ഞാൻ ഒരു രാഷ്ട്രീയ നിരീക്ഷകനല്ല, പലപ്പോഴും കേരളത്തിലെ രാഷ്ട്രീയപാർട്ടികളുടെ “രാഷ്ട്രീയ” നിലപാടുകൾ എനിക്ക് മനസിലാകാറുമില്ല. ഉദാഹരണത്തിന്, മതനിരപേക്ഷതയ്ക്കും സ്ത്രീസമത്വത്തിനും വേണ്ടി നിലകൊള്ളുന്നു എന്ന് പറയുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശബരിമലയിൽ സ്ത്രീകളെ കയറ്റരുത് എന്ന്, ഭൂരിപക്ഷ അഭിപ്രായം അതാണെന്ന് സ്വയം തീരുമാനിച്ചുകൊണ്ട് , അവർ അധികാരത്തിൽ വന്നാൽ സ്ത്രീപ്രവേശനം തടയാൻ വേണ്ടി നിയമനിർമാണം നടത്തും എന്ന് പറയുന്നതോ , തിരുവനന്തപുരം മേയർ ആയ ആര്യ രാജേന്ദ്രൻ എൻഎസ്എസ് അനുമോദന സമ്മേളനത്തിൽ പങ്കെടുക്കുന്നതിന്റെ യുക്തിയോ, സഭയുടെ പ്രിയപ്പെട്ട, പണ്ട് ഇടതുമുന്നണി തന്നെ അഴിമതി ആരോപിച്ച മാണിയുടെ പുത്രനെയും പാർട്ടിയെയും ഇടതുമുന്നണിയിൽ എടുക്കുന്നതിന്റെ യുക്തിയോ, സാമ്പത്തിക സംവരണത്തിന്റെ യുക്തിയോ ഒന്നും എനിക്ക് അന്നും ഇന്നും മനസിലായിട്ടില്ല, ഇനി മനസിലാക്കാനും പോകുന്നില്ല എന്ന് തോന്നുന്നു. പ്രായോഗിക രാഷ്ട്രീയത്തിൽ എന്നെ പോലെ ആദർശ ദുർവാശി പുലർത്തുന്നവർക്ക് വലിയ കാര്യമൊന്നുമില്ല.
അതുപോലെ തന്നെ എനിക്ക് മനസിലാകാത്ത കാര്യമാണ് കുഞ്ഞാലികുട്ടി കേന്ദ്രത്തിൽ നിന്ന് കേരളത്തിലേക്ക് വരും എന്നൊരു തീരുമാനം എടുക്കുകയും , മുസ്ലിം ലീഗിന്റെ അഭിപ്രായങ്ങൾ മുന്നണിയിൽ അവതരിപ്പിക്കുകയും ചെയ്യുമ്പോൾ അത് വർഗീയത ആകുന്നതും അത് തന്നെ ജോസ് കെ മാണി ചെയ്താൽ വർഗീയതയെ കുറിച്ച് ആരും മിണ്ടാത്തതും. പിസി ജോർജിനെ പോലെ പുഴുത്ത വർഗീയത പറയുന്നവരെ കോൺഗ്രസ് പോലും പരസ്യമായി തള്ളിപ്പറഞ്ഞിട്ടില്ല. ഉമ്മൻ ചാണ്ടി ദേവലോകം അരമനയിൽ പോകുന്നത് വർഗീയതയുടെ കൂട്ടത്തിൽ ആരും കൂട്ടികാണുന്നില്ല, രമേശ് ചെന്നിത്തല എൻഎസ്എസ് ആസ്ഥാനത്തു സുകുമാരൻനായരെ കാണാൻ പോയാലും പ്രശ്നമില്ല, പക്ഷെ പാണക്കാട് തങ്ങളെ ആരെങ്കിലും കാണാൻ പോയാൽ അത് വർഗീയതായി ഉയർത്തികാണിക്കുകയും ചെയ്യുന്നത് എനിക്ക് ഒട്ടും മനസിലാകാത്ത കാര്യമാണ്. ഇന്ത്യയാലും എന്തുകൊണ്ടായിരിക്കും ഇങ്ങിനെ സംഭവിക്കുന്നത് എന്നത്, കേരള രാഷ്ട്രീയത്തിൽ വർഗീയത ഉണ്ടോ എന്നത് മുസ്‌ലിം ലീഗിനെ അടിസ്ഥാനപ്പെടുത്തി എനിക്ക് അറിയാവുന്ന കാര്യങ്ങൾ വച്ച് ഒരു സ്വയം മനസ്സിലാക്കൽ നടത്താനുള്ള ശ്രമമാണ് താഴെ.
കുറച്ച് ചരിത്രം.
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി പാകിസ്ഥാൻ മുസ്ലിം രാഷ്ട്രമായി വിഭജിച്ചു പോയപ്പോൾ ഇന്ത്യയിൽ മുസ്ലിം ലീഗും പാകിസ്ഥാനിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും ലക്‌ഷ്യം നഷ്ടപെട്ട പാർട്ടികളായി തീർന്നു. സാമൂഹിക, ഭൂമിശാസ്ത്ര കാരണങ്ങൾ കൊണ്ട് സ്വതന്ത്ര ഇന്ത്യയിൽ തുടർന്ന ഒരു വലിയ വിഭാഗം മുസ്ലിങ്ങൾ ഉണ്ടായിരുന്നു. ഉദാഹരണത്തിന് കേരളത്തിൽ ഉള്ള ഒരു മുസ്ലിമിന് കൂടുതൽ അടുപ്പം പാകിസ്ഥാനിൽ ഉള്ള ഒരു മുസ്ലിമിനേക്കാൾ കേരളത്തിൽ ഉള്ള ഹിന്ദുവിനോടും ക്രിസ്ത്യാനിയോടും ആണ്. മതത്തിന്റെ പേരിൽ ഉള്ള രാഷ്ട്ര വിഭജനത്തിന്റെ അർത്ഥമില്ലായ്മ തന്നെ ഈ സാംസ്‌കാരിക വൈവിധ്യങ്ങൾ മത ഐക്യത്തിന്റെ മുകളി നില്കുന്നു എന്നത് തന്നെയാണ്. അങ്ങിനെ ഇന്ത്യയിൽ തുടർന്ന ഭൂരിപക്ഷം മുസ്ലിങ്ങളും മുസ്ലിം ലീഗ് വിടുകയും മറ്റു പാർട്ടികളിൽ ചേരുകയും ചെയ്തു. പലരും കോൺഗ്രസിൽ ചേർന്നു, മറ്റു ചിലർ രാഷ്ട്രീയം ഉപേക്ഷിച്ചു.
ദക്ഷിണ ഇന്ത്യയിൽ ഇതുപോലെ ഇന്ത്യയിൽ തുടരാൻ തീരുമാനിച്ച ചില മുസ്ലിങ്ങൾ ഉണ്ടാക്കിയ പാർട്ടിയാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, പേര് ഇങ്ങിനെ ആണെങ്കില്, പ്രധാനമായും മുസ്ലിം ലീഗ് ഒരു കേരള പ്രാദേശിക പാർട്ടി മാത്രമാണ്. (പാകിസ്ഥാനിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ഉണ്ടായിരുന്നവർ ഇതുപോലെ ഒരു ഹിന്ദു പാർട്ടി ഉണ്ടാക്കിയിരുന്നു, പേര് നാഷണൽ കോൺഗ്രസ്.)
എന്താണ് മതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള രാഷ്ട്രീയ പാർട്ടികളുടെ പ്രശ്നം.
പക്ഷെ മതത്തിന്റെ പേരിൽ ഒരു രാഷ്ട്രീയ പാർട്ടി ഉണ്ടാകുമ്പോൾ അതിന്റെ ഒരു പ്രധാന പ്രശ്നം വോട്ടു ചെയ്യുന്നവർ മതത്തിന്റെ അടിസ്ഥാനത്തിൽ വോട്ട് ചെയ്യുന്നത് കൊണ്ട് രാഷ്ട്രീയ കഴിവുകേടുകൾ മതം കൊണ്ട് മറക്കാൻ കഴിയും എന്നതാണ്. കേരളവുമായി സാംസ്കാരികമായി വലിയ ബന്ധം ഇല്ലാതിരുന്ന ജിഎം ബനാത്‌വാല ഏഴു തവണയാണ് മുസ്ലിം ആണ് എന്ന ഒരേ കാരണത്താൽ പൊന്നാനിയിൽ നിന്ന് ലോക്സഭയിലേക്ക് ജയിച്ചത്. മുസ്ലിം ലീഗ് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം മതം തന്നെയാണ്. ഭൂരിപക്ഷ മതത്തിന്റെ പേരിൽ രാഷ്ട്രീയം കളിക്കുന്ന ബിജെപിയെ എതിർക്കുന്ന നിഷ്പക്ഷരായ ആളുകൾക്ക് ന്യൂനപക്ഷ മതത്തിന്റെ പേരിൽ ഉള്ള മുസ്ലിം ലീഗിനെ എതിർക്കാതിരിക്കാൻ ആവില്ല. മുസ്ലിംലീഗ് എൻഎസ്എസ്, എസ്എൻഡിപി , പല ക്രിസ്ത്യൻ സഭകൾ എന്നിവ പോലെ ഒരു സമുദായ പാർട്ടി ആയിരുന്നു എങ്കിൽ ഈ ഇത്തരത്തിലുള്ള വിമർശനം നേരിടേണ്ടി വരില്ലായിരുന്നു. സത്യത്തിൽ കേരളത്തിലെ കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളിൽ സമുദായികപരമായും മതപരമായും, വർഗീയമായും, എൻഎസ്എസ്, എസ്എൻഡിപി, ക്രിസ്ത്യൻ സഭകൾ തുടങ്ങിയവ ചെലുത്തുന്ന അതെ സമ്മർദ്ദങ്ങൾ തന്നെയാണ് മുസ്ലിം ലീഗ് ചെലുത്തുന്നത്, പക്ഷെ പലപ്പോഴും അവർക്ക് മറ്റ് സമുദായ സംഘടനകൾ സമുദായതിന്റെ പേരിൽ ഒരു കുറ്റബോധവും ഇല്ലാതെ ചെയ്യുന്ന കാര്യങ്ങൾ , ഒരു രാഷ്ട്രീയപാർട്ടിയായത് കൊണ്ട് മുസ്ലിം ലീഗിന് ചെയ്യാൻ കഴിയാതെ വരുന്നു എന്നതാണ് എന്റെ നിരീക്ഷണം. അല്ലെങ്കിൽ ഉമ്മൻ ചാണ്ടി , എകെ ആന്റണി തുടങ്ങിയ ക്രിസ്ത്യൻ മുഖ്യമന്ത്രിമാർ ഉണ്ടായപ്പോൾ ഉണ്ടാകാത്ത വിവാദം കോൺഗ്രസ് ഒരു മുസ്ലിം മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ നിർത്തിയാൽ ഉണ്ടാകുമെന്നു ഉറപ്പാണ്.
മതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പാർട്ടി ആയതുകൊണ്ട് നേതൃത്വത്തിൽ ഉൾപാർട്ടി ജനാധിപത്യം മുസ്ലിം ലീഗിൽ ഇല്ല എന്ന് നമുക്ക് കാണാം. കാരണം കേരളത്തിലെ മുസ്ലിങ്ങളുടെ ആത്മീയ ആചാര്യത്വം തനിയെ ഏറ്റെടുത്ത ഒരു കുടുംബം സ്ഥിരമായി നേതൃസ്ഥാനത്ത് വരുന്ന ഒരു പാർട്ടി മാത്രമാണ് ഇത്. പല തലത്തിലുള്ള പ്രശ്നങ്ങൾ ഇതിലുണ്ട്. ഒന്നാമതായി, നബി പരമ്പര അവകാശപ്പെടുന്ന, യമനിൽ നിന്നോ മറ്റോ കേരളത്തിലേക്ക് കുടിയേറിയ , കേരളത്തിലെ ഇസ്ലാമിൽ തങ്ങൾ എന്ന “ഉയർന്ന ജാതി” ഉണ്ടാക്കി കൊണ്ടുനടക്കുന്ന, മറ്റു തങ്ങൾ കുടുംബങ്ങളിൽ നിന്നു മാത്രം വിവാഹം കഴിക്കുന്ന മുസ്ലിം ലീഗ് നേതൃ നിര തിരഞ്ഞെടുപ്പിലൂടെയല്ല കടന്നു വരുന്നത്. രണ്ടാമതായി കേരളത്തിലെ മുസ്ലിങ്ങളിൽ ഉള്ള ഒരു ന്യൂനപക്ഷം മാത്രമാണ് ഈ കുടുംബക്കാർ. മാത്രമല്ല സമ്പന്ന കുടുംബക്കാരുമാണ്, കേരളത്തിലെ മുസ്ലിം ലീഗിൽ എത്ര ഒസാന്മാർ, മീൻ പിടുത്തക്കാർ , കൂലിപ്പണിക്കാർ ഒക്കെ നേതൃസ്ഥാനത് ഉണ്ട് എന്നത് അണികൾ ആലോചിക്കേണ്ട വിഷയമാണ്, കാരണം ഭൂരിപക്ഷം വരുന്ന ഇവരെ ഒരു ന്യൂനപക്ഷം നബി പരമ്പര പറഞ്ഞു പറ്റിക്കുന്ന സ്ഥിതിയാണ് കേരളത്തിൽ ഇന്ന് കാണുന്നത്. അല്ലാഹുവിനും വിശ്വസിക്കും ഇടയിൽ ഒരു ഏജന്റ് ആവശ്യമില്ല എന്ന് പറഞ്ഞ ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസത്തിനു എതിരാണ് ഇതുപോലെ മുസ്ലിം നേതൃസ്ഥാനത്ത് ഒരേ കുടുംബക്കാർ വരുന്നത്. മതത്തിലും രാഷ്ട്രീയത്തിലും ഇത് ശരിയായ പ്രവണതയല്ല.
പക്ഷെ ഇത് നമ്മൾ ആരോടാണ് പറയുന്നത്? കാലാകാലങ്ങളായി ഒരേ കുടുംബം നേതൃത്വം വഹിക്കുന്ന കോൺഗ്രസിനോടോ? അതോ കെഎം മാണിയുടെ മകൻ ജോസ് കെ മാണി നേതൃത്വം നൽകുന്ന ക്രിസ്ത്യൻ പാർട്ടിയായ കേരളം കോൺഗ്രസിനോടോ? അതോ അടുത്ത എംഎൽഎ കുപ്പായം തയ്പ്പിച്ചു വച്ചിരിക്കുന്ന ചാണ്ടി ഉമ്മനോടോ? എല്ലാവരും കണക്കാണ്.
മലബാറിലെ മുസ്ലിം പിന്നോക്കാവസ്ഥയും മുസ്ലിം ലീഗും.
മുസ്ലിം ലീഗ് കേരളത്തിലെ മുസ്ലിങ്ങൾക്ക് സാമൂഹികമായും വിദ്യാഭ്യാസപരമായും ഉന്നതി ഉണ്ടാക്കി എന്നൊരു വാദമുണ്ട്. മലബാറിലെ മുസ്ലിങ്ങളുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയ്ക്ക് ഒരു ചരിത്ര കാരണമുണ്ട്. ഒന്നാം ലോക മഹായുദ്ധത്തിൽ ബ്രിട്ടനോട് പരാജയപ്പെട്ട തുർക്കി ആയിരുന്നു അന്നത്തെ ലോക മുസ്ലിങ്ങളുടെ Califate. കേരളത്തിൽ നടന്ന ഖിലാഫത്ത് ലഹളയുടെ ഒരു കാരണം തുർകിക്ക് എതിരെ ബ്രിട്ടൻ യുദ്ധം ചെയ്തു എന്നത് കൊണ്ടാണ്.മെക്കയിലും മെദീനയിലും പക്ഷെ അറബികൾ തങ്ങൾക്ക് മുസ്ലിം ലോകത്തിന്റെ അധികാരം തിരികെ ലഭിക്കും എന്ന പ്രതീക്ഷയിൽ ബ്രിട്ടനെ പിന്തുണച്ചു, ഇന്ത്യയിൽ പിന്തുണ പക്ഷെ തുർകിക്ക് ആയിരുന്നു. മാത്രമല്ല മുസ്ലിം ഭരണാധികാരികൾ നയിച്ചിരുന്ന മുഗൾ സാമ്രാജ്യം പിടിച്ചെടുത്താണ് വടക്കേ ഇന്ത്യയിൽ ബ്രിട്ടൻ അധികാരത്തിൽ വരുന്നത്. പ്രധാനമായും ആദ്യം ബ്രിട്ടൻ തങ്ങളുടെ അധികാരം സ്ഥാപിക്കുന്നത് ബംഗാളിലാണ്. ബ്രിട്ടനോടുളള കടുത്ത എതിർപ്പ് ഇന്ത്യയിലെ മുസ്ലിങ്ങൾ നടപ്പിലാക്കിയത് ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടും ആധുനിക വിദ്യാഭ്യാസത്തോടും പാശ്ചാത്യമായ എന്തിനോടും മുഖം തിരിച്ചു നിന്നുകൊണ്ടാണ്. ഇത് ഏറ്റവും കൂടുതൽ പ്രകടമായത് ആദ്യം ബ്രിട്ടണിന് ഇന്ത്യയിൽ അധികാരം സ്ഥാപിച്ച ബംഗാളിലാണ്. ഇടതുപക്ഷം വളരെ വർഷങ്ങൾ ഭരിച്ച ബംഗാളിലെ മുസ്ലിങ്ങളുടെ സ്ഥിതി ഇന്നും മോശമായി തുടരാനുള്ള ഒരു കാരണം ഈ ചരിത്ര പശ്ചാത്തലം കൂടിയാണ്. ഇതേ അവസ്ഥ ആയിരുന്നു മലബാറിൽ.
കേരളത്തിൽ ഖിലാഫത് ലഹള നടന്ന വടക്കേ മലബാറിൽ ഇംഗ്ലീഷി / ആധുനിക വിദ്യാഭ്യസത്തോട് മുഖം തിരിച്ചു നിന്ന മുസ്ലിങ്ങൾ സ്വാതന്ത്ര്യത്തിനു ശേഷം , ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയതിനു ശേഷം വിദ്യാഭ്യാസത്തിൽ മുന്നോട്ട് കയറി വരാൻ കുറെ വർഷങ്ങൾ എടുത്തു. ഗൾഫിൽ പോയി ജോലി ചെയ്തത് നാട്ടിലേക്ക് അയക്കുന്ന പണവും, ബാബരി മസ്ജിദ് തകർത്തത്തിലൂടെ ഇന്ത്യയിലെ മുസ്ലിങ്ങളിൽ ഉണ്ടായ അരക്ഷിതാവസ്ഥയും ഒക്കെയാണ് കേരളത്തിൽ മുസ്ലിം സമൂഹത്തിൽ ഇപ്പോൾ കുറച്ചെങ്കിലും വിദ്യാഭ്യാസം കിട്ടാൻ കാരണം. പക്ഷെ മറ്റു സമുദായക്കാരുമായി താരതമ്യം ചെയുമ്പോൾ ഉന്നത വിദ്യാഭ്യാസ രംഗത്ത് മുസ്ലിങ്ങളുടെ സ്ഥിതി ഇപ്പോഴും വളരെ പിന്നോക്കമാണ്. ഉദാഹരണത്തിന് പതിനാലു ശതമാനം ജനസംഖ്യ ഉള്ള ഇന്ത്യയിൽ ഐഎഎസ് ഐപിഎസ് ഓഫിസർമാരിൽ വെറും മൂന്നു ശതമാനം മാത്രമാണ് മുസ്ലിങ്ങൾ. സർക്കാർ സർവീസിൽ മുസ്ലിം പ്രാധിനിത്യം വളരെ കുറവാണു എന്ന് പാലോളി മുഹമ്മദ് കുട്ടി കമ്മീഷൻ റിപ്പോർട്ടും സാക്ഷ്യപ്പെടുത്തുന്നു. മുസ്ലിം ലീഗ് ഇല്ലായിരുന്നു എങ്കിലും കേരളത്തിൽ മുസ്ലിങ്ങൾ വിദ്യാഭ്യാസപരമായി ഇന്നത്തെ നിലയിൽ തന്നെ ആയിരിക്കും, യഥാർത്ഥത്തിൽ മുസ്ലിം ലീഗിന് വലിയ പ്രാധിനിത്യം ഇല്ലാത്ത തെക്കൻ കേരളത്തിൽ മുസ്ലിങ്ങളുടെ സ്ഥിതി മുസ്ലിം ലീഗിന് വലിയ മേൽകൈ ഉള്ള വടക്കൻ കേരളത്തേക്കാൾ മെച്ചമാണ് എന്ന് തോന്നുന്നു. MES ഈ മേഖലയിൽ നടത്തിയ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്.
മുസ്ലിം ലീഗും സ്ത്രീകളും.
പെൺകുട്ടികൾ ഉന്നതവിദ്യാഭ്യാസം നേടുന്ന വളരെ അധികം കേസുകൾ മലബാറിൽ കാണാം എങ്കിലും, ജനസംഖ്യാ ആനുപാതികമായി മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസം ഇപ്പോഴും ഒരു വലിയ പ്രശനമാണ്. പ്രധാന കാരണം വളരെ ചെറുപ്പത്തിൽ തന്നെയുള്ള പെൺകുട്ടികളുടെ വിവാഹമാണ്. ഇത് തടയാൻ മുസ്ലിം ലീഗ് എന്തെങ്കിലും ചെയ്‌തതായി ഞാൻ കേട്ടിട്ടില്ല. ഇപ്പോഴുണ് മലബാറിലെ കോളേജുകളിൽ ചേരാൻ അപേക്ഷ കൊടുത്ത മുസ്ലിം പെൺകുട്ടികൾ വിവാഹം ചെയ്തു കൊടുക്കപെടുന്നത് കൊണ്ട് പഠനം തുടരാൻ കഴിയാതെ വരുന്നത് കാണാൻ കഴിയും. പ്രത്യേകിച്ചും പാവപെട്ട മുസ്ലിം കുടുംബങ്ങളിലാണ് ഇത് നടക്കുന്നത്, കാരണം പാവപെട്ടവർക്കാണ് പെൺകുട്ടികൾ ഒരു ബാധ്യത ആയി തോന്നുന്നത് ( Poor Economics : അഭിജിത് ബാനർജി) , മുസ്ലിം ലീഗിലെ സമ്പന്നരായ നേതാക്കളുടെ മക്കൾക്ക് ഇതൊരു പ്രശനം ആയി തോന്നാൻ സാധ്യത കുറവാണു. ഒരു പക്ഷെ അതുകൊണ്ടായിരിക്കണം ഇതൊരു ശരിയാക്കപ്പെടേണ്ട പ്രശ്‌നമായി മുസ്ലിം ലീഗിന് തോന്നാത്തത്. മുസ്ലിം ലീഗ് വനിതാ പ്രാധിനിത്യം വളരെ കുറവായ ഒരു പാർട്ടിയാണ്. അടുത്ത തവണ പകുതി സ്ഥാനാർത്ഥികളെ വനിതകൾ ആക്കി നിർത്താൻ മാത്രം വനിതാ നേതാക്കൾ അവർക്ക് ഉണ്ടോ എന്ന് തന്നെ എനിക്കറിയില്ല. ഇത് പക്ഷെ കേരളത്തിലെ ഏതാണ്ട് എല്ലാ പാർട്ടികൾക്കും പല തോതിൽ ബാധകമായ കാര്യമാണ്, മുസ്ലിം ലീഗിൽ വളരെ രൂക്ഷമാണെന്നു മാത്രം.
വർഷങ്ങൾ ആയിട്ടും മാറാത്ത സാമൂഹിക സാഹചര്യങ്ങൾ.
മലബാറിലെ മുസ്ലിങ്ങളുടെ സാമ്പത്തിക കാര്യങ്ങളിലും പുരോഗതി ഒന്നും ഉണ്ടായിട്ടില്ല. ഗൾഫിൽ നിന്ന് മലബാറിലേക്ക് പണം ഒഴുകുന്നു എന്നതൊക്കെ പറച്ചിൽ മാത്രമേ ഉള്ളൂ. വലിയ ശമ്പളം കിട്ടുന്ന ജോലികൾക്ക് ഗൾഫിലും നല്ല വിദ്യാഭ്യാസമുള്ളവരെയാണ് നിയമിക്കുന്നത്. ഡോക്ടർമാർ, നഴ്സുമാർ, എൻജിനീയർമാർ തുടങ്ങിയ വലിയ തസ്തികകളിൽ ഗൾഫിൽ മുസ്ലിം പ്രാധിനിത്യം കുറയാനുള്ള കാരണം ഇതാണ്. കുറഞ്ഞ കൂലി കിട്ടുന്ന വീട്ടുജോലികളും ഡ്രൈവർ ജോലികളും മറ്റുമാണ് ഭൂരിപക്ഷം മുസ്ലിങ്ങളും ഗൾഫിൽ ചെയ്യുന്നത്. ഇങ്ങിനെ ഉള്ളവർക്ക് നാട്ടിൽ നിന്ന് കുടുംബത്തെ കൂടെ താമസിപ്പിക്കാൻ അനുവാദമില്ലാത്തത് കൊണ്ട് ഇങ്ങിനെ ഉള്ള തൊഴിലാളികളും അവരുടെ നാട്ടിലെ കുടുംബങ്ങളും കടന്നു പോകുന്ന ജീവിത സാഹചര്യം ആലോചിക്കാൻ പോലും ആകാത്തതാണ്.
ചുരുക്കി പറഞ്ഞാൽ മതത്തിന്റെയോ വിശ്വാസികളുടെയോ ഉന്നമനം അല്ല മുസ്ലിം ലീഗിന്റെ ലക്‌ഷ്യം, അതായിരുന്നു എങ്കിൽ അത് ഇതുവരെ ഒരു പരാജയമാണ്. സാമൂഹികമായും, സാമ്പത്തികമായും മുന്നോക്കം നിൽക്കുന്ന അതിന്റെ നേതാക്കൾക്ക് മാത്രമാണ് നേട്ടം ഉണ്ടായിട്ടുള്ളത്. ഒരു വശത്ത് കൂടുതൽ അവകാശങ്ങൾ കേരളത്തിൽ മുസ്ലിങ്ങൾ തട്ടിയെയെടുക്കുന്ന എന്ന പരാതി കേൾപ്പിക്കുമ്പോൾ തന്നെ വസ്തുതകൾ പരിശോധിച്ചാൽ ജനസംഖ്യാ ആനുപാതികമായി അവകാശങ്ങൾ ലഭിക്കാത്ത ദളിത് ആദിവാസി വിഭാഗങ്ങളുടെ അവസ്ഥയിൽ ആണ് കേരളത്തിലെ മുസ്ലിങ്ങൾ എന്ന് കാണാം.
എന്തുകൊണ്ട് മുസ്ലിം ലീഗ് വർഗീയ പാർട്ടി അല്ല
മുസ്ലിം ലീഗ് ഒരു വർഗീയ പാർട്ടി ആണോ എന്ന് ചോദിച്ചാൽ അല്ല എന്നാണ് എന്റെ ഉത്തരം. കാരണം മറ്റു സമുദായങ്ങളെ ആക്രമിക്കാൻ പ്രേരിപ്പിക്കുന്ന ഒന്നും അവരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ചരിത്രം പക്ഷെ ഇങ്ങിനെ ആയിരുന്നില്ല. ഇന്ത്യ വിഭജനത്തിനു മുൻപ് മുസ്ലിങ്ങൾക്ക് പാകിസ്ഥാൻ എന്നൊരു രാജ്യം വേണമെന്ന് ബ്രിട്ടീഷുകാർക്ക് മനസിലാക്കി കൊടുക്കാൻ വേണ്ടി Direct Action Day എന്ന പേരിൽ കൽക്കട്ടയിൽ മുസ്ലിം ലീഗ് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തത് ഇവിടെ ഓർക്കേണ്ട വിഷയമാണ്. മുസ്ലിം ഭൂരിപക്ഷം ഉള്ള ഭൂരിപക്ഷം രാജ്യങ്ങളിലും ജനാതിപത്യമോ മത നിരപേക്ഷതയോ ഇല്ല എന്നതും നമ്മൾ കാണേണ്ട വസ്തുതയാണ്. ബംഗ്ലാദേശിൽ യുക്തിവാദികളെ വധിക്കാൻ ചില ഇസ്ലാമിക പണ്ഡിതന്മാർ ആഹ്വാനം ചെയ്തത് കൊണ്ട് കുറെ അധികം യുക്തിവാദികൾ കൊല്ലപ്പെട്ടിരുന്നു , കേരളത്തിലെ ഒരു മുസ്ലിം “പണ്ഡിതൻ” അതെ പോലുള്ള ഒരു ആഹ്വാനം നൽകുന്ന വീഡിയോ ഈയടുത്ത് ഞാൻ കണ്ടിരുന്നു. മുസ്ലിം ലീഗ് അതിനെ എതിർത്തോ അപലപിച്ചോ ഒരക്ഷരം മിണ്ടി ഞാൻ കണ്ടിട്ടില്ല. അതേസമയം ജോസഫ് മാഷിന്റെ വിഷയത്തിലും എല്ലാം മത ത്രീവ്രവാദികളെ പൊതു സമൂഹത്തിൽ നിന്ന് മാറ്റിനിർത്താൻ മുസ്ലിം ലീഗ് മുന്നോട്ടു വന്നു എന്നത് മാതൃകാപരമാണ്. തങ്ങൾക്ക് രാഷ്ട്രീയമായി ക്ഷീണം ഉണ്ടാകുന്നു എന്ന് കാണുമ്പോൾ മാത്രം രംഗത്ത് വരുന്ന ഒരു നേതൃത്വം ആണ് മുസ്ലിം ലീഗിന്റേത്. രാഷ്ട്രീയത്തിന് വേണ്ടി മതം ഉപയോഗിക്കുന്ന ഒരു കൂട്ടം മാത്രമാണ് മുസ്ലിം ലീഗ് നേതൃത്വം. മതത്തെ ഉദ്ധരിക്കുക എന്നതൊന്നും അവർക്കൊരു പ്രശനമേ അല്ല.
പക്ഷെ ബാബരി മസ്ജിദ് തകർക്കപ്പെട്ട സന്ദർഭത്തിലും മുസ്ലിം സമുദായം വികാരത്തിൽ വീണു പോകേണ്ട മറ്റു സന്ദർഭങ്ങളിലും വളരെയധികം ശാന്തതയോടെ ആ സന്ദർഭങ്ങളെ കൈകാര്യം ചെയ്തു എന്നത് മുസ്ലിം ലീഗിന്റെ തൊപ്പിയിലെ പൊൻതൂവൽ തന്നെയാണ്. ഇക്കാര്യത്തിൽ ആർക്കും എതിരഭിപ്രായം ഉണ്ടാകും എന്ന് തോന്നുന്നില്ല.
കേരളം സാമുദായിക വർഗീയ സംഘടനകളുടെ ഒരു കൂട്ടം മാത്രമാണ്.
സാധാരണ ആളുകളുടെ നികുതി കൊടുത്ത് വർഗീയത വളർത്താൻ സഹായിക്കുന്ന ഒരു വിചിത്ര സംസ്ഥാനമാണ് കേരളം. കാരണം എൻഎസ്എസ്, എസ്എൻഡിപി തുടങ്ങിയ സാമുദായിക സംഘടനകൾ എയ്ഡഡ് സ്കൂളുകളിലെ ടീച്ചർ നിയമങ്ങളിലൂടെ കോടിക്കണക്കിനു രൂപ ഉണ്ടാകുന്നുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്. എന്നാൽ ഇങ്ങിനെ നിയമിക്കുന്ന അദ്ധ്യാപകർക്ക് ശമ്പളം കൊടുക്കുന്നത് സർക്കാർ ഖജനാവിൽ നിന്നാണ്. നികുതി ദായകരുടെ പണം. സമൂഹത്തിന്റെ ഉന്നമനം ആണ് ഇവരുടെ ലക്‌ഷ്യം എങ്കിൽ, അവരുടെ സമുദായത്തിൽ നിന്ന് തന്നെ പിഎസ്‌സി വഴി കൈക്കൂലി ഇല്ലാതെ നിയമനം നടത്തണം. പക്ഷെ അങ്ങിനെ വരുമ്പോൾ നേതാക്കന്മാരുടെ ബന്ധുക്കളെ സ്കൂളുകളിൽ നിയമിക്കാൻ കഴിയില്ലലോ. ഈ തീവെട്ടിക്കൊള്ള നിർത്താൻ വേണ്ടി മുണ്ടശ്ശേരി മാഷ് കൊണ്ടുവന്ന ബില്ലിനെ എതിർക്കുകയും , ആ സർക്കാരിനെ തന്നെ പിരിച്ചുവിടാൻ സഹായിക്കുകയും ചെയ്താണ് , ഇന്ന് നമ്മൾ സാമുദായിക ആചാര്യൻ എന്നൊക്കെ വിളിക്കുന്ന മന്നത് പത്മനാഭന്റെ ഒക്കെ പ്രശസ്തിക്ക് കാരണം.
മുസ്‌ലിം മുഖ്യമന്ത്രി അല്ല പ്രധാന പ്രശ്‌നം.
ഇനി എന്തുകൊണ്ട് കേരളത്തിൽ ഒരു മുസ്ലിം മുഖ്യമന്ത്രീ ഉണ്ടാകുന്നില്ല എന്ന ചോദ്യത്തിലേക്ക്. Law of large numbers എന്നൊരു സിദ്ധാന്തമുണ്ട്. ഒരു നാണയം അഞ്ചോ പത്തോ തവണ ടോസ് ചെയ്താൽ അതിൽ പകുതി ഹെഡും ടെയിലും വരണം എന്നില്ല എന്നും, വളരെ അധികം തവണ നാണയം ടോസ് ചെയ്യുമ്പോൾ തീർച്ചയായും അൻപത് ശതമാനം തവണ ഹെഡും ടെയിലും ആയി വരും എന്നാണ് ഈ സിദ്ധാന്തം. ചുരുക്കി പറഞ്ഞാൽ കേരളം രൂപീകരിച്ചിട്ട് ഉണ്ടായ പത്തോ പന്ത്രണ്ടോ മുഖ്യമന്ത്രിമാരിൽ മുസ്ലിം മുഖ്യമന്ത്രി ഇല്ല എന്നത് മുസ്ലിങ്ങളോടുള്ള വിവേചനം ആയി കണക്കാക്കാൻ കഴിയില്ല, പക്ഷെ എന്നെ അത്ഭുതപ്പെടുത്തുന്നത് ഒരു പാർട്ടിയിലും മുഖ്യ മന്ത്രി സ്ഥാനത്തേക്ക് ഉയർത്തി കാണിക്കാൻ പറ്റിയ മുസ്ലിം നേതാക്കൾ പോലും ഇപ്പോൾ ഇല്ല എന്നതാണ്. അതൊരു വലിയ പ്രശ്നമാണ്. ഒരു പാർട്ടിയിൽ നേതാക്കളെ വളർത്തികൊണ്ടുവരുന്നത് പല ഘടകങ്ങളാണ്. രമേശ് ചെന്നിത്തലയെ എൻഎസ്എസ് വളർത്തിക്കൊണ്ടു വരുന്നതാണ് എന്ന് കേൾക്കുന്നു. സ്വാശ്രയ കോളേജ് പോലുള്ള ഒരു ചെറിയ വിഷയം പോലും ശരിയായി കൈകാര്യം ചെയ്യാൻ പറ്റാതിരുന്ന എകെ ആന്റണിയെ പോലെ ഒരു കഴിവ് കേട്ട മുഖ്യമന്ത്രിയെ തീർച്ചയായും മനോരമ വളർത്തിക്കൊണ്ടു വന്നതാണ്. ഉമ്മൻ ചാണ്ടിക്ക് പിറകിൽ ആരാണ് എന്ന് എനിക്കറിയില്ല. പക്ഷെ കേരളത്തിൽ പ്രധാനപ്പെട്ട രാഷ്ട്രീയ കക്ഷികൾ കൂടുതൽ മുസ്ലിങ്ങളെ നേതൃസ്ഥാനത്തേക്ക് വളർത്തി കൊണ്ട് വരണം. അതിനു മുസ്ലിം ലീഗ് എന്ന വൻമരം തടസമായി നിൽക്കുന്ന കാഴ്ച്ചയായാണ് ഇപ്പോൾ കാണുന്നത്. കേരള കോൺഗ്രസ് മാണി ജോസഫ് വിഭാഗങ്ങൾ ഉള്ളപ്പോൾ തന്നെ ക്രിസ്ത്യൻ നേതാക്കൾക്ക് കോൺഗ്രസിൽ വളർന്നു വരാം എങ്കിൽ മുസ്ലിം നേതാക്കൾ വളർന്നു വരുന്നത് വർഗീയത ആകുന്നത് എങ്ങിനെയെന്ന് എനിക്ക് മനസിലാകുന്നില്ല. എനിക്ക് തോന്നുന്നത് മുസ്ലിം ലീഗ് സാമുദായിക കക്ഷി അല്ലാതെ ഇന്നത്തെ പോലെ ഒരു രാഷ്ട്രീയ കക്ഷിയായി കൂടെ നിർത്തിയിരിക്കുന്നത് തന്നെ ഇതുപോലെ സ്വന്തം പാർട്ടിയിൽ മുസ്ലിം പ്രാതിനിധ്യം ഇല്ല എന്ന കാര്യം മറച്ചുവെയ്ക്കാൻ കൂടിയാണെന്നു തോന്നുന്നു. (ഈ പാരഗ്രാഫിലെ മുസ്ലിം എന്ന വാക്ക് മാറ്റി സ്ത്രീകൾ, ആദിവാസികൾ, ദളിത് എന്നൊക്കെ വച്ചാൽ മുസ്ലിം മുഖ്യ മന്ത്രി ഇല്ലാതിരുന്നത് വലിയ കാര്യമായി തോന്നില്ല. അൻപത് ശതമാനത്തിൽ കൂടുതൽ ഉള്ള സ്ത്രീകൾക്ക് ഒരു പ്രതിനിധി ഇതുവരെ ഉണ്ടായിട്ടില്ല പിന്നെയാണ്..)
പ്രബുദ്ധ കേരളം എന്ന പൊള്ളത്തരം.,
ചുരുക്കി പറഞ്ഞാൽ കേരളം പ്രബുദ്ധ രാഷ്ട്രീയ സംസ്കാരം ഉള്ള ഒരു സംസ്ഥാനം ഒന്നുമല്ല. SNDP , NSS, ക്രിസ്ത്യൻ സഭകൾ, മുസ്ലിം ലീഗ് തുടങ്ങി മതത്തിന്റെയും ജാതിയുടെയും നീക്കുപോക്കുകൾ നടത്തി മതസൗഹാർദ്ദം നിലനിർത്തി പോകുന്ന ഒരു സംസ്ഥാനം മാത്രമാണ് കേരളം. മതേതര രാഷ്ട്രീയമാണ് തീർച്ചയായും കൂടുതൽ പക്വത ഉള്ള രാഷ്ട്രീയം. ബിജെപി യെ പോലുള്ള ഭൂരിപക്ഷ വർഗീയ പാർട്ടികളെ എതിർക്കാൻ ന്യൂനപക്ഷെ വർഗീയതയെയും എതിർക്കേണ്ടതാണ്, അത് ക്രിസ്ത്യാനികൾ ചെയ്താലും , മുസ്ലിങ്ങൾ ചെയ്താലും, നായന്മാർ ചെയ്താലും, വെള്ളാപ്പള്ളി ചെയ്‌താലും ഒരേപോലെയാണ്. തിരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് വർഗീയ സംഘടനകളുടെ നേതാക്കളെയും ബിഷപ്പുമാരെയും കാണുന്ന പതിവ് രാഷ്ട്രീയക്കാർ അവസാനിപ്പിക്കാതെ ഇത് മാറ്റാൻ പറ്റില്ല. പക്ഷെ അതിനു നട്ടെല്ല് വേണം,അടുത്ത നൂറു വർഷത്തേക്ക് വേണ്ട നാടിൻറെ വികസനത്തിന് ഉള്ള ദീർഘവീക്ഷണം വേണം, അതെല്ലാം നടപ്പിലാക്കാൻ ഉള്ള കഴിവ് വേണം. രാഷ്ട്രീയക്കാർ കാണാൻ വരാതെ ആകുമ്പോൾ അണികൾക്കും ഈ ഈ നേതാക്കന്മാർ ഏതോ വലിയ ആളുകളാണ് എന്നുള്ള തോന്നൽ മാറിക്കിട്ടും. സാധാരണക്കാർ ജാതിയും മതവും നോക്കാതെ രാഷ്ട്രീയ പാർട്ടികളുടെ ആശയങ്ങളെയും അവരുടെ കഴിവും നോക്കി വോട്ട് ചെയ്യുന്ന കാലം വരുമ്പോൾ മാത്രമേ കേരളം രാഷ്ട്രയീ പ്രബുദ്ധമായ എന്ന് നമുക്ക് പറയാൻ കഴിയൂ…
Leave a Reply