ചരിത്ര പാഠപുസ്തകങ്ങൾ പറയാത്ത കഥകൾ…

ചരിത്രം എങ്ങിനെ പഠിപ്പിക്കരുത് എന്നതിന്റെ ഉദാഹരണങ്ങൾ ആയിരുന്നു ഞാൻ പഠിച്ചിരുന്ന സമയത്തെ ചരിത്ര ക്ലാസുകൾ. തീയതികളും രാജാക്കന്മാരുടെയും യുദ്ധങ്ങളുടെയും പേരുകൾ ഓർത്തു വച്ച് ഉത്തരക്കടലാസിൽ ശർദിക്കലായിരുന്നു പ്രധാനമായും ചരിത്ര പഠനം എന്ന പേരിൽ നടന്നുകൊണ്ടിരുന്നത്. എന്തുകൊണ്ടാണ് ചില ചരിത്രങ്ങൾ അങ്ങിനെ ആയത് എന്ന് ഒരിക്കലും എന്റെ സ്കൂളിലെ ചരിത്ര പാഠപുസ്തകങ്ങൾ ചർച്ച ചെയ്തിരുന്നില്ല. ഉദാഹരണത്തിന് താഴെ പറയുന്ന ചില ചോദ്യങ്ങൾക്ക് ചരിത്ര പാഠപുസ്തകങ്ങൾ ഒരിക്കലും ഉത്തരം നൽകിയില്ല.

1) വെറും ഒന്നോ രണ്ടോ കപ്പലുകളിൽ വന്ന വിദേശീയർക്ക് കോടിക്കണക്കിനു ഇന്ത്യക്കാരെ എങ്ങിനെ നാന്നൂറ് വർഷങ്ങൾക്ക് മുകളിൽ ഭരിക്കാൻ കഴിഞ്ഞു? ഒരു ജില്ലയിലെ ജനങ്ങൾ വിചാരിച്ചിരുന്നുവെങ്കിൽ പോലും ഇവരെ തുരത്തി ഓടിക്കാൻ കഴിയുമായിരുന്നില്ലേ ?

2) എന്തിനാണ് മുഹമ്മദ് ഗസ്‌നി സോമനാഥ് ക്ഷേത്രത്തെ നിരന്തരമായി ആക്രമിച്ചത്? ഹിന്ദു മതത്തോടുള്ള എതിർപ്പ് ആയിരുന്നോ കാരണം.

3) സദ്ദാം ഹുസൈൻ, ഒസാമ ബിൻ ലാദൻ എന്നിവർക്ക് ആയുധങ്ങളും പണവും കിട്ടുന്നത് എവിടെ നിന്നാണ്? അമേരിക്ക പോലുള്ള വമ്പൻ ആയുധ കയറ്റുമതിക്കാർ ആയുധങ്ങൾ കൊടുത്തില്ലെങ്കിൽ ഇവർ എങ്ങിനെ ആണ് ഇത്രയും നാൾ യുദ്ധം ചെയ്തത്.

ഇതിനെല്ലാം ഉള്ള എല്ലാത്തിനും ഉള്ള ഉത്തരങ്ങൾ പലപ്പോഴായി പറയാം. പക്ഷെ അതിനു മുൻപ് ഒരു കഥ. മാർപ്പാപ്പയുടെ അനുമതിയോടെ പോർട്ടുഗീസുകാർ ഗോവയിൽ ഹിന്ദുക്കളെ പച്ചക്ക് കത്തിക്കാൻ തുടങ്ങിയപ്പോൾ (ഗോവ ഇൻക്വിസിഷൻ) കൊച്ചിയിലേക്ക് വന്നവരാണ് കൊച്ചി മട്ടാഞ്ചേരി ചെറളായി ഭാഗത്തും, പള്ളുരുത്തിയിലും മറ്റുമുള്ള ഗൗഡ സരസ്വത ബ്രാഹ്മിൻസ് (GSB). കിണി , പൈ , ഭട്ട് എന്നൊക്കെ ഉള്ള പേരുകൾ ഉള്ളവർ ആണിവർ. പള്ളുരുത്തിയിലും കൊച്ചിൻ കോളേജിലും എന്റെ കൂടെ പഠിച്ച കൂട്ടുകാർ ഈ വിഭാഗത്തിൽ നിന്നുണ്ട്. കൊങ്കിണി ഭാഷയാണ് ഇവർ സംസാരിക്കുന്നത്. കൊച്ചി രാജാവ് ഇവരെ സംരക്ഷിക്കുകയും മട്ടാഞ്ചേരിയിൽ ക്ഷേത്രം പണിയാൻ അനുമതി കൊടുക്കുകയും ചെയ്തു. കച്ചവടത്തിലൂടെ വലിയ സാമ്പത്തിക നേട്ടം കൊച്ചിയിൽ ഉണ്ടാക്കാൻ ഇവർക്ക് കഴിഞ്ഞു. പക്ഷെ 1791 ൽ ഒരു ഭരണാധികാരി ഇവരോട് 30,000 വരാഹം തങ്ങളുടെ ഖജനാവിലേക്ക് തരണം എന്നാവശ്യപ്പെട്ടു. ഇത് അനുസരിക്കാത്തതിന് അണികളെ കൊങ്കിണി കച്ചവടക്കാരെ ജയിലിൽ ആക്കി. ഗൗഡ സാരസ്വാത ബ്രാഹ്മണർ കൊച്ചിയിലും വൈപ്പിനിലും ഉള്ള തങ്ങളുടെ കച്ചവട സ്ഥാപങ്ങൾ അടച്ചിട്ട പ്രതിഷേധിച്ചു. കേരളത്തിൽ ആദ്യത്തെ ഹർത്താൽ ഇതാണെന്ന് പറയപ്പെടുന്നു.

1791 ഒക്ടോബര് പന്ത്രണ്ടിന് പ്രധാനപ്പെട്ട എല്ലാ കൊങ്കിണി കച്ചവടക്കാരെയും ഈ ഭരണാധികാരി കൊന്നു തള്ളി, അവരുടെ ക്ഷേത്രങ്ങൾ കൊള്ളയടിച്ചു സമ്പത്ത് എടുത്തു കൊണ്ട് പോയി. അന്നത്തെ ഒരു ലക്ഷത്തി അറുപതിനായിരം രൂപയാണ് ഈ ക്രൂരനായ ഭരണാധികാരി കൊങ്കിണിന് കച്ചവടക്കാരുടെ ക്ഷേത്രത്തിൽ നിന്നും കച്ചവട സ്ഥാപനങ്ങളിൽ നിന്നും എടുത്തു കൊണ്ട് പോയത്. ക്ഷേത്രത്തിൽ അമൂല്യമായ രത്നങ്ങളും കൊള്ളയടിച്ചു. GSB ഇവരുടെ ക്ഷേത്രത്തിൽ വിഗ്രവുമായി തിരുവിതാം കൂറിലേക്ക് പലായനം ചെയ്തു. ഇങ്ങിനെയാണ്‌ ആലപ്പുഴയിൽ ഗൗഡ സരസ്വത ബ്രാഹ്മിൻസ് എത്തിപ്പെടുന്നത്. ആലപ്പുഴ തുറമുഖം വികസിപ്പിച്ചതിൽ ഇവരുടെ വരവിനു പങ്കുണ്ട് എന്ന് ഞാൻ വായിച്ചിട്ടുണ്ട്.

ചോദ്യം ഇതാണ് ഇങ്ങിനെ ഗൗഡട സാരസ്വാത ബ്രാഹ്മിൻസിനെ ഉപദ്രവിച്ച അവരുടെ ക്ഷേത്രം കൊള്ളയടിച്ച ഭരണാധികാരി താഴെ പറയുന്നവരിൽ ആരാണ്?

  1. ഹൈദരാലി
  2. ശക്തൻ തമ്പുരാൻ
  3. ഡച്ച് വൈസ്രോയി ഹെൻഡ്രിക് വാൻറീഡ്

ഇതിന്റെ ഉത്തരം എനിക്ക് വളരെ അത്ഭുതം നൽകിയ ഒന്നാണ്. കൊച്ചിയിലെ ഏറ്റവും ശക്തനായ ഭരണാധികാരി എന്ന് പറയപ്പെടുന്ന ശക്തൻ തമ്പുരാൻ ആയിരുന്നു ഈ കൊള്ളയും കൊലപാതകങ്ങളും നടത്തിയത്. മതം ഇന്ത്യയിലെ ക്ഷേത്രങ്ങൾ കൊള്ള ചെയ്യുന്നതിൽ ഹിന്ദു രാജാക്കന്മാർക്ക് ഒരു പ്രശ്നം ആയിരുന്നില്ല എന്ന വസ്തുത എന്റെ മുന്നിൽ തുറന്നിട്ടത് ഈ അറിവാണ്. കാരണം ഇന്ത്യയിലെ ക്ഷേത്രങ്ങൾ ഓരോ നാട്ടുരാജ്യത്തിന്റെയും ഖജനാവ് കൂടി ആയിരുന്നു പ്രവർത്തിച്ചിരുന്നത്. അതുകൊണ്ടാണ് ഇത്രമാത്രം ക്ഷേത്രങ്ങൾ കൊള്ളയടിക്കപെട്ടതു. അത് മതത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നില്ല. മുഹമ്മദ് ഗസ്‌നി മുതൽ ശക്തൻ തമ്പുരാൻ വരെ ഇതിൽ പങ്കെടുത്തിട്ടുണ്ട്. മതം ആയിരുന്നില്ല പണം ആയിരുന്നു പ്രചോദനം. കൊച്ചിയിലെ കാര്യത്തിൽ ഡച്ച്കാർ ഗൗഡ സരസ്വത ബ്രാഹ്മിൻസിനെ സംരക്ഷിക്കുകയും അവർക്ക് വേണ്ടി കൊച്ചി രാജാവിനോട് യുദ്ധം വരെ ചെയ്യാൻ പോയ കഥകളുണ്ട് ( അറബ് വ്യാപാരികൾക്ക് എതിരെ ഡച്ച്കാർ ഉയർത്തിക്കൊണ്ടു വന്ന കച്ചവടക്കാർ ആയിരുന്നു GSB എന്നതാണ് കാരണം, അവിടെയും കച്ചവട താല്പര്യമാണ് മതത്തിനോടുള്ള ഇഷ്ടം അല്ല കാരണം.)

ഇനി സദ്ദാം ഹുസ്സൈന്റെ കാര്യം. അമേരിക്കയാണ് ഇറാനെതിരെ യുദ്ധം ചെയ്യാൻ സദ്ദാം ഹുസൈന് പണവും ആയുധങ്ങളും നൽകിയത്. ഒസാമ ബിൻ ലാദന് ആയുധങ്ങൾ മാത്രമല്ല ആയുധ പരിശീലനം കൂടി അമേരിക്ക നൽകിയിട്ടുണ്ട്. കുവൈറ്റ് പിടിച്ചടക്കുന്നതിനു തൊട്ടു മുൻപ് സദ്ധാം ഹുസൈൻ അമേരിക്കയോട് അഭിപ്രായം ചോദിച്ചു എന്നും അത് നിങ്ങളുടെ ആഭ്യന്തര കാര്യമാണ് അമേരിക്ക ഇടപെടില്ല എന്ന് മറുപടി നൽകിയതും വളരെ വർഷങ്ങൾക്ക് ശേഷം CIA രേഖകൾ പുറത്തുവിട്ടു കഴിഞ്ഞാണ് ആളുകൾക്ക് മനസിലാകുന്നത്. അതുവരെ ആരോടും പറയാതെ ഒരു പാതിരാത്രി സദ്ദാം ഹുസൈൻ കുവൈറ്റിനെ ആക്രമിച്ചു എന്നതായിരുന്നു ഞാൻ അറിഞ്ഞ കഥ. ഇറാൻ ഓയിൽ കിണറുകൾ ദേശസാൽക്കരണം നടത്തിയപ്പോൾ വന്ന നഷ്ടത്തിന്റെ ചൊരുക്ക് അമേരിക്ക സദ്ദാം ഹുസൈനെ ഉപയോഗിച്ച് വീട്ടുക ആയിരുന്നു. ആ യുദ്ധം കഴിഞ്ഞപ്പോൾ അമേരിക്ക സദ്ദാം ഹുസൈന് എതിരെ തിരിഞ്ഞു. ഒസാമ ബിൻ ലാദനെ റഷ്യയ്ക്ക് എതിരെ ഉപയോഗിച്ച് ആവശ്യം കഴിഞ്ഞപ്പോൾ അവിടെയും സ്ഥിരം ഗതി.

ഇപ്പോൾ UAE ഇസ്രായേൽ കരാർ വന്നിട്ടുണ്ട്. സമാധാന കരാറുകൾ നല്ല കാര്യമാണ്, ഇടക്ക് അമേരിക്ക ഉണ്ട് എന്നതാണ് എനിക്ക് ചരിത്രത്തിന്റെ ഭഗത്ത് നിന്ന് നോക്കുമ്പോൾ കാണുന്ന ഒരേ ഒരു പ്രശ്നം.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: