വീട്ടച്ഛൻ…

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഞങ്ങളുടെ മൂത്ത മകന് ജോലി കിട്ടിയതിന്റെ പിറ്റേന്ന് ഞാൻ എന്റെ ജോലി രാജിവച്ചു. കുറേനാളായി ചെയ്യണമെന്ന് കരുതിയിരുന്ന ഒരു കാര്യമാണ്. ഇരുപത്തിയഞ്ച് വർഷത്തോളമായില്ലേ ഇങ്ങിനെ കിടന്ന് ഓടുന്നു, ഇനി ഒരു വർഷം വെറുതെ ഇരുന്നിട്ട്, വർഷത്തിൽ ആറുമാസമോ മറ്റോ കൺസൾട്ടിങ് ജോലിയോ മറ്റോ ചെയ്ത് ഒരു സ്ലോ റിട്ടയർമെന്റ് ജീവിതം നയിക്കാം എന്നായിരുന്നു പ്ലാൻ.

22 വർഷങ്ങൾക്ക് മുൻപ് മൂത്ത മകൻ ജനിച്ച സമയത്ത് ഗോമതി ഒന്ന് രണ്ടു വർഷങ്ങൾ ജോലിയിൽ നിന്ന് അവധി എടുത്തിരുന്നു. അന്ന് മോനെയും, വീട്ടിലെ മറ്റ് മുഴുവൻ പണികളും ചെയ്തിരുന്നത് അവളാണ്. നമ്മുടെ ഭാഷയിൽ പറഞ്ഞാൽ “വീട്ടമ്മ”. അവളും ജോലിക്ക് പോകാൻ തുടങ്ങിയതിൽ പിന്നെയാണ് ഞങ്ങൾ രണ്ടുപേരും കൂടി വീട്ടിലെ ജോലികൾ ഷെയർ ചെയ്യാൻ തുടങ്ങിയത്. അതോർമയുള്ളത് കൊണ്ട്, ഇത്തവണ ഞാൻ വീട്ടിൽ ഇരിക്കുമ്പോൾ, പണ്ട് ഗോമതി ചെയ്തത് പോലെ, ഒരു വീട്ടച്ഛനായി, വീട്ടിലെ എല്ലാ ജോലികളും ഞാൻ ചെയ്യാം എന്നൊരു ആശയവും , ജോലി രാജിവയ്ക്കുമ്പോൾ എന്റെ മനസിലുണ്ടായിരുന്നു.

ഇത് നടപ്പിലായി തുടങ്ങിയപ്പോഴാണ് ഞാൻ കരുതിയ പോലെ എളുപ്പമല്ല ഇതെന്ന് മനസിലായത്. സാധാരണ വീട്ടിൽ ഞാൻ പാചകം ചെയ്യുമെങ്കിലും, അടുത്ത ദിവസം എന്താണ് പാചകം ചെയ്യേണ്ടത് എന്നത് മുതൽ ഷോപ്പിംഗ് ചെയ്യുമ്പോൾ വീട്ടിൽ എന്തൊക്കെയാണ് തീർന്നു പോയത് എന്നതെല്ലാം ഗോമതിയുടെ ഡിപ്പാർട്മെന്റ് ആയിരുന്നു. അത് വീട്ടമ്മമാരുടെ തലയിൽ നിരന്തരമായി പ്രത്യേകമായി ഓടുന്ന ഒരു ചിന്തയാണെന്ന് ഞാൻ ഈ ഉത്തരവാദിത്വം ഏറ്റെടുത്തപ്പോഴാണ് മനസിലായത്. പിന്നെ ദിവസം ഇളയ മകൻ സ്കൂളിൽ നിന്ന് തിരികെ വരുമ്പോൾ എന്ത് ഭക്ഷണം ഉണ്ടാക്കി വയ്ക്കണമെന്ന് തലേന്ന് തന്നെ പ്ലാൻ ചെയ്യണം. അതിനു ആവശ്യമായ സാധനങ്ങൾ ഫ്രിഡ്ജിൽ ഉണ്ടോ എന്ന് നോക്കി വയ്ക്കണം. ഗോമതി രാവിലെ ഓഫീസിൽ പോകുമ്പോൾ കൊണ്ടുപോകാൻ കൂടി കണക്കാക്കി രാത്രി ഭക്ഷണം ഉണ്ടാക്കണം. അതുവരെ ഫ്രിഡ്ജിൽ എന്തൊക്കെ ഉണ്ട് എന്ന് അറിയാതിരുന്ന എനിക്ക് ഫ്രിഡ്ജ് മുഴുവൻ കാണാപ്പാഠമായി, മല്ലിയും മുളകുമെല്ലാം തീർന്ന്പോകുന്ന മുറയ്ക്ക് ഫോണിലും മറ്റും എഴുതി വയ്‌ക്കേണ്ടതായി വന്നു. ജോലിക്ക് പോയികൊണ്ടിരുന്നപ്പോൾ ഇല്ലാതിരുന്ന, ഉറങ്ങുമ്പോഴും ഉണർന്നിരിക്കുമ്പോഴും ഇരുപത്തിനാലു മണിക്കൂറും തലയിൽ ഓടിക്കൊണ്ടിരിക്കുന്ന ഈ ഒരു ചിന്തയായിരുന്നു ഞാൻ ആദ്യമായി അഭിമുഖീകരിച്ച പ്രശ്നം.

കുക്കിംഗ് ഏതാണ്ട് രണ്ടു മണിക്കൂർ കൊണ്ട് തീരും. പാത്രങ്ങൾ ഡിഷ് വാഷറിൽ ഇടാം , കൈകൊണ്ട് കഴുകേണ്ട. പക്ഷെ വീട് ക്‌ളീൻ ചെയ്യണം, വസ്ത്രങ്ങൾ അലക്കാനും ഉണക്കാനും ഇടണം. ജോലി ചെയ്തിരുന്ന സമയത്ത് ചെയ്യാൻ കഴിയാതെ വച്ചിരുന്ന കുറെ ജോലികൾ വീട്ടിൽ ഉണ്ടായിരുന്നു, കുറച്ച് പൈപ്പുകൾ മാറ്റുന്നതും, വീട്ടിലെ പൈന്റിങ്ങും മുതൽ സോളാർ പാനൽ സ്ഥാപിക്കുന്നത് വരെയുള്ള ഒരു വലിയ ലിസ്റ്റ്. ഓരോ ദിവസവും ഓരോ കോൺട്രാക്ട്ടർമാരെ വിളിക്കും. ചിലർ വീട്ടിൽ വന്നു നോക്കി ഓരോ പണിക്കും ഉള്ള പൈസ പറഞ്ഞിട്ട് പോകും. അടുത്ത ആളുടെ ചിലവുമായി അത് ഒത്ത് നോക്കും, കുറച്ചു കഴിഞ്ഞു ഓരോ ജോലികൾ ചെയ്യാനായി ആളുകൾ വരുമ്പോൾ അതിന്റെ പിറകെ പോകണം.

ഇതെല്ലാം കഴിഞ്ഞു എന്തെങ്കിലും വായിക്കാനോ പഠിക്കാനോ ആയിട്ട് ഇരിക്കും. ഒന്നോ രണ്ടോ മണിക്കൂർ കഴിയുമ്പോഴേക്കും ഇളയ മകനെ സ്കൂളിലെ റോബോട്ടിക്സ്, ക്രോസ് കൺട്രി റണ്ണിങ് എന്നീ ക്ലബ്ബുകൾ കഴിഞ്ഞു പിക്ക് ചെയ്യണം, അവനു ഇഷ്ടപെട്ട എന്തെങ്കിലും ഉണ്ടാക്കി കൊടുക്കണം. അങ്ങിനെ രാവിലെ മുതൽ വൈകിട്ട് വരെ ശ്വാസം വിടാൻ പറ്റാത്ത അത്ര ജോലിയാണ് , വെറുതെ ഇരിക്കാൻ വേണ്ടി ജോലി രാജിവച്ച എനിക്ക് കിട്ടിയത്.

ഒരു ആറുമണിയാകുമ്പോൾ ഗോമതി ഓഫീസിൽ നിന്ന് വന്ന ഉടനെ ചോദിക്കും. ” നീ ഇന്ന് എന്താണ് ചെയ്തത്?” ഇതിന്റെ മറുപടി പറയാൻ തുടങ്ങുമ്പോൾ കാര്യമായി ഒന്നും ഉണ്ടാകില്ല. കാരണം സമയം പോകുന്ന കുക്കിംഗ്, ക്ലീനിക്കിങ് ജോലികൾ ഒക്കെ ഈ ലിസ്റ്റിൽ പറയാൻ പറ്റില്ലാലോ. പറഞ്ഞു വരുമ്പോൾ ഞാൻ ഒന്നും ചെയ്യാതെ വീട്ടിൽ ഇരിക്കുക ആയിരുന്നു എന്ന പോലെ ഒരു ഫീൽ വരും.

ജോലി രാജിവച്ച് വീട്ടിൽ ഇരുന്നപ്പോൾ ഉണ്ടായ ഏറ്റവും വലിയ പ്രശനം പക്ഷെ ഇതൊന്നുമല്ല. ജോലിസ്ഥലത്ത് കുറെ ആളുകളെ കാണുകയും സംസാരിക്കുമായും ചെയ്യാമായിരുന്നു. വീട്ടിൽ ഒറ്റക്ക് ഇരിക്കാൻ തുടങ്ങിയപ്പോൾ അത് ഭയങ്കരമായി നഷ്ടപ്പെട്ടു. ഏഴെട്ട് മണിക്കൂർ വീട്ടിൽ ആരോടും സംസാരിക്കാതെ ഇരുന്ന് ജോലി ചെയ്യുന്നത് ഭ്രാന്ത് പിടിക്കുന്ന പണിയാണ്. ജോലി ചെയ്യുന്നതിന്റെ ഇടയിൽ ബോറടിച്ചാൽ അടുത്തിരിക്കുന്ന ആളോട് എന്തെങ്കിലും ഒക്കെ സംസാരിക്കാം, അല്ലെങ്കിൽ ഓഫീസിലെ കോഫീ മെഷീനിൽ പോയി ഒരു കാപ്പി കുടിക്കാം. വീട്ടിൽ ഒറ്റക്ക് മാസങ്ങളോളവും വർഷങ്ങളോളവും ഒറ്റക്കിരുന്നാൽ ഭ്രാന്ത് പിടിക്കും.

ഓഫീസിൽ പോയാൽ വേറൊരു ഗുണം കൂടിയുണ്ട്. വൈകിട്ട് അഞ്ചോ ആറോ മണി കഴിഞ്ഞു ഓഫീസിൽ നിന്നിറങ്ങിയാൽ പിന്നെ ജോലിയയെപറ്റി ചിന്തിക്കേണ്ട. വീട്ടിൽ വന്നു തിന്നാൻ എന്തെങ്കിലും ഉണ്ടെകിൽ അതും കഴിച്ചു ടിവി കാണാം. പക്ഷെ വീട്ടച്ഛൻ ആയാൽ പണി പാളും , ഇരുപത്തിനാല് മണിക്കൂറും വീട്ടിൽ എന്താണ് വേണ്ടത്, അടുത്ത ദിവസം എന്താണ് ഭക്ഷണം ഉണ്ടാക്കേണ്ടത് , എന്തൊക്കെ സാധനങ്ങളാണ് തീർന്ന് പോയത്, എന്നിവ തുടങ്ങി കുട്ടികൾക്ക് അടുത്ത ദിവസം എന്ത് ക്ലബ്ബാണുള്ളത് ,എത്ര മണിക്ക് അവരെ പിക്ക് ചെയ്യണം തുടങ്ങി ഒരു നിമിഷം പോലും മനസിന് റസ്റ്റ് കിട്ടില്ല. പങ്കാളികൾ തമ്മിലുള്ള റൊമാൻസ് തന്നെ കുറയാൻ കാരണമാകുന്ന തരത്തിലാണ് ഇതിന്റെ ടെൻഷൻ. ഒരിക്കലും തീരാത്ത വീട്ടിലെ ജോലിയേക്കാൾ എളുപ്പമാണ് അഞ്ച് മണിക്ക് കഴിയുന്ന ഓഫീസ് ജോലി.

ഓർക്കുക ഞാൻ ഈ പരാതി മുഴുവൻ പറയുന്നത് ഫ്രിഡ്ജ്, ഡിഷ് വാഷർ, വാഷിംഗ് മെഷീൻ, ഡിഷ് വാഷർ തുടങ്ങിയ ആധുനിക സൗകര്യങ്ങൾ ഉള്ള ഒരു വീട്ടിലിരുന്നിട്ടാണ്, പാചകത്തിന്റെ റെസിപി നോക്കാൻ അടുക്കളയിൽ തന്നെ ഒരു കമ്പ്യൂട്ടർ ഉണ്ട് താനും. എന്റെ ഉമ്മയൊക്കെ, എന്റെ ചെറുപ്പത്തിൽ ഇതൊന്നുമില്ലാതെ കാര്യങ്ങൾ എങ്ങിനെ മാനേജ് ചെയ്തു എന്നത് എനിക്കൂഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ്.

കാര്യങ്ങൾ ഇങ്ങിനെയൊക്കെ ആണെങ്കിലും, നമ്മുടെ നാട്ടിൽ ഓഫീസിൽ ജോലിയൊന്നും ഇല്ലാതെ വീട്ടിൽ കുട്ടികളെ നോക്കി , വീട്ടിലെ ജോലിയും ചെയ്ത് ഇരിക്കുന്ന ഒരു സ്ത്രീയോട് നിങ്ങൾ എന്ത് ചെയ്യുന്നു എന്നാരെങ്കിലും ചോദിച്ചാൽ ഉടൻ വരും മറുപടി.

“എനിക്ക് ജോലിയൊന്നുമില്ല, ഞാനൊരു വീട്ടമ്മയാണ് … “

മടുത്തു ഈ ജീവിതം. എത്രയും പെട്ടെന്ന് വേറൊരു ജോലി കണ്ടുപിടിക്കണം. ശ്രീനിവാസൻ പറഞ്ഞ പോലെ , എന്നിട്ട് വേണം ഒന്ന് വിശ്രമിക്കാൻ.. 🙂

Leave a comment

Blog at WordPress.com.

Up ↑