
“ഒരു ജാതി ഒരു മതം ഒരു ദൈവം” എന്ന് ഗുരു.
അതിന് “ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്” എന്ന് യുക്തിവാദിയായ ശിഷ്യൻ അയ്യപ്പന്റെ തിരുത്ത്..
“അയ്യപ്പൻ പറഞ്ഞതും ശരിയാണ്” എന്ന് അതിനു ഗുരുവിന്റെ മറുപടി.
കുറച്ച് പുലയസമുദായക്കാരും ആയി വൈപ്പിനിൽ മിശ്രഭോജനം നടത്തിയ അയ്യപ്പനെ പുലയൻ അയ്യപ്പൻ എന്ന് വിളിച്ചു കളിയാക്കിയത് അയ്യപ്പൻറെ തന്നെ സമുദായമായ ഈഴവർ ആയിരുന്നു (നാരായണഗുരുവിൽ നിന്നും കുമാരനാശാനിൽ നിന്നും വെള്ളാപ്പള്ളിയിലേക്ക് പടവലങ്ങ പോലെ വളർന്നവർ). കേരളത്തിലെ ജാതിചിന്തകൾ എത്ര മാത്രം അധഃപതിച്ചത് ആയിരുന്നു എന്ന് കാണിക്കുന്ന സംഭവം.
കൃഷ്ണ യജുർവേദത്തിന്റെ ശാന്തി മന്ത്രം സഹനാവവതു എന്നാണ് തുടങ്ങുന്നത്.
ഓം സഹനാവവതു സഹനൗ ഭുനക്തു |
സഹവീര്യം കരവാവഹൈ |
തേജസ്വിനാവധീതമസ്തു മാ വിദ്വിഷാവഹൈ |
ഓം ശാന്തി ശാന്തി ശാന്തിഃ |
അർഥം : ഒരുമിച്ചു വർത്തിക്കാം,ഒരുമിച്ചു ഭക്ഷിക്കാം,ഒരുമിച്ചു പ്രവർത്തിക്കാം അപ്രകാരം തേജസ്വികളായിത്തിരാം.ആരോടും വിദ്വേഷമില്ലാതെ ജീവിക്കാം.നന്മനിറഞ ചിന്താധാരകൾ എല്ലായിടത്തുനിന്നും വന്നുചേരട്ടെ.ഓം ! ശാന്തി ! ശാന്തി ! ശാന്തിഃ
കേൾക്കാൻ സുഖമാണ്, ഇന്ന് കേൾക്കുമ്പോൾ മിശ്ര ഭോജനത്തെ പ്രോത്സാഹിപ്പിച്ച മന്ത്രം എന്നൊക്കെ തോന്നും. പക്ഷെ നൂറ്റാണ്ടുകളോളം നിലനിന്ന യാഥാർഥ്യം ഒരുമിച്ച് തങ്ങളുടെ ജാതിയിൽ പെട്ടവരും ആയി ഇരുന്നു മാത്രം ഭക്ഷിക്കുക എന്നതായിരുന്നു.
കേരളത്തെ ഇന്ന് നമ്മൾ കാണുന്ന കേരളം ആക്കിയത് ഈഴവ ശിവനെ പ്രതിഷ്ഠിച്ച ഗുരുവും, മിശ്രഭോജനം നടത്തിയ അയ്യപ്പനും, പഞ്ചമിക്ക് സ്കൂളിൽ പോകാൻ സമരം നടത്തിയ അയ്യങ്കാളിയും എല്ലാം കൂടിയാണ്.
കേരളം മുഴുവൻ ആഘോഷിക്കേണ്ട ഒരു ജന്മദിനമാണ് കടന്നു പോയത്. ഒരുപക്ഷെ ഗണപതിയുടെ ജന്മദിനത്തെക്കാളും വളരെ വലുത്.
Leave a Reply