
“മഹാത്മാ ഗാന്ധി കൊല്ലപ്പെട്ടു, കൊന്നത് ഒരു ഹിന്ദുവാണ്”
മഹാത്മാ ഗാന്ധി കൊല്ലപ്പെട്ടപ്പോൾ ന്യൂ യോർക്ക് ടൈംസ് ഉൾപ്പെടെ ഉള്ള പത്രങ്ങളി വന്ന ഹെഡിങ് ആണിത്. ഓൾ ഇന്ത്യ റേഡിയോ വരെ ഇങ്ങിനെയാണ് മഹാത്മാ ഗാന്ധിയുടെ കൊലപാതകം റിപ്പോർട്ട് ചെയ്തത്. കാരണം എന്തെന്നോ , മഹാതമാ ഗാന്ധിയെ വധിച്ചതിന് ശേഷം, അത് ചെയ്തത് ഒരു മുസ്ലിം ആണെന്ന വാർത്ത പരത്താൻ ആർ എസ് എസ് പദ്ധതി ഇട്ടിരുന്നു. മഹാത്മാ ഗാന്ധിയെ വധിച്ച അന്ന് ജനക്കൂട്ടത്തിൽ ആരോ ഒരാൾ ഇത് ചെയ്തത് ഒരു മുസ്ലിം ആണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞിരുന്നു. പക്ഷെ നാഥുറാം ഗോഡ്സെയെ കയ്യോടെ പിടികൂടിയത് ആ പ്ലാൻ പൊളിച്ചു.
ഇത് ചെയ്തത് ഒരു മുസ്ലിം ആണെന്ന് വാർത്ത പരന്നിരുന്നു എങ്കിൽ ലോകം കണ്ട ഏറ്റവും വലിയ വംശഹത്യ ഇന്ത്യയിൽ നടക്കുമായിരുന്നു, ആർ എസ എസ്സിന്റെ പ്ലാനും അത് തന്നെ ആയിരുന്നു. മൌണ്ട് ബാറ്റൺ ആണ് ഗാന്ധി വധത്തിന്റെ വാർത്ത നൽകുമ്പോൾ അത് ചെയ്തത് ഒരു ഹിന്ദുവാണ് എന്ന് പ്രത്യകം വാർത്ത കൊടുക്കണം എന്ന് നിർദ്ദേശിച്ചത്.
എന്തിനാണ് മഹാത്മാ ഗാന്ധിയോട് ആർ എസ് എസ്സിന് ഇത്ര വിരോധം വരാൻ കാരണം? ഗോഡ്സെയുടെ പെട്ടെന്നുള്ള പ്രചോദനം ഇന്ത്യ വിഭജന സമയത്ത് ഇന്ത്യ പാകിസ്‌ഥാന് കൊടുക്കാൻ ഉണ്ടായിരുന്ന പണം കൊടുക്കില്ല എന്ന് അന്നത്തെ ഇന്ത്യ ഗവൺമെന്റ് എടുത്ത തീരുമാനം മഹാത്മാഗാന്ധി ഉപവാസ സമരം ചെയ്തു മാറ്റിയത് കൊണ്ടതാണെന്നു പ്രത്യക്ഷത്തിൽ തോന്നാം എങ്കിലും അതിനേക്കാൾ വലിയ ഒരു കാരണം കൂടിയുണ്ട്.
റഹ്മത് അലി എന്നയാളുടെ ഐഡിയ ആയിരുന്നു ഇന്ത്യ പാക്കിസ്ഥാൻ വിഭജനം. കള്ളു കുടിയനും, പന്നി മാംസം ഭക്ഷിക്കുന്നവനും ആയ ഒരു തരത്തിലും മുസ്ലിം അല്ലാത്ത ജിന്ന അതേറ്റു പിടിച്ചു എന്നെ ഉള്ളൂ. ബ്രിട്ടീഷുകാരാണ് ഇന്ത്യ വിഭജിച്ചത് എന്ന് പറയുമ്പോൾ അതെ ഇന്ത്യയും പാകിസ്ഥാനും ആയുള്ള വിഭജനം എന്നത് കൊണ്ടുമാത്രം അല്ല, മറിച്ച് ശിപായി ലഹള എന്ന് അവർ വിളിക്കുന്ന ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ശേഷം ഇന്ത്യയിൽ മതത്തിന്റെ അടിസ്ഥാനത്തിൽ ഉള്ള വിഭജനം വളരെ നന്നായി നടപ്പിലാക്കിയത് ബ്രിട്ടൻ ആയിരുന്നു എന്നത് കൊണ്ട് കൂടിയാണ്. അതുവരെ സമ്പത്ത് കൊള്ളയടിക്കാനും മറ്റും മതവും ഒന്നും നോക്കാതെ പല രാജ്യങ്ങളും അങ്ങോട്ടും ഇങ്ങോട്ടും ആക്രമിക്കുന്നത് പതിവായിരുന്നു. സോമനാഥ ക്ഷേത്രം ആക്രമിച്ചത് മുഹമ്മദ് ഗസ്‌നി മാത്രമല്ല മറ്റു ഹിന്ദു രാജാക്കന്മാർ കൂടിയാണ്. കൊച്ചിയിലെ ഗൗഡ സരസ്വത ക്ഷേത്രം ശക്തൻ തമ്പുരാൻ കൊള്ളയടിച്ച കഥ കേരള ചരിത്രം പഠിച്ചവർക്ക് അറിയാം.
പാകിസ്ഥാൻ എന്ന മുസ്ലിം രാജ്യം നിലവിൽ വരണം എങ്കിൽ ഹിന്ദു മുസ്ലിം വഴക്കു അത്യാവശ്യം ആണെന്ന് ആദ്യം മനസിലായത് മുസ്ലിം ലീഗിനാണ്. 1946 ഓഗസ്റ്റ് 16 നു പ്രത്യക്ഷ കർമ്മ ദിനം (direct action day) എന്ന് പറഞ്ഞതു അവർ കൽക്കട്ടയിൽ ഹിന്ദുക്കളെ കൂട്ടക്കുരുതി നടത്തി. അതിനു പക്ഷെ ഹിന്ദു ഭൂരിപക്ഷ പ്രദേശത്തു പ്രതീക്ഷിച്ച പോലെ തിരിച്ചടി കിട്ടുകയും ചെയ്തു. ഇന്ത്യ സ്വന്തന്ത്ര്യം കിട്ടുന്ന സമയം ആകുമ്പോഴേക്കും രണ്ടു രാജ്യങ്ങൾ എന്നത് അല്ലാതെ വേറെ വഴി ചിന്തിക്കാൻ പോലും അസാധ്യം ആയിരുന്നു, ഒരാൾക്ക് ഒഴിച്ച്. ഉപവാസം കൊണ്ട് അത്ഭുതങ്ങൾ കാണിച്ചിരുന്ന ഗാന്ധിക്ക് മാത്രം ആണ് ഹിന്ദു മുസ്ലിം ഐക്യം എന്ന മാജിക് കാണിക്കാൻ സാധിച്ചിരുന്നത്.
ഇന്ത്യ പാകിസ്ഥാൻ വിഭജന സമയത്ത് പ്രധാനമായും രണ്ടു സംസ്ഥാനങ്ങൾ ആണ് വിഭജിക്കപ്പെട്ടതു. പഞ്ചാബും, ബംഗാളും. കണക്കുകൾ എടുത്തു നോക്കിയാൽ പഞ്ചാബിൽ ബ്രിട്ടീഷ് സൈന്യം ഉണ്ടായിട്ട്ട് പോലും ലക്ഷകണക്കിന് ആളുകൾ കൊല്ലപ്പെട്ടു. ഇന്ത്യയിലേക്ക് വരുന്ന ഹിന്ദുക്കളെ കൊല്ലാൻ പാകിസ്താനിലും, ഇന്ത്യയിൽ നിന്ന് പാകിസ്താനിലേക്ക് പോകുന്ന മുസ്ലിങ്ങളെ കൊള്ളാൻ ഹിന്ദുക്കളും സിഖുകാരും ഇന്ത്യയിലും ഭ്രാന്ത് പിടിച്ചു അലഞ്ഞു നടന്നു. ഞാൻ മുൻപ് എഴുതിയ പോലെ ഇന്ത്യയിലേക്കും പാക്കിസ്ഥാനിലേക്കും വന്നുചേർന്ന ചില ട്രെയിനുകൾ നിറയെ ശവശരീരങ്ങൾ മാത്രം ആയിരുന്നു.
ഇങ്ങിനെ നടന്ന ചില കൊലപാതകങ്ങൾ ആവേശത്തിന്റെ പുറത്തു ആയിരുന്നെങ്കിൽ ഭൂരിഭാഗവും വളരെ ആസൂത്രിതം ആയി നടപ്പിൽ ആക്കിയത് ആയിരുന്നു. ആർ എസ് എസ് , ഹിന്ദു മഹാ സഭ തുടങ്ങിയ സംഘടനകൾ ഏരിയ തിരിച്ച് ആളുകളെ ഏർപ്പാട് ചെയ്ത് നടത്തിയ കൊലപതകങ്ങൾ പിന്നീട് നടന്ന അന്വേഷങ്ങളിൽ ഡോക്യുമെന്റ് ചെയ്തിട്ടുണ്ട്. ഇങ്ങിനെയുള്ള അക്രമങ്ങൾ നടത്താൻ ഉള്ള അവരുടെ കഴിവ് ആധുനിക ഇന്ത്യയിൽ ഗുജറാത്ത് കലാപസമയത്ത് നാം കണ്ടതാണ്. വികസനം എന്നൊക്കെ വീമ്പിളക്കും എങ്കിലും മോദിയെ പലർക്കും ഇഷ്ടം ഇന്ത്യയിലെ മുസ്ലിങ്ങളെ ഒതുക്കാൻ ഏറ്റവും പറ്റിയ ആൾ എന്ന നിലയ്ക്ക് മാത്രം ആണ്.
പഞ്ചാബിൽ ഇങ്ങിനെ ആയിരുന്നു എങ്കിലും ബംഗാളിൽ പക്ഷെ മരണം ആയിരങ്ങളിൽ ഒതുങ്ങി. കാരണം നഖവാലി എന്ന മുസ്ലിം ഭൂരിപക്ഷ സ്ഥലത്തു മുസ്ലിങ്ങൾ ഹിന്ദുക്കളെ കൂട്ട ബലാത്സംഗത്തിനും കൊലപാതകത്തിനും ഇരയാക്കിയപ്പോൾ, മറ്റു ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിൽ മുസ്ലിങ്ങൾക്ക് എതിരെ കലാപങ്ങൾ നടന്നു. ഗാന്ധി നഖ്‌വാലി സംഭവം തിരിച്ചടിക്ക് വേണ്ടി ഉപയോഗിക്കാതെ മുസ്ലിങ്ങളെ ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിൽ അക്രമിക്കരുത് എന്ന് പറഞ്ഞു ഉപവാസം ഇരുന്നു. വളരെ ദിവസങ്ങളാലെ ഉപവാസത്തിന്റെ അവസാനം മുസ്ലിങ്ങളും ഹിന്ദുക്കളും ഒരുമിച്ച് വന്നു തങ്ങൾ പരസ്പരം ആക്രമിക്കില്ല എന്ന് ഉറപ്പു കൊടുത്തതിന്റെ അടിസ്ഥാനത്തിൽ ആണ് ഗാന്ധി ഉപവാസം അവസാനിപ്പിച്ചത്. ഇതുകൊണ്ടാണ് ബംഗാളിലെ മരണനിരക്ക് പഞ്ചാബിനെക്കാൾ വളരെ കുറവായിരുന്നു. രണ്ടു ഗാന്ധി ഉണ്ടായിരുന്നെങ്കിൽ എന്ന് ഇന്ത്യ ആഗ്രഹിച്ച സമയം ആയിരുന്നു അത്.
മരണത്തിനു മുൻപ് ഗാന്ധി പാകിസ്താനിൽലക് ഒരു കാൽനടയാത്ര പ്ലാൻ ചെയ്തു. അങ്ങോട്ടും ഇങ്ങോട്ടും പലായനം ചെയ്ത ആളുകൾ തിരികെ കൊണ്ടുവരിക എന്നതായിരുന്നു ഗാന്ധിയുടെ പ്ലാൻ. അത് എന്ത് വില കൊടുത്തും തടയേണ്ടത് ആർ എസ എസ്സിന്റെ ആവശ്യം ആയിരുന്നു. അതും ഗോഡ്സെയ്ക്കും കൂടെ ഗാന്ധി വധം പ്ലാൻ ചെയ്ത മറ്റു ആളുകൾക്കും ഗാന്ധിയെ വധിക്കാൻ ഒരു കാരണം ആയിത്തീർന്നു.
കാണ്ഡഹാർ മുതൽ ശ്രീലങ്ക വരെയുള്ള ഇന്ത്യയെ മനുസ്മ്രിതിയുടെ അടിസ്ഥാനത്തിൽ ഉള്ള ഏകശിലാരൂപമായ ഒരു രാജ്യമായി കൊണ്ടുവരാൻ വേണ്ടി ശ്രമിക്കുന്ന ഒരു സംഘടനയാണ് ആർ എസ എസ്. ദേശീയത ഒരു വലിയ കുറ്റമല്ല, പക്ഷെ ഒരു രാജ്യത്തിൽ തന്നെയുള്ള ഒരു വിഭാഗത്തെ ശത്രുക്കൾ ആയി കണക്കാക്കി നടത്തുന്ന ദേശീയത ഫാസിസം ആണ്.
ഞാൻ ഒരു ഇന്ത്യക്കാരൻ ആണ്, മലയാളി ആണ് എന്നൊക്കെ പറയുന്നത് അഭിമാനമാണ് എന്ന് കരുതിയിരുന്ന ഒരാള് ആണ് ഞാൻ, ജിദ്ദു കൃഷ്ണമൂർത്തിയുടെ freedom from the known ഒക്കെ വായിക്കുന്നതിനു മുൻപ്. യഥാർത്ഥത്തിൽ ഞാൻ ഒരു ഇന്ത്യക്കാരൻ ആണ്, പാകിസ്ഥാനി ആണ്, മുസ്ലിം ആണ്, ഹിന്ദു ആണ്, നായർ ആണ്, സുന്നി ആണ്, പുരുഷൻ ആണ് എന്നൊക്കെ പറയുമ്പോൾ നമ്മൾ യഥാർത്ഥത്തിൽ ചെയ്യുന്നത് നമ്മൾ, നമ്മുടേത് അല്ലാത്ത എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് മറ്റുള്ള മനുഷ്യരിൽ നിന്ന് വ്യത്യസ്തരായ ആരോ ആണ് എന്നാണ് പറയുന്നത്.
അത് ഒരർത്ഥത്തിൽ വയലൻസ് ആണ്, പക്ഷേ നമുക്ക് സ്കൂളിൽ നിന്നും , സമൂഹത്തിൽ നിന്നും, സമുദായത്തിൽ നിന്നുമെല്ലാം കിട്ടിയ കണ്ടിഷനിങ് കാരണം നമുക്ക് മനസ്സിലാകുന്നില്ല എന്നെ ഉള്ളൂ..
ഓർക്കുക ഇന്ത്യയിൽ , കേരളത്തിൽ ഒരു പുരുഷനോ സ്ത്രീയോ ആയി, ഹിന്ദുവോ മുസ്ലിമോ ആയി ഒക്കെ നിങൾ ജനിച്ചതിലും വളർന്നതിലും നിങ്ങൾക്കും, അങ്ങിനെ അല്ലാതെ വേറെ രാജ്യത്ത്, വേറെ മതത്തിലും ലിംഗത്തിലും പിറന്നതിൽ മറ്റുള്ളവർക്കും പ്രത്യേകിച്ച് റോൾ ഒന്നുമില്ല എന്ന് മനസ്സിലാക്കി കഴിഞ്ഞാൽ നമുക്ക് നമ്മുടെ ദേശ മത ജാതി സ്നേഹം കൊണ്ട് മറ്റുള്ളവരോട് ഉണ്ടാകുന്ന വെറുപ്പിൻ്റെ വ്യർഥത്ത മനസ്സിലാകും..
എഴുത്തിനു സപ്പോർട്
സ്നേഹം ❤
LikeLike