കിറ്റിന്റെ സാമ്പത്തിക ശാസ്ത്രം, പട്ടിണിയുടേതും.

കൊറോണക്കാലത്ത് സർക്കാർ കിറ്റ് നൽകുന്നത് എന്തിനാണ് എന്നും , വിശക്കുന്നവനു ഭക്ഷണമല്ല, ഭക്ഷണം ലഭിക്കാനുള്ള തൊഴിലാണ് കൊടുക്കേണ്ടത് എന്നും, കിറ്റ് കിട്ടിയില്ലെങ്കിൽ ഭക്ഷണം കിട്ടാതെ വരുന്ന ഒരു ജനതയാണോ നമ്മൾ എന്നും, തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് കാലത്ത് കൊടുക്കുന്ന ടിവി ഗ്രൈൻഡർ പോലെയുള്ളതാണ് കേരള സർക്കാരിന്റെ കിറ്റ് വിതരണം എന്നൊക്കെയുള്ള പല തരം കമന്റുകൾ പല ഭാഗങ്ങളിൽ നിന്ന് വരുന്നത് എന്നെ കുറച്ചൊന്നുമല്ല അമ്പരപ്പിച്ചത്. അതിന്റെ പ്രധാന കാരണം അമേരിക്കയിൽ ഭക്ഷണം ലഭിക്കാനായി ആളുകൾ കിലോമീറ്ററുകളോളം ക്യൂ നില്കുന്നത് കണ്ടിട്ടുള്ള ഒരാളാണ് ഞാൻ എന്നതാണ്. ഓർക്കുക, അമേരിക്കയിൽ ഭക്ഷണം ലഭിക്കാൻ ആളുകൾ കാറിലാണ് ക്യൂ നില്കുന്നത്. കാറ് വാങ്ങാൻ പൈസയുള്ളവൻ എന്തിനാണ് ഭക്ഷണത്തിനു ക്യൂ നില്കുന്നത് എന്ന ചോദ്യം ഇത് കേരളത്തിലാണ് നടന്നിരുന്നത് എങ്കിൽ ഉയർന്നേനെ.

പട്ടിണി എന്നത് മലയാളത്തിൽ ഒരു വാക്കാനാണെങ്കിലും സാമ്പത്തിക ശാസ്തജ്ഞരുടെ ഇടയിൽ പട്ടിണിയെ പല തരമായി തിരിച്ചിട്ടുണ്ട്. ഇതിൽ രണ്ടു പ്രധാനപ്പെട്ട പട്ടിണികളെ കുറിച്ച് ചർച്ച ചെയ്യതാൽ മാത്രമേ കിറ്റിന്റെ സാമ്പത്തിക ശാസ്ത്രത്തെ കുറിച്ച് മനസിലാകൂ. ഇതിനെ കുറിച്ച് ഏറ്റവും നന്നായി മനസിലാക്കിയ ഒരു പാർട്ടി കോൺഗ്രസ് ആണെന്നുള്ളതാണ് ഇതിലെ ഏറ്റവും വലിയ തമാശ. കാരണം ഇന്ത്യ കണ്ട വിപ്ലവകരമായ ഒരു പട്ടിണി ഉന്മൂലന പദ്ധതിയാണ് കോൺഗ്രസ് കൊണ്ടുവന്ന തൊഴിലുറപ്പ് പദ്ധതി. പക്ഷെ ആ പദ്ധതി കൈകാര്യം ചെയ്യുന്നത് ഒരു തരത്തിലുള്ള പട്ടിണിയെ മാത്രമാണ്. അത് എന്താണെന്നു അറിയാൻ വിശദമായി കാര്യങ്ങൾ പറയേണ്ടി വരും.

1. Generational poverty

ഇതിൽ ആദ്യത്തേത് തലമുറകൾ ആയുള്ള പട്ടിണിയാണ്. ഈ വിഷയം ഏറ്റവും നന്നായി അവതരിപ്പിച്ചതും ആ പഠനത്തിന് നോബൽ സമ്മാനം ലഭിച്ചതും, അഭിജിത് ബാനർജിയും പങ്കാളി എസ്തേർ ഡൂഫ്ലോയും നടത്തിയ പഠനങ്ങളാണ്. Poor Economics എന്ന പേരിൽ ഈ പഠനങ്ങൾ അവർ ഒരു പുസ്തകം ആക്കി ഇറക്കിയിട്ടുണ്ട്.

ഇതിലെ പ്രധാനപെട്ട ഒരു ഭാഗം തലമുറ തലമുറയായി ഒരു കുടുംബം പട്ടിണിയിൽ കഴിയാനുള്ള കാരണങ്ങളെ കുറിച്ചാണ്. പ്രധാനമായും രണ്ടു കാര്യങ്ങൾ ആണ് ഇത്തരം പട്ടിണിക്ക് കാരണം. ഒന്നാമതായി വിദ്യാഭ്യാസം ഇല്ലാത്തത് കൊണ്ട് കുടുംബത്തിലെ ആളുകൾ കുട്ടികളെ കൂടി തങ്ങളുടെ ജോലിയിൽ ഉൾപ്പെടുത്തുകയും കുട്ടികൾക്ക് കൂടുതൽ നല്ല ഒരു ജോലിയിൽ പ്രവേശിക്കാനുള്ള അവസരം ഇല്ലാതെ ആവുകയും ചെയ്യുന്നു. രണ്ടാമത് ബാങ്കുകൾ പോലുള്ള, ഇവരെ സഹായിക്കാൻ ബാധ്യതയുള്ള സ്ഥാപനങ്ങൾ ഇവരുടെ മൂലധനത്തിന്റ അപര്യപ്തത കൊണ്ട് ഇവർക്ക് ലോണുകൾ കൊടുക്കാതിരിക്കുന്ന അവസ്ഥ. ഒരു രോഗമോ, മരണമോ, വിവാഹമോ നടക്കുന്ന സമയത്ത് വട്ടിപലിശക്കാരുടെ കയ്യിൽ നിന്ന് ലോണെടുക്കാൻ ഇവർ നിര്ബന്ധിതർ ആകുന്നു. ഇതിന്റെ പലിശ അടച്ചു തീർക്കുന്നതോടെ , കുറച്ചെങ്കിലും നീക്കിവച്ചിരിക്കുന്ന മൂലധനവൻ ഇവരുടെ കയ്യിൽ നിന്ന് അപ്രത്യക്ഷമാകും. പട്ടിണിയിൽ ജനിച്ച ഒരു കുട്ടി പട്ടിണിക്കാരൻ ആയി തന്നെ തുടര്ന്ന് അവസ്ഥയാണ് Generational Poverty .

മേല്പറഞ്ഞ തരാം പട്ടിണിയെയാണ് കോൺഗ്രസ് തൊഴിലുറപ്പ് പദ്ധതി വഴി ഉന്മൂലനം ചെയ്യാൻ ശ്രമിച്ചത്. തൊഴിലുറപ്പ് പദ്ധതി നിലവിൽ വന്നപ്പോൾ, പാവപ്പെട്ടവർക്ക് വെറുതെ പൈസ കൊടുക്കുന്നു എന്ന് ഇതിന്റെ വിശദംശങ്ങൾ അറിയാത്ത ആളുകൾ ആരോപിച്ചിരുന്നു. ഇവർക്ക് കൊടുക്കുന്ന പൈസ, അവരുടെ തൊഴിലിന്റെ കൂലി ആണെന് മാത്രമല്ല, ആ പണം ഭക്ഷണത്തിനും വസ്ത്രത്തിനും മറ്റുമായി സമൂഹത്തിലേക്ക് തിരികെ വരുന്ന, നമ്മുടെ സാമ്പത്തിക മേഖലയിലേക്ക് തിരികെ വരുന്ന പണമാണ്. അതെ സമയം ഒരു പണക്കാരന് നികുതി ഇളവുകൾ വഴി സർക്കാർ കൂടുതൽ പണം എത്തിച്ചാൽ , ഒരു വ്യവസായി അല്ലെങ്കിൽ, ആ പണം ഒരു സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപത്തിന്റെ പേരിൽ ഒട്ടും ഉല്പാദനക്ഷമം അല്ലാതെ കിടക്കും.

2. Situational poverty :

പട്ടിണിയുടെ ചാക്രിക സ്വഭാവത്തിൽ നിന്ന് പുറത്തേക്ക് വന്ന ഒരു കുടുംബത്തിന് പെട്ടെന്നു ഉണ്ടാകുന്ന ഒരു സംഭവത്തെ ( കുടുംബത്തിൽ ഒരംഗത്തിനു ഉണ്ടാകുന്ന അപകടം, നോട്ടു നിരോധനം പോലെയുള്ള മണ്ടത്തരങ്ങൾ) ഒരു കുടുംബത്തെ വീണ്ടും പട്ടിണിയിലേക്ക് തള്ളിവിടുന്നതാണ് Situational Poverty. ഇതാണ് കേരളത്തിലെ ഇപ്പോഴുള്ള കൊറോണക്കാലത്ത് കൂടുതൽ പ്രസക്തമായിട്ടുള്ളത് ആയിട്ടുള്ളത്.

എനിക്കറിയാവുന്ന അനേകം ആളുകൾ ഡ്രൈവർ, ടൂറിസം മേഖല, ഹോട്ടൽ, പലചരക്ക് കടകൾ, ഓട്ടോറിക്ഷ ഡ്രൈവർമാർ എന്നിങ്ങനെ അനേകം മേഖലകകളിൽ ജോലി ചെയ്ത കുടുംബം പട്ടിണി ഇല്ലാതെ കൊണ്ടുപോകുന്നവരുണ്ട്. ഇതിൽ ചിലർക്ക് സ്വന്തമായി വീടുണ്ട് എങ്കിലും മാറിത്താമസിച്ച പലരും വാടക വീടുകളിലാണ്. കൊറോണ മൂലം മേല്പറഞ്ഞ ഭൂരിപക്ഷ ആളുകൾക്കും വരുമാനം ഇല്ലാതെയായി. വാടക കൊടുക്കണോ കുട്ടികളുടെ വിദ്യഭ്യാസത്തിനു വേണ്ടി ഒരു ഫോൺ വാങ്ങാനോ പോലും പൈസ ഇല്ലാതെയായി.

കടമുറികൾ വാടകയ്ക്ക് എടുത്ത് എന്തെങ്കിലും ചെറിയ തയ്യൽ കടയോ ചായക്കടയോ ഒക്കെ തുടങ്ങിയവർക്ക് വരുമാനവും ഇല്ല, എന്നാൽ വാടക മുടങ്ങാതെ കൊടുക്കുകയാണ് വേണം എന്ന അവസ്ഥയായി. പുറത്ത് നിങ്ങൾ കാണുന്ന പലരുടെയും അവസ്ഥ ഇതാണ്. ഇത് കൊറോണ പോലെ ഒരു കാര്യം കൊണ്ടുവന്ന പ്രശ്നമാണ്, അല്ലാതെ ഗവണ്മെന്റ് തൊഴിൽ കൊടുക്കാത്ത സാഹചര്യം അല്ല. യഥാർത്ഥത്തിൽ ഈ അവസരത്തിൽ രക്ഷപെട്ടു നിന്ന ഒരേ ഒരു വിഭാഗം സർക്കാർ ഉദ്യോഗസ്ഥരും, വീട്ടിൽ നിന്ന് ജോലി എടുക്കാൻ കഴിയുന്ന ചരുക്കം ചില ഐടി തൊഴിലാളികളുമാണ്. ഫേസ്ബുക്കിൽ ഇത്തരം ആളുകളെ നിങ്ങൾ വളരെയധികം കാണുമെങ്കിലും യഥാർത്ഥ ജീവിതത്തിൽ ഇങ്ങിനെയുള്ളവർ വളരെ ചുരുക്കമാണ്.

ഇനിയാണ് കൂടുതൽ പ്രധാനപ്പെട്ട ഒരു കാര്യം. ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ നിന്ന് പുറത്തേക്ക് വന്ന ഒരു കുടുംബം , കൊറോണയും നോട്ടു നിരോധനവും പോലുള്ള ഒരു കാരണം കൊണ്ട് തത്കാലം ദരിദ്രരായി മാറുന്ന ഈ അവസ്ഥ സർക്കാരുകൾ വേണ്ട പോലെ കൈകാര്യംചെയ്തില്ല എങ്കിൽ ആ കുടുംബം ആദ്യം പറഞ്ഞ തലമുറകളായുള്ള ദാരിദ്ര്യത്തിൽക്ക് തിരികെ പോകും. ഇത് ഒഴിവാക്കാൻ ആണ് ലോകത്തിലെ ഏതാണ്ട് എല്ലാ സർക്കാരുകളും കൊറോണക്കാലത്ത് ആളുകളെ സഹായിക്കുന്നത്.

അമേരിക്കയിൽ റെസ്റ്റോറന്റ് നടത്തുന്നവർക്കും ചെറിയ കടകൾ നടത്തുന്നവർക്കും, അവിടെ ജോലി ചെയ്യുന്നവരുടെ ജോലി പോകാതെയിരിക്കാൻ വേണ്ടി ഒരു ശതമാനം പലിശയിൽ ലോൺ കൊടുക്കാൻ വേണ്ടി നിയമം ഉണ്ടാക്കി. നമ്മുടെ നാട്ടിൽ ഒരു മാസത്തെ വാടക കുറച്ചു എന്ന് അല്ലാതെ ചെറിയ കടകൾ / ഹോട്ടലുകൾ / ടൂറിസ്റ്റ് മേഖല എന്നിവയ്ക്ക് വേറെ എന്തെങ്കിലും സർക്കാർ ചെയ്തോ എന്നെനിക്കറിയില്ല. ഒരു പക്ഷെ വിമർശിക്കാൻ വകുപ്പുള്ള ഒരു മേഖല ആയിരിക്കും ഇത്.

കേരളത്തിൽ കൊറോണ തുടങ്ങിയ സമയം മുതലും അതിനു മുൻപ് വെള്ളപ്പൊക്ക സമയത്തും സർക്കാർ ജനങ്ങളെ റേഷൻ കൊടുത്തും, ഭക്ഷണ കിറ്റ് കൊടുത്തും സഹായിക്കുന്നതിനെ ചില കോൺഗ്രീസുകാർ തിരഞെടുപ്പ് ഗിമ്മിക് എന്ന് വിളിക്കുന്നതും ഇതിനെ തമിഴ്‌നാട്ടിൽ ചെയ്യുന്ന പോലെ തിരഞ്ഞെടുപ്പ് സമയത്ത് കൊടുക്കുന്ന മിക്സിയും തയ്യൽ മെഷീനും ഒക്കെയായി താരതമ്യം ചെയ്യുന്നത് എന്ന് എനിക്ക് മനസിലാകുന്നില്ല. ഒരു പക്ഷെ ഇങ്ങിനെയുള്ളവർ ഒന്നും മിണ്ടാതെ ഇരുന്നാൽ കോൺഗ്രസിന് കൂടുതൽ വോട്ട് കിട്ടാനാണ് സാധ്യത. കൊറോണ വെള്ളപൊക്കം എന്നീ പ്രശ്നങ്ങൾ ഇല്ലാത്ത സമയത്ത് ആണ് സർക്കാർ ഇത് ചെയ്യുന്നത് എങ്കിൽ ഇത്തരം വിമർശനങ്ങളിൽ കാര്യമുണ്ട് എന്നെങ്കിലും കരുതാമയിരുന്നു.

അടുത്തത് ആവശ്യം ഇല്ലാത്തവർക്കും കിറ്റ് കിട്ടുന്ന എന്ന ആരോപണമാണ്. അമേരിക്കയിൽ ഞാൻ മുൻപ് എഴുതിയിരുന്ന പോലെ 6 ബില്യൺ ഭക്ഷണ പൊതികളാണ് ഫുഡ് ബാങ്കുകൾ വിതരണം ചെയ്തത്. കാറുകളുടെ നീണ്ട നിരയായിരുന്നു ഭക്ഷണവും വെള്ളവും വാങ്ങാൻ. രണ്ടു തവണ സർക്കാർ സാമ്പത്തിക സഹായം നേരിട്ട് ആളുകൾക്ക് കൊടുത്തപ്പോഴും നൂറിൽ 95 പേരും സാമ്പത്തിക സഹായത്തിനു യോഗ്യരായവർ ആയിരുന്നു. കേരളത്തിലെ റേഷൻ കാർഡുകൾ ഞാൻ മുകളിൽ പറഞ്ഞ രണ്ടു വിഭാഗങ്ങൾക്കും രണ്ടു തരത്തിലാണ്. കൊറോണ വരുന്നത് വരെ പട്ടിണിയില്ലാതെ ജീവിച്ചു എന്നത് കൊറോണക്കാലത്ത് പട്ടിണി ഇല്ല എന്നതിന് തെളിവല്ല. മാത്രമല്ല യോഗ്യരായവരെ സർക്കാർ സംവിധാനം ഉപയോഗിച്ച് കണ്ടുപിടിച്ച് വരുമ്പോഴേക്കും ആവശ്യക്കാർക്ക് ഭക്ഷണം ലഭിക്കാതെ വരുന്ന അവസ്ഥയുണ്ടാകും.

കേരളത്തിൽ സർക്കാരിനെ വിമർശിക്കാൻ ചെയ്യാവുന്ന അനേകം കാര്യങ്ങളുണ്ട്. സാമ്പത്തിക സംവരണം പോലെയുള്ള അനേകം കാര്യങ്ങൾ. പക്ഷെ കൊറോണ സമയത്ത് കൊടുക്കുന്ന ഭക്ഷണ പൊതി തത്കാലം ഒരു വിമർശന വിഷയം ആക്കാതിരിക്കുക. കൊറോണ കൈകാര്യം ചെയ്ത വിഷയത്തിൽ ഈ സർക്കാരിന് നൂറിൽ നൂറ്റിപ്പത്ത് മാർക്കുണ്ട്.

കോൺഗ്രസിന് പറയാൻ അവർ കൊണ്ടുവന്ന തൊഴിലുറപ്പ് പദ്ധതിയും വിവരാവകാശ നിയമവും പോലെ അനേകം അടിപൊളി പദ്ധതികളുണ്ട്, പക്ഷെ അടിസ്ഥാനപരമായി അഴിമതി ഇല്ലെങ്കിൽ മാത്രമേ ഇവ സമൂഹത്തിനു ഉപകരിക്കൂ. കോൺഗ്രസ് അധികാരത്തിൽ ഉള്ളപ്പോൾ ഒക്കെ അഴിമതി അവരുടെ പ്രധാനപ്പെട്ട സാമ്പത്തിക നയപരിപാടികൾ വഴി ഉണ്ടാക്കിയ നല്ല പേര് കളഞ്ഞു കുളിച്ചു. 3g, കോമ്മൺവെൽത് ഗെയിംസ് തുടങ്ങി പാലാരിവട്ടം പാലം വരെ ഉദാഹരണം. പലപ്പോഴും ഇവരുടെ കൂട്ടുകക്ഷികൾ ആണ്കൂടുതൽ അഴിമതി നടത്തിയിട്ടുള്ളത്, പക്ഷെ മുന്നണിയുടെ നേതൃസ്ഥാനം വഹിക്കുന്ന കോൺഗ്രസിന് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ പറ്റിയില്ല. ഈ അഴിമതികൾ ഉണ്ടായിരുന്നില്ല എങ്കിൽ ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്താൻ കോൺഗ്രസിന് കഴിയുമായിരുന്നു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: