
ഇന്ന് രാവിലെ എന്റെ മൊബൈൽ ഫോണിൽ ഒരു മെസ്സേജ് കിട്ടി.
“ഇത് “ഇവ” ആണ്. ഞാൻ ഇടീമിൽ നിന്നുള്ള ഒരു “Bot” ആണ്. മൈക്രോസോഫ്ട് Azure ഡാറ്റ എഞ്ചിനീയർ ആയി ഒരു ജോലി ഒഴിവുണ്ട്. താങ്കൾക്ക് താല്പര്യം ഉണ്ടോ?”
പണ്ടൊക്കെ ഇവ എന്നൊക്കെ കേട്ടാൽ പഞ്ചാരയടിക്കാൻ വേണ്ടിയെങ്കിലും ചാടി വീഴുമായിരുന്നു, ഇപ്പോൾ ഇതുപോലെ കിട്ടുന്ന എല്ലാ മെസ്സേജുകളും റോബോട്ടിന്റെ ചുരുക്ക പേരറിയി അറിയപ്പെടുന്ന “ബോട്ടുകൾ” (BOT) ആണ് അയക്കുന്നത്. ഒരു ഉദ്യോഗാർഥിയെ വേണം എന്ന് പോസ്റ്റ് ചെയ്യുന്ന ഒരു പരസ്യത്തിലെ ആ ഉദ്യോഗാര്ഥിക്ക് എന്ത് യോഗ്യതയാണോ വേണ്ടത് അത് ഉള്ള ഉദ്യോഗാർത്ഥികളെ ജോലി പരസ്യം കൊടുക്കുന്ന വെബ്സൈറ്റുകളിൽ നിന്ന് തിരഞ്ഞെടുത്തു അവർക്ക് ഇമെയിൽ അയക്കുകയോ , atuomated കോൾ ചെയ്യുകയോ ഒക്കെയാണ് ഈ ബോട്ട് ചെയ്യുന്നത്. അങ്ങിനെയുള്ള ഒന്നിൽ നിന്നാണ് എനിക്കാ മെസ്സേജ് കിട്ടിയത്.
സ്ഥിരം ആയി ഓടിക്കൊണ്ടിരിക്കുന്ന പ്രോഗ്രാമുകൾ ആണ് “bot”. ഉദാഹരണത്തിന് എന്റെ ഓഫീസിൽ ടെക്നിക്കൽ സപ്പോർട്ടിൽ വരുന്ന മിക്കവാറും കാര്യങ്ങൾ ആളുകൾ സ്ഥിരം ചോദിക്കുന്ന കാര്യങ്ങളാണ്. പാസ്സ്‌വേർഡ് റീസെറ് ചെയ്യുന്നത് മുതൽ Agile Scrum മീറ്റിംഗ് വരെ വളരെ കുറച്ച് കോഡ് എഴുതി automate ചെയ്യാം. ഒരേ ഒരു bot എഴുതി ഞങ്ങൾ ലാഭിച്ചത് വർഷത്തിൽ ഏതാണ്ട് ഒരു മില്യൺ ഡോളർ ആണ്. പത്തു പേരുടെ ആ ജോലി പോയി. അവരെ റീ ട്രെയിൻ ചെയ്ത് മനുഷ്യ ബുദ്ധി കൂടുതൽ വേണ്ട ഇടങ്ങളിൽ ഇട്ടു.
ഇപ്പോൾ അമേരിക്കയിലെ ഏതാണ്ട് എല്ലാ കമ്പനികളുടെ വെബ്‌സൈറ്റുകളിലും “ഞാൻ നിങ്ങളെ സഹായിക്കട്ടെ” എന്ന് ചോദിക്കുന്ന ബോട്ട് ചാറ്റ് റൂമുകൾ ഉണ്ട്. നമ്മുടെ ചോദ്യം ടൈപ്പ് ചെയ്താൽ ചിലപ്പോൾ അത് അതിന്റെ കൃതൃമ ബുദ്ധി ഉപയോഗിച്ച ( ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്) അപ്പോൾ തന്നെ ഉത്തരം നൽകും അല്ലെങ്കിൽ അറിയാവുന്ന ആളെ കണക്ട് ചെയ്യും. കാനഡയിൽ പോകുമ്പോൾ എന്റെ സെൽ ഫോണിന്റെ പ്ലാനിൽ ഇന്റർനാഷണൽ ഓപ്ഷൻ ഞാൻ ചേർത്തത് ഇതുപോലെ ബോട്ടിനോട് ചാറ്റ് ചെയ്തിട്ടാണ്.
നമ്മുടെ പല സർക്കാർ ഓഫീസുകളിലും നമ്മൾ പല പ്രാവശ്യം കയറി ഇറങ്ങേണ്ടി വരുന്നത് ഏതൊക്കെ ഡോക്യൂമെന്റുകൾ ആണ് ഒരു കാര്യത്തിന് കൊണ്ടുവരേണ്ടത് എന്ന് പൊതുവായി അറിയില്ലാത്ത കൊണ്ടാണ്. ഉദാഹരണത്തിണ് നാട്ടിൽ ഉമ്മയുടെ പേരിൽ ഉള്ള ഒരു സ്ഥലം പോക്കുവരവ് ചെയ്യണം. പോക്കുവരവ് എന്നാൽ എന്താണ് എന്ന് തന്നെ എനിക്കറിയില്ല. പിന്നെയല്ലേ എന്തൊക്കെ ഡോക്യൂമെന്റസ് ആണ് അതിനു വേണ്ടത് എന്നറിയുന്നത്. ഉമ്മ കുറെ നാളായി വില്ലേജ് ഓഫീസിൽ കയറി ഇറങ്ങി നടക്കുന്നു. (ഒരു വിഡിയോയിൽ കണ്ട തമാശ ഇങ്ങിനെ ആയിരുന്നു : വില്ലേജ് ഓഫീസിൽ “പോവുക”; പോയ കാര്യം ഒന്നും നടക്കാതെ തിരിച്ചു വീട്ടിൽ “വരുക”… പിന്നെയും പോകുക…തിരിച്ചു വരിക… പോകുക–വരിക….വിവരം ഉള്ള ആരോ പണ്ട് അറിഞ്ഞു കൊടുത്തിരിക്കുന്ന പേര് തന്നെയാ….പോക്കുവരവ്)
പക്ഷെ ഞാൻ ഒന്ന് ഗൂഗിൾ ചെയ്തു നോക്കിയപ്പോൾ കേരളം revenue ഡിപ്പാർട്മെന്റ് epokkuvaravu എന്നൊരു സർവീസ് തന്നെ ഉണ്ടാക്കിയിട്ടുണ്ട്. ഇത് വീട്ടിലിരുന്ന് തന്നെ ചെയ്യാം എന്നാണ് അവർ പറയുന്നത്. പക്ഷെ ഇതെത്ര പേർക്ക് അറിയാം, എത്ര പേര് ഇത് ഉപയോഗിക്കുന്നുണ്ട് എന്നൊന്നും എനിക്കറിയില്ല. നമുക്ക് ഇതിനെ കുറിച്ച് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ആരെ വിളിക്കണം എന്നൊന്നും അതിൽ വിശദാംശങ്ങൾ ഇല്ല. മേല്പറഞ്ഞ പോലെ ഒരു ബോട്ട് ചാറ്റ് റൂം അവിടെ ഉണ്ടെകിൽ വളരെ ഉപകാരപ്രദം ആയിരിക്കും. ഒരു bot എല്ലാ സംശയങ്ങളും ദുരീകരിക്കാനും ഉണ്ടെങ്കിൽ കാര്യങ്ങൾ അടിപൊളി.
ആരും സർക്കാർ ഓഫീസിൽ പോകാതെ എല്ലാം വീട്ടിലിരുന്ന് ചെയ്യാൻ കഴിയുന്ന ഒരു സിസ്റ്റം നമ്മുടെ നാട്ടിൽ വരുന്നത് ആയിരിക്കും കാര്യക്ഷമതയിൽ പിന്നിൽ നിൽക്കുന്ന, ആളുകളെ പല വട്ടം നടത്തിക്കുന്ന നമ്മുടെ ചില സർക്കാർ ഓഫീസുകൾക്ക് എങ്കിലും അഭികാമ്യം. അത്യാവശ്യത്തിനു മാത്രം ആളുകൾ സർക്കാർ ഓഫീസിൽ പോയാൽ മതിയാകും. ഇപ്പോൾ നടക്കുന്ന ഇ സൈൻ , ഡിജിറ്റൽ ഒപ്പ് വിവാദങ്ങൾ അങ്ങിനെ ഒരു കാര്യത്തിലേക്ക് ശ്രദ്ധ തിരിക്കാൻ സഹായം ആകട്ടെ.
നോട്ട് : അമേരിക്കയിലും സർക്കാർ ഡിപ്പാർട്‌മെന്റുകളുടെ കാര്യങ്ങൾ കണക്കാണ്, വെഹിക്കിൾ ഡിപ്പാർട്മെന്റ് കൊറോണ കഴിഞ്ഞു ഓഫീസ് തുറന്നപ്പോൾ ലൈസൻസ് കിട്ടാൻ വേണ്ടി രാവിലെ നാലു മണി മുതൽ ആളുകൾ ക്യൂ നിൽക്കുന്ന അവസ്ഥ ആയിരുന്നു, കുറച്ചു നാൾ കഴിഞ്ഞാണ് അവർക്ക് ടോക്കൺ സിസ്റ്റം ഒക്കെ ഓര്മ വന്നത് തന്നെ.
Leave a Reply