#justiceformanishavalmiki

“ഞങ്ങൾ നൈൽ നദിയിൽ നിന്ന്  കൂടുതൽ കനാലുകൾ  പണിയും, അതുവഴി കൂടുതൽ മരുഭൂമിയിൽ കൃഷി ചെയ്യാൻ സാധിക്കും.ഹുസ്നി മുബാറക്കിനെ പോലെ വർഷങ്ങളായി  അധികാരത്തിൽ കടിച്ചു തൂങ്ങുന്ന  അധികാര ദാഹികളെ പുറത്താക്കും.  ഈജിപ്ത് ലോകത്തിനു തന്നെ അഭിമാനം ആകുന്ന ഒരു രാജ്യമായി മാറും.” അത് പറയുമ്പോൾ ആ ചെറുപ്പക്കാരന്റെ  കണ്ണുകൾ പ്രതീക്ഷ കൊണ്ട് തിളങ്ങി.  

രണ്ടായിരത്തി പതിനൊന്നിൽ ഞങ്ങൾ ഈജിപ്ത് സന്ദർശിച്ചപ്പോൾ ഞങ്ങളുടെ ഗൈഡ് ആയിരുന്നു സമീർ. ട്യൂണിഷ്യയിൽ നിന്നാരംഭിച്ച് അറബ് ലോകത്തെയാകെ ഇളക്കി മറിച്ച മുല്ലപ്പൂ വിപ്ലവം നടക്കുന്ന കാലം ആയിരുന്നു അത്. ഈജിപ്തിലെ താഹിറിർ സ്‌ക്വയറിൽ പതിനായിരക്കണക്കിന് ഈജിപ്റ്റുകാർ പട്ടാളമേധാവിയും പിന്നീട് ദീർഘകാലമായി തങ്ങളുടെ പ്രെസിഡന്റുമായ ഹുസ്നി മുബാറകിനെതിരെ സമരം ചെയ്യുകയായിരുന്നു. അതിനെ കുറിച്ചുള്ള ടൂറിസ്റ്റുകളായ ഞങ്ങളുടെ ചോദ്യത്തിനാണ് സമീർ മേല്പറഞ്ഞ ഉത്തരം നൽകിയത്.

മുല്ലപ്പൂ വിപ്ലവും അഥവാ അറബ് സ്പ്രിങ് അമേരിക്കയിൽ നടന്ന ഒക്കുപൈ വാൾ സ്ട്രീറ്റ് പോലെ ഒരു വ്യക്തിയോ പ്രസ്ഥാനമോ നേതൃത്വം നൽകാതെ അവിടെ പങ്കെടുക്കുന്ന എല്ലാവര്ക്കും ഒരേ പോലെ നേതൃത്വമുള്ള വളരെ ജനാധിപത്യപരമായ ഒരു പക്ഷോഭമായിരുന്നു. 

പിന്നീട് ഈ സമരത്തിന്റെ ഭാഗമായി ഹോസ്നി മുബാറക് രാജിവച്ചു അദ്ദേഹം അധികാരം സൈന്യത്തിന് കൈമാറി. പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ പക്ഷെ  മേല്പറഞ്ഞ പോലെ തെരുവിൽ  സമരം ചെയ്ത രാജ്യത്തിൻറെ പുരോഗതി സ്വപ്നം കണ്ട ചെറുപ്പക്കാരുടെ സർക്കാർ അല്ല അധികാരത്തിൽ വന്നത് പകരം ഇസ്ലാമിക നിയമങ്ങളെ ആധുനിക ജനാധിപത്യ നിയമങ്ങൾക്ക് മുകളിൽ പ്രതിഷ്ഠിക്കുന്ന മുസ്ലിം ബ്രദർഹുഡ് മുഹമ്മദ് മുർസിയുടെ നേതൃത്വത്തിൽ അധികാരത്തിൽ വരികയും അവർ ഭരണ ഘടന ഇസ്ലാമിക നിയമങ്ങളുടെ അടിസ്ഥാനത്തിൽ മാറ്റാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തു. ഒരു ജനകീയ പ്രക്ഷോഭത്തെ മതവാദികൾ  ഹൈജാക്ക് ചെയ്ത കാഴ്ചയാണ് അവിടെ ലോകം കണ്ടത്.  കോടതിക്ക് മുകളിൽ തന്റെ അധികാരം സ്ഥാപിക്കാൻ ശ്രമിച്ച മുർസിയെ നീക്കാൻ 2013 ൽ ജിപ്തിൽ മറ്റൊരു ജനകീയ  വിപ്ലവം വേണ്ടി വന്നു.

ഇന്ത്യയിൽ ജനകീയ പ്രശ്നങ്ങളെ മേല്പറഞ്ഞ പോലെ രാഷ്ട്രീയക്കാർ ഉപയോഗിച്ച് കണ്ടത് 2012 ൽ അണ്ണാ ഹസാരെ ഡൽഹിയിൽ നടത്തിയ സമരത്തിലും അതെ വർഷത്തിൽ തന്നെ നിർഭയ എന്ന ജ്യോതി സിങ് ബലാത്സംഗം ചെയ്യപ്പെട്ടു കൊല്ലപ്പെട്ട കേസിലും ആയിരുന്നു. 

നിർഭയ കേസ് ഇന്ത്യയുടെ മനസാക്ഷിയെ ഞെട്ടിച്ച ഒന്നായിരുന്നു. കാരണം തന്റെ സുഹൃത്തിന്റെ കൂടെ ബസിൽ പോയ ഒരു പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി എന്നത് മാത്രമല്ല ഇരുമ്പ് ദണ്ഡ് കുത്തി കയറ്റി ആന്തരിക അവയവങ്ങൾ വെളിയിലെടുത്ത ക്രൂരത കൊണ്ട് കൂടി നമ്മളെ നടുക്കിയ ഒരു കേസാണത്. മനുഷ്യർക്ക് മറ്റു മനുഷ്യരോട് എന്ത് കാരണം കൊണ്ടാണെങ്കിലും ഇത്രയ്ക്ക് ക്രൂരത കാണിക്കാൻ കഴിയുമോ എന്ന് ഇന്ത്യക്കാർ പരസ്പരം ചോദിച്ച ഒരു സംഭവം. ഇന്ത്യയിലെ യുവത്വം ഒന്നായി തെരുവിൽ ഇറങ്ങിയ സമയം.

പക്ഷെ ആ സമരത്തെയും അണ്ണാ ഹസാരെയുടെ ജനകീയ  സമരത്തെയും ബിജെപി സമർത്ഥമായി അധികാരത്തിൽ എത്താൻ ഉപയോഗിക്കുന്നതാണ് നമ്മൾ പിന്നീട് കണ്ടത്. ബാബ് രാംദേവ്, വി കെ സിംഗ് തുടങ്ങിയ പ്രമുഖർ അന്ന് ആ സമരമുഖത് ഉണ്ടായിരുന്നു, പിന്നീട് ആ സമരങ്ങളെ രാഷ്ട്രീയമായി താങ്കൾക് അനുകൂലമാക്കാൻ സഹായിച്ചതിന് ബാബാ രാംദേവിനും വികെ സിങ്ങിനും ബിജെപി തിരിച്ചു സഹായം നൽകുകയും ചെയ്തു.

ഇപ്പോൾ ഉത്തർപ്രദേശിൽ  ഒരു ദളിത് പെൺകുട്ടി ഏതാണ്ട് നിർഭയ കൊല്ലപ്പെട്ട അതെ പോലെ തന്നെ കൊല്ലപ്പെട്ടിട്ടുണ്ട്. കാലുകൾ തല്ലിയൊടിക്കപെട്ട നിലയിൽ, നാക്ക് കടിച്ച്  മുറിച്ച് നീക്കപെട്ട നിലയിൽ കൂട്ട ബലാത്സംഗത്തിന് ഇരയായ് മരിച്ച ഒരു ഹതഭാഗ്യ. പക്ഷെ ഇന്ത്യയിൽ നിർഭയ സംഭവത്തിനോട് അനുബന്ധിച്ചു നടന്ന രോഷപ്രകടനത്തിന്റെ ആയിരത്തിൽ ഒന്നില്ല. അന്ന് ഒച്ചപ്പാടുണ്ടാക്കിയ ആർക്കും മിണ്ടാട്ടമില്ല. വലിയ പ്രക്ഷോഭങ്ങളില്ല. അണ്ണാ ഹസാരെയും ബാബ രാംദേവും വി കെ സിങ്ങും എല്ലാം ഇപ്പോഴും ജീവനോടെ തന്നെ ഉണ്ടോ എന്നറിയാൻ മഷിയിട്ടു നോക്കണം. 

ഈ സംഭവത്തിൽ പ്രതിഷേധം ഉണ്ടാകാത്ത മറ്റു കാര്യങ്ങൾ കൂടിയുണ്ട്. ഒന്നാമത് ഇതിലെ ഇര ഒരു ദളിത് പെൺകുട്ടിയാണ് എന്ന വസ്തുതയാണ്. ഒരു ഉയർന്ന ജാതിക്കാരിയാണ് കൊല്ലപ്പെട്ടത് , അതും പ്രതികൾ ദളിത് വിഭാഗത്തിൽ നിന്ന് കൂടി ആയിരുന്നെകിൽ കാണാമായിരുന്നു പൂരം. നിർഭയ വധക്കേസിൽ പ്രതികളിൽ കുറെ പേര് ദളിത് വിഭാഗക്കാർ ആയിരുന്നു എന്നത് കുറെ മാധ്യമങ്ങൾ കൊണ്ടാടിയ കാര്യമാണ്. ഇവിടെ പ്രതികൾ ഉന്നത കുലജാതിക്കാരാണ് എന്ന് അധികമാരും പറഞ്ഞു കേൾക്കില്ല. ഉന്നത കുല ജാതിക്കാർ ദളിത് സ്ത്രീകളെ മര്ദിക്കുന്നതും ബലാത്സംഗം ചെയ്യുന്നതും വടക്കേ ഇന്ത്യയിൽ സാധാരണമായ ഒരു കാര്യമാണ് എന്ന രീതിയിലാണ് പൊതുജനവും മാധ്യമങ്ങളും പ്രതികരിക്കുന്നത്. രണ്ടാമത്തെ കാര്യം ഇതൊരു പാവപെട്ട പെൺകുട്ടിയായിരുന്നു എന്നതാണ്. ഇന്ത്യയിൽ സാമ്പത്തികമായി മധ്യവർഗത്തിലോ അതിനു മുകളിലോ ഉള്ളവരുടെ ജീവന് മാത്രമേ വിലയുള്ളൂ. പാവപ്പെട്ടവർ മരിച്ചാൽ ആരും തിരിഞ്ഞു നോക്കില്ല.   

ഇതൊക്കെ അങ്ങ് ഉത്തർപ്രദേശിലല്ലേ , കൺട്രി ഫെല്ലോസ് എന്ന് പറയാൻ വരട്ടെ. ഇടതുപക്ഷ ജനാതിപത്യ മുന്നണിയുടെ ഏറ്റവും വലിയ നാണക്കേടുകളാണ് വാളയാറിൽ നടന്നത്. രണ്ടു പെൺകുട്ടികളാണ് ബലാത്സംഗം ചെയ്യപ്പെറ്റ പ്രബുദ്ധ കേരളത്തിൽ  കൊല്ലപ്പെട്ടത്. ആദ്യത്തെ പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വായിച്ചാൽ ഹൃദയം നുറുങ്ങി പോകും. ആ കേസിലെ  പ്രതികൾക്ക് ജാമ്യം കിട്ടി എന്നത് തന്നെ സർക്കാരിന്റെ മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിന്റെ പരിപൂർണ പരാജയമാണ്.  

മറ്റൊന്നാണ് പാലത്തായി കേസ്. തന്നെ അദ്ധ്യാപകൻ പീഡിപ്പിച്ചു എന്ന് ഇരയായ പെൺകുട്ടി തന്നെ പറഞ്ഞിട്ടും സംഘ്പരിവാറുകാരൻ ആയ അദ്ധ്യാപകനെ രക്ഷിക്കാൻ പെൺകുട്ടി നുണ പറയുകയാണ് എന്ന് പറയുന്ന പോലീസ് പ്രതിക്ക് അനുകൂലമായി നടപടി എടുത്ത് ഇവിടെയും ജാമ്യത്തിനുള്ള വകുപ്പുണ്ടാക്കി കൊടുത്തു. എത്ര നന്നായി ഭരിച്ചാലും ഈ രണ്ടു കേസുകളും ഇടതു ഈ സർക്കാരിന്റെ എല്ലാ ശോഭയും കെടുത്തുന്നവയാണ്. 

ആളുകൾ ഈ കേസുകൾ മറന്നു പോകുന്നതിനു മുൻപ് തന്നെ ഒരു ഫാസ്റ്റ് ട്രാക്ക് കോടതി മുഖേന ഇതിലെ പ്രതികൾക്ക് ഉചിതമായ ശിക്ഷ നൽകി ഈ നാട്ടിൽ നിയമവ്യവസ്ഥ ഇപ്പോഴും നിലവിലുണ്ട്  എന്ന് പൊതുജനത്തെ ബോധ്യപെടുത്തിയില്ലെങ്കിൽ ഇതുപോലെയുള്ള സംഭവങ്ങൾ  ആവർത്തിച്ചുകൊണ്ടിരിക്കും.

ഉത്തർ പ്രദേശിലെ  ദളിത് നിർഭയയ്ക്ക് ആദരാജ്ഞലികൾ. ഒരു ഇന്ത്യക്കാരൻ എന്ന നിലയിലും പുരുഷൻ എന്ന നിലയിലും ലജ്ജകൊണ്ട്  തല കുനിക്കുന്നു. 

2 thoughts on “#justiceformanishavalmiki

Add yours

  1. വാക്കുകളോരോന്നും അക്ഷരംപ്രതി ശരിയാണ്.പലപ്പോഴും ദളിതർ ഉത്തരേന്ത്യയിൽ വേട്ടയാടപ്പെടുന്നത് സ്വാഭാവികമായി normalize ചെയ്യുകയാണ് ഇവിടെയുള്ള മാധ്യമങ്ങളും,പിന്നെ യുപിയിലെ “ബ്ലഡി കൺട്രി fellows”എന്ന് വിളിച്ച് അഭിമാനിക്കുന്ന ഇവിടെയുള്ളവരും.
    #justiceformanishavalmiki

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: