കിട്ടിയത് വലിയ വാർത്തയായിരുന്നു.
ഗുജറാത്തിലെ മുസ്ലിം കൂട്ടക്കുരുതിയിൽ ബിൽക്കീസ് ബാനോവിനെ പോലെ ചുരുങ്ങിയത് 250 പെൺകുട്ടികളും സ്ത്രീകളും കൂട്ടബലാത്സംഗത്തിനിരയായ ശേഷം ചുട്ടുകൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. കുട്ടികളെ നിർബന്ധിച്ച് പെട്രോൾ കുടിപ്പിക്കുകയും പിന്നീട് തീകൊളുത്തുകയും ചെയ്തു, തൊണ്ണൂറ്റിയാറ് മൃതദേഹങ്ങളുള്ള നരോദ പാട്യയിലെ കൂട്ടക്കുഴിമാടത്തിൽ നാൽപ്പത്തിയാറ് പേരും സ്ത്രീകളായിരുന്നു. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ അവരെ നഗ്നരാക്കി ദേഹോപദ്രവം ഏൽപ്പിക്കുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്തു. നരോദ പാട്യയിലെ കൊലപാതക കേസിൽ കോടതി പ്രതികളെ വെറുതെ വിട്ടതിൽ ഇന്നത്തെ ഇന്ത്യയിൽ അധികം അത്ഭുതപ്പെടാനില്ല. പുറത്തിറങ്ങിയവരെ ജയ് ശ്രീറാം, ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യങ്ങൾ വിളിച്ചാണ് ബിജെപി പ്രവർത്തകർ എതിരേറ്റത്.
രണ്ടു വർഷങ്ങൾക്ക് മുൻപാണ് ഉത്തർ പ്രദേശിലെ ഹത്രാസ് എന്ന സ്ഥലത്തു പത്തൊൻപത് വയസുള്ള ഒരു പെൺകുട്ടിയെ ഉയർന്ന ജാതിക്കാർ കൂട്ടബലാത്സംഗം ചെയ്യുന്നത്. ബിജെപി ഐടി സെൽ മേധാവി മാളവ്യ ഈ കുട്ടിയുടെ മുഖം കാണിക്കുന്ന വിധത്തിൽ വീഡിയോ പുറത്തിറക്കി നിയമലംഘനം നടത്തിയിരുന്നു. ഈ കേസിലും ബിജെപിയും ആർഎസ്എസും പ്രതികൾക്ക് അനുകൂലമായി റാലി നടത്തി.
മണിപ്പൂർ കലാപത്തിൽ രണ്ടു പെൺകുട്ടികളെ നഗ്‌നരായി നടത്തുകയും, അതിൽ ഇളയ പെൺകുട്ടിയെ ആൾക്കൂട്ടം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതും , അത് തടയാൻ ശ്രമിച്ച അച്ഛനെയും സഹോദരനെയും കൊന്നുകളഞ്ഞതും കഴിഞ്ഞ വർഷം ജൂലൈയിലാണ്. അവിടെയും കുറെ മാസങ്ങൾ കഴിഞ്ഞ് ഒരു വീഡിയോ പുറത്തുവന്ന് ആളുകൾ അറിഞ്ഞു, കോടതി ഇടപെടും വരെ പോലീസ് കേസെടുത്തിരുന്നില്ല.
ഇരകൾക്ക് നീതി നിഷേധിക്കാൻ ഭരണകൂടം കൂട്ട് നിന്ന് എന്നതാണ് ഈ ബലാത്സംഗങ്ങളെ വ്യത്യസ്തമാക്കുന്നത്. ഇതിന്റെ കാരണം ഹിന്ദുത്വയുടെ അടിസ്ഥാന പ്രമാണങ്ങളിൽ തന്നെയുള്ളതാണ്. ഹിന്ദുത്വയുടെ ആശയങ്ങൾക്ക് അടിസ്ഥാനമായ പുസ്തകങ്ങൾ രചിച്ച സർവർക്കർ,Six Glorious Epochs of Indian History എന്ന പുസ്തകത്തിൽ, ചരിത്രപരമായി മറുപക്ഷമായി കരുതിയിരുന്നവരുടെ സ്ത്രീകളെ ഹിന്ദുക്കൾ ബലാത്സംഗം ചെയ്തിരുന്നില്ല എന്നതിൽ ഖേദം പ്രകടിപ്പിച്ച വ്യക്തിയായിരുന്നു. സംശയം ഉണ്ടെങ്കിൽ Savarkar , Rape എന്നീ വാക്കുകൾ ഉപയോഗിച്ച് ഗൂഗിൾ ചെയ്തു നോക്കൂ. ഈ ആശയം തന്നെയാണ് ഇന്നത്തെ സംഘപരിവാറും നരേന്ദ്ര മോദിയും നടപ്പിൽ വരുത്തുന്നത് എന്ന മുകളിൽ കേസുകളുടെ നാൾവഴികൾ നോക്കിയാൽ കാണാൻ കഴിയും.
ഇന്ത്യയിൽ ഇതാദ്യമായിട്ടല്ല ബലാത്സംഗങ്ങൾ നടക്കുന്നത്. UPA സർക്കാരിന്റെ സമയത്തെ നിർഭയ കേസ് നമുക്ക് ഒക്കെ ഓർമയുള്ളതാണ്. അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട നിർഭയയുടെ കാര്യത്തിൽ, ഇന്ത്യ മുഴുവൻ അവൾക്ക് വേണ്ടി ശബ്‍ദമുയർത്തി. അക്രമികളെ അറസ്റ്റ് ചെയ്തു. സർക്കാരോ രാഷ്ട്രീയ പാർട്ടികളോ അക്രമികൾക്ക് വേണ്ടി ഇടപെട്ടില്ല. ഈ കേസിൽ ശിക്ഷിക്കപ്പെട്ട നാലുപേരെ തീഹാർ ജയിലിൽ തൂക്കിലേറ്റി. ഈ കേസ് മുകളിൽ പറഞ്ഞ മറ്റു കേസുകളുമായി തട്ടിച്ചു നോക്കിയാൽ എന്തുകൊണ്ടാണ് മോദിയുടെ സർക്കാർ ബലാത്സംഗത്തെ ഒരു രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുന്നത് എന്ന് കാണാൻ കഴിയും.
കേരളത്തിലെ പത്രപ്രവർത്തകർക്ക് നിർഭയ ഒഴികെ മേല്പറഞ്ഞ ബലാത്സംഗ വാർത്തകളൊന്നും ഓർമ ഉണ്ടാകാൻ വഴിയില്ല. ഓർമ ഉണ്ടെങ്കിൽ അടുത്ത തവണ ബീന കണ്ണൻ, പി ടി ഉഷ, ശോഭന , മറിയക്കുട്ടി എന്നിവരെയൊക്കെ കാണുമ്പോൾ ബിൽക്കീസ് ബാനോ കേസിന്റെ വിധിയെ കുറിച്ചും, ഉന്നാവോ, കത്വ തുടങ്ങിയ സ്ഥലങ്ങളിലെ കുട്ടികളുടെ ബലാത്സംഗത്തെ കുറിച്ചും എല്ലാം അവരുടെ അഭിപ്രായം നിങ്ങൾ ചോദിക്കണം. മോദിയെ ഇഷ്ടപെടുന്ന അവർക്കെല്ലാം മേല്പറഞ്ഞ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ട കടമയുണ്ട്….
Leave a comment