സ്ത്രീ ശക്തി മോദിക്കൊപ്പം, മോദിയുടെ ഗ്യാരന്റിയുടെ സത്യമെന്ത്?

ഇക്കഴിഞ്ഞ ദിവസം തൃശൂരിൽ, പിടി ഉഷ, ബീന കണ്ണൻ, ശോഭന, മറിയാമ്മ ചേടത്തി തുടങ്ങിയ അനേകം സ്ത്രീകളെ സാക്ഷി നിർത്തി, നരേന്ദ്ര മോഡി നടത്തിയ “സ്ത്രീ ശക്തി മോദിക്കൊപ്പം” എന്ന രാഷ്ട്രീയ സമ്മേളനത്തിലെ പ്രധാന അവകാശവാദം അദ്ദേഹം കൊണ്ടുവന്ന സ്ത്രീ ശാക്തീകരണം ആയിരുന്നു. അദ്ദേഹം രണ്ടായിരത്തി ഒന്ന് മുതൽ മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തിലെ ചില കണക്കുകൾ കേന്ദ്ര സർക്കാരിന്റെ തന്നെ വെബ്‌സൈറ്റിൽ നിന്നെടുത്ത് നമുക്ക് ഇതിന്റെ സത്യാവസ്ഥ പരിശോധിക്കാവുന്നതാണ്‌.

സ്ത്രീകളുടെ ആരോഗ്യത്തിന്റെയും ക്ഷേമത്തിന്റെയും ഒരു പ്രധാന അളവുകോൽ, പ്രസവസമയത്ത് എത്ര അമ്മമാർ മരണപ്പെടുന്നു എന്നതാണ്. Maternal Mortality Rates എന്നാണ് ഇതിന്റെ പേര്. ഒരു ലക്ഷം പ്രസവങ്ങൾ നടക്കുമ്പോൾ ഉണ്ടാകുന്ന മരണങ്ങളുടെ എണ്ണമാണ് ഇതിൽ നോക്കുന്നത്. ഏതാണ്ട് 25 വർഷങ്ങളായി ബിജെപി ഭരിക്കുന്ന ഗുജറാത്തിൽ അത് 57 ആണ്. അതായത് ഒരു ലക്ഷം പ്രസവങ്ങളിൽ 57 അമ്മമാർ മരിച്ചു പോകുന്നു. പല വർഷങ്ങളായി ബിജെപി ഭരിക്കുന്ന ഉത്തർ പ്രദേശിൽ അത് 167 ആണ്. കേരളത്തിൽ 19 മാത്രം. ഗുജറാത്തിലെ മരണത്തിന്റെ മൂന്നിൽ ഒന്നും, ഉത്തർ പ്രദേശിന്റെ ഏതാണ്ട് പത്തിലൊന്നും. കേരളത്തിലെ ഈ കണക്ക് പല വിദേശരാജ്യങ്ങളേക്കാൾ കുറവാണ്. ഉത്തർപ്രദേശിന്റേത് പാകിസ്താനെക്കാൾ കൂടുതലും.

അടുത്ത അളവുകോൽ എത്ര സ്ത്രീകൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നുണ്ട് എന്നതാണ്. എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകളെയും കണക്കാക്കുമ്പോൾ ഗുജറാത്തിൽ അത് 33 ശതമാനമാണ്, അതായത് നൂറിൽ 33 സ്ത്രീകൾ മാത്രമേ പതതാം ക്ലാസ് കടക്കുന്നുള്ളു, ഉത്തർ പ്രദേശിലും അത് 33 തന്നെയാണ്, കേരളത്തിൽ 72 ശതമാനവും ( ജീവിച്ചിരിക്കുന്ന എല്ലാ സ്ത്രീകളെയും ഉൾപ്പെടുത്തിയുള്ള കണക്കാണ് ഇത്, പെൺകുട്ടികളെ മാത്രം എടുത്താൽ കേരളത്തിൽ നൂറിന് അടുത്ത് വരും. ). കേരളത്തിന്റെ പകുതി മാത്രം സ്ത്രീ വിദ്യാഭ്യാസം ലഭ്യമാക്കുന്നവരാണ് നമ്മളെ നന്നാക്കാൻ വരുന്നത്.

ഇനി പെൺഭ്രൂണഹത്യകളുടെ എണ്ണം നോക്കാം. ആരോഗ്യമുള്ള ഒരു സമൂഹത്തിൽ സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാൾ കൂടുതലായിരിക്കും. സ്ത്രീകളുടെ എണ്ണം കുറവാണെങ്കിൽ അതിനർത്ഥം പെൺകുട്ടികൾ ജനിക്കുന്നതിന് മുൻപേ കൊല്ലപെടുന്നുണ്ട് എന്നതാണ്. മോദിയുടെ ഗുജറാത്തിൽ ആയിരം പുരുഷന്മാർക്ക് വെറും 918 സ്ത്രീകളാണുള്ളത്. അതായത് ആയിരത്തിൽ എൺപതിനടുത്ത് പെൺകുട്ടികൾ ഗുജറാത്തിൽ ജനിക്കുന്നതിന് മുന്നേ കൊല്ലപ്പെടുന്നുണ്ട്. ഉത്തർ പ്രദേശിൽ ആയിരം പുരുഷന്മാർക്ക് വെറും 908 സ്ത്രീകളാണുള്ളത്. നൂറിൽ പത്ത് പെൺകുട്ടികളും ജനിക്കുന്നതിന് മുന്നേ കൊല്ലപ്പെടുന്നു. കേരളത്തിൽ ആയിരം പുരുഷന്മാർക്ക് 1084 സ്ത്രീകളുണ്ട് എന്നറിയുമ്പോഴാണ് ഈ കണക്കിലെ ഭീകരാവസ്ഥ വ്യക്തമാവുക.

എല്ലാം തുറന്നു ചോദിക്കുന്ന മറിയക്കുട്ടിചേടത്തി മുതൽ, പിടി ഉഷയും ബീന കണ്ണനും തുടങ്ങി കേരളത്തിലെയും, പ്രത്യേകിച്ച് തൃശൂരിലെയും സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട കണക്കുകളാണ് മേല്പറഞ്ഞവ. അടുത്ത തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നത് ഈ കണക്കുകളുടെ അടിസ്ഥാനത്തിൽ ആവട്ടെ.

നോട്ട് 1 : ഇതിനർത്ഥം കേരളം എല്ലാം തികഞ്ഞ സംസ്ഥാനം ആണെനല്ല. ഉന്നത വിദ്യാഭ്യാസ രംഗത്തും, തൊഴിൽ മേഖലയിലും, അതിവേഗ യാത്ര സംവിധാനങ്ങളിലും എല്ലാം നമുക്ക് ഇനിയും കുറെ മുന്നേറാനുണ്ട്. പക്ഷെ കമ്മ്യൂണിസ്റ്റ് പാർട്ടിയും, കോൺഗ്രസ്സും, ശ്രീ നാരായണഗുരുവും, അയ്യങ്കാളിയും, കേരളത്തിൽ സ്കൂളുകൾ സ്ഥാപിച്ച പാതിരിമാരും എല്ലാം ഉഴുതുമറിച്ചിട്ട ഒരു മതേതര മണ്ണാണ് കേരളത്തിന്റേത്. അത് നമ്മൾ വിട്ടുകൊടുക്കരുത്.
നോട്ട് 2 : കേരളത്തിലെ മാധ്യമങ്ങൾക്ക് ഓർഗാസം സംഭവിച്ച പോലെ ആയിരുന്നു മോദിയുടെ സമ്മേളനം. പക്ഷെ ഒരു മാധ്യമ പ്രവർത്തകൻ പോലും മേല്പറഞ്ഞ കണക്കുകളുടെ അടിസ്ഥാനത്തിൽ മോദിയുടെ അവകാശവാദത്തെ തള്ളിപ്പറഞ്ഞു കണ്ടില്ല. പുള്ളിയോട് നേരിട്ട് ചോദിക്കാൻ പറ്റില്ലാലോ, ഒരു ഇന്ത്യൻ പ്രധാനമന്ത്രി ചോദ്യങ്ങളെ നേരിടുന്ന വാർത്താ സമ്മേളനം നടത്തിയിട്ട് പത്ത് കൊല്ലം ആയില്ലേ…


Leave a comment

Blog at WordPress.com.

Up ↑