മതത്തിന്റെ അടിസ്ഥാനത്തിൽ ആളുകളുടെ പൗരത്വം തീരുമാനിക്കുന്ന ഇന്ത്യൻ പൗരത്വ ബില്ലിനെതിരെ ന്യൂ യോർക്കിൽ നടന്ന പ്രതിഷേധത്തിൽ പ്ലക്കാർഡുകളും ഉയർത്തി നിൽക്കുന്ന ഒരു ആഫ്രിക്കൻ അമേരിക്കൻ ദമ്പതികളെ കണ്ടു ഞാൻ അമ്പരന്നു. റോബിൻസൺ എന്നായിരുന്നു അദേഹത്തിന്റെ പേരെന്നാണ് ഓർമ.
“നിങ്ങൾ ഏതെങ്കിലും ഇന്ത്യൻ കൂട്ടുകാരുടെ കൂടെ വന്നതാണോ?” ഞാൻ കൗതുകം മറച്ചു വച്ചില്ല.
“അല്ല, ഞങ്ങൾ ഇന്ത്യയിൽ മതത്തിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന ബില്ലിനെ കുറിച്ച് കേട്ടറിഞ്ഞു അതിനെതിരെ പ്രതികരിക്കാൻ ഒരു വേദി കിട്ടിയപ്പോൾ വന്നതാണ്. വേറെ ആരുടെയും കൂടെ വന്നതല്ല.” അവർ മറുപടി പറഞ്ഞു.
“പക്ഷെ ഇവിടെ നിങ്ങൾ ഒഴിച്ച് ഏതാണ്ട് എല്ലാവരും ഇന്ത്യക്കാരാണ്. എന്തുകൊണ്ടാണ് നിങ്ങൾക്ക് ഇന്ത്യയിലെ നിയമത്തിന്റെ കാര്യത്തിൽ ഉള്ള താല്പര്യം?”
“ഞങ്ങൾ ആഫ്രിക്കയിൽ നിന്ന് വരുന്നവരാണ്. യൂറോപ്പ്യന്മാർ അടിച്ചേൽപ്പിച്ചതും അല്ലാത്തതും ആയ വംശങ്ങളുടെ പേരിൽ പേരിൽ ലക്ഷകണക്കിന് ആളുകൾ കൊല്ലപ്പെട്ട ഭൂഖണ്ഡം. റുവാണ്ടയിൽ മാത്രം പത്തുലക്ഷത്തിനടുത്ത് ആളുകൾ ഇങ്ങിനെ കൊല്ലപ്പെട്ടിട്ടുണ്ട്.
ആഫ്രിക്കയോട് അത്രമേൽ സ്നേഹമുണ്ടായിരുന്ന ഗാന്ധിയുടെ നാട്ടിൽ മതത്തിന്റെ പേരിൽ ആളുകളെ തരം തിരിക്കുന്നത് ഞങ്ങൾക്ക് ഓർക്കാനേ കഴിയുന്നില്ല. അതുകൊണ്ടാണ് ഞങ്ങൾ ഇവിടെ ഈ പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്. സാഹോദര്യം, നീതി, ന്യായം മനുഷ്യാവകാശങ്ങൾ എന്നിവ കാലത്തിനും ദേശത്തിനും അതീതമായ കാര്യങ്ങളാണ്. ഏതു രാജ്യത്തിലും , ഏതു വർണത്തിലും , ഏതു വംശത്തിലും പെട്ട മനുഷ്യനായാലും അവരുടെ അവകാശങ്ങൾ അടിച്ചമർത്തപ്പെടുമ്പോൾ മറ്റു മനുഷ്യർ മതവും, വർണവും, ഭാഷയും പൗരത്വവും നോക്കാതെ അവരുടെ കൂടെ നിൽക്കണം. അതുകൊണ്ടാണ് ഞങ്ങൾ ഇവിടെ നിൽക്കുന്നത്” : വ്യ്കതമായ ധാരണയോടെ ഉള്ള മറുപടി കേട്ട് ഞാൻ അവർക്ക് നന്ദി പറഞ്ഞു.
ഇന്നാണ് ആ മനുഷ്യസ്നേഹത്തിന്റെ , നന്ദിയുടെ ഒരംശം തിരിച്ചു കൊടുക്കാൻ സാധിച്ചത്. ന്യൂ ജേഴ്സിയിലെ #blacklivesmatter പ്രതിഷേധത്തിൽ ഞങ്ങളും പങ്കുചേർന്നു. അന്ന് ന്യൂ യോർക്കിൽ വച്ച് അവർ പറഞ്ഞ വാക്യങ്ങൾ ഓർത്തുകൊണ്ട്.
“സാഹോദര്യം, നീതി, ന്യായം മനുഷ്യാവകാശങ്ങൾ എന്നിവ കാലത്തിനും ദേശത്തിനും അതീതമായ കാര്യങ്ങളാണ്. ഏതു രാജ്യത്തിലും , ഏതു വർണത്തിലും , ഏതു വംശത്തിലും പെട്ട മനുഷ്യനായാലും അവരുടെ അവകാശങ്ങൾ അടിച്ചമർത്തപ്പെടുമ്പോൾ മറ്റു മനുഷ്യർ മതവും, വർണവും, ഭാഷയും പൗരത്വവും നോക്കാതെ അവരുടെ കൂടെ നിൽക്കണം”. അഭിവാദ്യങ്ങൾ..
Leave a Reply